എന്നാൽ ആത്മാവു വിശുദ്ധർക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു. റോമർ 8:27
ആശുപത്രി കിടക്കയിൽ മരിക്കുവാൻ പോകുന്ന യുവാവിനോട് എന്തെങ്കിലും പ്രാർത്ഥനാ അപേക്ഷകൾ ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. പലരുടെ പേരുകളും ആവശ്യങ്ങളുടെയും ഒരു പട്ടിക അദ്ദേഹം ഉരുവിട്ടതിനു ശേഷം, അവൻ ലജ്ജയോടെ എന്നെ നോക്കി പറഞ്ഞു, “എനിക്ക് വേണ്ടി പ്രാർത്ഥിക്കരുതെന്നാണ് ഞാൻ പഠിച്ചിരിക്കുന്നത്.”
അവൻ മരിക്കുകയായിരുന്നു. അവസാന നാളുകളിൽ വേദനാസംഹാരികൾ തനിക്കൽപ്പം ആശ്വാസം നല്കിയിരുന്നു. എന്നിട്ടും തനിക്കുവേണ്ടി പ്രാർത്ഥിക്കുന്നത് ശരിയാണെന്ന് അദ്ദേഹം വിശ്വസിച്ചില്ല. അവന്റെ അഭ്യർത്ഥനകൾ എങ്ങനെ വാക്കുകളിലാക്കണമെന്ന് അവനറിയില്ലെങ്കിലും ദൈവത്തിന്റെ ആത്മാവുതന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ അവനുവേണ്ടി പക്ഷവാദം ചെയ്യുന്നു എന്ന് ഞാൻ അവനെ ഓർമ്മിപ്പിച്ചു.
ദൈവം നമ്മുടെ മനസ്സും ഹൃദയവും അറിയുന്നു. നമുക്ക് എന്താണ് വേണ്ടതെന്ന് അവൻ അറിയുകയും “ദൈവഹിതപ്രകാരം” അത് നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു (റോമർ 8:27). ചില സമയങ്ങളിൽ നമ്മുടെ ജീവിതം നമുക്ക് ദൈവത്തിൽ നിന്ന് ആവശ്യമുള്ളത് എന്തെന്ന് വാക്കുകളിൽ വിവരിക്കുവാൻ പ്രയാസകരമാക്കുന്നു. എങ്ങനെ പ്രാർത്ഥിക്കണമെന്ന് നമുക്ക് അറിവില്ലായിരിക്കാം. ഒരുപക്ഷേ, “ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങൾ” മാത്രമേ നമുക്ക് ഉച്ചരിക്കുവാൻ കഴിയൂ (വാ. 26). എന്നാൽ പൗലോസിന്റെ വാക്കുകൾ പരിശുദ്ധാത്മാവിന്റെ രൂപത്തിൽ നമുക്ക് ഒരു വലിയ മദ്ധ്യസ്ഥനുണ്ടെന്ന ആശ്വാസവും ഉറപ്പും നൽകുന്നു. ആത്മാവ് യഥാർത്ഥത്തിൽ ദൈവത്തോട് സംസാരിക്കുന്നത് നമുക്കുവേണ്ടിയാണ് (വാ. 26). ദൈവത്തിനറിയാം. ദൈവം കേൾക്കുന്നു. ദൈവത്തിന്റെ ഹിതം-അവന്റെ പൂർണ്ണമായ ഹിതം- മാത്രം നടപ്പാകും .
നിങ്ങളുടെ പ്രാർത്ഥന എന്തുതന്നെയായാലും ദൈവത്തിനായി കാത്തിരിക്കുമ്പോൾ ഈ ഉറപ്പിൽ ആശ്രയിക്കുക – നിങ്ങൾ അത് ഉറക്കെ പറഞ്ഞാലും നിങ്ങളുടെ ഹൃദയത്തിലോ മനസ്സിലോ മാത്രം പറഞ്ഞാലും.
നിങ്ങളുടെ ജീവിതത്തിൽ ഉച്ചരിക്കാത്ത ഏത് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചു? നിങ്ങളുടെ പേരിൽ മദ്ധ്യസ്ഥത വഹിച്ചതിന് അവനെങ്ങനെ നന്ദി പറയും?
സ്വർഗ്ഗസ്ഥനായ പിതാവേ, എന്ത് പ്രാർത്ഥിക്കണമെന്നോ എങ്ങനെ പ്രാർത്ഥിക്കണമെന്നോ അറിയാതിരിക്കുമ്പോൾ പോലും എനിക്ക് വേണ്ടി മദ്ധ്യസ്ഥത വഹിക്കുന്ന അങ്ങയുടെ ആത്മാവിന് നന്ദി.
റോമർ 8:26-30
അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു. വേണ്ടുംപോലെ പ്രാർഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാൽ ആത്മാവു വിശുദ്ധർക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു. എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചുമിരിക്കുന്നു. മുൻനിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.