ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് നടൻ ജിം കാവിയേസെലിന് ഡയറക്ടർ മെൽ ഗിബ്സൻ മുന്നറിയിപ്പ് നല്കിയത് ഈ റോൾ വലിയ പ്രയാസമുള്ളതും ഹോളിവുഡിലെ അദ്ദേഹത്തിന്റെ ഭാവിയെ ദോഷമായി ബാധിച്ചേക്കാവുന്നതുമായിരിക്കും എന്നാണ്. എന്നിട്ടും അഭിനയിക്കാൻ തന്നെ തീരുമാനിച്ചു കൊണ്ട് കാവിയേസെൽ പറഞ്ഞത്: “എത്ര പ്രയാസമായാലും വേണ്ടില്ല, നമുക്കിത് ചെയ്യാം” എന്നാണ്.

ചിത്രീകരണത്തിനിടയിൽ, കാവിയേസെലിന് ഇടിമിന്നലേറ്റിരുന്നു, 45 പൗണ്ട് തൂക്കം കുറഞ്ഞു, ചാട്ടയടി രംഗത്തിൽ അറിയാതെ അടിയേറ്റു. പിന്നീട് അദ്ദേഹം പറഞ്ഞു, “ആളുകൾ എന്നെ കാണണമെന്ന് എനിക്കില്ലായിരുന്നു. അവരെല്ലാം യേശുവിനെ തന്നെ കാണണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അതിലൂടെ മാനസാന്തരം സംഭവിക്കണം എന്നും.” ഈ സിനിമ കാവിയേസെലിനെയും ടീമിനെയും ആഴത്തിൽ സ്വാധീനിച്ചു. സിനിമ കണ്ട ലക്ഷക്കണക്കിനാളുകളിൽ എത്രപേരുടെ ജീവിതം വ്യത്യാസപ്പെടാൻ ഇടയായി എന്നത് ദൈവത്തിന് മാത്രമേ അറിയൂ.

 ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയിൽ ഓശാന ഞായറാഴ്ചത്തെ  രാജകീയ പ്രവേശനം, ഒറ്റിക്കൊടുക്കൽ, പരിഹാസം, ചാട്ടവാറടി, ക്രൂശീകരണം തുടങ്ങിയ രംഗങ്ങളാണുള്ളത്. 4 സുവിശേഷങ്ങളിലും ഈ സംഭവ വിവരണം ഉണ്ട്.

യെശയ്യാവ് 53 ൽ യേശുവിന്റെ സഹനവും അതിന്റെ ഫലവും പ്രവചിക്കുന്നുണ്ട്: “അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവരെ മേൽ ആയി, അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു” (വാ.5). “നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു” (വാ.6). എന്നാൽ യേശുവിന്റെ കുരിശുമരണവും ഉത്ഥാനവും വഴി നമുക്ക് ദൈവവുമായി സമാധാനം സാധ്യമായി. അവന്റെ സഹനം നമുക്ക് ദൈവത്തോടൊപ്പമായിരിക്കാൻ വഴി തുറന്നു.