യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ; അവൻ അദ്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലംകൈയും അവന്റെ വിശുദ്ധഭുജവും അവന് ജയം നേടിയിരിക്കുന്നു.

യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.

അവൻ യിസ്രായേൽഗൃഹത്തിനു തന്റെ ദയയും വിശ്വസ്തതയും ഓർത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.

സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആർപ്പിടുവിൻ; കൊട്ടിഘോഷിച്ചു കീർത്തനം ചെയ്‍വിൻ.

കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്‍വിൻ; കിന്നരത്തോടും സംഗീതസ്വരത്തോടുംകൂടെ തന്നെ.

കാഹളങ്ങളോടും തൂര്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ!

സമുദ്രവും അതിന്റെ നിറവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.

പ്രവാഹങ്ങൾ കൈകൊട്ടട്ടെ; പർവതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.

അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും ~സങ്കീർത്തനം 98

“ജോയ് ടു ദ വേൾഡ്. . .” അമ്മയെക്കുറിച്ചുള്ള വേദനിക്കുന്ന ഓർമ്മകൾ അവളുടെ മനസ്സിൽ നിറഞ്ഞപ്പോൾ മെയ്ഫാംഗ് വാചകം പകുതിയിൽ നിർത്തി ഒരു കരച്ചിൽ ഇറക്കി. കഴിഞ്ഞ വർഷം ഇതേ സമയം, ഇതേ പാട്ട് പാടി അവളുടെ അമ്മ അവളുടെ തൊട്ടടുത്ത് നിന്നിരുന്നു. എന്നാൽ ഇപ്പോൾ അവളുടെ അമ്മ പോയി, ഒരു അപകടത്തിൽ അവളുടെ ജീവിതം ദാരുണമായി തകർന്നു. മെയ്ഫാംഗിന്, ക്രിസ്തുമസ് ഇനിയൊരിക്കലും പഴയപോലെയാകില്ല. ആകെ സങ്കടവും ദുഖവും മാത്രം ബാക്കി ഉള്ളപ്പോൾ ആഘോഷിക്കുന്നത് അവൾക്ക് ബുദ്ധിമുട്ടായി തീർന്നു.

ഒരുപക്ഷേ, മെയ്ഫാങ്ങിനെപ്പോലെ, ഈ ക്രിസ്തുമസ്സിൽ നിങ്ങൾ ദുഃഖമോ നിരാശയോ അനുഭവിക്കുന്നുണ്ടാകാം. നിങ്ങളുടെ ഹൃദയം വേദനയാൽ നിറഞ്ഞിരിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ സന്തോഷത്തോടെ പാടാനാകും?

ഐസക് വാട്ട്സ് യഥാർത്ഥത്തിൽ “ജോയ് ടു ദ വേൾഡ്” എഴുതിയത് ഒരു ക്രിസ്തുമസ് കരോളായിട്ടല്ല, മറിച്ച് ക്രിസ്തു മടങ്ങിവരുമ്പോഴുള്ള നമ്മുടെ ഭാവി പ്രത്യാശയുടെ ഓർമ്മപ്പെടുത്തലായിട്ടാണ്. ഇത് സങ്കീർത്തനം 98-നെ അടിസ്ഥാനമാക്കിയുള്ളതാണ് – ദൈവത്തെ അവന്റെ ദയയും വിശ്വസ്തതയും ഓർത്ത് സ്തുതിക്കുവാൻ ഭൂമിയെ വിളിക്കുന്ന ഒരു സങ്കീർത്തനം (വാ. 3). അവൻ വന്നത് രക്ഷിക്കാനാണ് (വാ. 1), അവൻ ജയം നേടുകയും അവന്റെ നീതി വെളിപ്പെടുത്തുകയും ചെയ്യുന്നു (വാ. 2). അവൻ നീതിയോടും നേരോടുംകൂടെ “ഭൂമിയെ വിധിക്കുവാൻ” വീണ്ടും വരും (വാ. 9). സന്തോഷത്തോടെ പാടാനുള്ള വലിയ കാരണങ്ങളാണിവ.

ഈ ക്രിസ്തുമസ് ദുഃഖവും നിരാശയും നിറഞ്ഞതാണെങ്കിൽ, ക്രിസ്തുവിന്റെ പ്രത്യാശയിൽ മുറുകെ പിടിക്കുക. അവൻ ഇപ്പോൾ ആശ്വാസം പ്രദാനം ചെയ്യുക മാത്രമല്ല നമ്മുടെ ഭാവി പ്രത്യാശയെ കുറിച്ചും ഉറപ്പുനൽകുന്നു. ഒരു ദിവസം യേശു വീണ്ടും വന്ന് നമ്മുടെ കണ്ണുകളിൽ നിന്ന് എല്ലാ കണ്ണുനീരും തുടയ്ക്കുമ്പോൾ നമ്മുടെ എല്ലാ സങ്കടങ്ങളും വേദനകളും അവസാനിക്കും (വെളിപാട് 21:4).

പോ ഫാങ് ചിയ

യേശുവിന്റെ ആദ്യവരവിൽ നിങ്ങൾക്ക് സന്തോഷിക്കുവാൻ കഴിയുന്ന എന്താണ് അവൻ സാധ്യമാക്കിയത്? അവന്റെ രണ്ടാം വരവിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന സന്തോഷകരമായ പ്രത്യാശ എന്താണ്?

സ്വർഗ്ഗസ്ഥനായ പിതാവേ, ഞാൻ സന്തോഷത്തോടെ നിനക്കായി പാടുന്നു, കാരണം നീ അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു!