പ്രക്ഷുബ്ധതയിൽ ശാന്തത
ഏകദേശം ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ മാതുവിനു ജോലിയൊന്നും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, അനിശ്ചിതത്വം നിറഞ്ഞ ഭാവിയെക്കുറിച്ചുള്ള ഭയാനകമായ ചിന്തകൾ അവളുടെ മനസ്സിനു മങ്ങലേൽപ്പിച്ചു. ഈ സമയത്ത് ആളുകൾ അവളോടു പറഞ്ഞ ദയയില്ലാത്ത വാക്കുകൾ നിമിത്തം അവൾക്ക് ഉറക്കവും ജീവിക്കാനുള്ള മോഹം പോലും നഷ്ടപ്പെട്ടു. എന്നാൽ ഒരു ദിനം, സൂര്യകിരണം പോലെ, ഒരു ബൈബിൾ വാക്യം അവളുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിച്ചു. അവൾ അതൊരു പ്ലക്കാർഡിൽ എഴുതി. അത് ഉറക്കെ വായിക്കുമ്പോഴെല്ലാം അവളുടെ വിശ്വാസം ശക്തിപ്പെട്ട്, അവളുടെ ഭയം കുറഞ്ഞ്, അവൾ സമാധാനം കൈവരിച്ചു.
സമാധാനം നിറഞ്ഞ ഒരു മനസ്സ് പരിപോഷിപ്പിച്ചെടുക്കുന്നതിനുള്ള പ്രായോഗിക ഉൾക്കാഴ്ചകൾ യെശയ്യാവ് 26 നൽകുന്നു. നമ്മെ രക്ഷിക്കുന്ന ദൈവത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതാണ് ആദ്യത്തെ കാര്യം (വാ. 2-3). ദൈവത്തിൽ വിശ്വസിക്കുന്നതിനു പുറമേ, നമ്മുടെ മനസ്സും ചിന്തകളും അവനിൽ ഉറപ്പിച്ചുനിർത്തണം (വാ. 3). അവനിൽ നാം വിശ്വസിക്കുകയും നമ്മുടെ ജീവിതം അവനു സമർപ്പിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ മനസ്സിനെ അവൻ കാക്കുമെന്നും നമുക്കു “പൂർണ്ണസമാധാനം” (വാ. 3) നൽകുമെന്നും അവൻ വാഗ്ദത്തം ചെയ്യുന്നു. മനസ്സാക്ഷിയുടെ സമാധാനം, അകൃത്യഭാരത്തിൽ നിന്നുള്ള സമാധാനം, ഉത്കണ്ഠയിൽ നിന്നുള്ള സമാധാനം, നമുക്കു നിയന്ത്രണമില്ലാത്ത സാഹചര്യങ്ങളിന്മേലുള്ള സമാധാനം എന്നിവ ഈ “പൂർണ്ണസമാധാനത്തിൽ” ഉൾപ്പെടുന്നു. നാം വിശ്വസിക്കുന്നവൻ “ശാശ്വതമായോരു പാറ” (വാ.4) ആണെന്നുള്ളതാണു നമ്മുടെ ഉറപ്പ്. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, അവന്റെ സ്വഭാവത്തിനും സ്നേഹത്തിനും ഒരിക്കലും മാറ്റം സംഭവിക്കില്ല. അനിശ്ചിതത്വത്തിന്റെ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഉത്കണ്ഠയോടും അസ്വസ്ഥവുമായ ചിന്തകളോടും നമ്മുടെ മനസ്സ് പോരാടിയേക്കാം. എന്നാൽ, മാതു ചെയ്തതുപോലെ, ദൈവസന്നിധിയിലേക്കു നമ്മുടെ കഷ്ടതകൾ കൊണ്ടുചെന്ന്, അവന്മേൽ മനസ്സുറപ്പിച്ച് അവന്റെ അത്ഭുതകരമായ വാഗ്ദത്തങ്ങളാൽ നമ്മുടെ ചിന്തകളെ നിറച്ചാൽ, ജീവിതത്തിന്റെ പ്രക്ഷുബ്ധതകൾക്കിടയിലും നമുക്ക് അവന്റെ സമാധാനം അനുഭവിക്കാൻ സാധിക്കും. ദൈവത്തെ വിശ്വസിച്ചു നമ്മുടെ അശാന്തത അവനിൽ സമർപ്പിക്കുമ്പോൾ, അവൻ തന്റെ “പൂർണ്ണസമാധാനത്താൽ” നമ്മുടെ മനസ്സിനെ ശാന്തമാക്കി നമ്മുടെ ഭയത്തെ ഇല്ലാതാക്കുന്നു. അനിശ്ചിതത്വത്തെക്കുറിച്ച് ഓർത്തു വിചാരപ്പെടുന്നതിനുപകരം, പരാജയപ്പെടാത്ത ഒരുവനിൽ — യേശുവിൽ — നമുക്കു വിശ്വാസമർപ്പിക്കാം.
നക്ഷത്ര നിരീക്ഷണം
അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി. [ ഇയ്യോബ് 42:3 ]
നക്ഷത്ര നിരീക്ഷണം
നിരുത്സാഹപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുമ്പോൾ, എന്റെ വീടിന്റെ മേൽക്കൂരയിലേക്കു ഞാൻ പോകുമായിരുന്നു. അവിടെ എനിക്കു സ്വതന്ത്രമായി പ്രാർത്ഥിക്കാനും കണ്ണുനീർ പൊഴിക്കാനും കഴിയും. പക്ഷേ, രാത്രിയുടെ തണുത്ത അന്തരീക്ഷത്താൽ ചുറ്റപ്പെട്ട് അവിടെ നിൽക്കുമ്പോൾ, പച്ച, നീല, ചുവപ്പ്, മഞ്ഞ നിറങ്ങളോടെ മിന്നുന്ന വെളിച്ചങ്ങളുടെ കൂട്ടത്തെ ഞാൻ പലപ്പോഴും അത്ഭുതത്തോടെയായിരുന്നു നോക്കിക്കാണാറുണ്ടായിരുന്നത്. എന്റെ മനസ്സിലെ താറുമാറായ അവസ്ഥയെ മറക്കാൻ അവ എന്നെ സഹായിക്കുന്നു. തെളിഞ്ഞ രാത്രിയിലെ ആകാശത്തിന്റെ ഭംഗി എന്റെ പ്രശ്നങ്ങളിൽ നിന്നു നമ്മുടെ സ്രഷ്ടാവിന്റെ മഹത്വത്തിലേക്ക് എന്റെ ശ്രദ്ധയെ തിരിക്കുന്നു.
തന്റെ കഷ്ടതകളുടെ കാരണം മനസ്സിലാക്കാൻ ഇയ്യോബിനു കഴിയാതെ വന്നപ്പോൾ, തന്നോടു സംസാരിക്കണമേ എന്നവൻ ദൈവത്തോടു പ്രാർത്ഥിച്ചു (ഇയ്യോബ് 13:20-22). വാക്പാടവത്തോടെയുള്ള ചോദ്യങ്ങളുടെ ഒരു പരമ്പരയ്ക്ക് ഉത്തരം നൽകാൻ ഇയ്യോബിനെ ക്ഷണിച്ചുകൊണ്ടു ദൈവം മറുപടി നൽകി (38:3). ദൈവം അവന്റെ മേൽ ചൊരിഞ്ഞ നിരവധി “നിനക്കറിയാമോ?” ചോദ്യങ്ങളുടെ മുമ്പിൽ ഇയ്യോബ് അമ്പരന്നുപോയി. അവ ചോദിച്ചതിലൂടെ ദൈവം ഇയ്യോബിന്റെ ശ്രദ്ധ തന്റെ പ്രശ്നങ്ങളിൽനിന്നു പ്രപഞ്ചത്തിന്റെ അതിഗംഭീരമായ വിശദാംശങ്ങളിലേക്കു വഴിതിരിച്ചുവിട്ടു (ഇയ്യോബ് 38-41). ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും മതിമറന്ന ഇയ്യോബ് ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണത്തിലേക്കു നയിക്കപ്പെട്ടു. തന്റെ അയോഗ്യതയും ബലഹീനതയും കണക്കിലെടുത്ത് (40:4) ദൈവത്തിന്റെ വഴികളും ജ്ഞാനവും തന്റെ ധാരണയ്ക്ക് അതീതമാണെന്നു മനസ്സിലാക്കി അവൻ അനുതപിച്ചു (42:5-6).
നാം ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ, ചോദ്യങ്ങളും സംശയങ്ങളും നമ്മുടെ മനസ്സിൽ ഉയർന്നുവരുന്നു. ഇയ്യോബിനെപ്പോലെ, നമുക്ക് അവയെ ദൈവത്തിങ്കലേക്കു കൊണ്ടുചെന്നു നമുക്ക് എന്താണു തോന്നുന്നതെന്നു അവനോടു സത്യസന്ധമായി അറിയിക്കാൻ കഴിയും. ദൈവത്തിന്റെ അമാനുഷിക ശബ്ദം നമ്മുടെ ജീവിതത്തിലേക്ക് ഇടിമുഴക്കമായി എത്തുന്നതു നാം കേൾക്കണമെന്നില്ല. എന്നാൽ ആകാശത്തു പറന്നുയരുന്ന പറവകളിലേക്കോ, വീട്ടുമുറ്റത്തു ശിഖരങ്ങൾ വീശിയാടുന്ന മരങ്ങളിലേക്കോ, രാത്രി ആകാശത്തു മിന്നുന്ന നക്ഷത്രങ്ങളിലേക്കോ നമ്മുടെ നോട്ടം തിരിക്കുമ്പോൾ, അവയെയെല്ലാം പരിപാലിക്കുന്ന ദൈവത്തിന്റെ നിയന്ത്രണത്തിലാണു നമ്മുടെ ജീവിതമെന്ന് നമുക്ക് ഉറപ്പിക്കാൻ സാധിക്കും (മത്തായി 6:26-27). കരോൾ മക്വാൻ
എന്തു പ്രശ്നങ്ങളാണു നിങ്ങളെ അലട്ടുന്നത്? സൃഷ്ടിയുടെ ഏതു വശമാണു ദൈവത്തിന്റെ മഹത്വത്തെയും പരമാധികാരത്തെയും കുറിച്ചു നിങ്ങളെ ഓർമ്മപ്പെടുത്തുന്നത്?
സർവ്വശക്തനായ ദൈവമേ, എന്റെ പ്രശ്നങ്ങൾക്കിടയിൽ, അങ്ങയുടെ പ്രപഞ്ചത്തിന്റെ മനോഹാരിത നോക്കിക്കാണാനും എന്റെ ജീവിതം പൂർണ്ണമായും അങ്ങയുടെ നിയന്ത്രണത്തിലാണെന്നു മനസ്സിലാക്കാനും എന്നെ സഹായിക്കേണമേ.
മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിൽ
ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഇരുപതാം നൂറ്റാണ്ടിലെ ഒരു എഴുത്തുകാരിയായിരുന്നു എസ്തർ “ബെൻ” ഖിംചന്ദ്. തന്റെ എഴുത്തിലൂടെ അവർ സംസ്ഥാനത്തെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി. സ്ത്രീകളെ തങ്ങളുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും മാന്യമായ സ്ഥാനങ്ങളിൽ എത്തിക്കാൻ നല്ല വിദ്യാഭ്യാസം സഹായിക്കുമെന്ന് അവർ എഴുതി. എസ്തർ തനിക്കു ലഭിച്ച താലന്തുകൾ വിനിയോഗിക്കാതിരിക്കുകയോ സ്വന്തം ലാഭത്തിനായി ഉപയോഗിക്കുകയോ ചെയ്തില്ല. മറിച്ച്, ചുറ്റുമുള്ളവരെ ശക്തീകരിക്കാൻ അവർ അവ ഉപയോഗപ്പെടുത്തി.
ഏഷ്യാമൈനറിലുടനീളം പരദേശികളായി ചിതറിപ്പാർത്ത ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്യുന്നതാണ് പത്രൊസിന്റെ ലേഖനം (1 പത്രൊസ് 1:1). “തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ” എന്നും തങ്ങൾക്കു ലഭിച്ച “വരം” ഉപയോഗിച്ച് “അന്യോന്യം ശുശ്രൂഷിപ്പിൻ” എന്നും അവൻ അവരെ പ്രബോധിപ്പിച്ചു (വാ. 10). ഈ വരങ്ങൾ സ്വയം നേടിയെടുത്തതല്ല, മറിച്ച്, “ദൈവകൃപ”യാൽ ലഭിച്ച ആത്മീയ ദാനങ്ങളായി കണക്കാക്കാൻ പത്രൊസ് അവരെ പ്രേരിപ്പിച്ചു. ദൈവത്തിന്റെ വകയായുള്ളവ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുന്ന “നല്ല ഗൃഹവിചാരകന്മാർ” ആയിരിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു. തങ്ങളുടെ പ്രവർത്തനത്തിലും പ്രവർത്തനങ്ങളിലൂടെയും ദൈവത്തെ സ്തുതിക്കാൻ കഴിയുംവിധം തങ്ങൾ പറയുന്നതു “ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു” എന്ന ബോധ്യത്തോടെ “ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണം” മറ്റുള്ളവർക്കു ശുശ്രൂഷ ചെയ്യണമെന്നും അവൻ അവരെ ഓർമ്മിപ്പിക്കുന്നു (വാ. 11). ഈ വിധം നാം ചെയ്യുന്ന എല്ലാറ്റിലും നാം ദൈവത്തിനു മഹത്വം കരേറ്റുന്നു.
എസ്ഥേറിനെയും ആദിമ സഭയെയും പോലെ നമ്മെയും വരങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നു. ഈ വരങ്ങൾ നമുക്കു ലളിതമായി തോന്നാമെങ്കിലും, ദൈവരാജ്യം വിശാലമാക്കാൻ അവ സഹായിച്ചേക്കാം. അതു ഭക്ഷണം തയ്യാറാക്കുന്നതോ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതോ ആവശ്യത്തിലിരിക്കുന്ന ഒരുവനു സ്വഗൃഹം തുറന്നു കൊടുക്കുന്നതോ ആയിരിക്കാം. സംസാരിക്കാനോ പ്രവർത്തിക്കാനോ ആവശ്യപ്പെടുമ്പോഴെല്ലാം, പരസ്പരം ശുശ്രൂഷിക്കുന്നതിനും ദൈവത്തിനു മഹത്വം കൊണ്ടുവരുന്നതിനുമായി നാം അതു ചെയ്യണം (വാ.11). ഇപ്രകാരം, നമുക്കു ലഭിച്ച വരങ്ങൾ എന്തുതന്നെയായാലും, മറ്റുള്ളവരെ ഉയർത്തിക്കൊണ്ടു വരാൻ അവ നമുക്ക് ഉപയോഗിക്കാം.
മരുഭൂമിയിലെ ചോദ്യങ്ങൾ
ഒരു പർവതത്തിന്റെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അണക്കെട്ടു സന്ദർശിക്കുന്നതിനായുള്ള ആവേശഭരിതമായ യാത്രയിലായിരുന്നു ഞങ്ങളുടെ കുടുംബം. അവിടെ എത്തിച്ചേർന്നപ്പോൾ ചുട്ടുപൊള്ളുന്ന സൂര്യനു കീഴിലുള്ള വരണ്ട നിലമല്ലാതെ നദിയിൽ വെള്ളത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ കാണാൻ സാധിച്ചില്ല. യാത്ര പാഴായെന്നു കരുതി നിൽക്കവേ, രണ്ടു നാട്ടുകാരുമായി ഞങ്ങൾ സംഭാഷണം ആരംഭിച്ചു. അവരിൽ ഒരാൾ ചോദിച്ചു, “എന്തുകൊണ്ടാണു യേശുവിനെ ഒരു ക്രൂശിൽ തറച്ചത്?” അവിടെ തുടങ്ങി, യേശുവിനെക്കുറിച്ച് അവരുമായി പങ്കുവെക്കാനുള്ള ആ അവസരം ഞങ്ങൾ സ്വാഗതം ചെയ്തു.
ദൈവാത്മാവിന്റെ നടത്തിപ്പിൻ പ്രകാരം “തെക്കോട്ട് യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു“(വാ. 26) ഫിലിപ്പൊസ് യാത്ര തിരിച്ചു. യാത്രയിൽ അവൻ ഒരു ഐത്യോപ്യക്കാരനായ ഷണ്ഡനെ കണ്ടുമുട്ടി (വാ. 27). ഈ വ്യക്തി തന്റെ നാട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്നു. “അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക” എന്നു ഫിലിപ്പൊസിനു ദൈവാത്മാവിന്റെ പ്രേരണ ലഭിച്ചു. അങ്ങനെ, ഫിലിപ്പൊസ് തേരിന്റെ അടുലേക്കു ചെന്നു, “യെശയ്യാപ്രവാചകന്റെ പുസ്തകം” (വാ. 30) വായിക്കുന്നതു കേട്ടു. “ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു?” (വാ. 34) എന്നു ഷണ്ഡണ്‍ ഫിലിപ്പൊസിനോടു ചോദിച്ചു. ഈ ചോദ്യത്തെ തുടർന്ന്, ഫിലിപ്പൊസിന് യേശുവിനെക്കുറിച്ചു പങ്കുവെക്കാൻ അവസരം ലഭിച്ചു (വാ. 35).
ആരെങ്കിലും യേശുവിനെക്കുറിച്ചു തങ്ങളോടു പങ്കുവയ്ക്കുന്നതും കാത്തു, സത്യത്തെ തേടുന്ന അനേകർ നമുക്കു ചുറ്റുമുണ്ട്. ദൈവത്തിന്റെ നടത്തിപ്പിൻ പ്രകാരം, അവസരങ്ങൾ ലഭിക്കുന്നിടത്തെല്ലാം—ജോലിസ്ഥലത്ത്, ജിമ്മിൽ, കഫേയിൽ, സ്കൂളിൽ അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ—സംഭാഷണങ്ങളിലൂടെ നമുക്ക് അവരോടു യേശുവിനെക്കുറിച്ചു പങ്കുവയ്ക്കാം. യേശുവിനെക്കുറിച്ചുള്ള സംഭാഷണത്തിനു വഴിയൊരുക്കുന്ന ഒരു ചോദ്യം ആര്, എപ്പോൾ ചോദിക്കുമെന്നു നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കില്ല. പക്ഷേ, പൗലൊസ് പറയുന്നതുപോലെ, “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു” (കൊലൊസ്സ്യർ 4:5) കൃപയോടുകൂടി എല്ലാവരോടും നാം ഉത്തരം പറയണം. നിങ്ങൾ അനുവദിക്കുമെങ്കിൽ നിങ്ങളിലൂടെ തന്റെ സ്നേഹം പ്രകടമാക്കാൻ ദൈവത്തിനു കഴിയും. മരുഭൂമിയിൽവച്ചു ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ മറ്റുള്ളവർക്ക് ഉത്തരത്തിനായി സമീപിക്കാൻ കഴിയുന്ന തരത്തിലുള്ള വ്യക്തിയായിരിക്കുക.