തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹന്നാൻ 3:16

സമ്മാനങ്ങളുടെയും ദാനത്തിന്റെയും പര്യായമാണ് ക്രിസ്തുമസ്. ക്രിസ്തുമസ്സ് ട്രീ യുടെ കീഴിൽ തൂക്കിയിട്ടിരിക്കുന്ന സമ്മാനങ്ങൾ തുറക്കാൻ കുട്ടികൾ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. നിരവധി വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ, സഭകൾ എന്നിവ ഈ സമയത്ത് ദരിദ്രരോട് ദയ കാണിക്കുന്നു. ഈ സമയത്ത് നടത്തുന്ന പല പരിപാടികളിലും ഭക്ഷണം, വസ്ത്രം, സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാറുണ്ട്.

ക്രിസ്തുമസ് എന്നത് വാസ്തവത്തിൽ മാനവരാശിക്ക് ലഭ്യമായ ഏറ്റവും ‘മഹത്തായ സമ്മാനത്തിന്റെ’ ആഘോഷമാണ്. സകല മാനവകുലത്തിന്റെയും പാപങ്ങൾ നീക്കുന്നതിനു വേണ്ടി, പിതാവായ ദൈവം, തന്റെ ഏകജാതനായ യേശുവിനെ പാപമില്ലാത്ത ‘ദൈവത്തിന്റെ കുഞ്ഞാടായി ‘ലോകത്തിന് നൽകി. ദൈവം മനുഷ്യർക്ക് നൽകിയതിൽ വച്ച് വിലമതിക്കാനാകാത്ത സമ്മാനമായിരുന്നു യേശുവിന്റെ ജനനം. യേശുക്രിസ്തുവിലൂടെയും, കാൽവരിയിലെ കുരിശിലൂടെയും മാത്രമേ നമ്മുടെ പാപങ്ങൾക്ക് പരിഹാരം ലഭിക്കുകയുള്ളൂ. പാപത്തിന്റെ അടിമത്വത്തിൽ നിന്നും യേശു നമുക്ക് സ്വാതന്ത്ര്യം നൽകി, യേശു നമ്മുടെ ബലഹീനതകളെ സുഖപ്പെടുത്തി, യേശു മരണത്തെ തോൽപ്പിച്ച് സ്വർഗ്ഗത്തിലെ നിത്യജീവന്റെ പ്രത്യാശ നമുക്ക് നൽകി.

അതുകൊണ്ട്, യേശുവിൽ നിന്നും നാം സ്വീകരിച്ചത് ആയിരിക്കണം നമ്മുടെ ദാനം, നമ്മുടെ ദാനം നിർബന്ധം അല്ലാതെ സന്തോഷപൂർവ്വം ചെയ്യണമെന്ന് അപ്പോസ്തലനായ പൗലോസ് പഠിപ്പിച്ചു(2കൊരിന്ത്യർ 9:7).
നാം മറ്റുള്ളവർക്ക് ദാനം ചെയ്യുമ്പോൾ പരസ്യപ്പെടുത്താതെ അത് രഹസ്യത്തിൽ ചെയ്യണം(മത്തായി 6:2) മത്തായി 26:11 ൽ യേശു ഇപ്രകാരം പറഞ്ഞു : “ദരിദ്രർ നിങ്ങൾക്ക് എല്ലായിപ്പോഴും അടുക്കൽ ഉണ്ട്” അതുകൊണ്ട് നാം ദാനം ചെയ്യുമ്പോൾ അത് ചില സമയങ്ങളിൽ മാത്രം പരിമിതപ്പെടുത്താതെ ആവശ്യമുള്ളവരെ സഹായിക്കാനുള്ള അവസരം എപ്പോഴും പ്രയോജനപ്പെടുത്തണം. ദൈവ വചനം ഇങ്ങനെ പറയുന്നു:” എളിയവനോട് കൃപ കാട്ടുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു ;അവൻ ചെയ്ത നന്മയ്ക്ക് യഹോവ പകരം കൊടുക്കും.”( സദൃശ്യവാക്യങ്ങൾ 19 :17) ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു എന്ന കാര്യം നാം ഒരിക്കലും മറക്കരുത്. എങ്കിൽ മാത്രമേ ദൈവത്തിന്റെ അനുഗ്രഹത്തിന്റെ മാർഗമായി മറ്റുള്ളവരിലേക്ക് എത്തിച്ചേരുവാൻ നമുക്ക് കഴിയുകയുള്ളൂ, അപ്പോൾ മാത്രമേ ദൈവത്തിന്റെ ദാനം തുടരുകയുള്ളൂ.

പ്രിയ പിതാവേ, നമ്മുടെ രക്ഷകനായ യേശുവിലൂടെ ഈ ലോകത്തിലെ ഏറ്റവും മഹത്വകരമായ സമ്മാനം നീ നൽകുന്നതിനായി നന്ദി.അങ്ങയുടെ മഹാമനസ്കത യുടെ ഉദാഹരണങ്ങളായി തീരാൻ ഞങ്ങൾക്കും കഴിയട്ടെ. ആമേൻ.

– എസ്ഥേർ കോളിൻസ്