നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന് ദാസ്യത്തിന്റെ ആത്മാവിനെ അല്ല ; നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്. റോമർ 8: 15

വളർന്നു വലുതായപ്പോൾ ക്രിസ്തുമസ് ദിനങ്ങളിലെ സഭാ ആരാധനകളുടെ ഓർമ്മകൾ തീഷ്ണവും തിളക്കവും ഉള്ളതായിരുന്നു. അതിരാവിലെ രണ്ടു മണിക്ക് തന്നെ അമ്മ ഞങ്ങളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തുന്നത് ഞാൻ ഇന്നും ഓർക്കുന്നു. ഞങ്ങളെ, ഏറ്റവും നല്ലതും തിളക്കമേറിയതുമായ വസ്ത്രങ്ങൾ ധരിപ്പിച്ച് ഇരുണ്ടതും ശൂന്യവുമായ വഴിയിലൂടെ പപ്പ, മോട്ടോർസൈക്കിളിൽ പള്ളിയിലേക്ക് കൊണ്ടുപോകുമായിരുന്നു. ദീപാലംകൃതമായ പള്ളി മനോഹരമായി അലങ്കരിച്ചിരിക്കുന്നത് കാണുമ്പോൾ ഇരുളിൽ മിന്നി നിൽക്കുന്ന ദീപസ്തംഭം പോലെയാണ്. മോഡിയോടു കൂടിയ ആഡംബര വസ്ത്രങ്ങളണിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ വർണ്ണങ്ങളുടെ സമ്മേളനം ആയി തോന്നും. പട്ടുകളാലും ആഭരണങ്ങളാലും അലങ്കൃതമായ ഇരിപ്പടം. ആരാധനയുടെ ഇടയിൽ ഞാനും എന്റെ സഹോദരനും ഉറങ്ങാറുണ്ട്, പക്ഷേ ആരാധന തീരുമ്പോഴേക്കും എങ്ങനെയെങ്കിലും ഞങ്ങൾ ഉണർന്നിരിക്കും. തുടർന്ന് ക്രിസ്തുമസ് ആരാധനയിലെ അവസാന ഭാഗത്തിൽ സന്തോഷപൂർവ്വം സുഹൃത്തുക്കളും, കുടുംബാംഗങ്ങളും മറ്റും പരസ്പരം പുണർന്നുകൊണ്ട് ആവേശത്തോടെ “മെറി ക്രിസ്മസ്” പറയാറുണ്ട് .അത് മനോഹരവും, സന്തോഷവും ഉളവാക്കുന്ന നിമിഷങ്ങളായിരുന്നു.

ഒരൊറ്റ വരുമാനത്തിൽ നിന്നും ക്രിസ്തുമസ് ഉല്ലാസകരമാക്കി തീർക്കാൻ എന്റെ മാതാപിതാക്കൾ എന്തുമാത്രം ത്യാഗം ചെയ്തു എന്ന് വർഷങ്ങൾക്കുശേഷം ഒരു രക്ഷകർത്താവ് ആയപ്പോളാണ് എനിക്ക് മനസ്സിലായത് .എന്റെ കുഞ്ഞുനാളിലെ അനുഭവങ്ങളും ;എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടായതിനു ശേഷം ഉള്ള അനുഭവങ്ങളും തമ്മിൽ താരതമ്യം ചെയ്ത് നോക്കിയപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏറ്റവും മികച്ചത് നൽകുവാൻ നാമെപ്പോഴും ആഗ്രഹിക്കുന്നുണ്ട് എന്നാണ് . നമുക്ക് ലഭിച്ചതിലും അധികം സന്തോഷം നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നതിനായി നാം നമ്മുടെ ആഗ്രഹങ്ങൾ പലതും മാറ്റിവയ്ക്കാൻ തയ്യാറാകുന്നു. മത്തായി സുവിശേഷത്തിൽ യേശു ഇപ്രകാരം അരുളിച്ചെയ്തു:
” അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെപിതാവ് തന്നോട് യാചിക്കുന്ന അവർക്ക് നന്മ എത്രയധികം കൊടുക്കും.”മത്തായി 7:11.

ഈ ക്രിസ്തുമസ് വേളയിൽ, വിശേഷത നിറഞ്ഞ ആഘോഷങ്ങൾ കുടുംബത്തിന് നൽകാൻ നാം തയ്യാറാകുമ്പോൾ, നാം ഓർക്കേണ്ടത് നമ്മുടെ സ്വർഗീയ പിതാവ് നമ്മിൽ സന്തോഷിക്കുന്നു എന്നതാണ്. ഏറ്റവും മികച്ചത് നൽകാൻ നമ്മുടെ സ്വർഗീയ പിതാവ് ആഗ്രഹിക്കുന്നു, നമ്മുടെ ആഗ്രഹങ്ങൾ എല്ലായിപ്പോഴും സാധിക്കുന്നില്ലെങ്കിലും, അവൻ എല്ലായിപ്പോഴും നമുക്ക് ആവശ്യമുള്ളത് തന്ന് നമ്മെ നിലനിർത്തുന്നു. അവന്റെ മക്കളായ നമുക്ക് എപ്പോഴും ഏറ്റവും മികച്ചത് കിട്ടുന്നതിൽ നാം ആനന്ദിക്കണം . ഈ ഉറപ്പോടെയും പ്രതീക്ഷയോടെയും ക്രിസ്തുമസ് ദിനങ്ങൾ സന്തോഷത്തോടെ ആഘോഷിക്കാം.

പ്രിയ പിതാവേ, അങ്ങയുടെ കുഞ്ഞ് എന്ന നിലയിലുള്ള എന്റെ വ്യക്തിത്വം എന്നെ അത്ഭുതപ്പെടുത്തുന്നു. അനുദിനം എന്റെ ജീവിതത്തിൽ അങ്ങയുടെ നന്മ മനസ്സിലാക്കാൻ ഈ സത്യം എന്നെ സഹായിക്കട്ടെ. ആമേൻ.

– ജാസ്മിൻ ഡേവിഡ്