മൂന്ന് വർഷമായി എല്ലാ സ്‌കൂൾ ദിവസങ്ങളിലും, കൊളീൻ എന്ന ഒരു അധ്യാപിക തന്റെ മക്കൾ ഓരോ ദിവസവും ഉച്ചകഴിഞ്ഞ് സ്‌കൂൾ ബസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവരെ അഭിവാദ്യം ചെയ്യാൻ വ്യത്യസ്തമായ വേഷവിധാനമോ മുഖംമൂടിയോ ധരിക്കുന്നു. ബസ് ഡ്രൈവർ ഉൾപ്പെടെ ബസിലെ എല്ലാവരുടെയും ദിവസം അവൾ പ്രകാശമാനമാക്കുന്നു: “[അമ്മ] എന്റെ ബസിലെ കുട്ടികൾക്ക് വളരെയധികം സന്തോഷം നൽകുന്നു, ഇത് അതിശയകരമാണ്. അത് എനിക്ക് ഇഷ്ടമായി.” കൊളീന്റെ മക്കൾ സമ്മതിക്കുന്നു.

കൊളീൻ മക്കളെ വളർത്താൻ തുടങ്ങിയപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. മാതാപിതാക്കളിൽ നിന്ന് വേർപെടുത്തുന്നതും ഒരു പുതിയ സ്‌കൂളിൽ ചേരുന്നതും എത്ര ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്ന അവൾ ഒരു പുതിയ വേഷവിധാനത്തിൽ മക്കളെ അഭിവാദ്യം ചെയ്യാൻ തുടങ്ങി. മൂന്ന് ദിവസം അങ്ങനെ ചെയ്തിട്ട് അതു നിർത്താൻ തുടങ്ങിയപ്പോൾ കുട്ടികൾ സമ്മതിച്ചില്ല. അങ്ങനെ കൊളീൻ തുടർന്നു. അതിനുവേണ്ടി കടകളിൽ സമയവും പണവും അവൾക്കു ചെലവഴിക്കേണ്ടിയിരുന്നു. എന്നാൽ, ഒരു റിപ്പോർട്ടർ വിവരിക്കുന്നതുപോലെ, അത് “അമൂല്യമായ ഫലം: സന്തോഷം” കൊണ്ടുവന്നു.

ശലോമോൻ രാജാവ് തന്റെ മകന് നൽകിയ ജ്ഞാനവും നർമ്മബോധവും നിറഞ്ഞ ഒരു പുസ്തകത്തിലെ ഒരു ചെറിയ വാക്യം, ഈ അമ്മയുടെ പ്രവൃത്തികളുടെ ഫലത്തെ സംഗ്രഹിക്കുന്നു: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു” (സദൃശവാക്യങ്ങൾ 17: 22). അവളുടെ എല്ലാ മക്കൾക്കും (സ്വന്തം മക്കൾ, ദത്തെടുത്തവർ, വളർത്തുമക്കൾ) സന്തോഷം നൽകുന്നതിലൂടെ, ആത്മാക്കൾ തകരുന്നതു തടയാൻ കഴിയുമെന്ന് അവൾ പ്രതീക്ഷിച്ചു.

സത്യവും നിലനിൽക്കുന്നതുമായ സന്തോഷത്തിന്റെ ഉറവിടം പരിശുദ്ധാത്മാവിലൂടെ പ്രവർത്തിക്കുന്ന ദൈവമാണ് (ലൂക്കൊസ് 10:21; ഗലാത്യർ 5:22). മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതിന് പരിശ്രമിക്കുമ്പോൾ ദൈവത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാൻ ആത്മാവ് നമ്മെ പ്രാപ്തരാക്കുന്നു, അത് പരീക്ഷണങ്ങളെ നേരിടാനുള്ള പ്രത്യാശയും ശക്തിയും പ്രദാനം ചെയ്യുന്നു.