നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു; നമുക്കൊരു മകൻ നൽകപ്പെട്ടിരിക്കുന്നു;ആധിപത്യം അവന്റെ തോളിൽ ഇരിക്കും;അവൻ അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യ പിതാവ്, സമാധാന പ്രഭു എന്ന് പേര് വിളിക്കപ്പെടും.

യെശയ്യാവ്‌ 9:6.

തലേ ദിവസം രാത്രിതന്നെ ക്രിസ്തുമസ് നക്ഷത്രം തൂക്കിയിരുന്നു. ക്രിസ്തുമസ് കാലങ്ങളിലെ ആചാരപ്രകാരം ആദ്യം തന്നെ ഒരു വലിയ നക്ഷത്രം പിതാവും, സഹോദരനും, ഞാനും ചേർന്ന് എല്ലാവർഷവും തൂക്കാറുണ്ട്. അതിരാവിലെ ഉണരുമ്പോൾ അടുക്കളയിൽ എന്താണു ഉണ്ടാക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അടുക്കളയിൽനിന്നും മാവ് കുഴക്കുന്ന ശബ്ദം ഞങ്ങളിൽ നെടുവീർപ്പ് ഉളവാക്കി. അത് കുൾ – കുൾസ് ഉണ്ടാക്കുന്ന ദിവസമായിരുന്നു. അമ്മ വിളിക്കുന്നത് കേട്ട് ഞങ്ങൾ നേരത്തെ തന്നെ ഊണുമേശയുടെ ചുറ്റും ഇരിപ്പായി. കുൾ -കുൾസ്‌ കഴിക്കാൻ രുചിയേറിയത് ആയിരുന്നെങ്കിലും അത് ഉണ്ടാക്കാൻ പ്രയാസമായിരുന്നു.

ഒരു വലിയ പന്തിന്റെ വലിപ്പത്തിൽ മാവ് ഫോർക്കിനൊപ്പം ഞങ്ങളുടെ മുമ്പിൽ വച്ചിട്ടുണ്ട്. ഞങ്ങൾക്ക് മാവ് പരത്താൻ അറിയാമായിരുന്നു- ഓരോ ചെറിയ ഉരുളകൾ എടുത്ത് ഫോർക്കിന് പുറകുവശത്ത് വെച്ച് പരത്തി എടുക്കണം. അല്പം മാവ് കഷ്ടപ്പെട്ട് പരത്തിയതിനുശേഷം ബാക്കി പരത്താനുള്ള മാവിൽ നോക്കി ഞങ്ങൾ നെടുവീർപ്പിട്ടു. കാരണം ഞങ്ങളുടെ കളിക്കേണ്ട സമയമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എങ്കിലും ഞങ്ങൾ ജോലി ചെയ്തുകൊണ്ടേയിരുന്നു. പെട്ടെന്ന് രോമങ്ങൾ നിറഞ്ഞ ഞങ്ങളുടെ കൂട്ടാളി കാലുകളെ തള്ളിമാറ്റി മേശയുടെ അടിയിലേക്ക് കയറി. അതു ഞങ്ങളുടെ വളർത്തുനായ ബഡ്ഡി ആയിരുന്നു. മേശയുടെ അടിയിൽ ഇരിക്കേണ്ട സമയമാണിതെന്ന് അവൾക്കറിയാമായിരുന്നു. കാരണം, ഫോർക്കിൽ നിന്നും അറിയാതെ താഴേക്ക് പതിക്കുന്ന മാവിന്റെ ഉരുളകൾ ഒരു തെളിവ് പോലും ബാക്കിയാക്കാതെ അവൾ പെട്ടെന്ന് അകത്താക്കും. അതിന്റെ ഫലമോ, വലിയ അളവിൽ ഉണ്ടായിരുന്ന മാവിന്റെ ഉരുളകൾ കുറഞ്ഞു, ഞങ്ങൾ ഉണ്ടാക്കിയ കുൾ – കുൾസിന്റെ അളവ് കൂടിവന്നു , എങ്കിലും മാവിന്റെ അളവ് അനുസരിച്ചുള്ള കുൾ- കുൾസ് ഞങ്ങൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല, വൈകുന്നേരമായപ്പോഴേക്കും ബഡ്ഡിയുടെ വയറിന് അസ്വസ്ഥത ഉണ്ടായി.

ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ, ഈ പഴയ ഓർമ്മകളെപ്പറ്റി ഇപ്പോൾ ചിന്തിക്കുമ്പോൾ, അമ്മയെ പറ്റിച്ച് പാഴാക്കികളഞ്ഞ മാവിലോ, അനാരോഗ്യകരമായ ഭക്ഷണം കഴിച്ച നായയിലോ ശ്രദ്ധ ചെലുത്തുന്നതിനു പകരം ഞാൻ മുറുകെ പിടിക്കുന്നത് ആ ഓർമ്മകളിലെ സന്തോഷമാണ്. വീടിന് മുന്നിൽ തൂക്കിയിരിക്കുന്ന നക്ഷത്രത്തിലും, കുൾ – കുൾസ് തയ്യാറാക്കിയ അടുപ്പിലും, ഞങ്ങളുടെ കാലിന് അടുത്തു കിടന്ന രോമമുള്ള വളർത്തുനായയിൽ നിന്നുമെല്ലാം മനസ്സിലാക്കാൻ കഴിയുന്ന ഒരു ചിത്രമാണ് – സമാധാനം. യെശയ്യ പ്രവാചകൻ മുൻപു കൂട്ടി പറഞ്ഞത് വരാനുള്ള മശിഹ ‘ സമാധാനത്തിന്റെ പ്രഭു’ എന്നാണ്. നമ്മുടെ ചുറ്റുമുള്ള പ്രശ്നങ്ങൾ നോക്കുമ്പോൾ ഇന്ന് സമാധാനം അവ്യക്തമാണെങ്കിലും നാം യേശുവിനെ അന്വേഷിക്കുമ്പോൾ നമ്മുടെ പ്രക്ഷുബ്ദമായ സാഹചര്യത്തിലും ആദ്യം നാം കണ്ടെത്തുന്നത് സമാധാനമാണ്. ഈ ലോകത്തിന് തരുവാനോ, എടുത്തുകളയുവാനോ കഴിയാത്ത യഥാർത്ഥ സമാധാനമാണ് യേശു നമുക്ക് നൽകുന്നത്. ഈ ക്രിസ്തുമസ് സമയത്തിലും ഈ സമാധാനം നമ്മുടെ വീടുകളിൽ നിലനിൽക്കുകയും അത് മറ്റുള്ളവരെ സ്വാധീനിക്കുകയും ചെയ്യട്ടെ.

പ്രിയ പിതാവേ, ഈ അസമാധാനം നിറഞ്ഞ ലോകത്തിൽ, അങ്ങ് എന്റെ ഹൃദയത്തിൽ സ്ഥാപിച്ചിരിക്കുന്ന സമാധാനം പ്രചരിപ്പിക്കുവാൻ എന്നെ സഹായിക്കേണമേ. സമാധാനം എന്നിൽ കവിഞ്ഞൊഴുകുവോളം എന്നെ നിറയ്ക്കേണമേ. ആമേൻ.

– പാസ്റ്റർ സെസിൽ ക്ലമന്റ്