പക്ഷികളെക്കുറിച്ചു പഠിക്കുകയും അവയുടെ ശിൽപം നിർമ്മിക്കുകയും, അവയുടെ സൗന്ദര്യവും ദുർബലതയും ശക്തിയും ഗ്രഹിക്കുകയും ചെയ്യുന്ന ഒരു കലാകാരനാണ് ഗ്രേഞ്ചർ മക്കോയ്. റിക്കവറി എന്നാണ് അദ്ദേഹത്തിന്റെ ഒരു ശില്പത്തിന്റെ പേര്. ഇത് ഒരു പിൻടെയിൽ താറാവിന്റെ ഒറ്റ വലത് ചിറക് കാണിക്കുന്നു, അതു ലംബമായി മുകളിലേക്ക് ഉയർത്തിയിരിക്കുന്നു. താഴെ, ഒരു ഫലകത്തിൽ പക്ഷിയുടെ വീണ്ടെടുക്കൽ പറക്കലിനെ വിവരിക്കുന്നത് “പറക്കലിൽ പക്ഷിയുടെ ഏറ്റവും വലിയ ദൗർബല്യത്തിന്റെ നിമിഷം, എങ്കിലും മുന്നോട്ടുള്ള യാത്രയ്ക്ക് ശക്തി ശേഖരിക്കുന്ന നിമിഷം” എന്നാണ്. ഗ്രേഞ്ചർ “എന്റെ കൃപ നിനക്കു മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്ന വാക്യത്തെയാണ് ഇതിൽ ഉൾക്കൊള്ളിക്കുന്നത് (2 കൊരിന്ത്യർ 12:9).

അപ്പൊസ്തലനായ പൗലൊസ് ഈ വാക്കുകൾ കൊരിന്തിലെ സഭയ്ക്ക് എഴുതി. വ്യക്തിപരമായ പോരാട്ടത്തിൽ ഞെരുങ്ങിയ ഒരു കാലഘട്ടത്തിൽ, “എന്റെ ജഡത്തിലെ ശൂലം” (വാ. 7) എന്ന് താൻ വിശേഷിപ്പിച്ചത് നീക്കം ചെയ്യാൻ പൗലൊസ് ദൈവത്തോട് അപേക്ഷിച്ചു. അവന്റെ കഷ്ടത ഒരു ശാരീരിക രോഗമോ ആത്മീയ എതിർപ്പോ ആയിരുന്നിരിക്കാം. യേശുവിനെ ക്രൂശിലേറ്റുന്നതിന്റെ തലേദിവസം രാത്രി തോട്ടത്തിലിരുന്ന് അവൻ പ്രാർത്ഥിച്ചതുപോലെ (ലൂക്കൊസ് 22:39-44), തന്റെ കഷ്ടതകൾ നീക്കാൻ പൗലൊസ് ദൈവത്തോട് ആവർത്തിച്ച് അപേക്ഷിച്ചു. ആവശ്യമായ ശക്തി താൻ നൽകുമെന്ന് ഉറപ്പുനൽകിക്കൊണ്ട് പരിശുദ്ധാത്മാവ് പ്രതികരിച്ചു. “ഞാൻ ബലഹീനനായിരിക്കുമ്പോൾ, ഞാൻ ശക്തനാണ്” (2 കൊരിന്ത്യർ 12:10) എന്നു പൗലൊസ് പഠിച്ചു.

ഓ, ഈ ജീവിതത്തിൽ നാം അനുഭവിക്കുന്ന മുള്ളുകൾ! മുന്നോട്ടുള്ള യാത്രയ്ക്കായി ഒരു പക്ഷി ശക്തി സംഭരിക്കുന്നതുപോലെ, നാം അഭിമുഖീകരിക്കുന്ന കാര്യങ്ങൾക്കായി നമുക്ക് ദൈവത്തിന്റെ ശക്തി സംഭരിക്കാനാകും. അവന്റെ ശക്തിയിൽ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു.