ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിച്ച ആ കമ്പനിയിൽ പുതിയ ജോലി കിട്ടിയതിൽ സിൻഡിക്ക് അത്യാവേശം ആയിരുന്നു. കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാനുള്ള ഒരു അപൂർവ്വ അവസരം കൈവന്നതായി തോന്നി. എന്നാൽ സഹപ്രവർത്തകർക്ക് ഒന്നും അത്ര ആവേശമില്ല എന്നവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അവർ കമ്പനിയുടെ ലക്ഷ്യത്തെ വിമർശിച്ചു; ജോലിയിൽ ഉത്സാഹം കാണിച്ചില്ല; മറ്റ് ആകർഷകമായ ജോലിക്കായി പരിശ്രമിച്ചു കൊണ്ടിരുന്നു. ഈ ജോലിക്ക് ചേരേണ്ടായിരുന്നു എന്ന് സിൻഡിക്ക് അപ്പോൾ തോന്നി. അകലെ നിന്നപ്പോൾ നന്നായി തോന്നിയത് അടുത്ത് വന്നപ്പോൾ നിരാശപ്പെടുത്തി.

ഇതായിരുന്നു ഇന്നത്തെ വായനയിൽ, അത്തിവൃക്ഷവുമായി ബന്ധപ്പെട്ട യേശുവിന്റെ അനുഭവവും (മർക്കൊസ് 11:13). അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു എങ്കിലും നേരത്തെ കായ്ച്ചു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അതിലെ  ഇലകളൊക്കെ. പക്ഷെ, ഇലയല്ലാതെ ഫലം ഒന്നും ഇല്ലായിരുന്നു. നിരാശനായി യേശു അത്തിയെ ശപിച്ചു, “ഇനി നിന്നിൽ നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ”(വാ.14). പിറ്റെ ദിവസം രാവിലെ മരം മുഴുവൻ ഉണങ്ങി നില്ക്കുന്നത് കണ്ടു (വാ.20).

യേശു ഒരിക്കൽ 40 ദിവസം ഉപവസിച്ചിട്ടുള്ളതാണ്; വിശപ്പ് സഹിക്കാൻ അവന് അറിയാമായിരുന്നു. അതുകൊണ്ട് വിശപ്പുകൊണ്ടല്ല അത്തിയെ ശപിച്ചത്. അത് ഒരു പാഠം മനസ്സിലാക്കിത്തരാൻ ആയിരുന്നു. അത്തി ഇസ്രായേലിനെ പ്രതിനിധീകരിക്കുന്നു. അതിന് ഒരു യഥാർത്ഥ മതത്തിന്റെ മോടികൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഉദ്ദേശ്യത്തിൽ നിന്ന് തികച്ചും വ്യതിചലിച്ചിരുന്നു. അവർ അവരുടെ മശിഹായെ കൊല്ലാൻ വരെ തയ്യാറെടുക്കുകയായിരുന്നു. ഇതിൽപ്പരം ഫലശൂന്യമാകാൻ എങ്ങനെ കഴിയും?

നമ്മളും ദൂരെ നിന്ന് നോക്കുമ്പോൾ നല്ലവരായി കാണപ്പെടാം. എന്നാൽ യേശു അടുത്തു വന്ന്, പരിശുദ്ധാത്മാവ് നമ്മിൽ സൃഷ്ടിക്കുന്ന ഫലം തെരയും. നമ്മുടെ ഫലം ചിലപ്പോൾ പുറമെ ആകർഷകമായിരിക്കില്ല. എന്നാൽ അത് അസാധാരണമായിരിക്കും; സ്നേഹം, സന്തോഷം, പ്രതികൂലങ്ങളിൽ സമാധാനം എന്നിവയൊക്കെ ആയിരിക്കും അത് (ഗലാത്യർ 5:22). പരിശുദ്ധാത്മാവിൽ ആശ്രയിച്ച് നമുക്ക് യേശുവിന് ഫലം കായ്ക്കുന്നവരാകാം.