ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി ദൈവം കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു 1 കൊരിന്ത്യർ 12:25

ഈ ദിവസങ്ങളിൽ എന്റെ പൂമുഖത്ത് ഒരു യുദ്ധം നടക്കുന്നു. സിൽവസ്റ്ററും ക്രിസും – ഞാൻ ഈയിടെ പരിചയപ്പെട്ട രണ്ട് അണ്ണാൻ കുഞ്ഞുങ്ങൾ – തമ്മിൽ. ഞാൻ അവർക്കായി വെച്ച പീനട്ട് ബട്ടറും കായ്കളും ആരു കഴിക്കും എന്നതിനെച്ചൊല്ലി ആണ് യുദ്ധം. അവസാനം ഒരു അണ്ണാൻ ആദ്യം തീറ്റയുടെ അടുത്ത് എത്തുകയും ഉച്ചത്തിലുള്ള സ്വരത്തോടെ അവയെ കാത്തുകൊണ്ടു മറ്റേയാൾ അടുത്തെത്തിയാൽ ഓടിക്കുകയും ചെയ്യുന്നു. രസകരമെന്നു പറഞ്ഞാൽ, എന്റെ രണ്ട് അണ്ണാൻ സുഹൃത്തുക്കൾക്കും മതിയായ ഭക്ഷണം അവിടെ ഉണ്ട്. ലളിതമായി പങ്കുവെക്കുവാൻ കഴിയുമെങ്കിൽ, ഇരുവർക്കും സമാധാനത്തോടെ അതു കഴിക്കാമായിരുന്നു. പക്ഷേ, അതിജീവനത്തിനായുള്ള അവയുടെ സ്വയംസംക്ഷണ സഹജാവബോധം കാരണം, യുദ്ധം തുടരുന്നു.

അതിജീവനത്തിനായുള്ള യുദ്ധങ്ങൾ ജന്തുലോകത്ത് നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ ദൈവകുടുംബത്തിൽ അത് സംഭവിക്കുമ്പോൾ അത് വിനാശകരവും അപകടകരവുമാണ്. അത് പുതുവിശ്വാസികൾ അറിയണമെന്ന് അപ്പോസ്തലനായ പൗലോസ് ആഗ്രഹിച്ചു. യേശുവിൽ വിശ്വാസം അർപ്പിക്കുന്ന വിശ്വാസികൾ, അവന്റെ ആത്മാവിലൂടെ ക്രിസ്തുവിന്റെ ശരീരമായി അന്യോനം പരസ്പരം ആശ്രയിക്കുന്ന അവയവങ്ങളായി തീർന്നിരിക്കുന്നു (1 കൊരിന്ത്യർ 12:12-13). ഈ ശരീരത്തിൽ, നമ്മുടെ സ്വന്തം നിലനിൽപ്പിനായി പരസ്പരം പോരടിക്കുന്നത് പരിഹാസ്യമാണ്, “നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല” (വാ. 21) എന്ന് നമ്മുടെ കണ്ണുകൾ നമ്മുടെ കൈകളോട് പറയുന്നതെങ്ങനെ എന്ന് പൗലോസ് ചോദിക്കുന്നു.

നാം അവരെ പോലെ ആണെങ്കിലും അല്ലെങ്കിലും, സഹവിശ്വാസികളെ നമുക്ക് വളരെയധികം ആവശ്യമുണ്ട് (വാ. 22). നാം പരസ്പരം മത്സരിക്കുകയല്ല; നമുക്ക് പരസ്പരം വേണം. അവരുടെ മുഖത്ത് നാം യേശുവിനെയാണ് കാണുന്നത്.

ബന്ധങ്ങളിൽ ദോഷം വരുത്തുന്ന മത്സര മനോഭാവം നിങ്ങൾ എപ്പോഴാണ് കണ്ടിട്ടുള്ളത്? പോരാട്ടമില്ലാത്ത, പരസ്പരം പ്രയോജനകരമായ ബന്ധങ്ങളാൽ നിങ്ങൾ എങ്ങനെയാണ് അനുഗ്രഹിക്കപ്പെട്ടത്?

സ്നേഹവാനായ ദൈവമേ, മറ്റുള്ളവരോട്, നിന്നിലുള്ള സഹവിശ്വാസികളോട് പോലും, നീരസത്തിന്റെയും കയ്പിന്റെയും ആത്മാവിനാൽ നിറയുവാൻ വളരെ എളുപ്പമാണ്. എന്നാൽ അതിലും മികച്ച ഒരു വഴിയുണ്ടെന്ന് ഞങ്ങളെ പഠിപ്പിക്കുക.

1 കൊരിന്ത്യർ 12:12-22

ശരീരം ഒന്നും, അതിന് അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു. ശരീരം ഒരു അവയവമല്ല പലതത്രേ. ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല. ഞാൻ കണ്ണ് അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല. ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വച്ചിരിക്കുന്നു. സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ? എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നുതന്നെ. കണ്ണിനു കൈയോട്: നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും, തലയ്ക്കു കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറഞ്ഞുകൂടാ. ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾതന്നെ ആവശ്യമുള്ളവയാകുന്നു.