മക്ഡൊണാൾഡിന്റെ ക്വാർട്ടർ പൌണ്ടർ ബർഗർ ദശാബ്ദങ്ങളോളം ഫാസ്റ്റ് ഫുഡ് വിപണി ഭരിച്ചിരുന്നു. 1980 കളിൽ മറ്റൊരു കമ്പനി ഇവരെ താഴെയിറക്കുന്ന തന്ത്രവുമായി വന്നു. മക് ഡൊണാൾഡിന്റെ ബർഗറിന്റെ അതേ വിലക്ക് അതിനേക്കാൾ വലിപ്പമുള്ള തേർഡ് പൗണ്ട് ബർഗർ ആണ് എ& ഡബ്ളിയു എന്ന കമ്പനി വിപണിയിലിറക്കിയത്. ഗുണനിലവാര പരിശോധനയിലും ഇത് മികച്ചതായിരുന്നു. പക്ഷെ ഈ ബർഗർ പരാജയപ്പെട്ടുപോയി. ആരും ഇത് വാങ്ങിയില്ല. പതിയെ, കമ്പനി അത് നിർത്തലാക്കി. ഇതിന്റെ പരാജയ കാരണം പഠിച്ചപ്പോൾ മനസ്സിലായത് ഉപഭോക്താക്കൾ കരുതിയത് തേർഡ് പൗണ്ട് ബർഗർ ക്വാർട്ടർ പൗണ്ടറിനേക്കാൾ ചെറുതാണെന്നാണ്. ഒരു വലിയ ആശയം ആളുകൾക്ക് അടിസ്ഥാന ധാരണ തെറ്റിയതുകൊണ്ട് പരാജയപ്പെട്ടു.

എളുപ്പത്തിൽ അടിസ്ഥാനങ്ങൾ തെറ്റിപ്പോകാനുള്ള സാധ്യതയെക്കുറിച്ച് യേശു മുന്നറിയിപ്പ് തന്നിട്ടുണ്ട്. യേശു ക്രൂശിക്കപ്പെടാനുള്ള ആഴ്ചയിൽ മതനേതാക്കൾ അവനെ കുടുക്കേണ്ടതിന് ഏഴ് തവണ വിവാഹിതയായി വിധവയായ ഒരു സ്ത്രീയെക്കുറിച്ചുള്ള സാങ്കല്പിക ചോദ്യവുമായി യേശുവിനെ സമീപിച്ചു (മത്തായി 22:23-28). ഈ സാങ്കല്പിക പ്രതിസന്ധി ഒരു പ്രശ്നമേ അല്ല എന്ന നിലയിൽ യേശു മറുപടി പറഞ്ഞു. കൂടാതെ, “തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ട്” അവർക്ക് തെറ്റ് പറ്റുന്നു (വാ. 29) എന്നും പറഞ്ഞു. തിരുവെഴുത്തുകളുടെ പ്രഥമ ധർമ്മം നമ്മുടെ യുക്തിപരവും തത്വചിന്താപരവുമായ പ്രശ്നങ്ങൾക്ക് ഉത്തരം നല്കലല്ല, മറിച്ച്, യേശുവിനെ അറിയാനും സ്നേഹിക്കാനും അതുവഴി അവനിൽ “നിത്യജീവൻ പ്രാപിക്കാനും” (യോഹ.5:39) വേണ്ടി നമ്മെ യേശുവിലേക്ക് നയിക്കലാണ്. ഈ അടിസ്ഥാന കാര്യം മതനേതാക്കന്മാർ വിട്ടു പോയി.

നമുക്കും ഈ പ്രശ്നം വരാം. ബൈബിളിന്റെ പ്രധാന ലക്ഷ്യം യേശുവുമായി ഒരു സജീവബന്ധം സാധ്യമാക്കുക എന്നതാണ്. ഇത് കണ്ടെത്താതെ പോകുന്നത് ഹൃദയഭേദകമാണ്.