ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്. സങ്കീർത്തനം 4:8
അംബ്രോസ് (AD 340-397) മിലാനിലെ ബിഷപ്പായതിനുശേഷം, പൗരസ്ത്യ ശൈലികളിൽ നിന്ന് കടമെടുത്ത ഒരു പുതിയ തരം സംഗീതം അദ്ദേഹം പള്ളിയിൽ അവതരിപ്പിച്ചു. ചില ആളുകൾ ഈ “വിപ്ലവാത്മകമായ” പരിഷ്ക്കാരങ്ങൾ അംഗീകരിച്ചില്ല, എന്നാൽ പതുക്കെ അത് അവിടെ വേരുപിടിച്ചു. ആംബ്രോസിന്റെ നിരവധി സ്തുതിഗീതങ്ങൾ ഇന്നും നിലനിൽക്കുന്നു. അവയിലൊന്നിന്റെ വിവർത്തനം, “ദിവസാവസാനത്തിന് മുമ്പ്” പറയുന്നു:
എല്ലാ ദുഷിച്ച സ്വപ്നങ്ങളിൽ നിന്നും നമ്മുടെ കണ്ണുകളെ സംരക്ഷിക്കുക
രാത്രി ഭയങ്ങളിൽ നിന്നും മിഥ്യാസങ്കൽപ്പങ്ങളിൽ നിന്നും.
അത്തരം കാര്യങ്ങൾ, ദൈവം നമുക്കുവേണ്ടി ഉദ്ദേശിക്കുന്ന വിശ്രമത്തിനു ഭീഷണി ഉയർത്തുന്നു, അതിനാൽ ആംബ്രോസിന്റെ സ്തുതിഗീതം നാം ഉറങ്ങുമ്പോഴും നമ്മെ സംരക്ഷിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നു.
സങ്കീർത്തനം 4 -ൽ ദാവീദ് രാജാവ് ഭയങ്ങൾക്കിടയിലും ഉറക്കത്തിന്റെ ആശയത്തെ അഭിസംബോധന ചെയ്യുന്നു. ജീവനുവേണ്ടി പലായനം ചെയ്യുന്നതിനിടയിലായിരിക്കാം ദാവീദ് ദൈവത്തോട്, “എന്റെ ദുരിതത്തിൽ നിന്ന് നീ എനിക്ക് ആശ്വാസം തരേണമേ” (വാ.1) എന്ന് നിലവിളിച്ചത്. ഈ ആഴത്തിലുള്ള വ്യക്തിപരമായ അഭ്യർത്ഥനയ്ക്ക് ശേഷം, ദാവീദ് തന്നിൽ നിന്നും തന്റെ കേൾവിക്കാരുടെ നേരെ തിരിഞ്ഞു. “നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ” എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു (വാ. 4). അങ്ങനെ ചെയ്യുമ്പോൾ നാം നമ്മുടെ ഭയത്തിലല്ല, ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് സ്വാഭാവികമായും ദാവീദിനെ തന്റെ നിഗമനത്തിലേക്ക് നയിച്ചു: “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്” (വാ. 8).
ദാവീദിന്റെയും ആംബ്രോസിന്റെയും ഈ പുരാതന ഗാനങ്ങൾ, നമ്മുക്ക് ഭീഷണി ഉയർത്തുന്ന എന്തിനോടും സമാധാനത്തോടെ പ്രതികരിക്കുവാൻ നമ്മെ സഹായിക്കുന്നു. ദിവസാവസാനത്തിന് മുമ്പ്, നിങ്ങളുടെ ആശങ്കകളും ഭയങ്ങളും ദൈവവുമായി പങ്കിടുക. നമുക്ക് അവയെ എല്ലാം അവന്റെ കയ്യിൽ വിടാം.
നിങ്ങളുടെ ഉറക്കത്തെ ഭീഷണിപ്പെടുത്തുന്നത് എന്താണ്? ദിവസാവസാനത്തിൽ നിങ്ങളുടെ വിഷമങ്ങൾ ദൈവത്തോട് എങ്ങനെ പറയാനാകും?
സ്വർഗ്ഗസ്ഥനായ പിതാവേ, എനിക്കു തന്ന വിശ്രമത്തിന് നന്ദി. ഞാൻ ഉറങ്ങാൻ പോകുമ്പോൾ എന്റെ സകല ഭയങ്ങളും പ്രശ്നങ്ങളും നിന്നെ ഏൽപ്പിക്കുവാനും നിന്നിൽ വിശ്രമിക്കാനും എന്നെ സഹായിക്കൂ.
സങ്കീർത്തനം 4:1-8
എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപ തോന്നി എന്റെ പ്രാർഥന കേൾക്കേണമേ. പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ. യഹോവ ഭക്തനെ തനിക്കു വേർതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും. നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ. സേലാ. നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വയ്പിൻ. നമുക്ക് ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ. ധാന്യവും വീഞ്ഞും വർധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.