നമ്മുടെ ശത്രുക്കളെ സ്നേഹിക്കുക
അമേരിക്കൻ ആഭ്യന്തരയുദ്ധം നിരവധി കയ്പേറിയ വികാരങ്ങൾ സൃഷ്ടി ച്ചതോടെ, തെക്കേ അമേരിക്കയെക്കുറിച്ച് ഒരു നല്ല വാക്ക് പറയുന്നത് ഉചിത മായിരിക്കുമെന്നു അബ്രഹാം ലിങ്കൺ മനസ്സിലാക്കി. അതെങ്ങനെ പറയാൻ കഴിഞ്ഞുവെന്ന് അടുത്തുനിന്ന വ്യക്തി ഞെട്ടലോടെ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, “മാഡം, ഞാൻ എന്റെ ശത്രുക്കളെ മിത്രങ്ങളാക്കിയാൽ ശത്രുക്കളെ ഇല്ലാതാക്കുകയല്ലേ?” ഒരു നൂറ്റാണ്ടിനുശേഷം ആ വാക്കുകളെ പ്രതിഫലിപ്പിച്ചുകൊണ്ട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ അഭിപ്രായപ്പെട്ടു: “ഇതാണ് വീണ്ടെടുക്കുന്ന സ്നേഹത്തിന്റെ ശക്തി.”
ശത്രുക്കളെ സ്നേഹിക്കാൻ ക്രിസ്തുവിന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്യാൻ കിംഗ് ജൂനിയർ യേശുവിന്റെ ഉപദേശങ്ങളെയാണ് ആശ്രയിച്ചത്. തങ്ങളെ പീഡിപ്പിക്കുന്നവരെ സ്നേഹിക്കാൻ വിശ്വാസികൾക്ക് ബുദ്ധിമുട്ട് തോന്നുമെങ്കിലും, ഈ സ്നേഹം വളരുന്നത് “ദൈവത്തിന് നിരന്തരം സമ്പൂർണ്ണവുമായി കീഴ്പ്പെടു ന്നതിലൂടെയാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “നാം ഈ രീതിയിൽ സ്നേഹിക്കുമ്പോൾ, നാം ദൈവത്തെ അറിയുകയും അവന്റെ വിശുദ്ധിയുടെ സൗന്ദര്യം അനുഭവിക്കുകയും ചെയ്യും,” കിംഗ് ജൂനിയർ തുടർന്നു.
“ഞാനോ നിങ്ങളോടു പറയുന്നതു നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍; നിങ്ങ ളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ” എന്ന് പറഞ്ഞ യേശുവിന്റെ ഗിരിപ്രഭാഷണത്തെ കിംഗ് ജൂനിയർ പരാമർശിച്ചു (മത്തായി 5:44–45). അയൽക്കാരെ മാത്രം സ്നേഹിക്കുകയും ശത്രുക്കളെ വെറുക്കുകയും ചെയ്യുന്ന അന്നത്തെ പരമ്പരാഗത രീതിക്കെതിരെ യേശു പ്രതികരിച്ചു. പകരം, തങ്ങളെ എതിർക്കുന്നവരെ സ്നേഹിക്കാൻ പിതാവായ ദൈവം തന്റെ മക്കൾക്ക് ശക്തി നൽകുന്നു. നമ്മുടെ ശത്രുക്കളെ സ്നേഹിക്കുന്നത് അസാധ്യമാണെന്ന് തോന്നിയേക്കാം, എന്നാൽ സഹായത്തിനായി നാം ദൈവത്തെ നോക്കുമ്പോൾ, അവൻ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും. ഈ വിപ്ലവകരമായ സമ്പ്രദായം സ്വീകരിക്കാൻ അവൻ ധൈര്യം നൽകുന്നു, കാരണം യേശു പറഞ്ഞതുപോലെ, “...ദൈവത്തിന്നു സകലവും സാദ്ധ്യം” (19:26).
രൂപാന്തരപ്പെടുത്തുന്ന ദൈവവചനം
മുപ്പതു വയസ്സുള്ളപ്പോൾ ഒരു പുതിയ വിശ്വാസി എന്ന നിലയിൽ, എന്റെ ജീവിതം യേശുവിൽ സമർപ്പിച്ചതിനു ശേഷം എനിക്ക് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ബൈബിൾ വായിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു. ഞാൻ ഒരു സുഹൃത്തിനോട് ചോദിച്ചു: “ദൈവത്തിന്റെ എല്ലാ കൽപ്പനകളും ഞാൻ എങ്ങനെ പാലിക്കും? “ബൈബിൾ വായിക്കുന്നത് തുടരുക, യേശു നിന്നെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നിന്നെ സഹായിക്കാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക.” അവൾ പറഞ്ഞു.
20 വർഷത്തിനു ശേഷവും, ലളിതവും എന്നാൽ ആഴമേറിയതുമായ ഈ സത്യം ഇപ്പോഴും എന്നിൽ പ്രതിധ്വനിക്കുന്നു. ദൈവത്തിന്റെ മഹത്തായ സ്നേഹവലയത്തിന്റെ മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളാൻ അത് എന്നെ സഹായിച്ചു. ഒന്നാമതായി, ക്രിസ്തീയ വിശ്വാസികളുടെ ജീവിതത്തിൽ സ്നേഹമാണ് പ്രധാനമെന്ന് അപ്പൊസ്തലനായ പൗലൊസ് ഉറപ്പിച്ചു പറഞ്ഞു. രണ്ടാമതായി, ക്രിസ്തുവിന്റെ അനുയായികൾ, “പരസ്പരം സ്നേഹിക്കാനുള്ള കടം വീട്ടുന്നതിലൂടെ” അനുസരണത്തോടെ നടക്കും, “അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ” (റോമർ 13:8). അവസാനമായി, “സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല” എന്നതിനാൽ നമ്മൾ ന്യായപ്രമാണം നിവൃത്തിക്കുന്നു (വാ. 10).
ക്രിസ്തുവിന്റെ ക്രൂശിലെ ബലിയിലൂടെ ഏറ്റവും നന്നായി പ്രകടിപ്പിക്കപ്പെട്ട ദൈവസ്നേഹത്തിന്റെ ആഴം നാം അനുഭവിക്കുമ്പോൾ, നമുക്ക് നന്ദിയോടെ പ്രതികരിക്കാം. യേശുവിനോടുള്ള നമ്മുടെ കൃതജ്ഞത നിറഞ്ഞ ഭക്തി മറ്റുള്ളവരെ വാക്കിലും പ്രവൃത്തിയിലും മനോഭാവത്തിലും സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നു. യഥാർത്ഥ സ്നേഹം വരുന്നത് സ്നേഹമായ ഏക സത്യദൈവത്തിൽ നിന്നാണ് (1 യോഹന്നാൻ 4:16, 19). സ്നേഹമുള്ള ദൈവമേ, അങ്ങയുടെ മഹത്തായ സ്നേഹവലയത്തിൽ ഉൾപ്പെടാൻ ഞങ്ങളെ സഹായിക്കേണമേ!
ദൈവത്തിന്റെ വേലക്കാരൻ
മദ്ധ്യപൂർവ്വ ദേശത്തെ ഒരു അഭയാർത്ഥി ക്യാമ്പിൽ, റെസയ്ക്ക് ഒരു ബൈബിൾ ലഭിച്ചപ്പോൾ, അവൻ യേശുവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ നാമത്തിലുള്ള അവന്റെ ആദ്യ പ്രാർത്ഥന, “എന്നെ അങ്ങയുടെ വേലക്കാരനായി ഉപയോഗിക്കേണമേ” എന്നായിരുന്നു. പിന്നീട്, ക്യാമ്പ് വിട്ടശേഷം, അപ്രതീക്ഷിതമായി ഒരു ദുരിതാശ്വാസ ഏജൻസിയിൽ ജോലി ലഭിച്ച്, താൻ അറിയുന്നവരും സ്നേഹിക്കുന്നവരുമായ ആളുകളെ സേവിക്കാൻ ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ ദൈവം ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. സ്പോർട്സ് ക്ലബ്ബുകൾ, ഭാഷാ ക്ലാസുകൾ, നിയമോപദേശം—“ആളുകൾക്ക് പ്രതീക്ഷ നൽകുന്ന എന്തും” അവൻ സംഘടിപ്പിച്ചു. മറ്റുള്ളവരെ സേവിക്കുന്നതിനും, ദൈവത്തിന്റെ ജ്ഞാനവും സ്നേഹവും പങ്കിടുന്നതിനുമുള്ള ഒരു മാർഗ്ഗമായാണ് അവൻ ഈ പരിപാടികളെ കാണുന്നത്.
തന്റെ ബൈബിൾ വായിക്കുമ്പോൾ, ഉല്പത്തിയിലെ യോസേഫിന്റെ കഥയുമായി റെസയ്ക്ക് ഒരു ബന്ധം തോന്നി. ജയിലിൽ ആയിരുന്നപ്പോൾ ദൈവം യോസേഫിനെ തന്റെ ജോലി തുടരാൻ ഉപയോഗിച്ചതെങ്ങനെയെന്ന് അവൻ ശ്രദ്ധിച്ചു. ദൈവം യോസേഫിനോടുകൂടെ ഉണ്ടായിരുന്നതിനാൽ, അവൻ അവനോട് ദയ കാണിക്കുകയും അവന് കൃപ നൽകുകയും ചെയ്തു. കാരാഗൃഹപ്രമാണി യോസേഫിനെ വിചാരകനാക്കി. ദൈവം യോസേഫിന് “അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട്” കാരാഗൃഹപ്രമാണിക്ക് അവിടത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നില്ല (ഉല്പത്തി 39:23).
ദൈവം നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. നാം ശാരീരികമായോ, മാനസികമായോ — ഞെരുക്കമോ, ഏകാന്തയോ, ഹൃദയവേദനയോ, ദുഃഖമോ എന്തുമാകട്ടെ — ജയിൽവാസം അഭിമുഖീകരിക്കുകയാണെങ്കിൽ അവൻ നമ്മെ വിട്ടുപോകില്ലെന്ന് നമുക്ക് വിശ്വസിക്കാം. ക്യാമ്പിലുള്ളവരെ സേവിക്കാൻ റെസയെയും, കാരാഗൃഹത്തിൽ പ്രവർത്തിക്കാൻ യോസേഫിനെയും ശക്തിപ്പെടുത്തിയതുപോലെ, അവൻ എപ്പോഴും നമ്മോട് ചേർന്നുനിൽക്കും.
- എമി ബോഷർ പൈ
ഒന്നു മതി
മാർച്ചിലെ ഒരു വാരാന്ത്യത്തിൽ, യേശു അവരുടെ സഹോദരൻ ലാസറിനൊപ്പം (യോഹന്നാൻ 11:5) സ്‌നേഹിച്ച ബഥാന്യയിലെ സഹോദരിമാരായ മറിയയുടെയും മാർത്തയുടെയും വിഷയത്തിൽ ഞാൻ ഒരു റിട്രീറ്റ് സംഘടിപ്പിച്ചു. ഞങ്ങൾ ഇംഗ്ലീഷ് തീരപ്രദേശത്ത് ഒരു വിദൂര സ്ഥലത്തായിരുന്നു. അവിടെ അപ്രതീക്ഷിതമായി മഞ്ഞുവീഴ്ചയുണ്ടായപ്പോൾ, ഒരുമിച്ചുള്ള ഒരു അധിക ദിവസം മറിയയെപ്പോലെ ക്രിസ്തുവിന്റെ കാൽക്കൽ ഇരുന്ന് പരിശീലിക്കാമെന്ന് പങ്കെടുത്തവരിൽ പലരും അഭിപ്രായപ്പെട്ടു. അവർ ''ഒന്നു മതി'' (ലൂക്കൊസ് 10:42) യേശു മാർത്തയോട് സ്‌നേഹപൂർവ്വം പറഞ്ഞു. തന്നോട് അടുക്കാനും തന്നിൽ നിന്നു പഠിക്കാനും അവൾ തയ്യാറാകണമായിരുന്നു.
യേശു മാർത്തയുടെയും മറിയയുടെയും ലാസറിന്റെയും വീട് സന്ദർശിച്ചപ്പോൾ, അവൻ വരുന്നുണ്ടെന്ന് മാർത്തയ്ക്ക് മുൻകൂട്ടി അറിയുമായിരുന്നില്ല, അതിനാൽ അവനെയും അവന്റെ ശിഷ്യന്മാരെയും ശുശ്രൂഷിക്കാനുള്ള ഒരുക്കങ്ങളിൽ സഹായിക്കാത്തതിൽ മറിയയോട് അവൾ എങ്ങനെ അസ്വസ്ഥയാകുമെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ യഥാർത്ഥത്തിൽ പ്രധാനമായത് അവൾ കാണാതെ പോയി-യേശുവിൽ നിന്ന് പഠിക്കുക എന്നത്. തന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിച്ചതിന് ക്രിസ്തു അവളെ ശകാരിക്കുകയായിരുന്നില്ല, മറിച്ച് അവൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം നഷ്ടപ്പെടുന്നുവെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു.
തടസ്സങ്ങൾ നമ്മെ അലോസരപ്പെടുത്തുകയോ അല്ലെങ്കിൽ നാം നിറവേറ്റാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളെക്കുറിച്ച് അമിതഭാരം തോന്നുകയോ ചെയ്യുമ്പോൾ, ജീവിതത്തിൽ ശരിക്കും പ്രാധാന്യമുള്ളത് എന്താണെന്ന് നമുക്ക് സ്വയം ഓർമ്മിപ്പിക്കാൻ കഴിയും. യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതായി ചിത്രീകരിച്ചുകൊണ്ട് നാം വേഗത കുറയ്ക്കുമ്പോൾ, അവന്റെ സ്‌നേഹവും ജീവിതവും കൊണ്ട് നമ്മെ നിറയ്ക്കാൻ അവനോട് നമുക്ക് ആവശ്യപ്പെടാം. അവന്റെ പ്രിയ ശിഷ്യൻ ആയിരിക്കുന്നതിൽ നമുക്ക് ആനന്ദിക്കാം.
ഒരു തെരഞ്ഞെടുപ്പ്
ഒരു പ്രിയ സുഹൃത്തിന്റെ മരണത്തിന് ഏതാനും ആഴ്ചകൾക്കുശേഷം ഞാൻ അവളുടെ അമ്മയുമായി സംസാരിച്ചു. അവൾക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത് അനുചിതമാണെന്നു കരുതി അങ്ങനെ ചോദിക്കാൻ ഞാൻ മടിച്ചു; അവൾ സങ്കടപ്പെട്ടു. പക്ഷെ ഞാൻ എന്റെ വിമുഖത മാറ്റി അവൾ എങ്ങനെ പിടിച്ചു നിൽക്കുന്നു എന്ന് ചോദിച്ചു. അവളുടെ മറുപടി: “കേൾക്കൂ, ഞാൻ സന്തോഷം തിരഞ്ഞെടുക്കുന്നു.”
എന്റെ സ്വന്തം ജീവിതത്തിലെ ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ പാടുപെടുന്ന എന്നെ അവളുടെ വാക്കുകൾ സഹായിച്ചു. അവളുടെ വാക്കുകൾ ആവർത്തനപുസ്തകത്തിന്റെ അവസാനത്തിൽ യിസ്രായേല്യർക്ക് മോശെ നൽകിയ കൽപ്പനയും എന്നെ ഓർമ്മിപ്പിച്ചു. മോശെയുടെ മരണത്തിനും യിസ്രായേല്യരുടെ വാഗ്ദത്ത ദേശത്തേക്കുള്ള പ്രവേശനത്തിനും തൊട്ടുമുമ്പ്, അവർക്ക് ഒരു തിരഞ്ഞെടുപ്പുണ്ടെന്ന് അവർ അറിയണമെന്ന് ദൈവം ആഗ്രഹിച്ചു. മോശ പറഞ്ഞു, “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു...ജീവനെ തിരഞ്ഞെടുത്തുകൊൾക’’ (ആവർത്തനം 30:19-20). അവർക്ക് ദൈവത്തിന്റെ നിയമങ്ങൾ പാലിച്ച് നന്നായി ജീവിക്കാൻ കഴിയും, അല്ലെങ്കിൽ അവർക്ക് അവനിൽ നിന്ന് പിന്തിരിഞ്ഞ് “മരണത്തിന്റെയും നാശത്തിന്റെയും” അനന്തരഫലങ്ങളുമായി ജീവിക്കാൻ കഴിയും (വാ. 15).
എങ്ങനെ ജീവിക്കണമെന്നുള്ളത് നാമും തിരഞ്ഞെടുക്കണം. നമ്മുടെ ജീവനായുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തുകൊണ്ട് നമുക്ക് സന്തോഷം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ നമ്മുടെ യാത്രയുടെ നിഷേധാത്മകവും ബുദ്ധിമുട്ടുള്ളതുമായ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു നമുക്ക് തിരഞ്ഞെടുത്തുകൊണ്ട് അത് നമ്മുടെ സന്തോഷം കവർന്നെടുക്കാൻ അനുവദിക്കാം. സന്തോഷം തിരഞ്ഞെടുക്കണമെങ്കേിൽ അതിന് പരിശീലിക്കുകയും സഹായത്തിനായി പരിശുദ്ധാത്മാവിൽ ആശ്രയിക്കുകയും ചെയ്യണം. “ദൈവത്തെ സ്‌നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു” (റോമർ 8:28) എന്നതിനാൽ നമുക്ക് സന്തോഷം തിരഞ്ഞെടുക്കാൻ കഴിയും.
അത്ഭുതപ്പെടുത്തുന്ന ദൈവം
കൺവെൻഷൻ സെന്റർ ഇരുട്ടിലായിരുന്നു, പ്രഭാഷകൻ സമർപ്പണത്തിന്റെ പ്രാർത്ഥനയിലൂടെ ഞങ്ങളെ നയിച്ചപ്പോൾ ആയിരക്കണക്കിനു വരുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളായ ഞങ്ങൾ തല കുനിച്ചു. വിദേശ മിഷനിൽ സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെടുന്നവരെ അദ്ദേഹം സ്വാഗതം ചെയ്യുമ്പോൾ, എന്റെ സുഹൃത്ത് ലിനറ്റ് അവളുടെ ഇരിപ്പിടത്തിൽ നിന്നെഴുന്നേല്ക്കുന്നതു ഞാൻ കണ്ടു. അവൾ ഫിലിപ്പീൻസിൽ ജീവിക്കാനും പ്രവർത്തിക്കാനും വാഗ്ദ്ധാനം ചെയ്യുകയാണെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും എനിക്ക് എഴുന്നേൽക്കാൻ തോന്നിയില്ല. സ്വന്തം നാട്ടിലെ ആവശ്യങ്ങൾ കണ്ട്, ജന്മനാട്ടിൽ ദൈവസ്‌നേഹം പങ്കിടാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഒരു ദശാബ്ദത്തിനു ശേഷം, ദൈവം എനിക്കുതരുന്ന അയൽക്കാർക്കിടയിൽ ദൈവത്തെ സേവിക്കാൻ ആഗ്രഹിച്ചുകൊണ്ട് ഞാൻ മറ്റൊരു രാജ്യത്തേക്ക് പോകേണ്ടിവരുമായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു സാഹസിക യാത്രയ്ക്ക് ദൈവം എന്നെ ക്ഷണിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ എങ്ങനെയാണ് എന്റെ ജീവിതം നയിക്കേണ്ടത്‌എന്നതിനെക്കുറിച്ചുള്ള എന്റെ ആശയങ്ങൾ മാറി.
തന്നെ അനുഗമിക്കാൻ വിളിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ താൻ കണ്ടുമുട്ടിയവരെയെല്ലാം യേശു പലപ്പോഴും അത്ഭുതപ്പെടുത്തി. മീൻ പിടിക്കാനുള്ള ഒരു പുതിയ ദൗത്യം ക്രിസ്തു അവർക്ക് നൽകിയപ്പോൾ, പത്രൊസും അന്ത്രെയോസും “ഉടനെ” വല ഉപേക്ഷിച്ച് അവനെ അനുഗമിച്ചു (മത്തായി 4:20), യാക്കോബും യോഹന്നാനും “ഉടനെ” അവരുടെ പടകു വിട്ടു (വാ. 22). അവർ യേശുവിനോടൊപ്പം ഈ പുതിയ സാഹസിക യാത്ര ആരംഭിച്ചു, തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ അവനിൽ വിശ്വസിച്ചു.
തീർച്ചയായും ദൈവം, ആളുകളെ അവർ എവിടെയായിരുന്നാലും തന്നെ സേവിക്കാൻ വിളിക്കുന്നു! സ്വദേശത്തു താമസിച്ചാലും വിദേശത്തു പോയാലും, നമുക്ക് ഒരിക്കലും സാധ്യമല്ലാത്ത വിധത്തിൽ അവനുവേണ്ടി ജീവിക്കാനുള്ള അത്ഭുതകരമായ അനുഭവങ്ങളും അവസരങ്ങളും കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്താൻ നമുക്ക് അവനിലേക്ക് പ്രതീക്ഷയോടെ നോക്കാം.
അടിമത്തത്തിൽ നിന്ന് മോചനം
“നിങ്ങൾ മോശെയെപ്പോലെയാണ്, അടിമത്തത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കുന്നു!’’ ജമൈല വിളിച്ചുപറഞ്ഞു. പാകിസ്ഥാനിൽ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന അവളും അവളുടെ കുടുംബവും ചൂള ഉടമയ്ക്ക് നൽകാനുള്ള അമിതമായ തുക കാരണം കഷ്ടപ്പെട്ടു. അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവർ പലിശ അടയ്ക്കാൻ ഉപയോഗിച്ചു. എന്നാൽ അവരുടെ കടത്തിൽ നിന്ന് ഒരു ലാഭേച്ഛയില്ലാത്ത ഏജൻസി അവരെ മോചിപ്പിച്ചപ്പോൾ അവർക്ക് വലിയ ആശ്വാസം തോന്നി. തങ്ങളുടെ സ്വാതന്ത്ര്യത്തിന് ഏജൻസിയുടെ പ്രതിനിധിക്ക് നന്ദി പറഞ്ഞുകൊണ്ട്, യേശുവിൽ വിശ്വസിക്കുന്ന ജമൈല, ദൈവം മോശയെയും യിസ്രായേല്യരെയും അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി.
യിസ്രായേല്യർ നൂറുകണക്കിന് വർഷങ്ങൾ ഈജിപ്തുകാരുടെ അടിമകളായി കഠിനമായ സാഹചര്യങ്ങളിൽ കഠിനാധ്വാനം ചെയ്തു. അവർ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (പുറപ്പാട് 2:23). എന്നാൽ അവരുടെ ജോലിഭാരം വർദ്ധിച്ചതേയുള്ളു. കാരണം പുതിയ ഫറവോൻ അവരോട് ഇഷ്ടികകൾ ഉണ്ടാക്കാൻ മാത്രമല്ല, ഈ ഇഷ്ടികകൾക്കുള്ള വൈക്കോൽ സ്വയം ശേഖരിക്കാനും ഉത്തരവിട്ടു (5:6-8). അടിമിത്തത്തിനെതിരെ യിസ്രായേല്യർ നിലവിളിച്ചുകൊണ്ടിരുന്നപ്പോൾ, ദൈവം അവരുടെ ദൈവമാണെന്ന തന്റെ വാഗ്ദത്തം ആവർത്തിച്ചു (6:7). മേലാൽ അവർ അടിമകളായിരിക്കില്ല, കാരണം അവൻ അവരെ 'നീട്ടിയ ഭുജം' കൊണ്ട് വീണ്ടെടുക്കും (വാ. 6).
ദൈവത്തിന്റെ മാർഗ്ഗനിർദേശപ്രകാരം മോശെ യിസ്രായേല്യരെ ഈജിപ്തിൽ നിന്ന് പുറപ്പെടുവിച്ചു (അധ്യായം 14 കാണുക). ഇന്നും ദൈവം ക്രൂശിതനായ തന്റെ പുത്രനായ യേശുവിന്റെ നീട്ടിയ കരങ്ങളിലൂടെ നമ്മെ വിടുവിക്കുന്നു. ഒരിക്കൽ നമ്മെ നിയന്ത്രിച്ചിരുന്ന പാപത്തിന്റെ വലിയ അടിമത്തത്തിൽ നിന്ന് നാം മോചിതരായിരിക്കുന്നു. നാംഇനി അടിമകളല്ല, സ്വതന്ത്രരാണ്!
ആത്മാവിനാൽ കുതിർക്കപ്പെടുക
ഗ്രന്ഥകാരനും അമേരിക്കൻ പുതിയ നിയമ പണ്ഡിതനുമായ സ്‌കോട്ട് മക്‌നൈറ്റ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ, “ആത്മാവിനാൽ കുതിർക്കപ്പെട്ട അനുഭവം” എന്ന് താൻ വിളിക്കുന്ന അനുഭവം ഉണ്ടായത് എങ്ങനെയെന്ന് പങ്കുവെക്കുന്നു. ഒരു ക്യാമ്പിൽ ആയിരിക്കുമ്പോൾ, ആത്മാവിന് കീഴടങ്ങി ക്രിസ്തുവിനെ തന്റെ ജീവിതത്തിൽ സിംഹാസനസ്ഥനാക്കാൻ പ്രസംഗകൻ ആഹ്വാനം ചെയ്തു. പിന്നീട്, സ്‌കോട്ട് ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു: “പിതാവേ, എന്റെ പാപങ്ങൾ എന്നോട് ക്ഷമിക്കണമേ. പരിശുദ്ധാത്മാവേ, എ്‌ന്റെ ഉള്ളിലേക്കു വന്ന് എന്നെ നിറയ്ക്കണമേ.'' എന്തോ ശക്തമായ ഒന്നു സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. ''ആ നിമിഷം മുതൽ എന്റെ ജീവിതം തികച്ചും വ്യത്യസ്തമായിത്തീർന്നു. പൂർണ്ണതയുള്ളതല്ല, വ്യത്യസ്തമായത്.'' ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും യേശുവിലുള്ള മറ്റു വിശ്വാസികളെ കാണാനും ദൈവത്തെ സേവിക്കാനുമുള്ള ആഗ്രഹം പെട്ടെന്ന് ഉണ്ടായി.
ഉയിർത്തെഴുന്നേറ്റ യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, തന്റെ സ്‌നേഹിതരോടു പറഞ്ഞു: “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ. 1:4). അവർ “ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും'' അവന്റെ സാക്ഷികൾ ആകും (വാ. 8). യേശുവിൽ വിശ്വസിക്കുന്ന എല്ലാവരിലും വസിക്കാൻ ദൈവം പരിശുദ്ധാത്മാവിനെ നൽകുന്നു. ഇത് ആദ്യം സംഭവിച്ചത് പെന്തക്കോസ്ത് ദിനത്തിലാണ് (പ്രവൃത്തികൾ 2 കാണുക); ഇന്ന് ഒരുവൻ ക്രിസ്തുവിൽ ആശ്രയിക്കുമ്പോഴെല്ലാം അത് സംഭവിക്കുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെ ദൈവാത്മാവ് നിറച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിന്റെ സഹായത്തോടെ നാമും രൂപാന്തരപ്പെട്ട സ്വഭാവത്തിന്റെയും ആഗ്രഹങ്ങളുടെയും ഫലം പുറപ്പെടുവിക്കുന്നു (ഗലാത്യർ 5:22-23). നമ്മെ ആശ്വസിപ്പിക്കുന്നതിനും, നമ്മെ തെറ്റുകൾ ബോധ്യപ്പെടുത്തുന്നതിനും, നമ്മോടു ചേർന്നു സഹകരിക്കുന്നതിനും, സ്‌നേഹിച്ചതിനും ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യാം.
വിശ്വാസം കേൾവിയാൽ വരുന്നു
പാസ്റ്റർ ബോബിനുണ്ടായ ഒരു പരിക്ക് തന്റെ ശബ്ദത്തെ ബാധിച്ചപ്പോൾ അദ്ദേഹത്തിന് പതിനഞ്ച് വർഷത്തോളം നീണ്ടുനിന്ന പ്രതിസന്ധികളും വിഷാദവും നേരിടേണ്ടിവന്നു. സംസാരിക്കാൻ കഴിയാത്ത ഒരു പാസ്റ്റർ എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. തന്റെ സങ്കടവും ആശയക്കുഴപ്പവും ദൈവത്തോട് പകർന്നുകൊണ്ട് അവൻ ഈ ചോദ്യത്തോട് പോരാട്ടം നടത്തി. “എനിക്ക് ഒരു കാര്യം മാത്രമേ ചെയ്യാനറിയൂ-ദൈവവചനത്തെ പിന്തുടരുക” അദ്ദേഹം ഓർമ്മിച്ചു. അദ്ദേഹം ബൈബിൾ വായിക്കാൻ സമയം ചിലവഴിച്ചപ്പോൾ, ദൈവത്തോടുള്ള തന്റെ സ്‌നേഹം വർദ്ധിച്ചു: ''ഞാൻ എന്റെ ജീവിതം തിരുവെഴുത്തുകളിൽ മുഴുകുന്നതിനും അതിനെ ആഗിരണം ചെയ്യുന്നതിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.''
അപ്പൊസ്തലനായ പൗലൊസ് റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ ''വിശ്വാസം കേൾവിയാൽ വരുന്നു'' എന്ന പ്രയോഗം നാം കാണുന്നു. തന്റെ എല്ലാ സഹയെഹൂദന്മാരും ക്രിസ്തുവിൽ വിശ്വസിക്കാനും രക്ഷിക്കപ്പെടാനും പൗലൊസ് ആഗ്രഹിച്ചു (റോമർ 10:9). അവർ എങ്ങനെ വിശ്വസിക്കും? വിശ്വാസത്താൽ ''ക്രിസ്തുവിന്റെ വചനത്തിന്റെ കേൾവിയിലൂടെ'' (വാ. 17).
പാസ്റ്റർ ബോബ് ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കാനും വിശ്വസിക്കാനും ശ്രമിക്കുന്നു, പ്രത്യേകിച്ചും അദ്ദേഹം ബൈബിൾ വായിക്കുമ്പോൾ. അദ്ദേഹത്തിന് ഒരു ദിവസം ഒരു മണിക്കൂർ മാത്രമേ സംസാരിക്കാൻ കഴിയൂ, അങ്ങനെ ചെയ്യുമ്പോൾ പോലും അദ്ദേഹത്തിന് നിരന്തരം വേദന അനുഭവപ്പെടുന്നു. എന്നാൽ തിരുവെഴുത്തുകളിൽ മുഴുകുന്നതിലൂടെ ദൈവത്തിൽ നിന്ന് സമാധാനവും സംതൃപ്തിയും അദ്ദേഹം കണ്ടെത്തുന്നു. അതുപോലെ നമ്മുടെ പോരാട്ടങ്ങളിൽ യേശു തന്നെത്തന്നെ വെളിപ്പെടുത്തുമെന്ന് നമുക്ക് വിശ്വസിക്കാം. നാം നേരിടുന്ന വെല്ലുവിളികൾ എന്തുതന്നെയായാലും അവന്റെ സന്ദേശം കേൾക്കുന്നതിലൂടെ അവൻ നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കും.
പരീശോധനകളിലൂടെ ശക്തരാകുക
ഞാൻ ചില പഴയ കവറുകൾ തപ്പുമ്പോൾ ''എനിക്ക് ഒരു നേത്ര പരിശോധന നടത്തി'' എന്നെഴുതിയ ഒരു സ്റ്റിക്കർ കണ്ടപ്പോൾ ഓർമ്മകൾ എന്നിലേക്ക് ഇരമ്പിയെത്തി. തുള്ളിമരുന്നുകൾ കണ്ണിലുണ്ടാക്കുന്ന എരിച്ചിൽ സഹിച്ച് നാല് വയസ്സുള്ള മകൻ അഭിമാനത്തോടെ ഈ സ്റ്റിക്കർ ഷർട്ടിൽ പതിച്ചു നടക്കുന്നത് ഞാൻ എന്റെ മനസ്സിൽ കണ്ടു. ഒരു കണ്ണിന്റെ ദുർബലമായ പേശികൾ കാരണം, അവന് ദിവസവും മണിക്കൂറുകളോളം തന്റെ ആരോഗ്യമുള്ള കണ്ണിനു മുകളിൽ ഒരു പാച്ച് ധരിക്കേണ്ടി വന്നു-ദുർബലമായ കണ്ണ് ശക്തിപ്പെടുന്നതിനുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നത്. അവന് ശസ്ത്രക്രിയയും ആവശ്യമായി വന്നു. അവൻ ഈ വെല്ലുവിളികളെ ഒന്നൊന്നായി നേരിട്ടു, ആശ്വാസത്തിനായി അവന്റെ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളെ നോക്കുകയും ശിശുസമാന വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തു. ഈ വെല്ലുവിളികളിലൂടെ അവൻ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തു.
പരിശോധനകളും കഷ്ടതകളും സഹിക്കുന്ന ആളുകൾ പലപ്പോഴും ആ അനുഭവങ്ങളാൽ രൂപാന്തരപ്പെടുന്നു. എന്നാൽ അപ്പൊസ്തലനായ പൗലൊസ് കൂടുതൽ മുന്നോട്ട് പോയി ''നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു'' എന്നു പ്രഖ്യാപിച്ചു. കാരണം അവയിലൂടെ നാം സ്ഥിരോത്സാഹം വളർത്തിയെടുക്കുന്നു. സ്ഥിരോത്സാഹത്തോടൊപ്പം സ്വഭാവം വരുന്നു; സ്വഭാവം പ്രത്യാശയെ ഉളവാക്കുന്നു (റോമർ 5:3-4). പൗലൊസിന് തീർച്ചയായും പരിശോധനകൾ അറിയാമായിരുന്നു - കപ്പൽച്ചേതം മാത്രമല്ല, വിശ്വാസത്തിനുവേണ്ടിയുള്ള തടവും അവൻ അനുഭവിച്ചു. എന്നിട്ടും അവൻ റോമിലെ വിശ്വാസികൾക്ക് എഴുതി, “പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്‌നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ” (വാ. 5). നാം യേശുവിൽ ആശ്രയിക്കുമ്പോൾ ദൈവാത്മാവ് നമ്മുടെ പ്രത്യാശയെ നിലനിർത്തുന്നുവെന്ന് അപ്പൊസ്തലൻ തിരിച്ചറിഞ്ഞു.
നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും, ദൈവം തന്റെ കൃപയും കരുണയും നിങ്ങളുടെ മേൽ ചൊരിയുമെന്ന് അറിയുക. അവൻ നിന്നെ സ്‌നേഹിക്കുന്നു.