പ്രാർത്ഥനയിലൂടെ സ്‌നേഹിക്കുക
വർഷങ്ങളായി, ജോൺ സഭയിൽ അസ്വസ്ഥനായിട്ടാണ് ഇരുന്നിരുന്നത്. അവൻ പെട്ടെന്നു കോപിക്കുന്നവനും എല്ലാം തന്റെ ിഷ്ടത്തിനനുസരിച്ച് വേണമെന്ന് ആവശ്യപ്പെടുന്നവനും പലപ്പോഴും പരുഷ സ്വഭാവക്കാരനുമായിരുന്നു. തന്നെ നന്നായി “ശുശ്രൂഷിക്കുന്നില്ലെന്നും സന്നദ്ധപ്രവർത്തകരും ജീവനക്കാരും അവരുടെ ജോലി ചെയ്യുന്നില്ലെന്നും’’ അയാൾ നിരന്തരം പരാതിപ്പെട്ടു. അയാൾക്ക്, സത്യസന്ധമായി പറഞ്ഞാൽ, സ്‌നേഹിക്കാൻ ബുദ്ധിമുട്ടായിരുന്നു.
അതിനാൽ അയാൾ ക്യാൻസർ ബാധിതനാണെന്ന് കേട്ടപ്പോൾ, അാൾക്കുവേണ്ടി പ്രാർത്ഥിക്കാൻ എനിക്ക് ബുദ്ധിമുട്ടായി. അയാളുടെ പരുഷമായ വാക്കുകളുടെയും അസുഖകരമായ സ്വഭാവത്തിന്റെയും ഓർമ്മകൾ എന്റെ മനസ്സിൽ നിറഞ്ഞു. എന്നാൽ സ്‌നേഹത്തിനായുള്ള യേശുവിന്റെ ആഹ്വാനത്തെ ഓർത്തുകൊണ്ട്, എല്ലാ ദിവസവും ജോണിനുവേണ്ടി ലളിതമായ ഒരു പ്രാർത്ഥന പ്രാർത്ഥിക്കാൻ ഞാൻ ശീലിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവന്റെ ഇഷ്ടപ്പെടാത്ത ഗുണങ്ങളെക്കുറിച്ച് ഞാൻ കുറച്ച് തവണ ചിന്തിക്കാൻ തുടങ്ങി. അയാൾ ശരിക്കും വേദനിക്കുന്നുണ്ടാകണം, ഞാൻ വിചാരിച്ചു. ഒരുപക്ഷേ താൻ നഷ്ടപ്പെട്ടവനാണെന്ന് അയാൾക്ക് ഇപ്പോൾ ശരിക്കും തോന്നുന്നുണ്ടാകും.
പ്രാർത്ഥന, നമ്മെയും നമ്മുടെ വികാരങ്ങളെയും മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളെയും ദൈവത്തോട് തുറന്നുപറയുന്നതാണ്. അതിലേക്ക് പ്രവേശിക്കാനും അവന്റെ കാഴ്ചപ്പാട് അതിലേക്ക് കൊണ്ടുവരാനും അവനെ അനുവദിക്കുന്നു. പ്രാർത്ഥനയിൽ നമ്മുടെ ഇഷ്ടങ്ങളും വികാരങ്ങളും അവനു സമർപ്പിക്കുക എന്ന പ്രവൃത്തി, സാവധാനം എന്നാൽ ഉറപ്പായും നമ്മുടെ ഹൃദയങ്ങളെ മാറ്റാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നു. നമ്മുടെ ശത്രുക്കളെ സ്‌നേഹിക്കാനുള്ള യേശുവിന്റെ ആഹ്വാനവും പ്രാർത്ഥനയ്ക്കുള്ള ആഹ്വാനവും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല: 'നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ' (ലൂക്കൊസ് 6:28).
ജോണിനെക്കുറിച്ച് നന്നായി ചിന്തിക്കാൻ ഞാൻ ഇപ്പോഴും പാടുപെടുന്നു എന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ ആത്മാവിന്റെ സഹായത്തോടെ, ദൈവത്തിന്റെ കണ്ണുകളിലൂടെയും ഹൃദയത്തിലൂടെയും ക്ഷമിക്കപ്പെടാനും സ്‌നേഹിക്കപ്പെടാനുമുള്ള ഒരു വ്യക്തിയായി അയാളെ കാണാൻ ഞാൻ പഠിക്കുന്നു.
ദൈവത്താൽ വീട്ടിലേക്ക് സ്വാഗതം ചെയ്യപ്പെട്ടു
മിയാമി യൂണിവേഴ്‌സിറ്റിക്കു വേണ്ടി അമേരിക്കൻ ഫുട്‌ബോൾ കളിക്കാൻ ഷെർമാൻ സ്മിത്ത് ഡെലാൻഡ് മക്കല്ലോയെ റിക്രൂട്ട് ചെയ്ത ശേഷം, ഷെർമാൻ അവനെ സ്‌നേഹിക്കാൻ ആരംഭിക്കുകയും ഡെലാൻഡിന് ഒരിക്കലും ഇല്ലാതിരുന്ന പിതാവായി മാറുകയും ചെയ്തു. ഡെലാന്റിന് ഷെർമാനോട് വലിയ ആരാധന ഉണ്ടായിരുന്നു, അദ്ദേഹത്തെപ്പോലെയാകാൻ അവൻ ലക്ഷ്യമിട്ടിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം, ഡെലാൻഡ് തന്റെ അമ്മയെ കണ്ടെത്തിയപ്പോൾ, “നിന്റെ പിതാവിന്റെ പേര് ഷെർമാൻ സ്മിത്ത്’’ ആണ് എന്നറിയിച്ച് അവനെ ഞെട്ടിച്ചു. അതെ, ആ ഷെർമാൻ സ്മിത്ത്. തനിക്ക് ഒരു മകനുണ്ടെന്ന് അറിഞ്ഞ് കോച്ച് സ്മിത്ത് അമ്പരന്നു, താൻ പിതൃതുല്യം കരുതുന്ന വ്യക്തി അക്ഷരാർത്ഥത്തിൽ തന്റെ പിതാവാണെന്നറിഞ്ഞ് ഡെലാൻഡ് അമ്പരന്നു!
അടുത്ത തവണ അവർ കണ്ടുമുട്ടിയപ്പോൾ, ഷെർമാൻ ഡിലാൻഡിനെ കെട്ടിപ്പിടിച്ച് പറഞ്ഞു, “എന്റെ മകൻ.’’ ഒരു പിതാവിൽ നിന്ന് ഡെലാൻഡ് അത് കേട്ടിട്ടില്ലായിരുന്നു. “ഞാൻ അഭിമാനിക്കുന്നു, ഇത് എന്റെ മകനാണ്,'' എന്ന സ്ഥാനത്തു നിന്നാണ് ഷെർമാൻ അത് പറയുന്നത് എന്ന് അവനറിയാമായിരുന്നു.
നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ പൂർണ്ണമായ സ്‌നേഹത്തിൽ നാമും മതിമറന്നവരായിരിക്കണം. യോഹന്നാൻ എഴുതുന്നു, “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്‌നേഹം നല്കിയിരിക്കുന്നു!’’ (1 യോഹന്നാൻ 3:1). ഷെർമനെപ്പോലൊരാൾ തന്റെ അച്ഛനാകുമെന്ന് കരുതാൻ ധൈര്യപ്പെടാത്ത ഡിലാൻഡിനെപ്പോലെ നാമുംഅന്ധാളിച്ചുപോകുന്നു. അത് ശരിക്കും സത്യമാണോ? യോഹന്നാൻ ഉറപ്പിച്ചു പറയുന്നു, അതേ, 'അങ്ങനെ തന്നേ നാം ആകുന്നു!' (വാ. 1).
നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ അവന്റെ പിതാവ് നിങ്ങളുടെയും പിതാവാണ്. നിങ്ങൾക്ക് അനാഥരായി, ലോകത്ത് ഒറ്റപ്പെട്ടതായി തോന്നിയേക്കാം. എന്നാൽ നിങ്ങൾക്ക് ഒരു പിതാവുണ്ട് എന്നതാണ് സത്യം - ഏക സമ്പൂർണ്ണൻ - നിങ്ങളെ അവന്റെ പൈതൽ എന്ന് വിളിക്കുന്നതിൽ അവൻ അഭിമാനിക്കുന്നു.
സ്വർണ്ണത്തേക്കാൾ വിലയേറിയത്
നിങ്ങൾ എപ്പോഴെങ്കിലും ഒരു ആദായ വിൽപ്പനശാലയിൽ കുറഞ്ഞ വിലയുള്ള സാധനങ്ങൾ പരിശോധിച്ച് അതീവ മൂല്യമുള്ള എന്തെങ്കിലും കണ്ടെത്തുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ഒരു ആദായ വിൽപ്പനയിൽ വെറും 35 ഡോളറിന് (ഏകദേശം 2800 രൂപ) വാങ്ങിയ ഒരു പുരാതന ചൈനീസ് പാത്രം 2021 ലെ ലേലത്തിൽ 700,000 ഡോളറിന് (ഏതാണ്ട് 6 കോടി ഇന്ത്യൻ രൂപ) വിറ്റപ്പോൾ കണക്റ്റിക്കട്ടിൽ ഇത് സംഭവിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ അപൂർവവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ ഒരു പുരാവസ്തുവായി ഈ പാത്രം മാറി. ചില ആളുകൾ കുറച്ച് മൂല്യമുള്ളതായി കണക്കാക്കുന്ന കാര്യത്തിന് യഥാർത്ഥത്തിൽ വലിയ മൂല്യമുണ്ടാകുമെന്നത് അതിശയിപ്പിക്കുന്ന ഒരു ഓർമ്മപ്പെടുത്തലാണ്.
അന്ന് അറിയപ്പെട്ടിരുന്ന ലോകമെമ്പാടും ചിതറിക്കിടക്കുന്ന വിശ്വാസികൾക്ക് എഴുതുമ്പോൾ, യേശുവിലുള്ള അവരുടെ വിശ്വാസം വിശാലമായ സംസ്‌കാരത്താൽ നിരസിക്കപ്പെട്ടവനിലുള്ള വിശ്വാസമാണെന്ന് പത്രൊസ് വിശദീകരിച്ചു. മിക്ക യെഹൂദ മതനേതാക്കളാലും നിന്ദിക്കപ്പെട്ട്, റോമൻ ഗവൺമെന്റിനാൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ, അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റാത്തതിനാൽ അനേകർ വിലകെട്ടവനായി കണക്കാക്കി. എന്നാൽ മറ്റുള്ളവർ യേശുവിന്റെ മൂല്യം തള്ളിക്കളഞ്ഞെങ്കിലും, അവൻ “ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും അവനു വിലയേറിയവനുമാണ്” (1 പത്രൊസ് 2:4). അവന്റെ മൂല്യം വെള്ളിയെക്കാളും സ്വർണ്ണത്തെക്കാളും എത്രയോ അനന്തമാണ് (1:18-19). യേശുവിനെ വിശ്വസിക്കാൻ തിരഞ്ഞെടുക്കുന്നവർ ഒരിക്കലും അവരുടെ തിരഞ്ഞെടുപ്പിൽ ലജ്ജിക്കില്ലെന്ന് നമുക്ക് ഉറപ്പുണ്ട് (2:6).
മറ്റുള്ളവർ യേശുവിനെ വിലകെട്ടവനായി തള്ളിക്കളയുമ്പോൾ നമുക്ക് ഒന്നുകൂടി നോക്കാം. ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാകാനുള്ള അമൂല്യമായ ക്ഷണം എല്ലാ മനുഷ്യർക്കും നൽകുന്ന ക്രിസ്തുവിന്റെ അമൂല്യമായ ദാനം കാണാൻ ദൈവത്തിന്റെ ആത്മാവിന് നമ്മെ സഹായിക്കാനാകും (വാ. 10).
അറിയുകയും സ്‌നേഹിക്കുകയും
''എന്റെ മകനു നിങ്ങളെ അറിയാമോ?'' എന്ന ശക്തമായ ലേഖനത്തിൽ, സ്‌പോർട്‌സ് എഴുത്തുകാരനായ ജോനാഥൻ ജാർക്‌സ് തന്റെ ടെർമിനൽ ക്യാൻസറുമായുള്ള പോരാട്ടത്തെക്കുറിച്ചും തന്റെ ഭാര്യയെയും ഇളയ മകനെയും മറ്റുള്ളവർ നന്നായി പരിപാലിക്കണമെന്ന ആഗ്രഹത്തെക്കുറിച്ചും എഴുതി. മരിക്കുന്നതിന് ആറുമാസം മുമ്പാണ് മുപ്പത്തിനാലുകാരൻ ഈ ലേഖനം എഴുതിയത്. യൗവ്വനത്തിൽ പിതാവ് മരിച്ച, യേശുവിൽ വിശ്വസിക്കുന്ന ജാർക്‌സ്, വിധവകളുടെയും അനാഥരുടെയും സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന തിരുവെഴുത്തുകൾ പങ്കുവെച്ചു (പുറപ്പാട് 22:22; യെശയ്യാവ് 1:17; യാക്കോബ് 1:27). തന്റെ സുഹൃത്തുക്കൾക്ക് അദ്ദേഹം എഴുതി, ''ഞാൻ നിങ്ങളെ സ്വർഗ്ഗത്തിൽ കാണുമ്പോൾ, ഞാൻ ചോദിക്കാൻ പോകുന്നത് ഒന്നേയുള്ളൂ- നിങ്ങൾ എന്റെ മകനോടും ഭാര്യയോടും നല്ലവരായിരുന്നോ? . . . എന്റെ മകനു നിങ്ങളെ അറിയാമോ?''
ദാവീദ് രാജാവ് ചോദിച്ചു, “ഞാൻ [തന്റെ പ്രിയ സുഹൃത്ത്] യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ'' (2 ശമൂവേൽ 9:1). ഒരു അപകടം മൂലം “ഇരു കാലിനും മുടന്തുള്ള’’ (വാ. 3), യോനാഥന്റെ മകൻ, മെഫിബോശെത്തിനെ, രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു (കാണുക 4:4). ദാവീദ് അവനോടു: “നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം”' (9:7). ദാവീദ് മെഫിബോശെത്തിനോട് സ്‌നേഹപൂർവ്വമായ കരുതൽ കാണിച്ചു, കാലക്രമേണ അവൻ അവനെ ശരിക്കും അറിയാൻ സാധ്യതയുണ്ട് (19:24-30 കാണുക).
നമ്മെ സ്‌നേഹിക്കുന്നതുപോലെ മറ്റുള്ളവരെയും സ്‌നേഹിക്കാനാണ് യേശു നമ്മെ വിളിച്ചിരിക്കുന്നത് (യോഹന്നാൻ 13:34). അവൻ നമ്മിൽ പ്രവർത്തിക്കുമ്പോൾ, നമുക്ക് അവരെ നന്നായി അറിയുകയും സ്‌നേഹിക്കുകയും ചെയ്യാം.
അതീവ ദയ
ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ജീവനക്കാരനായ കെവിൻ ഫോർഡിന് ഇരുപത്തിയേഴ് വർഷമായി ഒരു ഷിഫ്റ്റ് പോലും നഷ്ടമായിരുന്നില്ല. തന്റെ പതിറ്റാണ്ടുകളുടെ സേവനത്തിന്റെ സ്മരണയ്ക്കായി തനിക്ക് ലഭിച്ച ഒരു മാന്യമായ സമ്മാനത്തിനുള്ള എളിയ നന്ദി കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതിനു ശേഷം, ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തോട് ദയ കാണിക്കാൻ ഒരുമിച്ച് അണിനിരന്നു. “ഇത് ഒരു സ്വപ്‌നം പോലെയാണ്, ഒരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നതുപോലെ,’’ ഒരു ധനസമാഹരണ ശ്രമം ഒരാഴ്ചയ്ക്കുള്ളിൽ 2,50,000 ഡോളർ സമാഹരിച്ചതറിഞ്ഞ് അദ്ദേഹം പറഞ്ഞു.
യെഹൂദയുടെ നാടുകടത്തപ്പെട്ട രാജാവായ യെഹോയാഖീനും അങ്ങേയറ്റം ദയ ലഭിച്ചിരുന്നു. ബാബിലോണിയൻ രാജാവിന്റെ ദയ മൂലം മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം മുപ്പത്തിയേഴ് വർഷം തടവിൽ കിടന്നു.”[രാജാവ്] യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു, അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു’’ (യിരെ. 52:31-32). യെഹോയാഖീന് ഒരു പുതിയ സ്ഥാനവും പുതിയ വസ്ത്രവും പുതിയ താമസസ്ഥലവും നൽകി. അദ്ദേഹത്തിന്റെ പുതിയ ജീവിതം പൂർണ്ണമായും രാജാവായിട്ടായിരുന്നു.
യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിക്കുന്ന ആളുകൾ തങ്ങളുടേതോ മറ്റുള്ളവരുടെയോ സംഭാവനകളില്ലാതെ ദൈവത്തിൽ നിന്നുള്ള അകൽച്ചയിൽ നിന്ന് രക്ഷിക്കപ്പെടുമ്പോൾ ആത്മീയമായി എന്താണ് സംഭവിക്കുന്നതെന്ന് ഈ കഥ ചിത്രീകരിക്കുന്നു. അവർ ഇരുട്ടിൽ നിന്നും മരണത്തിൽ നിന്നും വെളിച്ചത്തിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരപ്പെടുന്നു; ദൈവത്തിന്റെ അതീവ ദയ നിമിത്തം അവരെ ദൈവത്തിന്റെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നു.
താഴ്മയുള്ളവൻ എങ്കിലും പ്രത്യാശാനിർഭരൻ
സഭാരാധനയ്‌ക്കൊടുവിൽ പാസ്റ്ററുടെ ക്ഷണപ്രകാരം ലാട്രിസ് മുൻനിരയിലേക്ക് നടന്നു. സഭയെ അഭിവാദ്യം ചെയ്യാൻ അവളെ ക്ഷണിച്ചപ്പോൾ, അവൾ സംസാരിച്ച കനമുള്ളതും അതിശയകരവുമായ വാക്കുകൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവൾ അമേരിക്കയിലെ കെന്റക്കിയിൽ 2021 ഡിസംബറിൽ ആഞ്ഞടിച്ച വിനാശകരമായ ചുഴലിക്കാറ്റിൽ അവളുടെ ഏഴ് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടനന്തരം അവൾ ഇവിടേക്കു താമസം മാറ്റിയതായിരുന്നു. ''ദൈവം എന്നോടൊപ്പമുള്ളതിനാൽ എനിക്ക് ഇപ്പോഴും പുഞ്ചിരിക്കാൻ കഴിയും,'' അവൾ പറഞ്ഞു. പരിശോധനയിൽ തകർന്നുവെങ്കിലും, അവളുടെ സാക്ഷ്യം സ്വന്തം വെല്ലുവിളികൾ നേരിടുന്നവർക്ക് ശക്തമായ പ്രോത്സാഹനമായിരുന്നു.
22-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകൾ (യേശുവിന്റെ കഷ്ടപ്പാടുകളിലേക്ക് വിരൽ ചൂണ്ടുന്നവ) ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയയതും (വാ. 1), മറ്റുള്ളവരാൽ നിന്ദിക്കപ്പെടുകയും പരിഹസിക്കുകയും ചെയ്തതും (വാ. 6-8), വേട്ടക്കാരാൽ ചുറ്റപ്പെട്ടതുമായ (വാ. 12-13) ഒരുവന്റെ വാക്കുകളായിരുന്നു. അവന് ബലഹീനതയും തളർച്ചയും അനുഭവപ്പെട്ടു (വാ. 14-18). എങ്കിലും അവൻ നിരാശനായിരുന്നില്ല. ''നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ'' (വാ. 19). നിങ്ങളുടെ ഇപ്പോഴത്തെ വെല്ലുവിളി-ദാവീദിന്റെയോ ലാട്രീസിന്റെയോ പോലെയുള്ളതല്ലെങ്കിലും-അതുപോലെ തന്നെ യഥാർത്ഥമാണ്. 24-ാം വാക്യത്തിലെ വാക്കുകൾ അർത്ഥവത്താണ്: ''അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തത്.'' നാം ദൈവത്തിന്റെ സഹായം അനുഭവിക്കുമ്പോൾ, മറ്റുള്ളവർക്ക് അത് കേൾക്കാൻ കഴിയുന്ന തരത്തിൽ നമുക്ക് അവന്റെ നന്മ പ്രഖ്യാപിക്കാം (വാ. 22).
എന്നെ കഴുകേണമേ!
“എന്നെ കഴുകേണമേ!” ആ വാക്കുകൾ എന്റെ വാഹനത്തിൽ എഴുതിയിട്ടില്ലെങ്കിലും, അങ്ങനെയാകുമായിരുന്നു. അതിനാൽ ഞാൻ കാർ കഴുകാൻ പോയി, അടുത്തിടെ മഞ്ഞുവീഴ്ചയെത്തുടർന്ന് ഉപ്പു വിതറിയ റോഡുകളിൽ നിന്നുണ്ടായ മാലിന്യം കഴുകിക്കളയാൻ എത്തിയ കാറുകളുടെ നീണ്ട നിര അവിടെയുണ്ടായിരുന്നു. സർവീസ് മന്ദഗതിയിലായിരുന്നു. പക്ഷേ, കാത്തിരിപ്പിന് വിലയുണ്ടായി. വൃത്തിയുള്ള ഒരു വാഹനവുമായി ഞാൻ മടങ്ങി. മാ്ത്രമല്ല, സേവന കാലതാമസത്തിനുള്ള നഷ്ടപരിഹാരമായി, കാർ കഴുകൽ സൗജന്യമായിരുന്നു!
മറ്റൊരാളുടെ ചെലവിൽ വൃത്തിയാക്കൽ-അതാണ് യേശുക്രിസ്തുവിന്റെ സുവിശേഷം. യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം നമ്മുടെ പാപങ്ങൾക്ക് ക്ഷമ പ്രദാനം ചെയ്തിരിക്കുന്നു. ജീവിതത്തിന്റെ “അഴുക്കും മെഴുക്കും” നമ്മിൽ പറ്റിപ്പിടിക്കുമ്പോൾ “കുളിക്കേണ്ട” ആവശ്യം നമ്മിൽ ആർക്കാണ് തോന്നാത്തത്? നമ്മെത്തന്നെയോ മറ്റുള്ളവരെയോ ഉപദ്രവിക്കുകയും ദൈവവുമായുള്ള സമാധാനം കവർന്നെടുക്കുകയും ചെയ്യുന്ന സ്വാർത്ഥ ചിന്തകളാലും പ്രവൃത്തികളാലും നാം കളങ്കപ്പെടുമ്പോൾ? തന്റെ ജീവിതത്തിൽ പ്രലോഭനം വിജയം വരിച്ചപ്പോൾ ദാവീദിൽ നിന്നുയർന്ന നിലവിളിയാണ് 51-ാം സങ്കീർത്തനം. തന്റെ പാപത്തെക്കുറിച്ച് ഓർമ്മിപ്പിച്ച ഒരു ആത്മീയ ഉപദേഷ്ടാവിനെ അഭിമുഖീകരിച്ചപ്പോൾ (2 ശമൂവൽ 12 കാണുക), അവൻ “എന്നെ കഴുകണമേ!” എന്നു പ്രാർത്ഥിച്ചു. ''ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ'' (വാ. 7). വൃത്തികേടും കുറ്റബോധവും തോന്നുന്നുണ്ടോ? യേശുവിന്റെ അടുത്തേക്ക് ചെല്ലുക, ഈ വാക്കുകൾ ഓർമ്മിക്കുക: “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (1 യോഹന്നാൻ 1:9).
സന്ദേശങ്ങൾ, പ്രശ്‌നങ്ങൾ, വിജയങ്ങൾ
ശുശ്രൂഷയിലായിരിക്കുന്ന ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് തന്നെ തടയാൻ സാമൂഹിക അശാന്തി, അപകടം, അസ്വസ്ഥത എന്നിവയുടെ യാഥാർത്ഥ്യം എന്നിവയെ ജിമ്മി അനുവദിച്ചില്ല. നാട്ടിലുള്ള ഞങ്ങളുടെ ടീമിന് തുടർച്ചയായി വന്ന വാചക സന്ദേശങ്ങൾ അവൻ നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തുന്നതായിരുന്നു. ''ശരി, കുട്ടികളേ, പ്രാർത്ഥനാ ലൈൻ സജീവമാക്കുക. കഴിഞ്ഞ രണ്ട് മണിക്കൂറുകൊണ്ട് ഞങ്ങൾ പത്ത് മൈൽ പിന്നിട്ടു. . . . കാർ ഒരു ഡസൻ തവണ അമിതമായി ചൂടായി.'' ഗതാഗത തടസ്സങ്ങൾ അർത്ഥമാക്കുന്നത് അഞ്ച് മണിക്കൂർ കാത്തുനിന്നവരോട് പ്രസംഗിക്കാൻ അർദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് അദ്ദേഹം എത്തിയതെന്നാണ്. പിന്നീട് ഞങ്ങൾക്ക് മറ്റൊരു സ്വരത്തിലുള്ള ഒരു സന്ദേശം ലഭിച്ചു. ''അത്ഭുതകരമായ, കൂട്ടായ്മയുടെ മാധുര്യമുള്ള സമയം. . . . ഒരു ഡസനോളം പേർ പ്രാർത്ഥനയ്ക്കായി മുന്നോട്ടുവന്നു. അതൊരു ശക്തമായ രാത്രിയായിരുന്നു!”
ദൈവത്തെ വിശ്വസ്തമായി സേവിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കാം. എബ്രായർ 11-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിശ്വാസത്തിന്റെ മാതൃകകൾ അതു സമ്മതിക്കും. ദൈവത്തിലുള്ള വിശ്വാസത്താൽ നിർബന്ധിതരായ, സാധാരണ പുരുഷന്മാരും സ്ത്രീകളും അസുഖകരമായതും മനസ്സിലാക്കാൻ കഴിയാത്തതുമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു. “വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു” (വാ. 36). അപകടസാധ്യതകൾ ഏറ്റെടുക്കാനും ഫലത്തിനായി ദൈവത്തിൽ ആശ്രയിക്കാനും അവരുടെ വിശ്വാസം അവരെ പ്രേരിപ്പിച്ചു. നമുക്കും അങ്ങനെതന്നേ. നമ്മുടെ വിശ്വാസം അനുസരിച്ചു ജീവിക്കുന്നത് അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് നമ്മെ കൊണ്ടുപോയേക്കില്ല, പക്ഷേ അത് നമ്മെ തെരുവിനപ്പുറത്തേക്കോ കാമ്പസിനപ്പുറത്തേക്കോയോ ഉച്ചഭക്ഷണ മുറിയിലോ ബോർഡ് റൂമിലോ ഉള്ള ഒഴിഞ്ഞ ഇരിപ്പിടത്തിലേക്കോ കൊണ്ടുപോയേക്കാം. അപകടകരമാണോ? ഒരുപക്ഷേ. പക്ഷേ, ഇപ്പോൾ അല്ലെങ്കിൽ പിന്നീടു ലഭിക്കുന്നപ്രതിഫലങ്ങൾ, ദൈവം നമ്മെ സഹായിക്കുന്നതിനാൽ, അപകടസാധ്യതകളെ മൂല്യമുള്ളതാക്കിത്തീർക്കും
യേശുവിനുവേണ്ടി നിലകൊള്ളാനുള്ള ധൈര്യം
155 - ൽ, ആദിമ സഭാ പിതാവായ പോളികാർപ്പിനെ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ അഗ്നിക്കിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ മറുപടി പറഞ്ഞു, ''എൺപത്തിയാറു വർഷമായി ഞാൻ അവന്റെ ദാസനായിരിക്കുന്നു, അവൻ എനിക്ക് ഒരു ദോഷവും ചെയ്തിട്ടില്ല. പിന്നെ എന്നെ രക്ഷിച്ച എന്റെ രാജാവിനെ ഞാൻ എങ്ങനെ നിന്ദിച്ചു തള്ളിപ്പറയും?''
എന്നായിരുന്നു. നമ്മുടെ രാജാവായ യേശുവിലുള്ള വിശ്വാസം നിമിത്തം കഠിനമായ പരിശോധനകൾ നേരിടേണ്ടിവരുമ്പോൾ പോളികാർപ്പിന്റെ പ്രതികരണം നമുക്ക് പ്രചോദനമാകും.
യേശുവിന്റെ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, പത്രൊസ് ധൈര്യത്തോടെ ക്രിസ്തുവിനോട് കൂറ് പ്രഖ്യാപിച്ചു: “ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും” (യോഹന്നാൻ 13:37). പത്രൊസിനെക്കാൾ നന്നായി അവനെ അറിയാമായിരുന്ന യേശു മറുപടി പറഞ്ഞു: ''ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കുകുകയില്ല!'' (വാ. 38). എന്നിരുന്നാലും, യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം, അവനെ തള്ളിപ്പറഞ്ഞ അതേയാൾ തന്നെ ധൈര്യത്തോടെ അവനെ സേവിക്കാൻ തുടങ്ങി, ഒടുവിൽ സ്വന്തം മരണത്തിലൂടെ അവനെ മഹത്വപ്പെടുത്തുകയും ചെയ്തു (കാണുക 21:16-19).
നിങ്ങൾ ഒരു പോളികാർപ്പാണോ അതോ പത്രൊസാണോ? നമ്മളിൽ ഭൂരിഭാഗവും, സത്യസന്ധമായിപ്പറഞ്ഞാൽ, ഒരു വിശ്വാസി എന്ന നിലയിൽ സത്യസന്ധമായി സംസാരിക്കാനോ പ്രവർത്തിക്കാനോ പരാജയപ്പെടുന്നവരാണ്. അത്തരം സന്ദർഭങ്ങൾ-ഒരു ക്ലാസ് റൂമിലോ, ബോർഡ് റൂമിലോ, ബ്രേക്ക് റൂമിലോ ആകട്ടെ -അല്ല നാം ആരാണെന്നു നിർവചിക്കുന്നത്. ആ പരാജയങ്ങൾ സംഭവിക്കുമ്പോൾ, നാം പ്രാർത്ഥനാപൂർവ്വം നമ്മെത്തന്നെ പൊടിതട്ടിയെടുത്ത് നമുക്കുവേണ്ടി മരിക്കുകയും നമുക്കുവേണ്ടി ജീവിക്കുകയും ചെയ്ത യേശുവിലേക്ക് തിരിയണം. അവനോട് വിശ്വസ്തരായിരിക്കാനും ദുഷ്‌കരമായ സ്ഥലങ്ങളിൽ ദിവസവും അവനുവേണ്ടി ധൈര്യത്തോടെ ജീവിക്കാനും അവൻ നമ്മെ സഹായിക്കും.
ക്ഷീണിച്ച കൂടാരങ്ങൾ
“കൂടാരം ക്ഷീണിച്ചിരിക്കുന്നു!” കെനിയയിലെ നെയ്‌റോബിയിൽ ഒരു സഭയിൽ പാസ്റ്ററായിരിക്കുന്ന എന്റെ സുഹൃത്ത് പോളിന്റെ വാക്കുകളായിരുന്നു അത്. 2015 മുതൽ, കൂടാരം പോലുള്ള ഷെഡിലാണ് സഭ ആരാധിക്കുന്നത്. ഇപ്പോൾ, പോൾഎഴുതി, ''ഞങ്ങളുടെ കൂടാരം ജീർണിച്ചിരിക്കുന്നു, മഴ പെയ്യുമ്പോൾ അത് ചോർന്നൊലിക്കുന്നു.''
അവരുടെ കൂടാരത്തിന്റെ ഘടനാപരമായ ബലഹീനതകളെക്കുറിച്ചുള്ള എന്റെ സുഹൃത്തിന്റെ വാക്കുകൾ, നമ്മുടെ മാനുഷിക നിലനിൽപ്പിന്റെ ദുർബ്ബലതയെക്കുറിച്ചുള്ള അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു. ''ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു... ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു' (2 കൊരിന്ത്യർ 4:16; 5:4).
നമ്മുടെ ദുർബലമായ മനുഷ്യ അസ്തിത്വത്തെക്കുറിച്ചുള്ള അവബോധം താരതമ്യേന ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സംഭവിക്കുന്നുണ്ടെങ്കിലും, പ്രായമാകുന്തോറും നാം അതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നു. തീർച്ചയായും, സമയം നമ്മുടെ പോക്കറ്റടിക്കുന്നു. യുവത്വത്തിന്റെ ചൈതന്യം വാർദ്ധക്യത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് മനസ്സില്ലാമനസ്സോടെ കീഴടങ്ങുന്നു (സഭാപ്രസംഗി 12:1-7 കാണുക). നമ്മുടെ ശരീരം-നമ്മുടെ കൂടാരങ്ങൾ-ക്ഷീണിച്ചുപോകുന്നു.
എന്നാൽ ക്ഷീണിച്ച കൂടാരങ്ങൾ ക്ഷീണിച്ച വിശ്വാസത്തിന് തുല്യമാകേണ്ടതില്ല. പ്രായമാകുമ്പോൾ പ്രതീക്ഷയും ഹൃദയവും മങ്ങേണ്ടതില്ല. “അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല,” അപ്പോസ്തലൻ പറയുന്നു (2 കൊരിന്ത്യർ 4:16). നമ്മുടെ ശരീരങ്ങളെ ഉണ്ടാക്കിയവൻ തന്റെ ആത്മാവിലൂടെ നമ്മിൽ വസിക്കുന്നു. ഈ ശരീരത്തിന് മേലാൽ നമ്മെ സേവിക്കാൻ കഴിയാതെ വരുമ്പോൾ, ഒടിവുകൾക്കും വേദനകൾക്കും വിധേയമല്ലാത്ത ഒരു വാസസ്ഥലം നമുക്കുണ്ടാകും - നമുക്ക് 'കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു' (5:1).