നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആലിസണ്‍ കീഡ

വഞ്ചിക്കപ്പെടരുത്

വെട്ടുക്കിളി ചിറകിനു പുറത്തു പുള്ളികളും പറക്കുമ്പോള്‍ മിന്നിത്തിളങ്ങുന്നവിധം ചിറകിന്റെ അകവശത്ത് മഞ്ഞനിറവും ഉള്ള മനോഹരമായ പ്രാണിയാണ്. എന്നാല്‍ അതിന്റെ സൗന്ദര്യം അല്‍പം വഞ്ചനാപരമാണ്. ഈ പ്രാണിയെ വിളകള്‍ക്ക് വലിയ നാശം വരുത്തുന്നവയായി കണക്കാക്കുന്നു. അതിനര്‍ത്ഥം പരിസ്ഥിതിക്കും സമ്പദ്വ്യവസ്ഥയ്ക്കും ദോഷം വരുത്താന്‍ അവയ്ക്കു കഴിവുണ്ടെന്നാണ്. സസ്യങ്ങളുടെ പച്ചയായ ഭാഗങ്ങളെല്ലാം അവ തിന്നു നശിപ്പിക്കുന്നു. ഗോതമ്പ്, ചോളം, മറ്റ് സസ്യങ്ങള്‍ എന്നിവ തിന്നുകയും അവയുടെ നീര് ഊറ്റിക്കുടിച്ച് അവയെ ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു.

ആദാമിന്റെയും ഹവ്വായുടെയും കഥയില്‍, വ്യത്യസ്തമായ ഒരു ഭീഷണിയെക്കുറിച്ച് നാം മനസ്സിലാക്കുന്നു. ദൈവത്തെ അനുസരിക്കാതിരിക്കാനും വിലക്കപ്പെട്ട ഫലം ഭക്ഷിച്ച് ''ദൈവത്തെപ്പോലെ'' ആകുന്നതിനും സാത്താന്‍ എന്ന പാമ്പ് ദമ്പതികളെ വഞ്ചിച്ചു(ഉല്പത്തി 3:1-7). എന്തുകൊണ്ടാണ് ഒരു പാമ്പു പറയുന്നത് കേള്‍ക്കുന്നത്? അവന്റെ വാക്കുകള്‍ മാത്രമാണോ ഹവ്വായെ വശീകരിച്ചത്? അതോ അവനെ സംബന്ധിച്ച് ആകര്‍ഷണീയമായ എന്തെങ്കിലും ഉണ്ടായിരുന്നോ? സാത്താന്‍ മനോഹരരൂപിയായി സൃഷ്ടിക്കപ്പെട്ടതാണെന്നു തിരുവെഴുത്ത് സൂചിപ്പിക്കുന്നു (യെഹെസ്‌കേല്‍ 28:12). എന്നിട്ടും സാത്താന്‍ ഹവ്വായെ വശീകരിക്കാന്‍ ഉപയോഗിച്ച അതേ പ്രലോഭനത്താല്‍ - ''ഞാന്‍ അത്യുന്നതനോടു സമനാകും'' (യെശയ്യാവ് 14:14; യെഹെസ്‌കേല്‍ 28:9) - തന്നെ വീണു.

സാത്താന് ഇപ്പോള്‍ ഉള്ള ഏതൊരു സൗന്ദര്യവും അവന്‍ മനുഷ്യരെ വഞ്ചിക്കാന്‍ ഉപയോഗിക്കുന്നു (ഉല്പത്തി 3:1; യോഹന്നാന്‍ 8:44; 2 കൊരിന്ത്യര്‍ 11:14). അവന്‍ വീണുപോയതുപോലെ, മറ്റുള്ളവരെയും വീഴിക്കാന്‍ - അല്ലെങ്കില്‍ അവര്‍ വളര്‍ച്ച പ്രാപിക്കുന്നതു തടയാന്‍ - അവന്‍ ശ്രമിക്കുന്നു. പക്ഷേ, നമ്മുടെ ഭാഗത്ത് കൂടുതല്‍ ശക്തനായ ഒരാളുണ്ട്! നമ്മുടെ സുന്ദര രക്ഷകനായ യേശുവിന്റെ അടുത്തേക്ക് നമുക്ക് ഓടിച്ചെല്ലാം.

ഇരുണ്ട സ്ഥലങ്ങളിലെ തിളക്കമുള്ള പാടുകള്‍

ഞാനും ഭര്‍ത്താവും കര്‍ണാടക സംസ്ഥാനത്തിന്റെ ഒരു ചെറിയ ദുര്‍ഘടമായ കോണില്‍ സഞ്ചരിക്കുമ്പോള്‍, പാറ നിറഞ്ഞ ഒരു വരണ്ട പ്രദേശത്ത് ഒരു സൂര്യകാന്തിപ്പൂവ് നില്‍ക്കുന്നതു ഞാന്‍ കണ്ടു. കള്ളിച്ചെടികളും മറ്റ് കളകളും വളര്‍ന്നു നിന്നതിനിടയിലായിരുന്നു അത്. വീട്ടുമുറ്റത്തു കാണുന്നതുപോലെ ഉയരമുള്ളതായിരുന്നില്ല ഈ സൂര്യകാന്തി, പക്ഷേ ഇത് തിളക്കമാര്‍ന്നതായിരുന്നു - എനിക്ക് സന്തോഷം തോന്നി.

പരുക്കന്‍ ഭൂപ്രദേശത്തെ ഈ അപ്രതീക്ഷിത ശോഭയുള്ള ഇടം, യേശുവിലുള്ള വിശ്വാസിക്ക് പോലും ജീവിതം എങ്ങനെ തരിശും സന്തോഷമില്ലാത്തുമായി കാണപ്പെടുമെന്ന് എന്നെ ഓര്‍മ്മപ്പെടുത്തി. കഷ്ടതകള്‍ മറികടക്കാനാവാത്തതായി അനുഭവപ്പെട്ടേക്കാം; ഒപ്പം 'യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ; ഞാന്‍ എളിയവനും ദരിദ്രനും ആകുന്നു' എന്ന് സങ്കീര്‍ത്തനക്കാരനായ ദാവീദിന്റെ നിലവിളി പോലെ, നമ്മുടെ പ്രാര്‍ത്ഥനകള്‍ ചിലപ്പോഴൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം (സങ്കീര്‍ത്തനം 86:1). അവനെപ്പോലെ നാമും സന്തോഷത്തിനായി കൊതിക്കുന്നു (വാ. 4).

എന്നാല്‍ നാം വിശ്വസ്തനായ (വാ. 11), 'കരുണയും കൃപയും നിറഞ്ഞ'' (വാ. 15) ദൈവത്തെയാണ് സേവിക്കുന്നതെന്ന് ദാവീദ് പ്രഖ്യാപിക്കുന്നു., അവന്‍ തന്നോട് 'അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവാകുന്നു' (വാ. 5). അവന്‍ ഉത്തരം അരുളുന്നു (വാ. 7).

ചിലപ്പോള്‍ ഇരുണ്ട സ്ഥലങ്ങളില്‍, ദൈവം ഒരു സൂര്യകാന്തി അയയ്ക്കുന്നു - ഒരു സുഹൃത്തില്‍ നിന്നുള്ള പ്രോത്സാഹജനകമായ വാക്കോ കുറിപ്പോ; ആശ്വാസകരമായ ഒരു വാക്യം അല്ലെങ്കില്‍ ബൈബിള്‍ ഭാഗം; മനോഹരമായ സൂര്യോദയം - പ്രത്യാശയോടെ, ലഘുവായ ഒരു ചുവടുവെപ്പിലൂടെ മുന്നോട്ട് പോകാന്‍ ഇത് നമ്മളെ സഹായിക്കുന്നു. നമ്മുടെ പ്രയാസത്തില്‍ നിന്ന് ദൈവത്തിന്റെ വിടുതല്‍ അനുഭവിക്കുന്ന ദിവസത്തിനായി നാം കാത്തിരിക്കുമ്പോള്‍ത്തന്നെ, സങ്കീര്‍ത്തനക്കാരനോടൊപ്പം, ''നീ വലിയവനും അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു' (വാ. 10) നമുക്കും പ്രഖ്യാപിക്കാം.

നമ്മുടെ ഹൃദയത്തില്‍

ഒരു കൊച്ചുകുട്ടി സ്‌കൂളില്‍ ചില വെല്ലുവിളികള്‍ നേരിട്ടതിനുശേഷം, ഓരോ ദിവസവും രാവിലെ സ്‌കൂളിന് മുമ്പായി ചൊല്ലുന്നതിനായി ഒരു പ്രതിജ്ഞ അവന്റെ അച്ഛന്‍ അവനെ പഠിപ്പിക്കാന്‍ തുടങ്ങി: ''ഇന്ന് എന്നെ ഉണര്‍ത്തിയതിനു ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ പഠിക്കുന്നതിനായും ദൈവം എന്നെ സൃഷ്ടിച്ച നിലയിലുള്ള നേതാവായി തീരുന്നതിനായും ഞാന്‍ സ്‌കൂളിലേക്കു പോകുന്നു.'' തന്റെ മകന് സ്വയം പ്രയോഗിക്കാനും ജീവിതത്തിലെ അനിവാര്യമായ വെല്ലുവിളികളെ നേരിടാനും സഹായിക്കുമെന്ന് പിതാവ് പ്രതീക്ഷിക്കുന്ന ഒരു മാര്‍ഗ്ഗമായിരുന്നു പ്രതിജ്ഞ.

ഒരു വിധത്തില്‍, ഈ പ്രതിജ്ഞ മനഃപാഠമാക്കാന്‍ മകനെ സഹായിക്കുന്നതിലൂടെ, മരുഭൂമിയില്‍വെച്ച് ദൈവം യിസ്രായേല്യരോട് കല്‍പ്പിച്ചതിന് സമാനമായ ഒരു കാര്യം ഈ പിതാവ് ചെയ്യുന്നു: ''ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കണം. നീ അവയെ നിന്റെ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കുകയും ... വേണം'' (ആവര്‍ത്തനം 6:6-7).

നാല്പതു വര്‍ഷത്തോളം മരുഭൂമിയില്‍ അലഞ്ഞുനടന്ന ശേഷം, അടുത്ത തലമുറയിലെ യിസ്രായേല്യര്‍ വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കാന്‍ പോകുകയായിരുന്നു. അവര്‍ തന്റെ മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അവര്‍ക്ക് എളുപ്പത്തില്‍ വിജയിക്കാന്‍ സാധ്യമല്ല എന്ന് ദൈവം അറിഞ്ഞിരുന്നു. അതിനാല്‍, മോശയിലൂടെ, അവനെ അനുസ്മരിക്കാനും അനുസരണമുള്ളവരായിരിക്കാനും 'വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും' (വാ. 7) ദൈവവചനത്തെക്കുറിച്ച് സംസാരിക്കുന്നതിലൂടെ ദൈവത്തെ അറിയാനും സ്‌നേഹിക്കാനും അവരുടെ കുട്ടികളെ സഹായിക്കണമെന്നും അവന്‍ അവരോടു കല്‍പ്പിച്ചു.

ഓരോ പുതിയ ദിവസത്തിലും, നാം അവനോട് നന്ദിയുള്ളവരായി ജീവിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും നയിക്കാന്‍ തിരുവെഴുത്തുകളെ അനുവദിക്കുന്നതില്‍ നമുക്കും പ്രതിജ്ഞാബദ്ധരാകാന്‍ കഴിയും.

ഇരുവര്‍ക്കുംവേണ്ടി പരസ്പരം നിര്‍മ്മിക്കപ്പെട്ടത്

''ഞാന്‍ അദ്ദേഹത്തെ പരിപാലിക്കുന്നു. അദ്ദേഹം സന്തോഷവാനാകുമ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്,'' സ്റ്റെല്ല പറയുന്നു. പ്രദീപ് മറുപടി പറയുന്നു, ''അവള്‍ ചുറ്റുമുള്ളപ്പോള്‍ എനിക്ക് സന്തോഷമുണ്ട്.'' പ്രദീപും സ്റ്റെല്ലയും വിവാഹിതരായിട്ട് 79 വര്‍ഷമായി. പ്രദീപിനെ അടുത്തിടെ ഒരു നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹം വിഷാദത്തിനടിമയായി - അതിനാല്‍ സ്റ്റെല്ല അദ്ദേഹത്തെ സന്തോഷത്തോടെ വീട്ടിലേക്ക് കൊണ്ടുവന്നു. അയാള്‍ക്ക് 101 വയസ്സ്, അവള്‍ക്ക് 95 വയസ്സ്. അവള്‍ക്ക് നടക്കാന്‍ ഒരു വാക്കര്‍ ആവശ്യമാണെങ്കിലും, ഭര്‍ത്താവിന് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കുന്നത് പോലുള്ള കാര്യങ്ങള്‍ അവള്‍ സ്‌നേഹപൂര്‍വ്വം ചെയ്യുന്നു. പക്ഷേ അവള്‍ക്ക് അത് സ്വന്തമായി ചെയ്യാന്‍ കഴിഞ്ഞില്ല. കൊച്ചുമക്കളും അയല്‍വാസികളും സ്റ്റെല്ലയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളില്‍ അവളെ സഹായിക്കുന്നു.

ഉല്പത്തി 2-ന്റെ ഉദാഹരണമാണ് സ്റ്റെല്ലയുടെയും പ്രദീപിന്റെയും ജീവിതം, ''മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവനു തക്കതായൊരു തുണ ഉണ്ടാക്കി ക്കൊടുക്കും' എന്നു ദൈവം പറഞ്ഞു (വാ. 18). ദൈവം ആദാമിനു മുന്നില്‍ കൊണ്ടുവന്ന സൃഷ്ടികളൊന്നുംആ വിവരണത്തിന് അനുയോജ്യമായിരുന്നില്ല. ആദാമിന്റെ വാരിയെല്ലില്‍ നിന്ന് നിര്‍മ്മിച്ച ഹവ്വയില്‍ മാത്രമാണ് ആദാമിന് അനുയോജ്യമായ ഒരു സഹായിയെയും കൂട്ടാളിയെയും കണ്ടെത്തിയത് (വാ. 19-24).

ഹവ്വാ ആദാമിന്റെ തികഞ്ഞ കൂട്ടാളിയായിരുന്നു, അവരിലൂടെ ദൈവം വിവാഹം ആരംഭിച്ചു. ഇത് വ്യക്തികളുടെ പരസ്പര സഹായത്തിന് മാത്രമല്ല, ഒരു കുടുംബം ആരംഭിക്കുന്നതിനും സൃഷ്ടിയെ പരിപാലിക്കുന്നതിനും വേണ്ടിയുള്ളതാണ്, അതില്‍ മറ്റ് ആളുകളും ഉള്‍പ്പെടുന്നു (1:28). ആ ആദ്യ കുടുംബത്തില്‍ നിന്ന് ഒരു സമൂഹം വന്നു, അങ്ങനെ വിവാഹിതരോ അവിവാഹിതരോ വൃദ്ധരോ ചെറുപ്പക്കാരോ ആകട്ടെ, നമ്മളാരും തനിച്ചായിരിക്കുന്നില്ല. ഒരു സമൂഹമെന്ന നിലയില്‍ ''പരസ്പരം ഭാരം'' പങ്കുവെയ്ക്കാനുള്ള പദവി ദൈവം നമുക്കു നല്‍കിയിട്ടുണ്ട് (ഗലാത്യര്‍ 6:2).

ഓര്‍മ്മിക്കല്‍

സ്മാരക ദിനത്തില്‍ അനേക മുന്‍ സൈനികരെയും, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള എന്റെ അച്ഛനെയും അമ്മാവന്മാരെയും കുറിച്ച് ഞാന്‍ ചിന്തിക്കുന്നു. അവര്‍ അതിനെ തങ്ങളുടെ ദൗത്യമായി കണ്ടു എങ്കിലും തങ്ങളുടെ രാജ്യസേവനത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ദാരുണമായി നഷ്ടപ്പെട്ടു. എന്നിട്ടും, ചോദിക്കുമ്പോള്‍, എന്റെ അച്ഛനും ആ കാലഘട്ടത്തിലെ മിക്ക സൈനികരും തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനും ശരിയെന്ന് തങ്ങള്‍ വിശ്വസിക്കുന്നതുമായ കാര്യങ്ങള്‍ക്കായി അവരുടെ ജീവന്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് പറയും.

തങ്ങളുടെ രാജ്യത്തിന്റെ സംരക്ഷണത്തിനായി ആരെങ്കിലും മരിക്കുമ്പോള്‍, യോഹന്നാന്‍ 15:13: 'സ്‌നേഹിതന്മാര്‍ക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആര്‍ക്കും ഇല്ല'' എന്ന ഭാഗം അവരുടെ ത്യാഗത്തെ മാനിക്കുന്നതിനായി ശവസംസ്‌കാര വേളയില്‍ പലപ്പോഴും വായിക്കാറുണ്ട്. എന്നാല്‍ ഈ വാക്യത്തിന്റെ പിന്നിലെ സാഹചര്യങ്ങള്‍ എന്തായിരുന്നു?

അവസാന അത്താഴ വേളയില്‍ യേശു ശിഷ്യന്മാരോട് ആ വാക്കുകള്‍ പറഞ്ഞപ്പോള്‍, അവന്‍ മരിക്കാന്‍ പോവുകയായിരുന്നു. വാസ്തവത്തില്‍, അവന്റെ ചെറിയ ശിഷ്യഗണങ്ങളില്‍ ഒരുവനായ യൂദാ അവനെ ഒറ്റിക്കൊടുക്കാന്‍ പോയിക്കഴിഞ്ഞിരുന്നു (13:18-30). ക്രിസ്തുവിന് ഇതെല്ലാം അറിയാമായിരുന്നിട്ടും തന്റെ സുഹൃത്തുക്കള്‍ക്കും തന്റെ ശത്രുക്കള്‍ക്കും വേണ്ടി തന്റെ ജീവന്‍ ത്യജിക്കുന്നതു തിരഞ്ഞെടുത്തു.

ഒരു ദിവസം തന്നില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്കുവേണ്ടിയും, അപ്പോഴും അവന്റെ ശത്രുക്കളായിരുന്നവര്‍ക്കുവേണ്ടിയും മരിക്കാന്‍ യേശു സന്നദ്ധനും ഒരുക്കമുള്ളവനുമായിരുന്നു (റോമര്‍ 5:10). അതിനു പകരമായി, അവന്‍ തന്റെ ശിഷ്യന്മാരോട് (അന്നും ഇന്നും) താന്‍ സ്‌നേഹിച്ചതുപോലെ ''പരസ്പരം സ്‌നേഹിക്കാന്‍'' ആവശ്യപ്പെടുന്നു (യോഹന്നാന്‍ 15:12). അവന്റെ വലിയ സ്‌നേഹം മറ്റുള്ളവരെ - സുഹൃത്തിനെയും ശത്രുവിനെയും ഒരുപോലെ - ത്യാഗപൂര്‍വ്വം സ്‌നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

കഷ്ടങ്ങളില്‍ ബലം

1948-ല്‍, ഒരു അണ്ടര്‍ഗ്രൗണ്ട് സഭയുടെ പാസ്റ്ററായ ഹാര്‍ലന്‍ പോപോവിനെ ''ചെറിയ ചോദ്യം ചെയ്യലിനായി'' വീട്ടില്‍ നിന്ന് കൊണ്ടുപോയി. രണ്ടാഴ്ചയ്ക്കുശേഷം, അദ്ദേഹത്തെ രാപ്പകല്‍ ചോദ്യം ചെയ്യുകയും പത്തു ദിവസത്തേക്ക് ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്തു. ഒരു ചാരനാണു താനെന്ന ആരോപണം അദ്ദേഹം നിഷേധിച്ച ഓരോ തവണയും അദ്ദേഹത്തെ തല്ലി. പോപ്പോവ് കഠിനമായ പെരുമാറ്റത്തെ അതിജീവിക്കുക മാത്രമല്ല, സഹ തടവുകാരെ യേശുവിന്റെ അടുത്തേക്ക് നയിക്കുകയും ചെയ്തു. ഒടുവില്‍, പതിനൊന്ന് വര്‍ഷത്തിനുശേഷം, മോചിതനായി, രണ്ടുവര്‍ഷത്തിനുശേഷം, രാജ്യം വിടുവാന്‍ അനുവാദം ലഭിക്കുകയും അങ്ങനെ കുടുംബത്തോടൊപ്പം വീണ്ടും ഒത്തുചേരുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം പ്രസംഗിക്കുകയും സുവിശേഷത്തിനു വാതില്‍ അടയ്ക്കപ്പെട്ട രാജ്യങ്ങളില്‍ ബൈബിള്‍ വിതരണം ചെയ്യുന്നതിനായി പണം സ്വരൂപിക്കുകയും ചെയ്തു.
കാലാകാലങ്ങളിലായി യേശുവിലുള്ള അസംഖ്യം വിശ്വാസികളെപ്പോലെ, പോപ്പോവും വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെട്ടു. ക്രിസ്തു തന്റെ പീഡനത്തിനും മരണത്തിനും തുടര്‍ന്നു തന്റെ അനുയായികള്‍ക്കു വരാനിരിക്കുന്ന പീഡനങ്ങള്‍ക്കും വളരെ മുമ്പുതന്നെ പറഞ്ഞു, ''നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്്'' (മത്തായി 5:10). അവന്‍ തുടര്‍ന്നു, ''എന്റെ നിമിത്തം നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍' (വാ. 11).
ഭാഗ്യവാന്മാര്‍? യേശു എന്താണ് അര്‍ത്ഥമാക്കുന്നത്? അവനുമായുള്ള ബന്ധത്തില്‍ കാണുന്ന സമ്പൂര്‍ണ്ണത, സന്തോഷം, ആശ്വാസം എന്നിവയെക്കുറിച്ചാണ് അവന്‍ പരാമര്‍ശിച്ചത് (വാ. 4, 8-10). കഷ്ടതയുടെ നടുവിലും ദൈവസാന്നിദ്ധ്യം തന്നില്‍ ശക്തി പകരുന്നതായി പോപ്പോവ് മനസ്സിലാക്കിയപ്പോള്‍ അവന്‍ ഉറച്ചുനിന്നു. നാം ദൈവത്തോടൊപ്പം നടക്കുമ്പോള്‍, നമ്മുടെ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും, നമുക്കും അവന്റെ സമാധാനം അനുഭവിക്കാന്‍ കഴിയും. അവന്‍ നമ്മോടൊപ്പമുണ്ട്.

പുനഃസമാഗമം

കൊച്ചുകുട്ടി ആവേശത്തോടെ തന്റെ പട്ടാളത്തിലുള്ള തന്റെ ഡാഡി അയച്ചുകൊടുത്ത ഒരു വലിയ പെട്ടി തുറന്നു; തന്റെ ജന്മദിനം ആഘോഷിക്കാന്‍ ഡാഡി വീട്ടിലുണ്ടാവില്ലെന്ന് അവന്‍ വിശ്വസിച്ചു. ആ പെട്ടിക്കുള്ളില്‍ മറ്റൊരു സമ്മാനം പൊതിഞ്ഞ പെട്ടി ഉണ്ടായിരുന്നു, ആ പെട്ടിക്കുള്ളില്‍ ''സര്‍പ്രൈസ്!'' എന്നെഴുതിയ ഒരു കടലാസ് കഷണം വെച്ചിരുന്നു. ആശയക്കുഴപ്പത്തിലായ ആ കുട്ടി മുകളിലേക്ക് നോക്കി - അവന്റെ ഡാഡി മുറിയിലേക്കു പ്രവേശിച്ച നിമിഷം തന്നെ. കണ്ണീരോടെ മകന്‍ പിതാവിന്റെ കൈകളിലേക്ക് കുതിച്ചു, ''ഡാഡി, ഞാന്‍ അങ്ങയെ മിസ്സ് ചെയ്തു'', ''ഞാന്‍ ഡാഡിയെ സ്‌നേഹിക്കുന്നു!''

ആ കണ്ണുനീരണിഞ്ഞ സന്തോഷകരമായ പുനഃസമാഗമം എനിക്കു തരുന്ന ചിത്രം വെളിപ്പാട് 21-ല്‍ ദൈവത്തിന്റെ മക്കള്‍ തങ്ങളുടെ സ്‌നേഹവാനായ പിതാവിനെ മുഖാമുഖം കാണുന്ന മഹത്വകരമായ നിമിഷത്തെക്കുറിച്ചുള്ളതാണ് - പൂര്‍ണ്ണമായും പുതുക്കപ്പെട്ടതും പുനഃസ്ഥാപിക്കപ്പെട്ടതുമായ സൃഷ്ടിയില്‍. അവിടെ, (ദൈവം) നമ്മുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ എല്ലാം തുടച്ചുകളയും.'' മേലില്‍ നമുക്ക് വേദനയോ ദുഃഖമോ അനുഭവപ്പെടുകയില്ല, കാരണം നാം നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനൊപ്പമായിരിക്കും. വെളിപ്പാടു 21-ലെ ''മഹാ ശബ്ദം'' പ്രഖ്യാപിക്കുന്നതുപോലെ, ''ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവന്‍ അവരോടുകൂടെ വസിക്കും'' (വാ. 3-4).

1 പത്രൊസ് 1:8 വിവരിക്കുന്നതുപോലെ, യേശുവിന്റെ അനുയായികള്‍ ഇതിനകം ദൈവത്തോടൊപ്പം ആസ്വദിക്കുന്ന ആര്‍ദ്രമായ സ്‌നേഹവും സന്തോഷവുമുണ്ട്: ''അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു˜നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കുകയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കുകയും ചെയ്യുന്നു.''എന്നിട്ടും നാം സ്‌നേഹിക്കുകയും അവിടുത്തെ തുറന്ന കരങ്ങളിലേക്ക് നമ്മെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്ത അവനെ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന അവിശ്വസനീയവും കവിഞ്ഞൊഴുകുന്നതുമായ സന്തോഷം സങ്കല്‍പ്പിക്കുക!

എല്ലാവര്‍ക്കും മനസ്സലിവ് ആവശ്യമാണ്

ജീവന്‍ യേശുവിലുള്ള ഒരു പുതിയ വിശ്വാസിയായി കോളജ് പഠനം കഴിഞ്ഞ് പുറത്തിറങ്ങി ഒരു പ്രധാന ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തു. ഒരു സെയില്‍സ്മാനെന്ന നിലയില്‍ അവന്‍ യാത്ര ചെയ്തു; യാത്ര ചെയ്യുമ്പോള്‍ അവന്‍ ആളുകളുടെ കഥകള്‍ കേട്ടു-അവയില്‍ മിക്കവയും ഹൃദയഭേദകമായിരുന്നു.തന്റെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആവശ്യം ഓയില്‍ അല്ല മനസ്സലിവ് ആണെന്ന് അവന്‍ മനസ്സിലാക്കി. അവര്‍ക്ക് ദൈവത്തെ വേണമായിരുന്നു. ഇതു ജീവനെ ദൈവഹൃദയത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനായി ഒരു ബൈബിള്‍ സെമിനാരിയിലേക്കു നയിക്കുകയും പിന്നീട് ഒരു പാസ്റ്ററായിത്തീരുകയും ചെയ്തു.

ജീവന്റെ മനസ്സലിവിന്റെ ഉറവിടം യേശുവായിരുന്നു. മത്തായി 9:27-33 ല്‍, രണ്ടു കരുടന്മാരുടെയും ഒരു ഭൂതഗ്രസ്തന്റെയും സൗഖ്യത്തിലേക്കു നയിച്ച യേശുവിന്റെ മനസ്സലിവിന്റെ ഒരു മിന്നൊളി നാം കാണുന്നു. അവന്റെ ആരംഭകാല ശുശ്രൂഷയിലുടനീളം അവന്‍ സുവിശേഷം പ്രസംഗിച്ചും സൗഖ്യമാക്കിയും കൊണ്ട് 'പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു'' (വാ. 35). എന്തുകൊണ്ട്? 'അവന്‍ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട്
അവരെക്കുറിച്ച് മനസ്സലിഞ്ഞു'' (വാ. 36).

ഇന്ന് ലോകം രക്ഷകന്റെ സൗമ്യമായ കരുതല്‍ ആവശ്യമുള്ളവരായ തകര്‍ന്നവരും മുറിവേറ്റവരുമായ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. തന്റെ ആടുകളെ നയിക്കുകയും സംരക്ഷിക്കുകയും കരുതുകയും ചെയ്യുന്ന ഒരു ഇടയനെപ്പോലെ, തന്റെ അടുക്കലേക്കു വരുന്ന എല്ലാവര്‍ക്കും യേശു തന്റെ മനസ്സലിവു കാണിക്കുന്നു (11:28). ജീവിതത്തില്‍ നാം എവിടെ ആയിരുന്നാലും അനുഭവിക്കുന്നതെന്തായിരുന്നാലും അവനില്‍ നാം ആര്‍ദ്രതയും കരുതലും നിറഞ്ഞൊഴുകുന്ന ഒരു ഹൃദയം കണ്ടെത്തും. ദൈവത്തിന്റെ സ്‌നേഹമസൃണ മനസ്സലിവിന്റെ ഗുണഭോക്താവായി നാം മാറുമ്പോള്‍ അതു മറ്റുള്ളവരിലേക്കും പകരാതിരിക്കാന്‍ നമുക്കു കഴികയില്ല.

വെള്ളത്തെ പ്രത്യാശയാക്കുന്നു

ടോമിന്റെയും മാര്‍ക്കിന്റെയും ശുശ്രൂഷ ജീവിതങ്ങള്‍ക്കു പുതുക്കം വരുത്തുന്നതാണ്. ഇക്കാര്യങ്ങള്‍ അവര്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ നിന്നു വ്യക്തമാണ്. അതില്‍ ഒരു കൂട്ടം കുട്ടികള്‍ പൂര്‍ണ്ണമായ വസ്ത്രത്തോടുകൂടെ പൊതുസ്ഥലത്തെ ഒരു ഷവറിനു കീഴില്‍ നി്ന്ന് ചിരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതു കാണാം. ആദ്യമായിട്ടാണ് ആ കുട്ടികള്‍ ഒരു ഷവറിനു കീഴില്‍ നില്‍ക്കുന്നത്. ഹെയ്ത്തിയിലെ കിണറുകളില്‍ ജലശുദ്ധീകരണ സംവിധാനം സ്ഥാപിക്കാന്‍ പ്രാദേശിക സഭകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആ മനുഷ്യര്‍ മലിനജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കു തടയിട്ടുകൊണ്ട്് ജീവിതം സുഗമമാക്കുകയും ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നു. ശുദ്ധജലത്തിന്റെ ലഭ്യത ജനങ്ങള്‍ക്ക് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നു.

ഉന്മേഷത്തിന്റെ നിലയ്ക്കാത്ത ഉറവ എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് 'ജീവനുള്ള വെള്ളത്തെ'' യേശു യോഹന്നാന്‍ 4 ല്‍ പരാമര്‍ശിക്കുന്നു. തളര്‍ന്നും ദാഹിച്ചുമിരുന്ന യേശു ശമര്യക്കാരിയായ ഒരു സ്ത്രീയോട് കുടിക്കാന്‍ ചോദിക്കുന്നു (വാ. 4-8). ഇത് ഒരു സംഭാഷണത്തിലേക്കു നയിക്കുകയും യേശു ആ സ്ത്രീക്ക് 'ജീവനുള്ള വെള്ളം'' വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു (വാ. 9-15) - 'നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവു'' (വാ. 14) പോലെ അതില്‍ തന്നെ ജീവന്റെ സ്രോതസ്സും പ്രത്യാശയും ഉള്ള വെള്ളം.

'ദാഹിക്കുന്നവന്‍ എല്ലാം എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ'' എന്നും വിശ്വസിക്കുന്നവന്റെ ഉള്ളില്‍ നിന്നും 'ജീവജലത്തിന്റെ നദികള്‍ ഒഴുകും'' എന്നും യേശു പറയുന്നതില്‍ നിന്നും ഈ ജീവനുള്ള വെള്ളം എന്താണെന്ന് യോഹന്നാനില്‍ പിന്നീട് നാം കാണുന്നുണ്ട്. 'ആത്മാവിനെക്കുറിച്ച് ആകുന്നു'' അവന്‍ പറഞ്ഞത് എന്നു യോഹന്നാന്‍ വിശദീകരിക്കുന്നു (7:37-39).

ആത്മാവിലൂടെ വിശ്വാസികള്‍ ക്രിസ്തുവില്‍ ഐക്യപ്പെടുകയും ദൈവത്തില്‍ ലഭ്യമാകുന്ന അളവില്ലാത്ത ശക്തിക്കും പ്രത്യാശയ്ക്കും സന്തോഷത്തിനും അര്‍ഹരാകുകയും ചെയ്യുന്നു. ജീവനുള്ള വെള്ളംപോലെ, ആത്മാവു വിശ്വാസികളുടെ ഉള്ളില്‍ വസിച്ച് നമുക്കു നവോന്മേഷം നല്‍കുകയും നമ്മെ പുതുക്കുകയും ചെയ്യുന്നു.

യഥാര്‍ത്ഥ സ്‌നേഹിതര്‍

മിഡില്‍ സ്‌കൂളില്‍ എനിക്ക് 'ചിലപ്പോഴൊക്കെ കൂട്ടുകാരിയായ'' ഒരാളുണ്ടായിരുന്നു. ഞങ്ങളുടെ ചെറിയ സഭയിലെ കൂട്ടുകാരായിരുന്നു ഞങ്ങള്‍ (അവിടെ അവളുടെ പ്രായത്തില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു). കൂടെക്കൂടെ സ്‌കൂളിനു വെളിയില്‍ നടക്കാന്‍ പോകുമായിരുന്നു എങ്കിലും സ്‌കൂളില്‍ കഥ വ്യത്യസ്തമായിരുന്നു. അവള്‍ ഒറ്റയ്ക്കാണെങ്കില്‍ അവള്‍ ഹലോ പറയും; അതും അടുത്തെങ്ങും ആരുമില്ലെങ്കില്‍ മാത്രം. ഇതു മനസ്സിലാക്കി, സ്‌കൂള്‍ ഭിത്തിക്കുള്ളില്‍ വെച്ച് അവളുടെ ശ്രദ്ധ നേടാന്‍ ഞാന്‍ ശ്രമിക്കാറില്ലായിരുന്നു. ഞങ്ങളുടെ സൗഹൃദത്തിന്റെ പരിമിതി എനിക്കറിയാമായിരുന്നു.

നിരാശാജനകമാംവിധം ഏകപക്ഷീയമായതോ ഇടുങ്ങിയതോ ആയ സൗഹൃദങ്ങളുടെ വേദന നമ്മിലെല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ മറ്റൊരു തരം സൗഹൃദമുണ്ട്-എല്ലാ അതിരുകളുടെയും അപ്പുറത്തേക്കു നീളുന്ന ഒന്ന്. നമ്മോടൊപ്പം ജീവിത യാത്ര പങ്കുവയ്ക്കാന്‍ സമര്‍പ്പിതരായ സമാന മനസ്‌കരായ ആളുകളുമായുള്ള സൗഹൃദമാണത്.

അത്തരത്തിലുള്ള സ്‌നേഹിതരായിരുന്നു ദാവീദും യോനാഥാനും. യോനാഥാന്റെ മനസ്സ് ദാവീദിനോടു പറ്റിച്ചേര്‍ന്നിരുന്നു, യോനാഥാന്‍ അവനെ 'സ്വന്തപ്രാണനെപ്പോലെ സ്‌നേഹിച്ചു' (1 ശമൂവേല്‍ 18:1-3). തന്റെ പിതാവായ ശൗലിന്റെ മരണശേഷം ഭരണം നടത്തേണ്ടവനായിരുന്നു യോനാഥാന്‍ എങ്കിലും, ശൗലിനു പകരമായി ദൈവം തിരഞ്ഞെടുത്ത ദാവീദിനോട് അവന്‍ കൂറു പുലര്‍ത്തി. അവനെ കൊല്ലുവാന്‍ ശൗല്‍ ഒരുക്കിയ രണ്ടു പദ്ധതികളെ ഒഴിഞ്ഞുപോകുവാന്‍ പോലും യോനാഥാന്‍ ദാവീദിനെ സഹായിച്ചു (19:1-6: 20:1-42).

എല്ലാവിധ തടസ്സങ്ങളും ഉണ്ടായിട്ടും സദൃശവാക്യങ്ങള്‍ 17:17 ലെ 'സ്‌നേഹിതന്‍ എല്ലാക്കാലത്തും സ്‌നേഹിക്കുന്നു'' എന്ന സത്യത്തിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് യോനാഥാനും ദാവീദും സ്‌നേഹിതന്മാരായി തുടര്‍ന്നു. അവരുടെ വിശ്വസ്തമായ സൗഹൃദം, ദൈവത്തിനു നമ്മോടുള്ള സ്‌നേഹബന്ധത്തിന്റെ ഒരു അല്പദര്‍ശനം നമുക്കു നല്‍കുന്നു (യോഹന്നാന്‍ 3:16; 15:15). അവരുടേതുപോലെയുള്ള സൗഹൃദങ്ങളിലൂടെ ദൈവസനേഹത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് ആഴമുള്ളതായി മാറുന്നു.