ആൽബ കുടുംബം അപൂർവ്വമായ ഒരു അനുഭവത്തിലൂടെ കടന്നു പോയി; 13 മാസത്തെ ഇടവേളയിൽ 2 തവണ അവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു! അവരുടെ ജോലിക്കിടയിൽ ഈ 4 കുഞ്ഞുങ്ങളെ വളർത്തുന്ന ജോലി എങ്ങനെയാണ് അവർ ചെയ്യുക? അവരുടെ കുടുംബത്തിലെയും ചുറ്റുവട്ടത്തെയും സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറായി. 2 പേരുടെയും മാതാപിതാക്കൾ ഓരോ ജോഡി കുഞ്ഞുങ്ങളെ പകൽ സമയത്ത് നോക്കിയതുകൊണ്ട് ദമ്പതികൾക്ക് ജോലിക്ക് പോകാനും ആരോഗ്യ ഇൻഷൂറൻസ് മുടങ്ങാതെ അടക്കാനും കഴിഞ്ഞു. ഒരു കമ്പനി ഒരു വർഷത്തേക്കുള്ള ഡയപ്പറുകൾ സൗജന്യമായി നല്കി. സഹപ്രവർത്തകർ അവരുടെ വ്യക്തിപരമായ അവധിദിനങ്ങൾ ഇവർക്ക് കൈമാറ്റം ചെയ്തു. “ഇവരെല്ലാം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്കിത് അസാധ്യമാകുമായിരുന്നു” എന്നവർ സമ്മതിച്ചു. ഒരു ടെലവിഷൻ ലൈവ് ഇന്റർവ്യൂ സമയത്ത് ഇന്റർവ്യൂ നടത്തിയവരിൽ ഒരാൾത്തന്നെ, കുതറിയോടിയ ഒരു കുഞ്ഞിനെ പിടിക്കാൻ മൈക്ക് ഇട്ടിട്ട് ഓടിയത്, സമൂഹത്തിന്റെ സേവനം വീണ്ടും തുടരുന്നു എന്നതിന്റെ ഉദാഹരണമായി!

മത്തായി 25:31-46 ൽ യേശു ഒരു ഉപമയിലൂടെ സമർത്ഥിക്കുന്നത് നാം മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലൂടെ ദൈവത്തെ ശുശ്രൂഷിക്കുകയാണ് എന്നാണ്. വിശക്കുന്നവർക്ക് ആഹാരം നല്കുക, ദാഹിക്കുന്നവന് കുടിക്കാൻ നല്കുക, അനാഥനെ വീട്ടിൽ സ്വീകരിക്കുക, നഗ്നന് വസ്ത്രം നല്കുക, രോഗിയെ ആശ്വസിപ്പിക്കുക (വാ. 35, 36) എന്നീ നന്മ പ്രവൃത്തികൾ വിവരിച്ച ശേഷം യേശു പറഞ്ഞവസാനിപ്പിക്കുന്നത്, “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു” (മത്തായി 25:40) എന്നാണ്.

നമ്മുടെ കാരുണ്യ പ്രവൃത്തികളുടെ ആത്യന്തിക സ്വീകർത്താവ് യേശുവാണ് എന്ന തിരിച്ചറിവാണ് നമ്മുടെ അയൽപക്കത്തും കുടുംബത്തിലും സഭയിലും ലോകത്തെവിടെയും ഉള്ളവരെ സഹായിക്കുന്നതിനുള്ള ശരിയായ പ്രചോദനം. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ത്യാഗപൂർവ്വം ചെലവഴിക്കുമ്പോൾ നാം കർത്താവിനെ സേവിക്കുകയാണ്. മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ നാം ദൈവത്തെ സ്നേഹിക്കുകയാണ്.