നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആലിസണ്‍ കീഡ

നിങ്ങൾക്ക് ദൈവത്തിൽ ആശ്രയിക്കാൻ കഴിയും

എന്റെ പൂച്ച മിക്കിക്ക് കണ്ണിൽ അണുബാധയുണ്ടായപ്പോൾ, ഞാൻ അവന്റെ കണ്ണുകളിൽ ദിവസവും തുള്ളിമരുന്ന് ഒഴിച്ചു. ഞാൻ അവനെ ബാത്ത്‌റൂം കൗണ്ടറിൽ വയ്ക്കുമ്പോൾ, അവൻ ഇരുന്ന്, പേടിച്ചരണ്ട കണ്ണുകളോടെ എന്നെ നോക്കി, ദ്രാവകം കണ്ണിലേക്കു വീഴാനായി സ്വയം ധൈര്യപ്പെട്ടു. ''നല്ല കുട്ടി,'' ഞാൻ പിറുപിറുക്കും. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവന് മനസ്സിലായില്ലെങ്കിലും, അവൻ ഒരിക്കലും ചാടിയില്ല, കരയുകയോ മാന്തുകയോ ചെയ്തില്ല. പകരം, അവൻ എന്നോടു കൂടുതൽ ചേർന്നിരിക്കും-പരിശോധനയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയെപ്പോലെ. എന്നെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു. 
9-ാം സങ്കീർത്തനം എഴുതിയപ്പോൾ, ദാവീദ് ദൈവത്തിന്റെ സ്‌നേഹവും വിശ്വസ്തതയും അനുഭവിച്ചിട്ടുണ്ടാകും. ശത്രുക്കളിൽ നിന്നുള്ള സംരക്ഷണത്തിനായി അവൻ ദൈവത്തിങ്കലേക്ക് തിരിഞ്ഞു, ദൈവം അവനുവേണ്ടി പ്രവർത്തിച്ചു (വാ. 3-6). ദാവീദിന്റെ ആവശ്യസമയത്ത്, ദൈവം അവനെ നിരാശപ്പെടുത്തിയില്ല. തൽഫലമായി, അവൻ എങ്ങനെയുള്ളവനാണെന്ന് ദാവീദ് മനസ്സിലാക്കി-അവൻ ശക്തനും നീതിമാനും സ്‌നേഹവാനും വിശ്വസ്തനുമായിരുന്നു. അങ്ങനെ, ദാവീദ് അവനെ വിശ്വസിച്ചു. ദൈവം വിശ്വസ്തനാണെന്ന് അവനറിയാമായിരുന്നു. 
തെരുവിൽ പട്ടിണി കിടക്കുന്ന ഒരു ചെറിയ പൂച്ചക്കുട്ടിയായി ഞാൻ മിക്കിയെ കണ്ടെത്തിയ രാത്രി മുതൽ അവനെ ഞാൻ പല രോഗങ്ങളിലും പരിചരിച്ചു. അവന് എന്നെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാം-അവന് മനസ്സിലാകാത്ത കാര്യങ്ങൾ ഞാൻ അവനോട് ചെയ്യുമ്പോൾ പോലും. സമാനമായി, ദൈവം നമ്മോടും അവന്റെ സ്വഭാവത്തോടുമുള്ള വിശ്വസ്തതയെ ഓർക്കുന്നത്, അവൻ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്തപ്പോൾ പോലും അവനിൽ വിശ്വസിക്കാൻ നമ്മെ സഹായിക്കുന്നു. ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളിൽ നമുക്ക് ദൈവത്തിൽ വിശ്വസിക്കുന്നത് തുടരാം. 

ദയയുടെ പ്രവൃത്തികൾ

ഗർഭച്ഛിദ്രം സംഭവിച്ചു മാസങ്ങൾക്കുശേഷം, വലേരി താൻ വാങ്ങിയ സാധനങ്ങൾ വില്ക്കുവാൻ തീരുമാനിച്ചു. ഏതാനും മൈലുകൾ അകലെ താമസിക്കുന്ന അയൽവാസിയും കരകൗശലവിദഗ്ധനുമായ ജെറാൾഡ്, അവൾ വിൽക്കുന്ന കുഞ്ഞൻ തൊട്ടിൽ കൗതുകത്തോടെ വാങ്ങി. അവിടെ വെച്ച് ജെറാൾഡിന്റെ ഭാര്യ വലേരിയുമായി സംസാരിക്കുകയും അവളുടെ നഷ്ടത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയിൽ അവളുടെ അവസ്ഥയെക്കുറിച്ച് കേട്ടതിന് ശേഷം, വലേരിക്ക് ഒരു സ്മരണിക തയ്യാറാക്കുന്നതിനായി തൊട്ടിൽ ഉപയോഗിക്കാൻ ജെറാൾഡ് തീരുമാനിച്ചു. ഒരാഴ്ചയ്ക്കു ശേഷം, അവൻ കണ്ണീരോടെ അവൾക്ക് മനോഹരമായ ഒരു ബെഞ്ച് സമ്മാനിച്ചു. ''നല്ല ആളുകളുണ്ട്, ഇതാണതിന്റെ തെളിവ്,'' വലേരി പറഞ്ഞു. 
വലേരിയെപ്പോലെ, രൂത്തിനും നൊവൊമിക്കും വലിയ നഷ്ടം സംഭവിച്ചു. നൊവൊമിയുടെ ഭർത്താവും രണ്ട് ആൺമക്കളും മരിച്ചിരുന്നു. ഇപ്പോൾ അവൾക്കും അവളുടെ നിർഭാഗ്യവതിയായ മരുമകൾ രൂത്തിനും അവകാശികളോ, അവരെ പരിപാലിക്കാൻ ആളുകളോ ഇല്ല (രൂത്ത് 1:1-5). അവിടെയാണ് ബോവസ് ഇടപെട്ടത്. വയലിൽ വീണുകിടക്കുന്ന ധാന്യങ്ങൾ പെറുക്കാൻ രൂത്ത് ഒരു വയലിൽ വന്നപ്പോൾ ഉടമയായ ബോവസ് അവളെക്കുറിച്ച് ചോദിച്ചു. അവൾ ആരാണെന്ന് അറിഞ്ഞപ്പോൾ അവൻ അവളോട് ദയ കാണിച്ചു (2:5-9). ആശ്ചര്യഭരിതയായ രൂത്ത് ചോദിച്ചു, “നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ?” (വാ. 10). അവൻ മറുപടി പറഞ്ഞു, “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്ന ... വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു” (വാ. 11). 
ബോവസ് പിന്നീട് രൂത്തിനെ വിവാഹം കഴിക്കുകയും നൊവൊമിയെ സംരക്ഷിക്കുകയും (അദ്ധ്യായം 4) ചെയ്തു. അവരുടെ വിവാഹത്തിലൂടെ, ദാവീദിന്റെയും യേശുവിന്റെയും ഒരു പൂർവ്വപിതാവ് ജനിച്ചു. മറ്റൊരാളുടെ ദുഃഖത്തെ രൂപാന്തരപ്പെടുത്തുന്നതിനു സഹായിക്കാൻ ദൈവം ജെറാൾഡിനെയും ബോവസിനെയും ഉപയോഗിച്ചതുപോലെ, വേദനയിൽ മറ്റുള്ളവരോട് ദയയും സഹാനുഭൂതിയും കാണിക്കാൻ അവനു നമ്മിലൂടെ പ്രവർത്തിക്കാൻ കഴിയും. 

നിരാശയെ നേരിടുക

ജീവിതാഭിലാഷമായിരുന്ന ഒരു യാത്രയ്ക്കായി വർഷം മുഴുവനും പണം സ്വരൂപിച്ച ശേഷം, അമേരിക്കയിലെ ഒക്ക്‌ലഹോമ ഹൈസ്‌കൂളിൽ നിന്നുള്ള മുതിർന്ന വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ എത്തിയപ്പോഴാണാ അവരിൽ പലരും ഒരു വിമാനക്കമ്പനിയെന്ന വ്യാജേന ഒരു വ്യാജ കമ്പനിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നു മനസ്സിലാക്കിയത്. ''ഇത് ഹൃദയഭേദകമാണ്,'' ഒരു സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു. എന്നിരുന്നാലും, തങ്ങളുടെ പദ്ധതികൾ മാറ്റേണ്ടിവന്നെങ്കിലും, വിദ്യാർത്ഥികൾ 'അത് പരമാവധി പ്രയോജനപ്പെടുത്താൻ' തീരുമാനിച്ചു. ടിക്കറ്റുകൾ ഉറപ്പുനൽകിയ അടുത്തുള്ള വിനോദ കേന്ദ്രങ്ങളിൽ അവർ രണ്ടു ദിവസം ആസ്വദിച്ചു. 
പരാജയപ്പെട്ടതോ മാറ്റം വരുത്തിയതോ ആയ പ്ലാനുകൾ കൈകാര്യം ചെയ്യുന്നത് നിരാശാജനകമോ ഹൃദയഭേദകമോ ആകാം. പ്രത്യേകിച്ചും നാം അതിനായി സമയമോ പണമോ വികാരമോ നിക്ഷേപിച്ചിട്ടുള്ളപ്പോൾ. ദൈവത്തിന് ഒരു ആലയം പണിയാൻ ദാവീദ് രാജാവിന് ആഗ്രഹമുണ്ടായിരുന്നു (1 ദിനവൃത്താന്തം 28:2), എന്നാൽ ദൈവം അവനോട് പറഞ്ഞു: ''നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത് . . . . നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും'' (വാ. 3, 6). ദാവീദ് നിരാശനായില്ല. യിസ്രായേലിന്റെ രാജാവായി തന്നെ തിരഞ്ഞെടുത്തതിന് അവൻ ദൈവത്തെ സ്തുതിച്ചു, കൂടാതെ ആലയത്തിന്റെ പൂർത്തീകരണത്തിനുള്ള പദ്ധതികൾ ശലോമോനെ ഏൽപ്പിച്ചു (വാ. 11-13). അങ്ങനെ ചെയ്തതിനുശേഷം അവൻ ശലോമോനെ പ്രോത്സാഹിപ്പിച്ചു: ''ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്'' (വാക്യം 20). 
നമ്മുടെ പദ്ധതികൾ പരാജയപ്പെടുമ്പോൾ, കാരണം എന്തുതന്നെയായാലും, '[നമുക്കുവേണ്ടി] കരുതുന്ന' (1 പത്രൊസ് 5:7) ദൈവത്തിലേക്ക് നമ്മുടെ നിരാശയെ കൊണ്ടുവരാൻ കഴിയും. നമ്മുടെ നിരാശ കൃപയോടെ കൈകാര്യം ചെയ്യാൻ അവൻ നമ്മെ സഹായിക്കും. 

നമ്മുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്

യു.എസ്.എ.യിലെ ന്യൂജേഴ്‌സിയിലുള്ള ഒരു നീന്തൽ പരിശീലകൻ, നെവാർക്ക് ബേയിൽ ഒരു കാർ മുങ്ങുന്നത് കണ്ടു. കാർ പെട്ടെന്ന് ചെളിവെള്ളത്തിൽ മുങ്ങിയപ്പോൾ ഡ്രൈവർ 'എനിക്ക് നീന്താൻ അറിയില്ല' എന്ന് അലറുന്നത് കേട്ടു. ഒരു ജനക്കൂട്ടം കരയിൽ നോക്കിനിൽക്കെ, ആന്റണി അരികിലെ പാറകളിലേക്ക് ഓടി, കൃത്രിമ കാൽ നീക്കം ചെയ്തു, അറുപത്തെട്ടുകാരനെ രക്ഷപ്പെടുത്തിാനായി വെള്ളത്തിലേക്കു ചാടി. ആന്റണിയുടെ നിർണ്ണായക പ്രവർത്തനത്തിലൂടെ ഒരു മനുഷ്യൻ രക്ഷപ്പെട്ടു. 

നമ്മുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്. തന്റെ പതിനേഴു വയസ്സുള്ള മകൻ യോസേഫിനെ പരസ്യമായി അനുകൂലിച്ച, നിരവധി ആൺമക്കളുടെ പിതാവായ ഗോത്രപിതാവായ യാക്കോബിനെക്കുറിച്ചു ചിന്തിക്കുക. അവൻ ഭോഷത്തമായിട്ടാണെങ്കിലും യോസേഫിന് ഒരു 'നിലയങ്കി' ഉണ്ടാക്കിക്കൊടുത്തു (ഉല്പത്തി 37:3). ഫലമോ? യോസേഫിന്റെ സഹോദരന്മാർ അവനെ വെറുത്തു (വാ. 4); അവസരം ലഭിച്ചപ്പോൾ അവർ അവനെ അടിമയായി വിറ്റു (വാ. 28). യോസേഫിന്റെ സഹോദരന്മാർ അവനെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും യോസേഫ് ഈജിപ്തിൽ എത്തിയതിനാൽ, ഏഴ് വർഷത്തെ ക്ഷാമകാലത്ത് യാക്കോബിന്റെ കുടുംബത്തെയും മറ്റു പലരെയും സംരക്ഷിക്കാൻ ദൈവം അവനെ ഉപയോഗിച്ചു(കാണുക 50:20). പോത്തിഫറിന്റെ ഭാര്യയുടെ മുമ്പിൽ മാന്യതദ സൂക്ഷിക്കാനും ഓടിപ്പോകുവാനുമുള്ള യോസേഫിന്റെ തീരുമാനമായിരുന്നു കാര്യങ്ങളെ ശരിയായ നിലയിൽ ചലിപ്പിച്ചത് (39:1-12). അനന്തരഫലം തടവറയും (39:20) പിന്നീട് ഫറവോനുമായുള്ള കൂടിക്കാഴ്ചയുമായിരുന്നു (അധ്യായം 41). 

പരിശീലനത്തിന്റെ പ്രയോജനം ആന്റണിക്ക് ഉണ്ടായിരുന്നിരിക്കാം, പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. നാം ദൈവത്തെ സ്‌നേഹിക്കുകയും അവനെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, ജീവനെ രക്ഷിക്കുന്നതും ദൈവത്തെ ബഹുമാനിക്കുന്നതുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ അവൻ നമ്മെ സഹായിക്കുന്നു. നാം ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, യേശുവിൽ വിശ്വസിച്ചുകൊണ്ട് നമുക്ക് ഇപ്പോൾ ആരംഭിക്കാം. 

ഉറക്കെ ചിരിക്കുക

അമേരിക്കൻ ഹാസ്യനടനും എഴുത്തുകാരനുമായ ജോൺ ബ്രാന്യൻ പറഞ്ഞു, ''നാമല്ല ചിരി ആലോചിച്ചുണ്ടാക്കിയത്; അത് നമ്മുടെ ആശയമായിരുന്നില്ല. ജീവിതത്തിലൂടെ കടന്നുപോകാൻ ഞങ്ങൾക്ക് അത് ആവശ്യമാണെന്ന് അറിയാമായിരുന്ന [ദൈവം] അത് നമുക്ക് നൽകി. [കാരണം] നമുക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് അവനറിയാമായിരുന്നു, പോരാട്ടങ്ങൾ ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു, അവനറിയാമായിരുന്നു. . . പ്രശ്‌നങ്ങൾ സംഭവിക്കുമെന്ന്. . . . ചിരി ഒരു വരദാനമാണ്.''

ദൈവം സൃഷ്ടിച്ച സൃഷ്ടികളെ ഒന്ന് വീക്ഷിക്കുന്നതുപോലും ചിരിയുണ്ടാക്കും. അവരുടെ വിചിത്ര രീതികൾ നമ്മെ ചിരിപ്പിക്കും (താറാവിന്റെ ചുണ്ടുള്ള പ്ലാറ്റിപസ് അല്ലെങ്കിൽ തമാശക്കാരനായ ഓട്ടറുകൾ പോലുള്ളവ). സമുദ്രത്തിൽ വസിക്കുന്ന സസ്തനികളെയും പറക്കാൻ കഴിയാത്ത നീണ്ട കാലുകളുള്ള പക്ഷികളെയും ദൈവം സൃഷ്ടിച്ചു. ദൈവത്തിന് നർമ്മബോധമുണ്ട്; നാം അവന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്കും ചിരിയുടെ ആനന്ദമുണ്ട്.

ചിരി എന്ന വാക്ക് നമ്മൾ ആദ്യം കാണുന്നത് അബ്രഹാമിന്റെയും സാറയുടെയും കഥയിലാണ്. ഈ വൃദ്ധ ദമ്പതികൾക്ക് ദൈവം ഒരു കുഞ്ഞിനെ വാഗ്ദത്തം ചെയ്തു: "നിന്റെ ഉദരത്തിൽനിന്നുപുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും" (ഉല്പത്തി 15:4). ദൈവം അരുളിച്ചെയ്തു: ''നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും'' (വാ. 5). ഒടുവിൽ തൊണ്ണൂറാമത്തെ വയസ്സിൽ സാറ പ്രസവിച്ചപ്പോൾ, അബ്രഹാം അവരുടെ മകന് യിസഹാക്ക് എന്ന് പേരിട്ടു, അതിനർത്ഥം 'ചിരി' എന്നാണ്. സാറ ഉദ്‌ഘോഷിച്ചതുപോലെ, "ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും" (21:6). തന്റെ വാർദ്ധക്യത്തിൽ ഒരു കുഞ്ഞിനെ മുലയൂട്ടാൻ കഴിയുന്നത് അവളെ അത്ഭുതപ്പെടുത്തി! താൻ പ്രസവിക്കുമെന്ന് കേട്ടപ്പോൾ അവൾക്കുണ്ടായ സംശയത്തിന്റെ ചിരിയെ (18:12)  ദൈവം കേവല സന്തോഷത്തിന്റെ ചിരിയാക്കി മാറ്റി.

ചിരി സമ്മാനിച്ചതിന് ദൈവത്തിന് നന്ദി!

ദൈവം കേൾക്കുന്നുണ്ട്

നടനും ആയോധന കലാകാരനുമായ ചക്ക് നൂറാം ജന്മദിനമാഘോഷിക്കുന്ന തന്റെ അമ്മയെ ആദരിച്ചു, തന്റെ ആത്മീയ പരിവർത്തനത്തിൽ അമ്മ എത്രത്തോളം സഹായകമായിരുന്നുവെന്ന് പങ്കുവച്ചു. "സ്ഥിരോത്സാഹത്തിന്റെയും വിശ്വാസത്തിന്റെയും മാതൃകയാണ് അമ്മ," അദ്ദേഹം എഴുതി. മഹാമാന്ദ്യകാലത്ത് അവർ മൂന്ന് ആൺകുട്ടികളെ സ്വന്തമായി വളർത്തി; രണ്ട് ഭർത്താക്കൻമാർ, ഒരു മകൻ, ഒരു വളർത്തുമകൻ, പേരകുട്ടികൾ എന്നിവരുടെ മരണം അനുഭവിച്ചു; നിരവധി ശസ്ത്രക്രിയകൾ സഹിച്ചു. "എല്ലാ കാലത്തും അവർ എനിക്കു വേണ്ടി പ്രാർഥിച്ചു." അദ്ദേഹം തുടർന്നു, "ഹോളിവുഡിന് ഞാൻ എന്റെ ആത്മാവിനെ ഏതാണ്ട് വിട്ടുകൊടുത്തപ്പോൾ, [അവർ] വീട്ടിലിരുന്ന് എന്റെ രക്ഷയ്ക്കും വിജയത്തിനും വേണ്ടി പ്രാർഥിച്ചു കൊണ്ടിരുന്നു." അദ്ദേഹം ഉപസംഹരിച്ചു, "ഞാൻ ആയതും ആകേണ്ടതുമെല്ലാം ആക്കി തീർക്കുവാൻ ദൈവത്തെ സഹായിച്ചതിന് ഞാൻ [എന്റെ അമ്മയോട്] നന്ദി പറയുന്നു.''

ചക്കിന്റെ അമ്മയുടെ പ്രാർഥനകൾ രക്ഷ കണ്ടെത്താൻ അവനെ സഹായിച്ചു - ദൈവഭക്തയായ ഒരു ഭാര്യയേയും. അവർ തന്റെ മകനു വേണ്ടി ആത്മാർഥമായി പ്രാർഥിച്ചു, ദൈവം അവരുടെ പ്രാർഥന കേട്ടു. നമ്മുടെ പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന രീതിയിൽ എപ്പോഴും ഉത്തരം ലഭിക്കില്ല. അതിനാൽ പ്രാർഥനയെ ഒരു മാന്ത്രികവടിയായി ഉപയോഗിക്കുവാൻ  കഴിയില്ല. എന്നിരുന്നാലും, "നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു" എന്ന് യാക്കോബ് ഉറപ്പ് നൽക്കുന്നു (5:16). ഈ അമ്മയെപ്പോലെ രോഗികൾക്കും ദുരിതത്തിലായവർക്കും വേണ്ടി നാം പ്രാർഥിക്കുന്നത് തുടരണം (വാ.13-15). അവരെ പോലെ പ്രാർഥനയിലൂടെ നാം ദൈവവുമായി സംവദിക്കുമ്പോൾ, പ്രോത്സാഹനവും സമാധാനവും ആത്മാവ് പ്രവർത്തിക്കുന്നു എന്ന ഉറപ്പും നാം കണ്ടെത്തുന്നു.

നിങ്ങളുടെ ജീവിതത്തിൽ ആർക്കെങ്കിലും രക്ഷയോ രോഗശാന്തിയോ സഹായമോ ആവശ്യമുണ്ടോ? വിശ്വാസത്തോടെ നിങ്ങളുടെ പ്രാർഥനകൾ ദൈവത്തിങ്കലേക്ക് ഉയർത്തുക. അവിടുന്നു കേൾക്കുന്നുണ്ട്.

യേശുവിനെക്കുറിച്ച് സംസാരിക്കുന്നത് തുടരുക!

ഒരു അഭിമുഖത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സംഗീതജ്ഞൻ "യേശുവിനെക്കുറിച്ചു സംസാരിക്കുന്നത് നിർത്താൻ" ആവശ്യപ്പെട്ട ഒരു സമയം ഓർമ്മിക്കുന്നു. എന്തുകൊണ്ട്? തന്റെ പ്രവർത്തി യേശുവിനെക്കുറിച്ചാണെന്ന് പറയുന്നത് നിർത്തിയാൽ, അദ്ദേഹത്തിന്റെ ബാൻഡ് കൂടുതൽ പ്രശസ്തമാകുമെന്നും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതിന് കൂടുതൽ പണം സ്വരൂപിക്കാമെന്നും അഭിപ്രായമുയർന്നു. ആലോചിച്ച ശേഷം അദ്ദേഹം തീരുമാനിച്ചു, “എന്റെ സംഗീതത്തിന്റെ മുഴുവൻ ലക്ഷ്യവും ക്രിസ്തുവിലുള്ള എന്റെ വിശ്വാസം പങ്കിടുക എന്നതാണ്. . . . ഒരു തരത്തിലും [ഞാൻ] മിണ്ടാതിരിക്കാൻ പോകുന്നില്ല." യേശുവിന്റെ സന്ദേശം പങ്കുവെക്കുക എന്നതാണ് തന്റെ ജ്വലിക്കുന്ന വിളി എന്ന് അദ്ദേഹം പറഞ്ഞു.

വളരെ അപകടകരമായ ഒരു സാഹചര്യത്തിൽ ആയിരിക്കുമ്പോൾ, അപ്പോസ്തലന്മാർക്ക് സമാനമായ ഒരു സന്ദേശം ലഭിച്ചു. അവർ തടവിലാക്കപ്പെട്ടു, പക്ഷേ അത്ഭുതകരമായി ഒരു ദൂതൻ അവരെ വിടുവിക്കുകയും ക്രിസ്തുവിലുള്ള അവരുടെ പുതിയ ജീവിതത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് തുടരാൻ അവരോട് പറയുകയും ചെയ്തു (പ്രവൃത്തികൾ 5:19-20). അപ്പോസ്തലന്മാർ രക്ഷപ്പെട്ടതിനെ കുറിച്ചും അവർ ഇപ്പോഴും സുവിശേഷം പ്രഘോഷിക്കുന്നതിനെ കുറിച്ചും മതനേതാക്കൾ അറിഞ്ഞപ്പോൾ അവർ അവരെ വിളിച്ചു ശാസിച്ചു: “ഈ [യേശുവിന്റെ] നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ” (വാക്യം 28).

അവരുടെ മറുപടി: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു!” (വാ. 29) എന്നായിരുന്നു. തത്ഫലമായി, നേതാക്കൾ അപ്പോസ്തലന്മാരെ അടിക്കുകയും "ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്നു കൽപിക്കുകയും ചെയ്തു" (വാക്യം 40). യേശുവിന്റെ നാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു, കൂടാതെ “ദിനംപ്രതി . . . സുവിശേഷം പഠിപ്പിക്കുന്നതും പ്രഘോഷിക്കുന്നതും ഒരിക്കലും നിർത്തിയില്ല” (വാക്യം 42). അവരുടെ മാതൃക പിന്തുടരാൻ ദൈവം നമ്മെ സഹായിക്കട്ടെ!

"തിളങ്ങുന്ന" കാര്യങ്ങളുമായി പൊരുതുന്നു

1960 - കളിലെ ഒരു ടിവി സീരിയലിൽ, താൻ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാൻ മകനെ അനുവദിക്കണമെന്ന് ഒരാൾ നായകനോട് പറയുന്നു. ചെറുപ്പക്കാരനെ സ്വയം തീരുമാനമെടുക്കാൻ അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് നായകൻ പ്രതികരിക്കുന്നു. തന്നെ ആദ്യം ആകർഷിക്കുന്ന കാര്യം അവൻ സ്വന്തമാക്കും. പിന്നെ, അതിൽ ഒരു കൊളുത്തുണ്ടെന്ന് അയാൾ കണ്ടെത്തുമ്പോഴേക്കും, അത് വളരെ വൈകിയിട്ടുണ്ടാകും. തെറ്റായ കാര്യങ്ങൾ വളരെ ആകർഷതയോടെ പൊതിഞ്ഞു വരുന്നു മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ മറ്റ് കാര്യങ്ങൾ മികച്ചതായിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താൻ പ്രയാസവുമാണ്. മാതാപിതാക്കൾ ശരിയായ പെരുമാറ്റം മാതൃകയാക്കുന്നതും “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാനും” സഹായിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ഉപസംഹരിക്കുന്നു. 
 

നായകന്റെ വാക്കുകൾ സദൃശവാക്യങ്ങളിൽ കാണപ്പെടുന്ന ജ്ഞാനവുമായി ബന്ധപ്പെട്ടിരിക്കുന്നു: "ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല" (22:6). പലരും ഈ വാക്കുകൾ ഒരു വാഗ്ദാനമായി വായിച്ചിട്ടുണ്ടെങ്കിലും, അവ ശരിക്കും ഒരു വഴികാട്ടിയാണ്. യേശുവിൽ വിശ്വസിക്കാനുള്ള സ്വയം തീരുമാനം എടുക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ദൈവത്തോടും തിരുവെഴുത്തുകളോടുമുള്ള നമ്മുടെ സ്നേഹത്തിലൂടെ ഒരു വേദപുസ്തക അടിസ്ഥാനം സ്ഥാപിക്കാൻ നമുക്ക് സഹായിക്കാനാകും. നമ്മുടെ സംരക്ഷണത്തിൻ കീഴിലുള്ള കൊച്ചുകുട്ടികൾ പക്വത പ്രാപിക്കുമ്പോൾ, അവർ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കാനും അവന്റെ വഴികളിൽ നടക്കാനും "വക്രന്റെ വഴിയിൽ " (വാക്യം 5) നടക്കാതിരിപ്പാനും നമുക്ക് പ്രാർത്ഥിക്കാം.

 

പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ "തിളങ്ങുന്ന  കാര്യങ്ങളുടെ" മേൽ നമ്മുടെ സ്വന്തം വിജയം ശക്തമായ സാക്ഷ്യമാണ്. യേശുവിന്റെ ആത്മാവ് പ്രലോഭനങ്ങളെ ചെറുക്കാനും നമ്മുടെ ജീവിതത്തെ അനുകരിക്കേണ്ട മാതൃകകളാക്കി മാറ്റാനും സഹായിക്കുന്നു.

മറ്റുള്ളവരുടെ കാര്യങ്ങൾ

ഞങ്ങളുടെ നാല് പേരക്കുട്ടികൾ കളിപ്പാട്ട തീവണ്ടികളുടെ ഒരു സെറ്റുമായി കളിക്കുകയായിരുന്നു. അതിനിടയിൽ ഇളയ രണ്ടുപേർ ഒരു എഞ്ചിനെച്ചൊല്ലി വഴക്കിടുകയുണ്ടായി. എട്ടുവയസ്സുള്ള ഞങ്ങളുടെ പേരക്കുട്ടി അതിൽ ഇടപെടാൻ തുടങ്ങിയപ്പോൾ, അവന്റെ ആറുവയസ്സുള്ള സഹോദരി പറഞ്ഞു, “അവരുടെ കാര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ട.” സാധാരണഗതിയിൽ, നമുക്കെല്ലാവർക്കും വേണ്ടിയുള്ള ജ്ഞാനപൂർവമായ വാക്കുകൾ. എന്നാൽ തർക്കം കരച്ചിലായി മാറിയപ്പോൾ, മുത്തശ്ശി ഇടപെട്ട് വഴക്കിടുന്ന കുട്ടികളെ പിടിച്ചുമാറ്റി അവരെ ആശ്വസിപ്പിച്ചു.

നാം ഇടപെടുന്നതുകൊണ്ടു സ്ഥിതി വഷളാകുമെങ്കിൽ, മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുന്നതാണു നല്ലത്. എന്നാൽ ചിലപ്പോഴൊക്കെ നാം പ്രാർത്ഥനാപൂർവ്വം ഇടപെടേണ്ടതുണ്ട്. ഫിലിപ്പിയർക്കുള്ള തന്റെ ലേഖനത്തിൽ, എപ്പോൾ ഇടപെടണമെന്നതിന് ഒരു ഉദാഹരണം അപ്പൊസ്തലനായ പൗലൊസ് നൽകുന്നുണ്ട്. “കർത്താവിൽ ഏകചിന്തയോടിരിപ്പാൻ” (4:2) യുവൊദ്യ, സുന്തുക എന്നീ രണ്ടു സ്ത്രീകളെ അവൻ ഇവിടെ ഉദ്ബോധിപ്പിക്കുന്നു. താൻ തടവിലായിരുന്നിട്ടും, ഇടപെടാൻ അപ്പൊസ്തലൻ നിർബന്ധിതനാകും വിധം അവരുടെ അഭിപ്രായവ്യത്യാസം വളരെ തീവ്രമായിത്തീർന്നിരുന്നു. 

ആ സ്ത്രീകളുടെ തർക്കം അനൈക്യത്തിന് കാരണമാവുകയും സുവിശേഷത്തിൽ നിന്ന് ശ്രദ്ധ എടുത്തുകളയുകയും ചെയ്യുന്നുവെന്ന് പൗലൊസിന് അറിയാമായിരുന്നു. അതിനാൽ, അവരുടെ പേരുകൾ “ജീവപുസ്തകത്തിൽ” (4:3) എഴുതപ്പെട്ടിട്ടുണ്ടെന്ന് അവരെ ഓർമ്മിപ്പിച്ചുകൊണ്ട് അവൻ സൗമ്യമായി സത്യം സംസാരിച്ചു. ഈ സ്ത്രീകളും സഭയിലെ എല്ലാവരും ചിന്തയിലും പ്രവൃത്തിയിലും ദൈവജനമായി ജീവിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചു (വാ. 4-9).

നിങ്ങൾ ഇടപെടേണ്ടതുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, “സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും” (വാക്യം 9; വാക്യം 7 കാണുക) എന്നതിൽ ആശ്രയിച്ചുകൊണ്ടു പ്രാർത്ഥിക്കുക.

ലളിതമായ ദയാപ്രവൃത്തികൾ

എന്റെ മാതാവ് ഭൂമിയിലെ തന്റെ അവസാന നാളുകളിലേക്ക് അടുത്തുകൊണ്ടു പരിചരണകേന്ദ്രത്തിലായിരിക്കുമ്പോൾ, പരിചരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാർത്ഥമായ ദയ എന്നെ സ്പർശിക്കുവാൻ ഇടയായി. ദുർബ്ബലയായ എന്റെ മാതാവിനെ കസേരയിൽ നിന്നു മെല്ലെ ഉയർത്തി കട്ടിലിൽ കിടത്തിയ ശേഷം, ആ നഴ്സിംഗ് അസിസ്റ്റസ്റ്റന്റ്‌ അമ്മയുടെ തലയിൽ തലോടിക്കൊണ്ട് കുനിഞ്ഞു അടുത്തേക്കുവന്നു പറഞ്ഞു, “അമ്മ വളരെ നല്ലവളാണ്”. അതിനുശേഷം എന്നോട് “എങ്ങനെയുണ്ട്?’’ എന്ന് അവൾ ചോദിച്ചു. അവളുടെ ദയ അന്ന് എന്നെ കണ്ണീരിലാഴ്ത്തി, ഇന്നും അതിനു വ്യത്യാസം സംഭവിച്ചിട്ടില്ല.

അവളുടേതു ദയ നിറഞ്ഞ ലളിതമായ ഒരു പ്രവൃത്തിയായിരുന്നു. പക്ഷേ ആ ഒരു നിമിഷത്തിൽ എനിക്കു വേണ്ടത് അതു മാത്രമായിരുന്നു. ഈ സ്ത്രീയുടെ നോട്ടത്തിൽ എന്റെ മാതാവു വെറുമൊരു രോഗി മാത്രമായിരുന്നില്ല എന്നറിഞ്ഞത് ആ പ്രതികൂല സാഹചര്യത്തെ നേരിടാൻ എന്നെ സഹായിച്ചു. അത്യന്തം മൂല്യമുള്ള ഒരു വ്യക്തിയായി അവൾ എന്റെ മാതാവിനെ കാണുകയും പരിപാലിക്കുകയും ചെയ്തു.

ഭർത്താക്കന്മാർ നഷ്ടപ്പെട്ടതിനെത്തുടർന്നു നൊവൊമിയും രൂത്തും വ്യസനത്തിൽ ആയിരുന്നപ്പോൾ, കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ മിച്ചം വന്ന ധാന്യം പെറുക്കാൻ അനുവദിച്ചുകൊണ്ടു ബോവസ് രൂത്തിനോടു ദയ കാണിച്ചു. അവളെ തൊടരുതെന്ന് അവൻ ബാല്യക്കാരോട് കല്പിക്കുകയും ചെയ്തു (രൂത്ത്‌ 2:8-9). നൊവൊമിയോടു രൂത്ത് കാണിച്ച കരുതലാണ് ദയ കാണിക്കാൻ അവനെ പ്രേരിപ്പിച്ചത്: “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും… ഞാൻ കേട്ടിരിക്കുന്നു” (വാ. 11). അവൻ അവളെ ഒരു അന്യദേശക്കാരിയോ വിധവയോ ആയിട്ടല്ല, മറിച്ച് ആവശ്യത്തിൽ ഇരിക്കുന്ന ഒരു സ്ത്രീയായി കണ്ടു.

നാം “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു” (കൊലൊസ്സ്യർ 3:12) ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഇതിനായി ദൈവം നമ്മെ സഹായിക്കുമ്പോൾ, ദയ നിറഞ്ഞ ലളിതമായ നമ്മുടെ പ്രവൃത്തികൾക്കു ഹൃദയങ്ങളെ സന്തോഷിപ്പിക്കാനും പ്രത്യാശ പകർന്നു നൽകാനും മറ്റുള്ളവരിൽ ദയ പ്രചോദിപ്പിക്കാനും കഴിയും.