കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ചേരുന്നതിന് മുമ്പ് ചാൾസ് ശിമയോൻ കുതിരകൾക്കും വസ്ത്രത്തിനും ആഢംഭരത്തിനുമായി ധാരാളം സമ്പത്ത് ചെലവഴിച്ചു. കോളേജിൽ പ്രാർത്ഥനായോഗത്തിൽ സംബന്ധിക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നതിനാൽ തന്റെ വിശ്വാസകാര്യങ്ങൾ അയാൾ ചിന്തിച്ചു തുടങ്ങി. യേശുവിന്റെ വിശ്വാസികൾ എഴുതിയ പുസ്തകങ്ങൾ വായിച്ചതിന്റെ ഫലമായി ഒരു ഈസ്റ്റർ ഞായറാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ നാടകീയമായ മാനസാന്തരം സംഭവിച്ചു. 1779 ഏപ്രിൽ 4 ന് അതിരാവിലെ എഴുന്നേറ്റ വഴി അയാൾ നിലവിളിച്ച് പറഞ്ഞു, “യേശുക്രിസ്തു ഇന്ന് ഉയിർത്തെഴുന്നേറ്റു! ഹാലേലുയ്യാ! ഹാലേലൂയ്യ!” വിശ്വാസത്തിൽ വളർന്ന അദ്ദേഹം ബൈബിൾ പഠിക്കാനും പ്രാർത്ഥിക്കാനും പള്ളിയിൽ ക്രമമായി പോകാനും തുടങ്ങി.

ആദ്യ ഈസ്റ്റർ ദിനത്തിൽ യേശുവിന്റെ കല്ലറ സന്ദർശിച്ച 2 സ്ത്രീകളുടെ ജീവിതം വ്യത്യാസപ്പെട്ടു. വലിയ ഭൂകമ്പമുണ്ടായി, ഒരു ദൂതൻ കല്ലറയുടെ കല്ല് ഉരുട്ടി മാറ്റി. അവൻ അവരോട് പറഞ്ഞു: “ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഇവിടെ ഇല്ല, താൻ പറഞ്ഞതു പോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ” (മത്തായി 28: 5,6) . സന്തോഷാതിരേകത്താൽ യേശു എന്ന് മന്ത്രിച്ചു കൊണ്ട് സ്ത്രീകൾ തങ്ങളുടെ സ്നേഹിതരെ ഈ സദ്വാർത്ത അറിയിക്കാൻ ഓടി.

ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടുമുട്ടുക എന്നത് പുരാതന കാലത്തെ ഒരു അനുഭവം മാത്രമല്ല – ഇന്നും നമുക്ക് അവനെ കണ്ടുമുട്ടാനാകും. ചിലപ്പോൾ ആ സ്ത്രീകൾക്കും ചാൾസ് ശിമയോനും ഉണ്ടായ നാടകീയ അനുഭവം നമുക്കും ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. ഏതു വിധത്തിൽ യേശു തന്നെത്താൻ നമുക്ക് വെളിപ്പെടുത്തിത്തന്നാലും അവൻ നമ്മെ സ്നേഹിക്കുന്നു എന്നത് നമുക്ക് ഉറപ്പായും അംഗീകരിക്കാം.