“”മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്ന് എഴുതിയിരിക്കുന്നത് പോലെ ക്രിസ്തു നമുക്കു വേണ്ടി ശാപമായി തീർന്നു. ന്യായപ്രമാണത്തിൻ ശാപത്തിൽ നിന്ന് നമ്മെ വിലയ്ക്കുവാങ്ങി. ഗലാത്യർ 3: 13
ഇറക്കുമതിചെയ്ത പ്ലാസ്റ്റിക് ക്രിസ്തുമസ് ട്രീകളോട് എല്ലാം വെറുപ്പായിരുന്നു. അതുകൊണ്ടുതന്നെ ഫാൻസിയുടെ വരവിനു മുമ്പ്, എല്ലാ വർഷവും വീട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി കാറ്റാടി മരത്തിൽ തീർത്ത ട്രീ ഉൾപ്പെടുത്തിയിരുന്നു. ഞാൻ വളർന്നു വന്നപ്പോൾ ക്രിസ്തുമസ് ദിനങ്ങളിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. ഞങ്ങൾ വളരെ നന്നായി വിലപേശി, വലിയതും, ശാഖകൾ നിറഞ്ഞതുമായ ഒരു ട്രീ കണ്ടെത്തി വീട്ടിൽ കൊണ്ടുവരും. തെക്കൻ പ്രദേശങ്ങളിലെ വരണ്ട കാലാവസ്ഥ പൈൻ മരങ്ങൾ പെട്ടെന്ന് ഉണങ്ങി പോകുവാൻ കാരണമാകാറുണ്ട്, അതുകൊണ്ട് ക്രിസ്തുമസിന് ഏതാനും ദിവസങ്ങൾ ഉള്ളപ്പോൾ മാത്രമേ ട്രീ വാങ്ങാൻ കഴിയുകയുള്ളൂ.
ഓട്ടോറിക്ഷയിൽ നിന്നും ക്രിസ്തുമസ് ട്രീ ഇറക്കുമ്പോൾ ഞങ്ങളുടെ അയൽക്കാരും സമപ്രായക്കാരായ കുട്ടികളും ചുറ്റുംകൂടി അതിശയത്തോടെ നോക്കാറുണ്ട്. താമസിയാതെ ഞങ്ങളുടെ കളിക്കൂട്ടുകാർ വീട്ടിലേക്ക് വരികയും ട്രീ അലങ്കരിക്കുവാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യും. ബലൂണുകൾ ഊതി വീർപ്പിക്കുകയും, വർണ്ണ കടലാസിലും, പഞ്ഞിയിലും മറ്റും തീർത്ത അലങ്കാര വസ്തുക്കൾ കൊണ്ട് ട്രീയെ അലങ്കരിക്കുകയും ഇടയ്ക്കിടയ്ക്ക് പിന്നോട്ടു മാറി നിന്ന് ഞങ്ങൾ നിർമ്മിച്ച ട്രീയുടെ മനോഹാരിത ആസ്വദിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നായിരുന്നു അത്, മാത്രമല്ല ‘ക്രിസ്തുമസിന്റെ ഗന്ധം’ ഞങ്ങൾക്ക് മതിയാവോളം ആസ്വദിക്കുവാനും കഴിഞ്ഞു.
ക്രിസ്തുമസ് ട്രീയുടെ ഉത്ഭവത്തെയും പാരമ്പര്യത്തെയും സംബന്ധിച്ച് തർക്കങ്ങൾ ധാരാളം നിലനിൽക്കുന്നു. എന്നാൽ സൗന്ദര്യവും ലക്ഷ്യവും ഉള്ള മനോഹരമായ ഒരു മരം കാൽവരിയിൽ ഉണ്ട് ആ മരത്തെ കുറിച്ച് യാതൊരു തർക്കവുമില്ല.കാൽവരിയിലെ ഈ മരത്തിന്റെ ഭംഗി കേവലം അലങ്കരിച്ച വസ്തുക്കളെ കൊണ്ടല്ല മറിച്ച് അതിൽ തൂങ്ങപ്പെട്ട ദൈവപുത്രനായ യേശുക്രിസ്തു ആണ്. യേശുക്രിസ്തു മാനവരാശിയുടെ മുഴുവൻ ശാപങ്ങളും ഏറ്റെടുത്തു. നമ്മുടെ പാപങ്ങളും, പരാജയങ്ങളും കാൽവരി ക്രൂശിൽ യേശുവിനോടൊപ്പം തകർക്കപ്പെട്ടു, യേശു ശാപമായി തീർന്നത് കൊണ്ട് നമ്മൾ അനുഗ്രഹിക്കപ്പെട്ടു. യേശു നമുക്കുവേണ്ടി ജനിച്ചു, നമുക്കുവേണ്ടി മരിച്ചു, നമുക്കുവേണ്ടി വീണ്ടും വരും. യേശു നമ്മിൽ നിന്നും ആഗ്രഹിക്കുന്നത് നാം അവനു വേണ്ടി ജീവിക്കുക എന്നുള്ളതാണ്.
പ്രിയ പിതാവേ, മിന്നുന്ന വെളിച്ചങ്ങളുടെയും അലങ്കരിക്കപ്പെട്ട ക്രിസ്തുമസ് ട്രീയുടേയും ആവേശത്തിനപ്പുറം കാൽവരിയുടെ ഭംഗി ആസ്വദിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ.
– റെബേക്ക വിജയൻ