നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എലിസാ മോർഗൻ

വിശ്രമിക്കുവാൻ അനുമതി

ഞാനും എന്റെ സുഹൃത്ത് സൂസിയും കടൽത്തീരത്തെ പാറകൂട്ടങ്ങളുടെ മുകളിൽ ഇരുന്നു, കമാനാകൃതിയിൽ കടൽത്തിരകൾ  ഒന്നിനുപുറകെ ഒന്നായി പാറകളിൽ പതിക്കുന്നത് നോക്കി സൂസി പ്രഖ്യാപിച്ചു, "എനിക്ക് സമുദ്രം ഇഷ്ടമാണ്. അത് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ എനിക്ക് വെറുതെ ഇരിക്കാം!"

നമ്മുടെ ജോലിയിൽ നിന്ന് വിശ്രമിക്കുന്നതിന് "അനുമതി" ആവശ്യമാണ് എന്നത്, വിചിത്രമായി നമ്മിൽ പലർക്കും തോന്നാം. എന്നാൽ, അതാണ് നമ്മുടെ നല്ല ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നത്! ആറ് ദിവസങ്ങൾ കൊണ്ട് ദൈവം സകലവും ഉരുവാക്കി, വെളിച്ചം, ഭൂമി, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ സൃഷ്ടിച്ചു. എന്നിട്ട് ഏഴാം ദിവസം, ദൈവം വിശ്രമിച്ചു (ഉൽപ. 1:31-2:2). തന്നെ ബഹുമാനിക്കുന്നതിനായി, പത്ത് കൽപനകളിൽ ആരോഗ്യകരമായ ജീവിതത്തിന്റെ നിയമങ്ങൾ ദൈവം നൽകിയപ്പോൾ (പുറ. 20:3 -17), ഏഴാം ദിവസത്തെ വിശ്രമദിനമായി ഓർക്കാനുള്ള കൽപന കൊടുത്തു (വാ.8-11). പുതിയ നിയമത്തിൽ, പട്ടണത്തിലെ സകല രോഗികളെയും യേശു സുഖപ്പെടുത്തുന്നതും (മർക്കൊ. 1:29-34), പിറ്റേന്ന് അതിരാവിലെ പ്രാർഥിക്കുവാൻ ഏകാന്തമായ ഒരു സ്ഥലത്തേക്കു പിൻവാങ്ങുന്നതും നാം കാണുന്നു (വാ.35). മനപ്പൂർവമായി , നമ്മുടെ ദൈവം പ്രവർത്തിക്കുകയും വിശ്രമിക്കുകയും ചെയ്തു.

ദൈവത്തിന്റെ കരുതലിന്റെ താളം നമുക്കു ചെയ്യുവാനുള്ള പ്രവർത്തിയിലും വിശ്രമിക്കുവാനുള്ള അവിടുത്തെ ക്ഷണത്തിലും നമുക്ക് ചുറ്റും പ്രതിധ്വനിക്കുന്നു. വസന്തകാലത്ത് പൊട്ടിമുളക്കുന്ന ചെടികൾ വേനൽകാലത്ത് വളർന്ന്, ശരത്കാലത്തിൽ കൊയ്യപ്പെട്ട്, ശൈത്യകാലത്ത് വിശ്രമിക്കുന്നു. ജോലിക്കും വിശ്രമത്തിനും വേണ്ടി ദൈവം നമ്മുടെ ജീവിതത്തെ ക്രമീകരിക്കുന്നു, രണ്ടും ചെയ്യാനുള്ള അനുവാദം നൽകുന്നു.

പിങ്ക് കോട്ട്

മാളിൻറെ പുറത്തേക്കുള്ള കവാടത്തിലേക്ക് ബൃന്ദ നടക്കുകയായിരുന്നു, അപ്പോൾ ഡിസ്പ്ലേ വിൻഡോയിൽ നിന്ന് ഒരു പിങ്ക് നിറം അവളുടെ കണ്ണിൽ പെട്ടു. അവൾ തിരിഞ്ഞു "പരുത്തി മിഠായി നിറമുള്ള ആ കോട്ടിന്" മുന്നിൽ ആകൃഷ്ടയായി നിന്നു. ഓ, ഹോളിക്ക് അത് എത്ര ഇഷ്ടമാകും! അവിവാഹിതയായ അവളുടെ സഹപ്രവർത്തകയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, ഹോളിക്ക് ഒരു കോട്ട് ആവശ്യമാണെന്ന് ബ്രെൻഡയ്ക്ക് അറിയാമായിരുന്നെങ്കിലും, തന്റെ സുഹൃത്ത് ഒരിക്കലും തനിക്കായി അത്തരമൊരു കാര്യത്തിന് പണം ചിലവഴിക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ചെറുതായൊന്നു ആലോചിച്ചതിനു ശേഷം അവൾ ഒന്ന് പുഞ്ചിരിച്ചു, പിന്നെ പേഴ്സ് കൈയിലെടുത്തു. കോട്ട് ഹോളിയുടെ വീട്ടിലേക്ക് കയറ്റി അയക്കാൻ ഏർപ്പാട് ചെയ്തു. അവൾ ഒരു പേരുവയ്‌ക്കാത്ത കുറിപ്പ് ചേർത്തു, "താങ്കൾ വളരെ പ്രിയപെട്ടവളാണ്." ബൃന്ദ തന്റെ കാറിൽ നൃത്തം ചെയ്തു.

 

ദൈവീക പ്രോത്സാഹനത്താലുള്ള ദാനത്തിന്റെ ഒരു ഉപോൽപ്പന്നമാണ് സന്തോഷം. പൗലോസ് കൊരിന്ത്യർക്ക് ദാനം ചെയ്യുന്നതിനെ കുറിച്ച് നിർദ്ദേശം നൽകിയപ്പോൾ, അവൻ പറഞ്ഞു: "അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു." (2 കൊരിന്ത്യർ 9:7) . "ഉദാരമായി വിതയ്ക്കുന്നവൻ ഉദാരമായി കൊയ്യും" (വാക്യം 6) എന്നും അദ്ദേഹം കുറിച്ചു.

 

ചില സമയങ്ങളിൽ നമ്മൾ വഴിപാട് പാത്രത്തിലേക്ക് പണം ഇട്ടുകൊടുക്കും. മറ്റ് സമയങ്ങളിൽ നമ്മൾ പ്രയോജനമുള്ള ഒരു ശുശ്രൂഷയ്ക്ക് ഓൺലൈനായി സംഭാവന ചെയ്യുന്നു. തന്റെ സ്നേഹത്തിന്റെ മൂർത്തമായ പ്രകടനത്തിലൂടെ ഒരു സുഹൃത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാൻ ദൈവം നമ്മെ നയിക്കുന്ന നിമിഷങ്ങളുണ്ട്. നമുക്ക് ഒരു ബാഗ് പലചരക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ കഴിയും, ഒരു ടാങ്ക് ഗ്യാസ് . . . അല്ലെങ്കിൽ തികച്ചും പിങ്ക് കോട്ടിന്റെ സമ്മാനം പോലും.

ഫാസ്റ്റ്-ഫുഡ് പ്രോത്സാഹനം

മരിയ തന്റെ ഫാസ്റ്റ്-ഫുഡ് ഉച്ചഭക്ഷണവുമായി ഒരു ഒഴിഞ്ഞ മേശയിലേക്കു പോയി. അവൾ അവളുടെ ബർഗറിൽ കടിച്ചപ്പോൾ, അവളുടെ കണ്ണുകൾ കുറെ മേശകൾക്കപ്പുറത്ത് ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഉടക്കി. അവന്റെ വസ്ത്രങ്ങൾ മുഷിഞ്ഞതും, തലമുടി പാറിപ്പറന്നതുമായിരുന്നു, അവൻ ഒരു ഒഴിഞ്ഞ പേപ്പർ കപ്പിൽ മുറുകെ പിടിച്ചിരുന്നു. അയാൾക്ക് വിശക്കുന്നുണ്ടെന്ന് വ്യക്തം. അവൾക്ക് എങ്ങനെ സഹായിക്കാനാകും? അല്പം പണം കൊടുക്കുന്നത് ബുദ്ധിശൂന്യമായി തോന്നി. അവൾ ഒരു ഭക്ഷണം വാങ്ങി അവനു സമ്മാനിച്ചാൽ, അവനു നാണക്കേടാകുമോ?

ധനികനായ ഒരു ഭൂവുടമയായ ബോവസ് ദരിദ്രയായ കുടിയേറ്റ വിധവ രൂത്തിനെ തന്റെ വയലിൽ നിന്ന് പെറുക്കാൻ ക്ഷണിച്ച കഥ അപ്പോഴാണ് മരിയ ഓർത്തത്. അവൻ തന്റെ ആളുകളോട് ആജ്ഞാപിച്ചു: “അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു. പെറുക്കേണ്ടതിന്നു അവൾക്കായിട്ടു കറ്റകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു’’ (രൂത്ത് 2:15-16). അതിജീവനത്തിനായി സ്ത്രീകൾ പുരുഷന്മാരുമായുള്ള ബന്ധത്തെ പൂർണ്ണമായും ആശ്രയിക്കുന്ന ഒരു സംസ്‌കാരത്തിൽ, ബോവസ് ദൈവത്തിന്റെ സ്‌നേഹനിർഭരമായ കരുതൽ പ്രകടമാക്കി. ഒടുവിൽ, ബോവസ് രൂത്തിനെ വിവാഹം കഴിച്ചു, അവളുടെ അതിദരിദ്രമായ അവസ്ഥയിൽ നിന്ന് അവളെ വീണ്ടെടുത്തു (4:9-10).

മരിയ പോകാൻ എഴുന്നേറ്റപ്പോൾ, അവൾ ആ മനുഷ്യന്റെ കണ്ണുകളിൽ നോക്കിക്കൊണ്ട് താൻ ഭക്ഷിക്കാതിരുന്ന ഫ്രൈ പാക്കറ്റ് അടുത്തുള്ള മേശപ്പുറത്ത് വെച്ചു. അയാൾക്ക് വിശക്കുന്നുണ്ടെങ്കിൽ, അയാൾക്ക് അവളുടെ “ഫാസ്റ്റ് ഫുഡ് വയലിൽ’’ നിന്ന് പെറുക്കാം. പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ പരിഹാരങ്ങൾ ചിത്രീകരിക്കുന്നതിലൂടെ ദൈവത്തിന്റെ ഹൃദയമാണ് തിരുവെഴുത്തുകളിലെ കഥകളിൽ വെളിപ്പെടുന്നത്.

സന്തോഷകരമായ നന്ദികരേറ്റൽ

മനഃശാസ്ത്രജ്ഞനായ റോബർട്ട് എമ്മൺസ് നടത്തിയ ഒരു പഠനത്തിൽ, സന്നദ്ധപ്രവർത്തകരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ട്് അവർ ഓരോ ഗ്രൂപ്പും ആഴ്ചതോറും ജേണലുകൾ എഴുതാൻ നിർദ്ദേശിച്ചു. ഒരു ഗ്രൂപ്പ് അവർ കൃതജ്ഞതയുള്ള അഞ്ച് കാര്യങ്ങൾ എഴുതി. ഒരു ഗ്രൂപ്പ് ദിവസേന നേരിട്ട അഞ്ച് ബുദ്ധിമുട്ടുകൾ വിവരിച്ചു. ഒരു നിയന്ത്രണ ഗ്രൂപ്പ് അവരെ ചെറിയ രീതിയിൽ സ്വാധീനിച്ച അഞ്ച് സംഭവങ്ങൾ രേഖപ്പെടുത്തി. കൃതജ്ഞതാ ഗ്രൂപ്പിലുള്ളവർക്ക് അവരുടെ ജീവിതം മൊത്തത്തിൽ മെച്ചമായി തോന്നുന്നുവെന്നും ഭാവിയെക്കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും ആരോഗ്യപ്രശ്‌നങ്ങൾ കുറവാണെന്നും പഠന ഫലങ്ങൾ വെളിപ്പെടുത്തി.

നന്ദി പറയലിന് നമ്മുടെ ജീവിതത്തെ നാം വീക്ഷിക്കുന്ന രീതിയെ മാറ്റിമറിക്കാൻ കഴിവുണ്ട്. നന്ദികരേറ്റൽ നമ്മെ കൂടുതൽ സന്തോഷിപ്പിക്കും.

ദൈവത്തിനു നന്ദി പറയുന്നതിന്റെ പ്രയോജനങ്ങളെ ബൈബിൾ പണ്ടേ പ്രകീർത്തിച്ചിട്ടുണ്ട്, അങ്ങനെ ചെയ്യുന്നത് അവന്റെ സ്വഭാവത്തെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു” (സങ്കീർത്തനം 100:5) എന്നതിനാൽ ദൈവത്തിനു നന്ദി പറയാൻ സങ്കീർത്തനങ്ങൾ ദൈവജനത്തെ ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു (107:8, 15, 21, 31) .

അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയർക്കുള്ള തന്റെ ലേഖനം അവസാനിപ്പിക്കുമ്പോൾ - തന്നെ പിന്തുണച്ച ഒരു സഭയ്ക്കുള്ള ഒരുതരം നന്ദി കുറിപ്പ് ആയിരുന്നു ആ ലേഖനം - അവൻ നന്ദിയുള്ള പ്രാർത്ഥനകളെ “സകല ബുദ്ധിയെയും കവിയുന്ന” ദൈവത്തിന്റെ സമാധാനവുമായി ബന്ധിപ്പിച്ചു (4:7). നാം ദൈവത്തിലും അവന്റെ നന്മയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഉത്കണ്ഠയില്ലാതെ, എല്ലാ സാഹചര്യങ്ങളിലും, നന്ദിയോടെ പ്രാർത്ഥിക്കാൻ കഴിയുമെന്ന് നാം കണ്ടെത്തും. നന്ദി പ്രകടിപ്പിക്കുന്നത് നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും അതുല്യമായി കാത്തുസൂക്ഷിക്കുകയും ജീവിതത്തെ നോക്കുന്ന രീതിയെ മാറ്റുകയും ചെയ്യുന്ന ഒരു സമാധാനം നൽകുന്നു. നന്ദി നിറഞ്ഞ ഹൃദയം സന്തോഷത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു.

ഭിത്തിയിലെ സുഷിരം

എന്റെ പൂക്കളെ എന്തോ തിന്നുന്നുണ്ട്. ഒരു ദിവസം മുമ്പ് തലയുയർത്തി നിന്ന പുഷ്പങ്ങളാണ്. ഇപ്പോൾ തലയില്ലാത്ത തണ്ടുകൾ മാത്രം. ഞാൻ തോട്ടത്തിൽ ഒരു പരിശോധന നടത്തി. എന്റെ വേലിയിൽ ഒരു മുയലിന്റെ പാകത്തിനുള്ള സുഷിരം കണ്ടു. മുയലുകൾ മനോഹര ജീവികളാണ്. എന്നാൽ ഈ ശല്യങ്ങൾക്ക് ഒരു പൂന്തോട്ടത്തിലെ പൂക്കളെ മുഴുവൻ മിനിറ്റുകൾ കൊണ്ട് കൂട്ടക്കുരുതി കഴിക്കാനാകും.

എന്റെ ജീവിതത്തിൽ ദൈവീക സ്വഭാവമാകുന്ന പുഷ്പങ്ങൾ ഇല്ലാതാക്കാൻ പോന്ന "നുഴഞ്ഞുകയറ്റക്കാർ" ഉണ്ടോ എന്ന് ഞാൻ അതിശയിക്കുന്നു? സദൃശ്യവാക്യങ്ങൾ 25:28 പറയുന്നു: "ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞു കിടക്കുന്ന പട്ടണം പോലെയാകുന്നു." പണ്ട് കാലത്ത്, പട്ടണങ്ങളെയെല്ലാം മതിൽ കെട്ടിയാണ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിച്ചിരുന്നത്. മതിലിലെ ഒരു ചെറിയ സുഷിരം പോലും മുഴുവൻ പട്ടണത്തെയും ആക്രമണത്തിന് വിധേയമാക്കാൻ മതിയായതാണ്.

നിരവധി സദൃശ്യവാക്യങ്ങൾ ആത്മനിയന്ത്രണത്തെപ്പറ്റിയാണ്. "നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവൂ," ജ്ഞാനിയായവൻ എഴുതി (25:16 ). ആത്മനിയന്ത്രണം എന്നത് ഒരു ആത്മാവിന്റെ ഒരു ഫലമാണ്. അത് നമ്മെ കാക്കുകയും ക്ഷമയില്ലായ്മ, വെറുപ്പ്, അത്യാഗ്രഹം എന്നിങ്ങനെയുള്ള ക്ഷുദ്രജീവികൾ നമ്മുടെ ജീവിതത്തിലെ ദൈവീക ഫലങ്ങളെ  നശിപ്പിക്കുന്നതിൽ നിന്ന്  നമ്മെ സംരക്ഷിക്കുന്നു (ഗലാത്യർ 5:22-23 കാണുക). നമ്മുടെ ജീവിതത്തിന്റെ ഭിത്തിയിലെ സുഷിരങ്ങളെ അടച്ച് സംരക്ഷിക്കുന്ന ആരോഗ്യമുള്ള മനസ്സാണ് ആത്മനിയന്ത്രണം.

ഞാൻ എന്റെ ജീവിത ചുറ്റുപാടുകളെ നിരീക്ഷിക്കുമ്പോൾ അപകടകരമായ സുഷിരങ്ങൾ പലപ്പോഴും കാണാറുണ്ട്. ഞാൻ വീണ്ടും വീണ്ടും പ്രലോഭനത്തിന് വശപ്പെടുന്ന ഒരിടം; ക്ഷമയില്ലാത്ത ഒരു മേഖല. ഈ ആക്രമണകാരികളിൽ നിന്ന് രക്ഷപ്പെടാൻ ദൈവികമായ ആത്മനിയന്ത്രണം എന്ന ആരോഗ്യമുള്ള മനസ്സ് എനിക്ക് എത്ര അനിവാര്യമാണ്!

സ്വർണ്ണമത്സ്യം മോൺസ്‌ട്രോ

ലേസി സ്‌കോട്ട് അളുടെ പ്രദേശത്തെ പെറ്റ് സ്‌റ്റോറിൽ ഇരിക്കുമ്പോൾ, ടാങ്കിന്റെ അടിയിൽ ഒരു ദുഃഖിതയായ മത്സ്യം കിടക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവന്റെ ചെതുമ്പലുകൾ കറുത്തതായി മാറുകയും ശരീരത്തിൽ ക്ഷതങ്ങൾ രൂപപ്പെടുകയും ചെയ്തു. ലേസി പത്തു വയസ്സുള്ള ആ മത്സ്യത്തെ രക്ഷപ്പെടുത്തി, “മോൺസ്‌ട്രോ’’ എന്ന് പേരിട്ടു, ഒരു 'ആശുപത്രി' ടാങ്കിൽ അവനെ ഇട്ട് ദിവസവും വെള്ളം മാറ്റി. സാവധാനം, മോൺസ്‌ട്രോ സുഖപ്പെടുകയും നീന്താൻ തുടങ്ങുകയും വലിപ്പം വയ്ക്കുകയും ചെയ്തു. അവന്റെ കറുത്ത ചെതുമ്പലുകൾ സ്വർണ്ണനിറമായി രൂപാന്തരപ്പെട്ടു. ലേസിയുടെ സമർപ്പിത പരിചരണത്തിലൂടെ, മോൺസ്‌ട്രോ പുതിയതായി മാറി!

ലൂക്കൊസ് 10 ൽ, അടിയേൽക്കുകയും കൊള്ളയടിക്കപ്പെടുകയും മരിക്കാനായി ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു യാത്രക്കാരന്റെ കഥ യേശു പറയുന്നു. ഒരു പുരോഹിതനും ഒരു ലേവ്യനും ആ മനുഷ്യന്റെ കഷ്ടപ്പാടുകൾ അവഗണിച്ചുകൊണ്ട് കടന്നുപോയി. എന്നാൽ ഒരു ശമര്യക്കാരൻ - നിന്ദിക്കപ്പെട്ട സമൂഹത്തിലെ അംഗം - അവരെ പരിചരിക്കുകയും അവന്റെ ആവശ്യങ്ങൾക്ക് പണം നൽകുകയുംച ചെയ്തു. (ലൂക്കൊസ് 10:33-35). കഥയിൽ യഥാർത്ഥ “അയൽക്കാരൻ’’ ആയി ശമര്യക്കാരനെ പ്രഖ്യാപിച്ചുകൊണ്ട്, യേശു തന്റെ ശ്രോതാക്കളെയും അതുതന്നെ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു.

മരണാസന്നനായ സ്വർണ്ണമത്സ്യത്തിനുവേണ്ടി ലേസി ചെയ്തത്, നമ്മുടെ ചുറ്റുമുള്ള ആളുകൾക്കു വേണ്ടി നമുക്കു ചെയ്യാം. ഭവനരഹിതരും തൊഴിൽരഹിതരും വികലാംഗരും ഏകാകികളുമായ “അയൽക്കാർ’’ നമ്മുടെ പാതയിൽ കിടക്കുന്നു. അവരുടെ ദുഃഖം നമ്മുടെ കണ്ണിൽ പെടാൻ അനുവദിക്കുകയും അയൽപക്കക്കാരന്റെ കരുതലോടെ പ്രതികരിക്കാൻ അടുത്തുചെല്ലുകയും ചെയ്യാം. അനുകമ്പാപൂർണ്ണമായ ഒരു വന്ദനം, ഒരു പങ്കിട്ട ഭക്ഷണം, കൈയിൽവെച്ചുകൊടുക്കുന്ന അല്പം പണം. എല്ലാറ്റിനെയും പുതുമയുള്ളതാക്കാൻ കഴിയുന്ന അവന്റെ സ്‌നേഹത്തെ മറ്റുള്ളവർക്കു നൽകാൻ എങ്ങനെയൊക്കെ ദൈവത്തിനു നമ്മെ ഉപയോഗിക്കുവാൻ കഴിയും?

സ്നേഹിക്കുന്നു എന്നറിയിക്കുന്ന ആഹാരം

ഞാൻ ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. അവിടെ അലങ്കാരങ്ങളും സമ്മാനങ്ങളും വിശേഷ ഭക്ഷണവും ഒരുക്കിയിരുന്നു. ജന്മദിനം ആഘോഷിക്കുന്ന പെൺകുട്ടിക്ക് പനീറും പഴങ്ങളും ചുവന്ന വെൽവെറ്റ് കേക്കും പ്രിയങ്കരമായിരുന്നതുകൊണ്ട് അതെല്ലാം തയ്യാറാക്കിയിരുന്നു. ഒരാൾക്ക് ഇഷ്ടവിഭവമായ ഭക്ഷണം ഒരുക്കുമ്പോൾ നാം വിളിച്ചോതുന്നത്, "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്നാണ്.

ബൈബിളിൽ വിരുന്നും ആഘോഷങ്ങളും ഉത്സവങ്ങളും ഒക്കെ പരാമർശിക്കപ്പെടുന്നുണ്ട്; ഇതിനെയൊക്കെ ദൈവത്തിന്റെ വിശ്വസ്തതയുടെ ആഘോഷവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇസ്രായേലിന്റെ യാഗാർപ്പണങ്ങളോടനുബന്ധിച്ച് വിരുന്നിന് വലിയ സ്ഥാനമുണ്ടായിരുന്നു. (സംഖ്യ 28:11-31). പെസഹ, വാരോത്സവം, മാസം തോറുമുള്ള അമാവാസി എന്നീ ആഘോഷങ്ങളിലൊക്കെ വിരുന്നുണ്ടായിരുന്നു. സങ്കീർത്തനം 23:5-ൽ, നന്മയും കരുണയും കവിഞ്ഞൊഴുകുന്ന പാനപാത്രവും സമൃദ്ധമായ ഭക്ഷണവും ഒക്കെയായി ദൈവം മേശയൊരുക്കുന്നതിനെപ്പറ്റി പറയുന്നു. യേശു ഒരു അപ്പം നുറുക്കി, പാനപാത്രം എടുത്ത്, നമ്മുടെ രക്ഷക്കായുള്ള തന്റെ ക്രൂശുമരണത്തെ സൂചിപ്പിച്ച് സംസാരിച്ചതാകും ഭക്ഷണ പാനീയങ്ങളെ സംബന്ധിച്ച ഏറ്റവും മനോഹരമായ ചിത്രീകരണം. "എന്റെ ഓർമ്മക്കായി ഇത് ചെയ്യുവിൻ" എന്ന് അവൻ ആഹ്വാനവും നല്കി. (ലൂക്കൊസ് 22:19)

ഇന്ന് നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, തന്റെ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രദർശനമായി നമുക്ക് ഭക്ഷണം നൽകിയ, വായും വയറും സൃഷ്ടിച്ച, ദൈവത്തെ ഓർക്കുവാൻ ഒരു നിമിഷം മാറ്റി വെക്കണം. നമ്മുടെ ദൈവം തന്റെ വിശ്വസ്തരോടു കൂടെ ഭക്ഷണം കഴിക്കുന്നവനാണ്; നമ്മുടെ ഏറ്റവും വലിയ ആവശ്യത്തിന് അനിവാര്യമായ നന്മ പ്രദാനം ചെയ്ത് "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പറയുന്നവനാണ്.

മരം വിൽക്കുന്ന പഴം

ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഗലാത്യർ 5: 22-23
പീച്ച് മരങ്ങൾ വിൽക്കുവാൻ ഒരു നഴ്സറി ഉടമ വിവിധ സമീപനങ്ങൾ പരിഗണിച്ചു. ചെറിയ ചാക്കുനകളിൽ ഇലത്തൈകൾ മനോഹരമായി പ്രദർശിപ്പിക്കുക, പീച്ച് മരങ്ങളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന വർണ്ണാഭമായ കാറ്റലോഗ് ഉണ്ടാക്കുക എന്നിവ അവൾ പരീക്ഷിച്ചു. അവസാനം അവൾക്ക് മനസ്സിലായി പീച്ച് മരത്തൈകൾ എങ്ങനെയാണ് വിൽക്കുന്നത് എന്ന് . പീച്ച് മരത്തിന്റെ ഫലങ്ങൾ തന്നെയാണ് അതിന്റെ പരസ്യം: മങ്ങിയ ഓറഞ്ച് നിറമുള്ള തൊലിയോടു കൂടിയ, നല്ല മധുരമുള്ള, മണമുള്ള അതിന്റെ ഫലം! ഒരു പഴുത്ത പീച്ച് പറിച്ചെടുത്ത്, അതിന്റെ ജ്യൂസ് നിങ്ങളുടെ കൈയിലേക്ക് ഒഴുകുന്നതുവരെ മുറിക്കും, തുടർന്ന് ഒരു കഷ്ണം ഉപഭോക്താവിന് നൽകും. അവർ ആ ഫലം രുചിക്കുന്നു; നടുന്നതിന് തൈ വാങ്ങുന്നു.
ദൈവം തന്റെ അനുയായികളിൽ ഉളവാകുന്ന ആത്മീയ ഫലത്തിൽ കൂടി സ്വയം വെളിപ്പെടുത്തുന്നു: സ്നേഹം, സന്തോഷം, സമാധാനം, സഹിഷ്ണുത (ക്ഷമ), ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാത്യർ 5: 22-23) എന്നിവയിൽക്കൂടി. യേശുവിലുള്ള വിശ്വാസികൾ ഇത്തരം ഫലം പ്രദർശിപ്പിക്കുമ്പോൾ, മറ്റുള്ളവരും ആ ഫലം ആഗ്രഹിക്കും എന്നുമാത്രമല്ല, ആകർഷകമായ ആ ഫലത്തിന്റെ ഉറവിടം അവർ തേടുകയും ചെയ്യും.
ആത്മഫലം എന്നത് ഒരു ആന്തരിക ബന്ധത്തിന്റെ ഫലമായി പുറമെ കാണാനാവുന്ന കാര്യമാണ് - നമ്മുടെ ജീവിതത്തിൽ ഉള്ള പരിശുദ്ധാത്മാവിന്റെ സ്വാധീനം! നമ്മൾ പ്രതിനിധാനം ചെയ്യുന്ന ദൈവത്തെ രുചിച്ചറിയാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ആകർഷണമാണ് ഈ ഫലം. മരത്തിന്റെ പച്ച ഇലകൾക്കിടയിൽ നിൽക്കുന്ന ശോഭയുള്ള പീച്ചുകൾ പോലെ, ആത്മാവിന്റെ ഫലം വിശക്കുന്ന ലോകത്തോട് പ്രഖ്യാപിക്കുന്നു : “ഇതാ ഭക്ഷണം! ഇതാ ജീവിതം! വന്നു ക്ഷീണത്തിൽ നിന്നും നിരുത്സാഹത്തിൽ നിന്നും ഉണരുവാൻ വഴി കണ്ടെത്തുക. ദൈവത്തെ കണ്ടുമുട്ടുക!"

​​പ്രാർത്ഥനയിൽ നാവു ബന്ധിക്കപ്പെടുക

എന്റെ കുഞ്ഞ് സഹോദരൻ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോൾ ഞാൻ ആശങ്കാകുലനായി. “നാവു ബന്ധിക്കപ്പെട്ട”(ആൻകിലോഗ്ലോസിയാ) എന്ന അവസ്ഥയുമായാണ് അവൻ ജനിച്ചതെന്നും സഹായം ലഭിച്ചില്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനും ക്രമേണ സംസാരിക്കുന്നതിനും തടസ്സമുണ്ടാക്കുമെന്നും എന്റെ അമ്മ വിശദീകരിച്ചു. വാക്കുകൾ ലഭിക്കാതെയോ സംസാരിക്കുവാൻ ലജ്ജിക്കുകയോ ചെയ്യുന്നതിനെ വിവരിക്കുവാൻ"നാവു കെട്ടിയത്" എന്ന പദം ഇന്നു നാം ഉപയോഗിക്കുന്നു.

ചിലപ്പോൾ എന്ത് പറയണം എന്ന് അറിയാതെ പ്രാർത്ഥനയിൽ നമ്മുടെ നാവ് ബന്ധിക്കപ്പെട്ടേക്കാം. പറഞ്ഞു പഴകിയ ആത്മീയ ശൈലികളിലും ആവർത്തിച്ചുള്ള പ്രയോഗങ്ങളിലും നമ്മുടെ നാവ് ബന്ധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വികാരങ്ങൾ ദൈവത്തിന്റെ ചെവികളിൽ എത്തുമോ എന്ന് നാംസംശയിക്കുന്നു. നമ്മുടെ ചിന്തകൾ ലക്ഷ്യബോധമില്ലാതെവളഞ്ഞ് തിരിഞ്ഞ് സഞ്ചരിക്കുന്നു.

ഒന്നാംനൂറ്റാണ്ടിൽ റോമിലെ ക്രിസ്തുവിശ്വാസികൾക്ക് എഴുതുമ്പോൾ അപ്പൊസ്തലനായ പൗലൊസ്, പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നറിയാതെപാടുപെടുമ്പോൾ, പരിശുദ്ധാത്മാവിൽ നിന്ന് സഹായം കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്നുണ്ട്. "അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു.വേണ്ടും പോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു (റോമർ 8:26). ഇവിടെ "തുണ നിൽക്കുന്നു" എന്ന ആശയം ഒരു വലിയ ഭാരം വഹിക്കുക എന്നുള്ളതാണ്. കൂടാതെ "ഉച്ചരിച്ചുകൂടാത്ത ഞരക്കം'' എന്നത് ആത്മാവ് നമ്മുടെ ആവശ്യങ്ങളെ ദൈവത്തിങ്കലേക്ക് കൊണ്ടു പോകുന്ന ഒരു മദ്ധ്യസ്ഥ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

നാം പ്രാർത്ഥനയിൽ നാവു ബന്ധിക്കപ്പെട്ട് ഇരിക്കുമ്പോൾ, ദൈവത്തിന്റെ ആത്മാവ് നമ്മുടെ ആശയക്കുഴപ്പവും വേദനയും ഇതരവിചാരങ്ങളും നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ദൈവത്തിന്റെ കാതുകളിലേക്ക് നീങ്ങുന്ന തികഞ്ഞ പ്രാർത്ഥനയാക്കി രൂപപ്പെടുത്താൻ സഹായിക്കുന്നു. അവിടുന്ന്, ശ്രദ്ധിക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നു–നമുക്കുവേണ്ടി പ്രാർത്ഥിക്കുവാൻനാംഅവനോട് ആവശ്യപ്പെടുന്നത് വരെ നമുക്കാവശ്യമാണെന്ന് നാംകരുതാതിരുന്ന,കൃത്യമായ ആശ്വാസം പകർന്നു തന്നു കൊണ്ട്.

ഖേദമില്ലാത്ത കണ്ണുനീർ

“ക്ഷമിക്കണം,”തന്റെ കരച്ചിലിന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് സീമ പറഞ്ഞു. തന്റെ ഭർത്താവിന്റെ മരണശേഷം കൗമാരക്കാരായ തന്റെ കുട്ടികളെ നോക്കാൻ അവൾ പ്രയാസപ്പെട്ടു. ഒരിക്കൽ ചർച്ചിലെ ആളുകൾ അവൾക്ക് ഒരു ഒഴിവ് നൽകാൻ അവർക്ക് ഒരു വാരാന്ത്യ ക്യാമ്പിങ്ങ് നടത്തിയപ്പോൾ, സീമ കൃതജ്ഞതയോടെ വിതുമ്പി, തന്റെ കണ്ണുനീരിന് വീണ്ടും വീണ്ടും ക്ഷമ ചോദിച്ചു. 

നമ്മളിൽ പലരും നമ്മുടെ കണ്ണുനീരിനു ക്ഷമ ചോദിക്കുന്നതെന്തിനാണ്? പരീശനായ ശീമോൻ യേശുവിനെ അത്താഴത്തിനു വിളിച്ചു. ഭക്ഷണത്തിനിടയിൽ, യേശു മേശയിലിരിക്കുന്ന നേരം പാപിയായ ഒരു സ്ത്രീ ഒരു വെൺകൽ ഭരണി പരിമളതൈലം കൊണ്ടുവന്നു. “പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ടു തുടച്ചു കാൽ ചുംബിച്ചു തൈലം പൂശി” (ലൂക്കോസ് 7:38). ഖേദമൊന്നുമില്ലാതെ ഈ സ്ത്രീ സ്വതന്ത്രമായി തന്റെ സ്നേഹം വെളുപ്പെടുത്തുകയും യേശുവിന്റെ കാൽ തുടക്കുവാൻ തലമുടി അഴിക്കയും ചെയ്തു. യേശുവിനോടുള്ള നന്ദിയും സ്നേഹവും നിറഞ്ഞൊഴുകിയ അവൾ തന്റെ കണ്ണുനീരിനെ പരിമളതൈലം നിറഞ്ഞ ചുംബനങ്ങാളാൽ മൂടി—നിർവ്വികാരനായ ആതിഥേയന്റേതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ പ്രവൃത്തി.

 യേശുവിന്റെ മറുപടിയോ? അവളുടെ സ്നേഹാധിക്യപ്രകടനത്തെ പ്രശംസിക്കയും അവളെ “ക്ഷമിക്കപ്പെട്ടവൾ” ആയി പ്രഖ്യാപിക്കുകയും ചെയ്തു (വാ. 44–48). 

നന്ദിയാൽ കണ്ണുനീർ തുളുമ്പുമെന്ന ഭീഷണിയിൽ നാം അത് അടക്കി വെക്കാൻ പ്രലോഭിതരായേക്കാം. എന്നാൽ ദൈവം നമ്മെ വൈകാരിക ജീവികൾ ആയിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്, നമ്മുടെ വികാരങ്ങൾ കൊണ്ട് അവനെ നമുക്ക് മാനിക്കാം. ലൂക്കോസിന്റെ സുവിശേഷത്തിലെ സ്ത്രീയെപ്പോലെ, നമ്മുടെ ആവശ്യങ്ങളെ നിറവേറ്റുകയും നമ്മുടെ സ്തോത്രങ്ങൾ സ്വതന്ത്രമായി സ്വീകരിക്കുകയും ചെയ്യുന്ന നല്ല ദൈവത്തിനു നമുക്ക് ഖേദമൊന്നും കൂടാതെ നമ്മുടെ സ്നേഹം പ്രകടിപ്പിക്കാം.