ഇതിലും നല്ലത് എന്താണുള്ളത്?
എറിക് തന്റെ ഇരുപതുകളുടെ തുടക്കത്തിൽ യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് കേട്ടു. അവൻ പള്ളിയിൽ പോകാൻ തുടങ്ങി, അവിടെ ക്രിസ്തുവിനെ നന്നായി അറിയാൻ അവനെ സഹായിച്ച ഒരാളെ കണ്ടുമുട്ടി. അധികം താമസിയാതെ, പള്ളിയിൽ ഒരു ചെറിയ കൂട്ടം ആൺകുട്ടികളെ പഠിപ്പിക്കാൻ എറിക്കിന്റെ ഉപദേഷ്ടാവ് അവനെ നിയോഗിച്ചു. വർഷത്തിലുടനീളം, തന്റെ നഗരത്തിലെ അപകടസാധ്യതയുള്ള യുവാക്കളെ സഹായിക്കാനും പ്രായമായവരെ സന്ദർശിക്കാനും തന്റെ അയൽക്കാരോട് ആതിഥ്യമര്യാദ കാണിക്കാനും ദൈവം എറിക്കിന്റെ ഹൃദയത്തെ ആകർഷിച്ചു-എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി. ഇപ്പോൾ തന്റെ അൻപതുകളുടെ അവസാനത്തിൽ, സേവിക്കാൻ നേരത്തെ തന്നെ പഠിപ്പിച്ചതിൽ താൻ എത്ര നന്ദിയുള്ളവനാണെന്ന് എറിക് വിശദീകരിക്കുന്നു: ''യേശുവിൽ ഞാൻ കണ്ടെത്തിയ പ്രത്യാശ പങ്കിടാൻ എന്റെ ഹൃദയം നിറഞ്ഞു കവിയുന്നു. അവനെ സേവിക്കുന്നതിലും ശ്രേഷ്ഠമായ മറ്റെന്താണുള്ളത്?”
അവന്റെ വിശ്വാസത്തിൽ അമ്മയും മുത്തശ്ശിയും അവനെ സ്വാധീനിച്ചപ്പോൾ തിമൊഥെയൊസ് ഒരു കുട്ടിയായിരുന്നു (2 തിമൊഥെയൊസ് 1:5). അപ്പൊസ്തലനായ പൗലൊസ് അവനെ കണ്ടുമുട്ടിയപ്പോൾ അവൻ ഒരു യൗവനക്കാരനായിരുന്നിരിക്കാം. ദൈവത്തിനുവേണ്ടിയുള്ള തിമൊഥെയൊസിന്റെ സേവനത്തിൽ സാധ്യത കാണുകയും അവനെ ഒരു മിഷനറി യാത്രയ്ക്ക് ക്ഷണിക്കുകയും ചെയ്തു (പ്രവൃത്തികൾ 16:1-3). ശുശ്രൂഷയിലും ജീവിതത്തിലും പൗലൊസ് തിമൊഥെയൊസിന്റെ ഉപദേശകനായി. പഠിക്കാനും തെറ്റായ പഠിപ്പിക്കലുകൾ നേരിടുമ്പോൾ ധൈര്യമുള്ളവനായിരിക്കാനും തന്റെ കഴിവുകൾ ദൈവസേവനത്തിൽ ഉപയോഗിക്കാനും പൗലൊസ് അവനെ പ്രോത്സാഹിപ്പിച്ചു (1 തിമൊഥെയൊസ് 4:6-16).
ദൈവത്തെ സേവിക്കുന്നതിൽ തിമൊഥെയൊസ് വിശ്വസ്തനായിരിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചത് എന്തുകൊണ്ട്? അവൻ എഴുതി, “അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു” (വാ. 10). യേശു നമ്മുടെ പ്രത്യാശയും ലോകരക്ഷകനുമാണ്. അവനെ സേവിക്കുന്നതിനേക്കാൾ മെച്ചമായത് മറ്റെന്താണുള്ളത്?
ആരാണ് സ്തുതിക്കു യോഗ്യൻ?
സർപ്പിള ഗോവണി മുതൽ വിശാലമായ കിടപ്പുമുറി വരെ, മാർബിൾ തറകൾ മുതൽ വിലകൂടിയ പരവതാനി വരെ, വലിയ അലക്കുമുറി മുതൽ നന്നായി ചിട്ടപ്പെടുത്തിയ ഓഫീസ് വരെ, റിയൽറ്റർ യുവ ദമ്പതികൾക്ക് ഒരു മികച്ച വീട് കാണിച്ചുകൊടുത്തു. അവർ തിരിഞ്ഞ ഓരോ കോണിലും അതിന്റെ ഭംഗിയെക്കുറിച്ച് അവർ പറഞ്ഞു: “നിങ്ങൾ ഞങ്ങൾക്ക് ഏറ്റവും നല്ല സ്ഥലം തിരഞ്ഞെടുത്തു. ഈ വീട് അതിശയകരമാണ്!” അപ്പോൾ റിയൽ എസ്റ്റേറ്റർ അൽപ്പം അസ്വാഭാവികമായി അവർക്കു തോന്നിതതും എന്നാൽ സത്യവുമായ ഒരു കാര്യം പറഞ്ഞു: “നിങ്ങളുടെ അഭിനന്ദനം ഞാൻ ബിൽഡർക്ക് കൈമാറും. വീടോ അത് കാണിച്ചുതരുന്നവനോ അല്ല, വീട് പണിതവനാണ് പ്രശംസ അർഹിക്കുന്നത്.”
റിയൽറ്ററുടെ വാക്കുകൾ എബ്രായലേഖന എഴുത്തുകാരനെ പ്രതിധ്വനിപ്പിക്കുന്നു: ''ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുണ്ട്'' (3:3). ദൈവപുത്രനായ യേശുവിന്റെ വിശ്വസ്തതയെ പ്രവാചകനായ മോശെയുമായി എഴുത്തുകാരൻ താരതമ്യം ചെയ്യുന്നു (വാ. 1-6). ദൈവത്തോട് മുഖാമുഖം സംസാരിക്കാനും അവന്റെ രൂപം കാണാനും മോശയ്ക്ക് പദവി ലഭിച്ചെങ്കിലും (സംഖ്യ 12:8), അവൻ അപ്പോഴും ദൈവത്തിന്റെ ഭവനത്തിൽ ഒരു “ദാസൻ” മാത്രമായിരുന്നു (എബ്രായർ 3:5). സ്രഷ്ടാവായ ക്രിസ്തു (1:2, 10) “എല്ലാറ്റിന്റെയും ദൈവിക നിർമ്മാതാവ്” എന്ന നിലയിലും “ദൈവത്തിന്റെ ഭവനത്തിൽ” പുത്രൻ എന്ന നിലയിലും ബഹുമാനം അർഹിക്കുന്നു (3:4, 6). ദൈവത്തിന്റെ ഭവനം അവന്റെ ജനമാണ്.
നാം ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുമ്പോൾ, ആ ബഹുമതി അർഹിക്കുന്നത് ദൈവിക നിർമ്മാതാവായ യേശുവാണ്. ദൈവത്തിന്റെ ഭവനമായ നമുക്ക് ലഭിക്കുന്ന ഏതൊരു സ്തുതിയും ആത്യന്തികമായി അവനുള്ളതാണ്.
ആന്തരിക സൗഖ്യം തേടുക
അമേരിക്കൻ സംസ്ഥാനമായ മിഷിഗണിൽ നിന്നുള്ള, എപ്പോഴും തിരക്കുള്ള ആളാണ് കാർസൺ. വേട്ടയാടുകയും മീൻ പിടിക്കുകയും ഗ്രാമീണ പാതകളിൽ ബൈക്കോടിക്കുകയും സ്‌കേറ്റ്‌ബോർഡിൽ സഞ്ചരിക്കുകയും ചെയ്തുകൊണ്ട് എപ്പോഴും പുറത്തുകറങ്ങാൻ അയാൾ ഇഷ്ടപ്പെട്ടു. എന്നാൽ ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽ പെട്ട അയാളുടെ ശരീരം നെഞ്ചിനു താഴേക്ക് തളർന്നു. താമസിയാതെ വിഷാദത്തിൽ മുങ്ങിയ അയാൾക്ക് ഭാവിയൊന്നും കാണാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അയാളുടെ ചില കൂട്ടുകാർ വീണ്ടും വേട്ടയാടാൻ പ്രേരിപ്പിച്ചു. ചുറ്റുപാടുമുള്ള സൗന്ദര്യം ആസ്വദിച്ചപ്പോൾ തന്റെ വേദനകൾ അയാൾ മറന്നു. ഈ അനുഭവം അയാൾക്ക് ആന്തരിക സൗഖ്യം നൽകുകയും അവന്റെ ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം നൽകുകയും ചെയ്തു-ഹണ്ട് 2 ഹീൽ എന്ന ലാഭേച്ഛയില്ലാത്ത സംഘടനയിലൂടെ തന്നെപ്പോലുള്ള മറ്റുള്ളവർക്ക് ഇതേ അനുഭവം നൽകുന്നതിന് അയാൾ ജീവിതം ഉഴുഞ്ഞുവെച്ചു. തന്റെ അപകടം 'പ്രച്ഛന്നവേഷത്തിലെത്തിയ ഒരു അനുഗ്രഹമായിരുന്നു. . . . ഇപ്പോൾ എനിക്ക് തിരികെ നൽകാൻ കഴിയും, അത് ഞാൻ എപ്പോഴും ചെയ്യാൻ ആഗ്രഹിച്ചു. ഞാൻ സന്തോഷത്തിലാണ്' അയാൾ പറയുന്നു. കഠിനമായ ചലന വൈകല്യമുള്ളവർക്കും അവരെ പരിചരിക്കുന്നവർക്കും സൗഖ്യം കണ്ടെത്തുന്നതിന് ഒരു സ്ഥലം നൽകുന്നതിൽ അദ്ദേഹം ആവേശഭരിതനാണ്.
തകർന്നവർക്കു സൗഖ്യം നൽകുന്നവന്റെ വരവിനെക്കുറിച്ച് യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു (യെശ. 61). അവൻ 'ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും'' അറിയിക്കുകയും ചെയ്യും (വാ. 1-2). യേശു തന്റെ ജന്മനാട്ടിലെ സിനഗോഗിൽ ഈ തിരുവെഴുത്ത് വായിച്ചതിനുശേഷം പറഞ്ഞു, 'ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു' (ലൂക്കൊ. 4:21). യേശു വന്നത് നമ്മെ രക്ഷിക്കാനും നമ്മെ സുഖപ്പെടുത്താനുമാണ്.
നിങ്ങൾക്ക് ആന്തരിക സൗഖ്യം ആവശ്യമുണ്ടോ? യേശുവിലേക്ക് തിരിയുക, അവൻ നിങ്ങൾക്ക് 'വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാട' നൽകും (യെശയ്യാവ് 61:3).
സേവിക്കാനുള്ള വെല്ലുവിളി
പതിമൂന്ന് വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും, മറ്റുള്ളവരെ സേവിക്കാനുള്ള ഒരു വെല്ലുവിളി ഡിഅവിയോൺ ഏറ്റെടുത്തു. വേനലവധിക്കാലത്ത് സൗജന്യമായി അമ്പത് പുൽത്തകിടികൾ വെട്ടിക്കൊടുക്കാൻ കുട്ടികളെ ആഹ്വാനം ചെയ്ത ഒരാളെക്കുറിച്ചുള്ള ഒരു കഥ അവനും അവന്റെ അമ്മയും കേട്ടിരുന്നു. ജോലിയിൽനിന്നു വിരമിച്ചവർ, അവിവാഹിതരായ അമ്മമാർ, അംഗപരിമിതർ, അല്ലെങ്കിൽ സഹായം ആവശ്യമുള്ളവർ എന്നിവരെ സഹായിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സ്ഥാപകൻ (അൻപത് സംസ്ഥാനങ്ങളിൽ അമ്പത് പുൽത്തകിടികൾ വെട്ടിയിരുന്നു) തൊഴിൽ ധാർമ്മികതയുടെ പ്രാധാന്യം പഠിപ്പിക്കുന്നതിനും സമൂഹത്തിന് തിരികെ നൽകുന്നതിനുമുള്ള വെല്ലുവിളി സൃഷ്ടിച്ചു. വേനൽക്കാലത്തെ കഠിനമായ ചൂടും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയും ഉണ്ടായിട്ടും ഈ കൗമാരക്കാരൻ മറ്റുള്ളവരെ സേവിക്കുന്നതു തിരഞ്ഞെടുക്കുകയും വെല്ലുവിളി പൂർത്തിയാക്കുകയും ചെയ്തു.
സേവിക്കാനുള്ള വെല്ലുവിളി യേശുവിൽ വിശ്വസിക്കുന്നവർക്കും നേരെയുള്ളതാണ്. സകല മനുഷ്യർക്കും വേണ്ടി മരിക്കുന്നതിന്റെ തലേദിവസം രാത്രി, യേശു തന്റെ സ്‌നേഹിതരോടൊപ്പം അത്താഴം കഴിച്ചു (യോഹന്നാൻ 13:1-2). താൻ ഉടൻ നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മരണത്തെക്കുറിച്ചും അവനു നന്നായി അറിയാമായിരുന്നു, എന്നിട്ടും അവൻ ഭക്ഷണത്തിൽ നിന്ന് എഴുന്നേറ്റു, ഒരു തോർത്ത് അരയിൽ ചുറ്റി, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ തുടങ്ങി (വാ. 3-5). 'കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു'' എന്ന് അവൻ അവരോടു പറഞ്ഞു (വാ. 14).
എളിമയുള്ള ദാസനും നമ്മുടെ മാതൃകയുമായ യേശു, ആളുകളെ കരുതി: അവൻ അന്ധരെയും രോഗികളെയും സുഖപ്പെടുത്തി, തന്റെ രാജ്യത്തിന്റെ സുവിശേഷം ഉപദേശിച്ചു, അവന്റെ സ്‌നേഹിതർക്കായി തന്റെ ജീവൻ നൽകി. ക്രിസ്തു നിങ്ങളെ സ്‌നേഹിക്കുന്നതിനാൽ, ഈ ആഴ്ച നിങ്ങൾ ആരെ സേവിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നതെന്ന് അവനോട് ചോദിക്കുക.
നിങ്ങൾ തനിച്ചാണോ?
ശ്വേതയുടെ കുടുംബം അവളുടെ കൺമുമ്പിൽ തകർന്നുവീഴുകയായിരുന്നു. അവളുടെ ഭർത്താവ് പെട്ടെന്ന് വീടുവിട്ടിറങ്ങി, അവളും മക്കളും ആശയക്കുഴപ്പത്തിലാവുകയും ദേഷ്യപ്പെടുകയും ചെയ്തു. തന്നോടൊപ്പം വിവാഹ കൗൺസിലിംഗിന് പോകാൻ അവൾ അയാളോട് ആവശ്യപ്പെട്ടു, പക്ഷേ പ്രശ്നങ്ങൾ അവളുടേതാണെന്ന് അവകാശപ്പെട്ട് അയാൾ അത് ചെയ്തില്ല. ഇനിയൊരിക്കലും അയാൾ തിരിച്ചുവരില്ലെന്ന് മനസ്സിലാക്കിയപ്പോൾ അവളിൽ പരിഭ്രാന്തിയും നിരാശയും ഉടലെടുത്തു. തന്നെയും മക്കളെയും ഒറ്റയ്ക്ക് പരിപാലിക്കുവാൻ അവൾക്ക് കഴിയുമോ?
അബ്രഹാമിന്റെയും സാറായുടെയും ദാസിയായ ഹാഗാറും ആ ചിന്തകളെ അഭിമുഖീകരിച്ചു. വാഗ്ദത്തം ചെയ്തതുപോലെ ദൈവം അവർക്കൊരു പുത്രനെ നൽകുന്നതിനായി കാത്തിരിക്കാതെ (ഉൽപ. 12:15), സാറാ ഹാഗാറിനെ ഭർത്താവിന് നൽകി, ഹാഗാർ യിശ്മായേലിന് ജൻമം നൽകി (16:1-4,15). എന്നിരുന്നാലും, ദൈവം തന്റെ വാഗ്ദത്തം നിറവേറ്റുകയും സാറാ യിസ്ഹാക്കിനെ പ്രസവിക്കുകയും ചെയ്തപ്പോൾ കുടുംബപ്രശ്നങ്ങൾ പൊട്ടി പുറപ്പെട്ടു, അബ്രാഹാം ഹാഗാറിനെ അവരുടെ മകൻ യിശ്മായേലിനൊപ്പം കുറച്ച് വെള്ളവും ഭക്ഷണവും മാത്രം നൽകി അയച്ചു (21:8-21). അവളുടെ നിരാശ നിങ്ങൾക്ക് സങ്കൽപിക്കുവാൻ കഴിയുമോ? താമസിയാതെ മരുഭൂമിയിൽ അവരുടെ ഭക്ഷണസാധനങ്ങൾ തീർന്നു. എന്തുചെയ്യണമെന്നറിയാതെയും, മകൻ മരിക്കുന്നത് കാണാൻ ആഗ്രഹിക്കാതെയും ഹാഗാർ യിശ്മായേലിനെ ഒരു കുറ്റിക്കാട്ടിനടിയിൽ കിടത്തി കുറച്ചു ദൂരം നടന്നു. അവർ രണ്ടുപേരും തേങ്ങാൻ തുടങ്ങി. എന്നാൽ "ദൈവം ബാലന്റെ നിലവിളി കേട്ടു" (വാ.17). അവൻ അവരുടെ നിലവിളി കേട്ട്, അവരുടെ ആവശ്യങ്ങൾ നിറവേറ്റി, അവരോടുകൂടെയിരുന്നു.
നാം ഒറ്റയ്ക്കാണെന്ന് തോന്നുന്ന നിരാശയുടെ സമയങ്ങൾ ദൈവത്തോട് നിലവിളിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ആ നിമിഷങ്ങളിലും ജീവിതത്തിലുടനീളവും അവൻ നമ്മെ കേൾക്കുന്നു, നമുക്കായി കരുതുന്നു. അവൻ നമ്മോട് അടുത്ത് നിൽക്കുന്നു എന്നറിയുന്നത് എത്ര ആശ്വാസകരമാണ്.
നമ്മൾ പരദേശികൾ
പുതിയ ഭാഷ, സ്കൂളുകൾ, ആചാരങ്ങൾ, ഗതാഗതം, കാലാവസ്ഥ എന്നിങ്ങനെ പുതിയ രാജ്യത്ത് അവർക്കെല്ലാം തികച്ചും വ്യത്യസ്തമായി തോന്നി. എങ്ങനെ അഡ്ജസ്റ്റ് ചെയ്യുമെന്ന് അവർ ചിന്തിച്ചു. പുതിയ ദേശത്ത് അവരുടെ പുതിയ ജീവിതത്തിൽ അവരെ സഹായിക്കാൻ അടുത്തുള്ള പള്ളിയിൽ നിന്നുള്ള ആളുകൾ അവർക്ക് ചുറ്റും കൂടി. എന്താണ് ലഭ്യമെന്നും സാധനങ്ങൾ എവിടെനിന്നു വാങ്ങാമെന്നും കാണിക്കാൻ പല്ലവി ആ ദമ്പതികളെ ഒരു പ്രാദേശിക ചന്തയിൽ ഷോപ്പിംഗിന് കൊണ്ടുപോയി. ചന്തയിൽ ചുറ്റിക്കറങ്ങുമ്പോൾ, അവരുടെ നാട്ടിൽ നിന്നുള്ള പ്രിയപ്പെട്ട മാതളനാരങ്ങ കണ്ടപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു, അവർ സന്തോഷത്തോടെ പുഞ്ചിരിച്ചു. അവർ ഓരോ മക്കൾക്കും ഓരോന്ന് വാങ്ങി. നന്ദിസൂചകമായി പല്ലവിയുടെ കൈകളിൽ ഒരെണ്ണം വച്ചു. ആ ചെറിയ പഴങ്ങളും അവരുടെ പുതിയ സുഹൃത്തുക്കളും, ആ അപരിചിതഭൂമിയിൽ അവർക്ക് വലിയ ആശ്വാസം നൽകി.
ദൈവം മോശയിലൂടെ തന്റെ ജനത്തിന് നിയമങ്ങളുടെ ഒരു പട്ടിക നൽകി, അതിൽ പരദേശികളെ "നിങ്ങളുടെ സ്വദേശികളായി" പരിഗണിക്കാനുള്ള കൽപ്പന ഉൾപ്പെടുന്നു (ലേവ്യപുസ്തകം 19:34). “നി അവരെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം,” ദൈവം തുടർന്നും കൽപ്പിച്ചു. ദൈവത്തെ സ്നേഹിക്കുക എന്നതിനു ശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ കൽപ്പന എന്നാണ് യേശു ഇതിനെ വിളിച്ചത് (മത്തായി 22:39). കാരണം, ദൈവം പോലും "പരദേശികളെ പരിപാലിക്കുന്നു " (സങ്കീർത്തനം 146:9).
നമ്മുടെ രാജ്യത്തെ ജീവിതവുമായി പൊരുത്തപ്പെടാൻ പുതിയ സുഹൃത്തുക്കളെ സഹായിക്കുമ്പോൾ ദൈവത്തെ അനുസരിക്കുന്നതിനൊപ്പം, യഥാർത്ഥത്തിൽ നമ്മളും "ഭൂമിയിൽ അന്യരും പരദേശികളും" (എബ്രായർ 11:13) ആണെന്നു നമ്മെ ഓർമ്മിപ്പിക്കുന്നു. കൂടാതെ, വരാനിരിക്കുന്ന പുതിയ സ്വർഗീയദേശത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷയിൽ നാം വളരുകയും ചെയ്യും.
താഴേക്കു കുനിയുക
തന്റെ ചെറിയ ബൈക്ക് അവളുടെ ചെറിയ കാലുകൾക്ക് പോകാൻ കഴിയുന്നത്ര വേഗത്തിൽ ചവിട്ടി നീങ്ങിയ മകളുടെ പിന്നാലെ ചെറുപ്പക്കാരിയായ അമ്മ നടന്നു. എന്നാൽ അവൾ ആഗ്രഹിച്ചതിലും കൂടുതൽ വേഗതയിൽ സൈക്കിൾ മുന്നോട്ടു നീങ്ങി മറിഞ്ഞു വീണു. തന്റെ കണങ്കാൽ വേദനിക്കുന്നുവെന്ന് പറഞ്ഞ് കുട്ടി കരഞ്ഞു. അവളുടെ അമ്മ നിശബ്ദമായി മുട്ടുകുത്തി, കുനിഞ്ഞ്, “വേദന മാറാൻ’’ കാലിനെ ചുംബിച്ചു. അത് പ്രവർത്തിച്ചു! കൊച്ചുപെൺകുട്ടി ചാടിയെഴുന്നേറ്റു, ബൈക്കിൽ തിരികെ കയറി, ചവിട്ടി. നമ്മുടെ എല്ലാ വേദനകളും അത്ര എളുപ്പത്തിൽ മാറാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ!
അപ്പൊസ്തലനായ പൗലൊസ് തന്റെ നിരന്തരമായ പോരാട്ടങ്ങളിൽ ദൈവത്തിന്റെ ആശ്വാസം അനുഭവിച്ചറിഞ്ഞു, എന്നിട്ട് മുന്നോട്ടു പോയി. ആ പരിശോധനകളിൽ ചിലത് 2 കൊരിന്ത്യർ 11:23- 29 ൽ അദ്ദേഹം പട്ടികപ്പെടുത്തി: ചാട്ടവാറടി, അടി, കല്ലേറ്, ഉറക്കിളപ്പ്, വിശപ്പ്, സകല സഭകൾക്കും വേണ്ടിയുള്ള ചിന്താഭാരം. ദൈവം “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമാണ്” (1:3) അല്ലെങ്കിൽ മറ്റൊരു പതിപ്പ് അതിനെ വിവർത്തനം ചെയ്യുന്നതുപോലെ: “അവൻ ആർദ്രമായ സ്‌നേഹം നൽകുന്ന’’ പിതാവാണ് (NIrV). ഒരു അമ്മ തന്റെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ, നമ്മുടെ വേദനയിൽ നമ്മെ ആർദ്രമായി പരിപാലിക്കാൻ ദൈവം കുനിയുന്നു.
നമ്മെ ആശ്വസിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ സ്‌നേഹനിർഭരമായ വഴികൾ അനേകവും വ്യത്യസ്തവുമാണ്. തുടരാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു തിരുവെഴുത്ത് വാക്യം അവൻ നമുക്ക് നൽകിയേക്കാം, അല്ലെങ്കിൽ ആരെങ്കിലും ഒരു പ്രത്യേക കുറിപ്പ് അയയ്ക്കുകയോ അല്ലെങ്കിൽ നമ്മുടെ ആത്മാവിനെ സ്പർശിക്കുന്ന ഒരു ഫോൺകോൾ നൽകാൻ ഒരു സുഹൃത്തിനെ പ്രേരിപ്പിക്കുകയോ ചെയ്‌തേക്കാം. പോരാട്ടം അവസാനിച്ചേക്കില്ലെങ്കിലും, നമ്മെ സഹായിക്കാൻ ദൈവം കുനിയുന്നതിനാൽ, നമുക്ക് എഴുന്നേറ്റു മുന്നോട്ടു നീങ്ങാൻ കഴിയും.
വിശ്വാസം പ്രവൃത്തിയിൽ
2021 ലെ ഒരു സായാഹ്നത്തിൽ ഒരു പ്രദേശത്തു വീശിയടിച്ച ചുഴലിക്കാറ്റ് ഒരു കുടുംബത്തിന്റെ കളപ്പുരയെ നശിപ്പിച്ചു. 1800 കളുടെ അവസാനം മുതൽ കളപ്പുര കുടുംബസ്വത്തിലുണ്ടായിരുന്നതിനാൽ ഇത് ഒരു ദുഃഖകരമായ നഷ്ടമായിരുന്നു. ജോണും ഭാര്യയും അടുത്ത ദിവസം രാവിലെ പള്ളിയിലേക്കു പോകുമ്പോൾ, അവർ കേടുപാടുകൾ കാണുകയും എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കുകയും ചെയ്തു. അങ്ങനെ അവർ കാർ നിർത്തി വിവരങ്ങൾ തിരക്കി, ശുചീകരണത്തിന് കുടുംബത്തിനു സഹായം ആവശ്യമാണെന്നു മനസ്സിലാക്കി. കാർ വേഗത്തിൽ തിരിച്ച്, അവർ വസ്ത്രം മാറാൻ വീട്ടിലേക്കു മടങ്ങി. അക്രമാസക്തമായ കാറ്റിൽ തകർന്നുവീണ കളപ്പുരയുടെ അ്‌വശിഷ്ടങ്ങൾ വൃത്തിയാക്കാൻ ആ ദിവസം അവിടെ താമസിച്ചു. ആ കുടുംബത്തെ സേവിച്ചതിലൂടെ അവർ തങ്ങളുടെ വിശ്വാസം പ്രാവർത്തികമാക്കി.
“പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു’’ (യാക്കോബ് 2:26) എന്നു യാക്കോബ് പറഞ്ഞു. എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ അനുസരണയോടെ ദൈവത്തെ അനുഗമിച്ച അബ്രഹാമിന്റെ ഉദാഹരണം യാക്കോബ് നൽകുന്നു (വാ. 23; ഉല്പത്തി 12:14; 15:6; എബ്രായർ 11:8 കാണുക). യെരീഹോ പട്ടണം ഒറ്റുനോക്കുവാൻ പോയ ചാരന്മാരെ ഒളിപ്പിച്ചപ്പോൾ യിസ്രായേലിന്റെ ദൈവത്തിലുള്ള തന്റെ വിശ്വാസം പ്രകടമാക്കിയ രാഹാബിനെയും യാക്കോബ് പരാമർശിക്കുന്നു (യാക്കോബ് 2:25; യോശുവ 2; 6:17 കാണുക).
“ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു?’’ (യാക്കോബ് 2:14), അത് അവർക്ക് ഒരു ഗുണവും ചെയ്യുന്നില്ല. “വിശ്വാസമാണ് വേരുകൾ, സൽപ്രവൃത്തികളാണ് ഫലം,’’ മാത്യു ഹെൻറി അഭിപ്രായപ്പെടുന്നു, “നമുക്ക് രണ്ടും ഉണ്ടെന്ന് ഉറപ്പുവരുത്തണം.’’ ദൈവത്തിന് നമ്മുടെ നല്ല പ്രവൃത്തികൾ ആവശ്യമില്ല, എന്നാൽ നമ്മുടെ വിശ്വാസം നമ്മുടെ പ്രവൃത്തികളാൽ തെളിയിക്കപ്പെടണം.
ദൈവത്തെ സ്നേഹിക്കുകയും അവനിൽ ചാരുകയും ചെയ്യുക
സുനിൽ തമാശക്കാരനും മിടുക്കനും എല്ലാവരുടെയും സ്നേഹഭാജനവുമായിരുന്നു. എന്നാൽ അവൻ രഹസ്യമായി വിഷാദരോഗത്തോടു പോരാടുകയായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അവൻ ആത്മഹത്യ ചെയ്തതിനുശേഷം, അവന്റെ അമ്മ പ്രതിഭ അവനെക്കുറിച്ച് പറഞ്ഞു, “അവനെപ്പോലെ ഇത്രയധികം മിടുക്കനും എല്ലാവരും ഇഷ്ടപ്പെടുന്നവനുമായ ഒരാൾ എങ്ങനെ ആ അവസ്ഥയിലേക്ക് വരുമെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. സുനിൽ. . . ആത്മഹത്യയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നില്ല.’’ പ്രതിഭയ്ക്ക് നിശ്ശബ്ദമായി തന്റെ സങ്കടം ദൈവത്തോട് പകരുന്ന നിമിഷങ്ങളുണ്ട്. ആത്മഹത്യയ്ക്കു ശേഷമുള്ള അഗാധമായ ദുഃഖം “തികച്ചും വ്യത്യസ്തമായ ദുഃഖത്തിന്റെ തലം’’ ആണെന്ന് അവൾ പറയുന്നു. എന്നിട്ടും അവളും അവളുടെ കുടുംബവും ശക്തിക്കായി ദൈവത്തിലും മറ്റുള്ളവരിലും ചാരുവാൻ പഠിച്ചു, ഇപ്പോൾ അവർ വിഷാദരോഗത്തിന്റെ പിടിയിലായിരിക്കുന്ന മറ്റുള്ളവരെ സ്നേഹിക്കാൻ അവരുടെ സമയം ഉപയോഗിക്കുന്നു.
പ്രതിഭയുടെ മുദ്രാവാക്യം “സ്നേഹിക്കുകയും ചാരുകയും’’ എന്നതായി മാറി. രൂത്തിന്റെ പഴയനിയമ കഥയിലും ഈ ആശയം കാണാം. നൊവൊമിക്ക് അവളുടെ ഭർത്താവിനെയും രണ്ട് ആൺമക്കളെയും നഷ്ടപ്പെട്ടു - അവരിലൊരാൾ രൂത്തിനെയാണ് വിവാഹം കഴിച്ചത് (രൂത്ത് 1:3-5). കയ്പ്പും വിഷാദവും കൊണ്ടു നിറഞ്ഞ നൊവൊമി, അവളെ പരിപാലിക്കാൻ കഴിയുന്ന അമ്മയുടെ കുടുംബത്തിലേക്കു മടങ്ങാൻ രൂത്തിനെ പ്രേരിപ്പിച്ചു. രൂത്താകട്ടെ ദുഃഖിതയാണെങ്കിലും, അമ്മായിയമ്മയോടു “പറ്റിനിന്നു,’’ അവളോടൊപ്പം താമസിക്കാനും അവളെ പരിപാലിക്കാനും പ്രതിജ്ഞചെയ്തു (വാ. 14-17). അവർ നവോമിയുടെ മാതൃരാജ്യമായ ബെത്ലഹേമിലേക്കു മടങ്ങി, അവിടെ രൂത്ത് ഒരു വിദേശിയായിരുന്നു. എന്നാൽ അവർക്ക് സ്നേഹിക്കാനും ചാരുവാനും പരസ്പരം ഉണ്ടായിരുന്നു, ദൈവം അവർക്ക് വേണ്ടി കരുതി (2:11-12).
നമ്മുടെ ദുഃഖസമയത്ത്, ദൈവസ്നേഹം സ്ഥിരമായി നിലകൊള്ളുന്നു. നമുക്കു ചാരുവാൻ അവനെപ്പോഴും നമുക്കുവേണ്ടി ഉള്ളതുപോലെ നാം അവന്റെ ശക്തിയിൽ മറ്റുള്ളവരിൽ ആശ്രയിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്നു.
അതിജീവനവും അഭിവൃദ്ധിയും
ഗുഹാവാസിയായ ഒരാളുടെ കുടുംബത്തിന്റെ കഥ പറയുന്ന ഒരു ഇംഗ്ലീഷ് സിനിമയിൽ അയാൾ പറയുന്നത് "അവരുടെ ചെറിയ കുടുംബം ഒരുമിച്ച് നിന്നാലേ നിലനില്ക്കാനാകൂ" എന്നാണ്. അവർക്ക് ലോകത്തേയും മറ്റുള്ളവരെയും ഭയമാണ്. താമസിക്കുവാൻ മറ്റാരുമില്ലാത്ത ഒരിടം അവർ കണ്ടെത്തി. പക്ഷേ, അപരിചിതരായ മറ്റൊരു കുടുംബം ഇതിനകം തന്നെ ആ ഭാഗത്ത് താമസിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അയാൾക്ക് ഭയമായി. എന്നാൽ പെട്ടെന്ന് തന്നെ അവർ വ്യത്യാസങ്ങൾ മറന്ന് സ്നേഹത്തിലാകുകയും ഒരുമിച്ച് ജീവിക്കുവാൻ തുടങ്ങുകയും ചെയ്തു. തങ്ങൾക്ക് യഥാർത്ഥത്തിൽ അവരുടെ സഹവാസം സന്തോഷകരമാണെന്നും പൂർണ്ണമായ ഒരു ജീവിതത്തിന് മറ്റുള്ളവരും അനിവാര്യമാണെന്നും അവർ മനസ്സിലാക്കി.
ബന്ധങ്ങൾ നിലനിർത്തുന്നത് ശ്രമകരമാണ് - ആളുകൾ നമുക്ക് ഹാനികരമായ രീതിയിൽ ഇടപെടാൻ സാധ്യതയുണ്ട്. എങ്കിലും ദൈവം സഭയെന്ന ശരീരത്തിൽ തന്റെ ജനത്തെ ഒരുമിച്ചാക്കിയത് അന്യോന്യം പ്രയോജനത്തിനായിട്ടാണ്. മറ്റുള്ളവരുമായുള്ള കൂട്ടായ്മ ബന്ധത്തിലാണ് നാം പക്വത പ്രാപിക്കുന്നത് (എഫേസ്യർ 4:13). "പൂർണ്ണ വിനയത്തോടെയും സൗമ്യതയോടെയും ദീർഘക്ഷമയോടെയും” (വാ.2) ജീവിക്കുവാൻ ദൈവത്തിൽ ആശ്രയിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും ജീവിതത്തെ "സ്നേഹത്തിൽ" പണിതുയർത്താൻ നാം അന്യോന്യം സഹായിക്കേണ്ടതുണ്ട് (വാ.16). നാം ഒരുമിച്ച് കൂടുമ്പോൾ സ്വന്തം കൃപാവരങ്ങൾ ഉപയോഗിക്കുകയും മറുള്ളവരുടേത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതു വഴി ദൈവത്തോടുകൂടെ നടന്ന് അവിടുത്തെ സേവിക്കുന്നതിന് നാം സജ്ജരാകുന്നു.
ദൈവം നയിക്കുന്നതിനനുസരിച്ച്, ദൈവജനത്തിന്റെ ഇടയിൽ നിങ്ങളുടെ ശുശ്രൂഷയെന്താണെന്ന് കണ്ടെത്താം. കേവലം അതിജീവനത്തിനപ്പുറം അതു ചെയ്യുവാൻ കഴിയും; പങ്കുവെക്കപ്പെടുന്ന സ്നേഹത്തിലൂടെ ദൈവത്തിന് മഹത്വം ഉണ്ടാകുകയും നാം കൂടുതലായി യേശുവിനെപ്പോലെയാകുകയും ചെയ്യും. യേശുവിനോടും മറ്റുള്ളവരോടുമുള്ള ബന്ധം വളരുന്നതനുസരിച്ച് നമ്മുടെ ദൈവാശ്രയത്വവും വർദ്ധിക്കും.