നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സിന്‍ഡി ഹെസ്സ് കാസ്‌പെര്‍

വാഗ്ദത്തം നിറവേറി

എന്റെ കുട്ടിക്കാലത്ത് എല്ലാ വേനൽക്കാലത്തും, എന്റെ മുത്തശ്ശിമാർക്കൊപ്പം ഒരാഴ്ച അവധി ആസ്വദിക്കാൻ ഞാൻ ഇരുന്നൂറ് മൈൽ യാത്ര ചെയ്യുമായിരുന്നു. ഞാൻ സ്‌നേഹിച്ച ആ രണ്ട് ആളുകളിൽ നിന്ന് എത്രമാത്രം ജ്ഞാനം ഞാൻ നേടിയെന്ന് വളരെക്കാലത്തിനുശേഷംവരെ ഞാൻ അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതാനുഭവങ്ങളും ദൈവത്തോടൊപ്പമുള്ള നടത്തവും അവർക്ക് എന്റെ മനസ്സിന് സങ്കൽപ്പിക്കാൻ കഴിയാത്ത കാഴ്ചപ്പാടുകൾ നൽകി. ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് അവരുമായുള്ള സംഭാഷണങ്ങൾ ദൈവം വിശ്വസ്തനാണെന്നും അവൻ നൽകുന്ന എല്ലാ വാഗ്ദത്തങ്ങളും നിറവേറ്റുന്നുവെന്നും എനിക്ക് ഉറപ്പുനൽകി. 
യേശുവിന്റെ അമ്മയായ മറിയയുടെ കൗമാരപ്രായത്തിൽ ഒരു ദൂതൻ അവളെ സന്ദർശിച്ചിരുന്നു. ഗബ്രിയേൽ കൊണ്ടുവന്ന അവിശ്വസനീയമായ വാർത്തകൾ അതിശയിപ്പിക്കുന്നതായിരിക്കണം, എന്നിട്ടും അവൾ കൃപയോടെ ആ ദൗത്യം സ്വീകരിച്ചു (ലൂക്കൊ. 1:38). ഒരുപക്ഷേ, അവളുടെ വൃദ്ധ ബന്ധുവായ എലിശബേത്തിനെ അവൾ സന്ദർശിച്ചത് അവളുടെ അത്ഭുതകരമായ ഗർഭാവസ്ഥയുടെ നടുവിലായിരുന്നു (അവൾക്ക് അറുപത് വയസ്സ് പ്രായമുണ്ടെന്ന് ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു)-അവൾ വാഗ്ദത്ത മശിഹായുടെ അമ്മയാണെന്ന ഗബ്രിയേലിന്റെ വാക്കുകൾ എലിശബേത്ത് ആവേശത്തോടെ സ്ഥിരീകരിച്ചത് അവൾക്ക് ആശ്വാസം പകർന്നു (വാ. 39-45). 
ക്രിസ്തുവിൽ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുമ്പോൾ, എന്റെ മുത്തശ്ശിമാരെപ്പോലെ, അവൻ തന്റെ വാഗ്ദത്തങ്ങൾ പാലിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. എലിശബേത്തിനും അവളുടെ ഭർത്താവായ സെഖര്യാവിനും ഒരു പൈതലിനെ നൽകുമെന്ന തന്റെ വാഗ്ദാനം അവൻ പാലിച്ചു (വാ. 57-58). ആ മകൻ, സ്‌നാപക യോഹന്നാൻ നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് നൽകിയ വാഗ്ദത്തം ചെയ്യപ്പെട്ട മശിഹാ-ലോകത്തിന്റെ രക്ഷകൻ-വരുന്നു എന്ന വാഗ്ദത്തത്തിന്റെ -മനുഷ്യരാശിയുടെ ഭാവിയുടെ ഗതി മാറ്റിമറിക്കുന്ന ഒന്ന് - തുടക്കക്കാരനായിത്തീർന്നു (മത്തായി 1:21-23). 

നിശബ്ദതയ്ക്കുള്ള മുറി

നിങ്ങൾ അമേരിക്കയിൽ സമാധാനപരവും ശാന്തവുമായ ഒരു സ്ഥലമാണ് തിരയുന്നതെങ്കിൽ, മിനസോട്ടയിലെ മിനിയാപൊലീസിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മുറിയുണ്ട്. ഇത് എല്ലാ ശബ്ദത്തിന്റെയും 99.99 ശതമാനം ആഗിരണം ചെയ്യുന്നു! ഓർഫീൽഡ് ലബോറട്ടറീസിന്റെ ലോകപ്രശസ്ത അനക്കോയിക് (എക്കോ-ഫ്രീ) ചേമ്പറിനെ “ഭൂമിയിലെ ഏറ്റവും ശാന്തമായ സ്ഥലം” എന്നു വിളിക്കുന്നു. ഈ ശബ്ദരഹിതമായ ഇടം അനുഭവിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ശബ്ദത്തിന്റെ അഭാവം മൂലം വഴിതെറ്റിപ്പോകാതിരിക്കാൻ ഇരിക്കേണ്ടതാണ്. മാത്രമല്ല ആർക്കും നാൽപ്പത്തിയഞ്ച് മിനിറ്റിൽ കൂടുതൽ മുറിയിൽ ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല. 
നമ്മളിൽ വളരെക്കുറച്ചുപേർക്കു മാത്രമേ അത്രമാത്രം നിശബ്ദത ആവശ്യമുള്ളു എന്നിരുന്നാലും, ശബ്ദമാനമായതും തിരക്കേറിയതുമായ ലോകത്ത് അൽപ്പം നിശബ്ദതയ്ക്കായി നാം ചിലപ്പോൾ ആഗ്രഹിച്ചു പോകുന്നു. നമ്മൾ കാണുന്ന വാർത്തകളും സോഷ്യൽ മീഡിയയും പോലും നമ്മുടെ ശ്രദ്ധയ്ക്കായി മത്സരിക്കുന്ന ഒരുതരം ബഹളമയമായ “ശബ്ദം” കൊണ്ടുവരുന്നു. നിഷേധാത്മകവികാരങ്ങൾ ഉണർത്തുന്ന വാക്കുകളും ചിത്രങ്ങളുമാണ് അതിൽ അധികവും. അതിൽ മുഴുകിയാൽ ദൈവശബ്ദത്തെ അത് അനായാസം അടിച്ചമർത്തും. 
ഏലീയാ പ്രവാചകൻ ഹൊരേബ് പർവതത്തിൽ ദൈവത്തെ കാണാൻ പോയപ്പോൾ, ഉച്ചത്തിലുള്ള വിനാശകരമായ കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ അവനെ കണ്ടില്ല (1 രാജാക്കന്മാർ 19:11-12). “ഒരു മൃദുസ്വരം” ഏലിയാവ് കേട്ടതിനുശേഷം 'സൈന്യങ്ങളുടെ ദൈവമായ യഹോവയെ' (വാ. 12-14) കാണാൻ അവൻ തന്റെ മുഖം മൂടിക്കൊണ്ട് ഗുഹയ്ക്കു പുറത്തേക്ക് വന്നു. 
നിങ്ങളുടെ ആത്മാവ് ശാന്തമായിരിക്കാൻ കൊതിച്ചേക്കാം, എന്നാൽ അതിലുപരിയായി - അത് ദൈവത്തിന്റെ ശബ്ദം കേൾക്കാൻ കൊതിക്കുന്നുണ്ടാകാം. നിങ്ങളുടെ ജീവിതത്തിൽ നിശബ്ദതയ്ക്കുള്ള ഇടം കണ്ടെത്തുക, അങ്ങനെ നിങ്ങൾക്ക് ഒരിക്കലും ദൈവത്തിന്റെ “മൃദുസ്വരം” (വാ. 12) നഷ്ടപ്പെടുകയില്ല. 

എല്ലാം യേശുവിനു വേണ്ടി

ജെഫിന് പതിനാലു വയസ്സുള്ളപ്പോൾ, ഒരു പ്രശസ്ത ഗായകനെ കാണാൻ അമ്മ അവനെ കൊണ്ടുപോയി. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ പല സംഗീതജ്ഞരെയും പോലെ, ഒരു അമേരിക്കൻ പോപ്പ്, കൺട്രി ഗായകനായ ബി. ജെ. തോമസും സംഗീത പര്യടനങ്ങളിൽ വിനാശകരമായ ജീവിതശൈലിക്ക് അടിമയായി. പക്ഷേ, അദ്ദേഹവും ഭാര്യയും യേശുവിനെ പരിചയപ്പെടുന്നതിന് മുമ്പായിരുന്നു അത്. ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ അവരുടെ ജീവിതം അടിമുടി മാറി. 

കച്ചേരിയുടെ രാത്രിയിൽ, ഗായകൻ ആവേശഭരിതരായ ജനക്കൂട്ടത്തെ രസിപ്പിക്കാൻ തുടങ്ങി. എന്നാൽ തന്റെ പ്രസിദ്ധമായ ഏതാനും ഗാനങ്ങൾ ആലപിച്ച ശേഷം, ഒരാൾ സദസ്സിൽ നിന്ന് വിളിച്ചുപറഞ്ഞു, 'ഹേയ്, യേശുവിനുവേണ്ടി ഒന്ന് പാടൂ!' ഒരു മടിയും കൂടാതെ ബിജെ പ്രതികരിച്ചു, ''ഞാൻ യേശുവിനു വേണ്ടി നാലു പാട്ടുകൾ പാടിയതേയുള്ളു.'' 
ചെയ്യുന്നതെല്ലാം യേശുവിനുവേണ്ടി ആയിരിക്കണമെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ജെഫ് ഇപ്പോഴും ഓർക്കുന്നു - 'ആത്മീയമല്ലാത്തത്' എന്ന് ചിലർ കരുതുന്ന കാര്യങ്ങൾ പോലും. 
ജീവിതത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾ വിഭജിക്കാൻ ചിലപ്പോൾ നാം പ്രലോഭിപ്പിക്കപ്പെടുന്നു. ബൈബിൾ വായിക്കുക. വിശ്വാസത്തിലേക്ക് വന്നതിന്റെ കഥ പങ്കിടുക. ഒരു കീർത്തനം ആലപിക്കുക. ആത്മീയമായ കാര്യങ്ങൾ. പുൽത്തകിടി വെട്ടുക. ഒരു ഓട്ടത്തിന് പോകുക. ഒരു നാടൻ പാട്ട് പാടുക. ലൗകിക കാര്യങ്ങൾ. 

പഠിപ്പിക്കൽ, പാടുക, നന്ദിയുള്ളവരായിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ക്രിസ്തുവിന്റെ സന്ദേശം നമ്മിൽ കുടികൊള്ളുന്നുവെന്ന് കൊലൊസ്യർ 3:16 നമ്മെ ഓർമ്മിപ്പിക്കുന്നു, എന്നാൽ വാക്യം 17 അതിലും കുറെക്കൂടി മുന്നോട്ട് പോകുന്നു. ദൈവമക്കൾ എന്ന നിലയിൽ, ''വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുക'' എന്ന് അത് ഊന്നിപ്പറയുന്നു. 

എപ്പോഴും വിശ്വസിക്കാൻ കൊള്ളാകുന്നവൻ

ഞാൻ എപ്പോലും ആകുലപ്പെടുന്നവനാണ്. ഏറ്റവും മോശം പ്രഭാതമാണ്. കാരണം അപ്പോഴാണ് ഞാൻ തനിച്ചിരുന്നു ചിന്തിക്കുന്നത്. അതിനാൽ ഹഡ്‌സൺ ടെയ്‌ലറുടെ (ചൈനയിലെ ബ്രിട്ടീഷ് മിഷനറി) ഈ ഉദ്ധരണി ഞാൻ എന്റെ കുളിമുറിയിലെ കണ്ണാടിയിൽ ഒട്ടിച്ചുവെച്ചു. ഞാൻ ദുർബലനാണെന്ന് തോന്നുമ്പോൾ എനിക്ക് അത് കാണാൻ കഴിയും: ''ജീവനുള്ള ഒരു ദൈവമുണ്ട്. അവൻ ബൈബിളിൽ സംസാരിച്ചിട്ടുണ്ട്. അവൻ പറയുന്നത് അവൻ അർത്ഥമാക്കുന്നു, അവൻ വാഗ്ദാനം ചെയ്തതെല്ലാം നിവർത്തിക്കും.''

ടെയ്‌ലറുടെ വാക്കുകൾ വർഷങ്ങളോളം ദൈവത്തോടൊപ്പമുള്ള നടത്തത്തിൽ നിന്നാണ് വന്നത്, അവൻ ആരാണെന്നും നമ്മുടെ രോഗം, ദാരിദ്ര്യം, ഏകാന്തത, ദുഃഖം എന്നിവയുടെ നടുവിലും അവന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവം വിശ്വസ്തനാണെന്ന് അദ്ദേഹം കോവലം അറിയുക മാത്രല്ലായിരുന്നു, അവന്റെ വിശ്വാസ്യത അനുഭവിക്കുകയും ചെയ്തു. അദ്ദേഹം ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തതിനാൽ, ആയിരക്കണക്കിന് ചൈനക്കാർ തങ്ങളുടെ ജീവൻ യേശുവിന് സമർപ്പിച്ചു.

ദൈവത്തെയും അവന്റെ വഴികളെയും അനുഭവിച്ചറിഞ്ഞത് അവൻ വിശ്വസ്തനാണെന്ന് അറിയാൻ ദാവീദിനെ സഹായിച്ചു. ദൈവം നല്ലവനും മനസ്സലിവുള്ളവനും തന്റെ എല്ലാ വാഗ്ദാനങ്ങളോടും വിശ്വസ്തനുമാണെന്ന് അനുഭവിച്ചറിഞ്ഞ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവൻ സങ്കീർത്തനം 145 എഴുതി. നാം ദൈവത്തെ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്യുമ്പോൾ, തന്നെക്കുറിച്ച് അവൻ പറയുന്നതു സത്യമാണെന്നും അവൻ തന്റെ വചനത്തോട് വിശ്വസ്തനാണെന്നും (വാ. 13). നാം തിരിച്ചറിയുന്നു (അല്ലെങ്കിൽ നന്നായി മനസ്സിലാക്കുന്നു). കൂടാതെ, ദാവീദിനെപ്പോലെ, നാം അവനെ സ്തുതിച്ചുകൊണ്ടും അവനെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുകൊണ്ടും പ്രതികരിക്കുന്നു (വാ. 10-12).

നാം ആശങ്കാജനകമായ സമയങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തോടൊപ്പമുള്ള നമ്മുടെ നടത്തത്തിൽ വീഴ്ച വരുത്താതിരിക്കാൻ ദൈവം നമ്മെ സഹായിക്കും, കാരണം അവൻ വിശ്വസ്തനാണ് (എബ്രായർ 10:23).

ചെയ്യണമോ വേണ്ടയോ

ഞാൻ കുട്ടിയായിരുന്നപ്പോൾ, ഡികമ്മിഷൻ ചെയ്യപ്പെട്ട രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു ടാങ്ക് എന്റെ വീടിനടുത്തുള്ള ഒരു പാർക്കിൽ പ്രദർശിപ്പിച്ചിരുന്നു. ഒന്നിലധികം അടയാളങ്ങൾ വാഹനത്തിൽ കയറുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി, പക്ഷേ എന്റെ കുറച്ച് സുഹൃത്തുക്കൾ അതിൽ വലിഞ്ഞു കയറി. ഞങ്ങളിൽ ചിലർ അൽപം മടിച്ചു, പക്ഷേ ഒടുവിൽ ഞങ്ങളും അതു തന്നെ ചെയ്തു. മുന്നറിയിപ്പ് ചിഹ്നങ്ങൾ  ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു പയ്യൻ കയറുവാൻ വിസമ്മതിച്ചു. ഒരു മുതിർന്നയാൾ അടുത്തു വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് മറ്റൊരുത്തൻ താഴേക്ക് ചാടി. വിനോദത്തിനുള്ള പ്രലോഭനം നിയമങ്ങൾ പാലിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തേക്കാൾ കൂടുതലായിരുന്നു.

നമ്മുടെ എല്ലാവരുടേയും ഉള്ളിൽ ബാലിശമായ കലാപത്തിന്റെ ഒരു ഹൃദയമുണ്ട്. എന്തു ചെയ്യണം അല്ലെങ്കിൽ ചെയ്യരുത് എന്ന് പറയുന്നത് നാം ഇഷ്ടപ്പെടുന്നില്ല. "നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപംതന്നെ" എന്ന് യാക്കോബിൽ (4:17) നാം വായിക്കുന്നു. റോമാ ലേഖനത്തിൽ, അപ്പൊസ്തലനായ പൗലൊസ് എഴുതി: "ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ" (റോമ. 7:19-20).

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, പാപത്തോടുള്ള നമ്മുടെ പോരാട്ടത്തെക്കുറിച്ച് നാം അത്ഭുതപ്പെടും. എന്നാൽ പലപ്പോഴും ശരിയായത് ചെയ്യാൻ നാം സ്വന്തം ശക്തിയിൽ മാത്രം ആശ്രയിക്കുന്നു. നമ്മുടെ ജീവിതം അവസാനിക്കുന്നതുവരെ, പാപകരമായ പ്രേരണകൾക്ക് നാം അനുദിനം വശംവദരാകാം. അതിനാൽ മരണത്താലും പുനരുത്ഥാനത്താലും പാപത്തിന്മേൽ ജയം നേടിയവന്റെ ശക്തിയിൽ നമുക്ക് ആശ്രയിക്കാം.

ഒരു ആവശ്യം കാണുന്നവർ

എന്റെ പിതാവിന്റെ അവസാന ദിവസങ്ങളിൽ, ഒരു നഴ്സ് ഞങ്ങളുടെ മുറിയിൽ വന്ന് അദ്ദേഹത്തിന്റെ മുഖം ഷേവ് ചെയ്യണോ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് റേസർ മെല്ലെ വലിച്ചപ്പോൾ, റേച്ചൽ വിശദീകരിച്ചു, "തന്റെ പ്രായത്തിലുള്ള മുതിർന്ന പുരുഷന്മാർ എല്ലാ ദിവസവും വൃത്തിയായി ഷേവ് ചെയ്യാൻ ഇഷ്ടപ്പെടുന്നു." റേച്ചൽ ഒരു ആവശ്യം കാണുകയും മറ്റുള്ളവരോട് ദയയും മാന്യതയും ആദരവും കാണിക്കാനുള്ള അവളുടെ സഹജാവബോധത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്തു. അവൾ നൽകിയ ആർദ്രമായ പരിചരണം എന്റെ സുഹൃത്തായ ജൂലിയെ ഓർക്കാൻ ഇടയാക്കി. അവൾ ഇപ്പോഴും അവളുടെ പ്രായമായ അമ്മയുടെ നഖങ്ങൾ മിനുക്കിയെടുക്കുന്നു, കാരണം "സുന്ദരിയായി" കാണപ്പെടുന്നത് അമ്മയ്ക്ക് പ്രധാനമാണ്.

ദരിദ്രർക്ക് കൈകൊണ്ട് വസ്ത്രങ്ങൾ നിർമ്മിച്ചു നൽകി ദയ കാണിച്ച തബിത എന്ന് അറിയപ്പെടുന്ന ഡോർക്കസിനെ പറ്റി അപ്പോസ്തല പ്രവൃത്തികൾ 9 നമ്മോട് പറയുന്നു (വാ. 36, 39). അവൾ മരിച്ചപ്പോൾ, മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന ദയയുള്ള അവളുടെ മുറി കണ്ണീരോടെ വിലപിച്ച സുഹൃത്തുക്കളാൽ നിറഞ്ഞു.

എന്നാൽ ഡോർക്കസിന്റെ കഥ അവിടെ അവസാനിച്ചില്ല. അവളുടെ മൃതദേഹം കിടക്കുന്നിടത്തേക്ക് പത്രോസിനെ കൊണ്ടുവന്നപ്പോൾ അവൻ മുട്ടുകുത്തി പ്രാർത്ഥിച്ചു. ദൈവത്തിന്റെ ശക്തിയിൽ അവൻ അവളെ പേര് ചൊല്ലി വിളിച്ചു, "തബിത്താ, എഴുന്നേൽക്കൂ" (വാക്യം 40). അതിശയകരമെന്നു പറയട്ടെ, ഡോർക്കസ് അവളുടെ കണ്ണുകൾ തുറന്ന് കാലൂന്നി എഴുന്നേറ്റു. അവൾ ജീവൻ പ്രാപിച്ചു എന്ന് അവളുടെ സുഹൃത്തുക്കൾ മനസ്സിലാക്കിയപ്പോൾ, പട്ടണത്തിൽ പെട്ടെന്ന് വാർത്ത പരക്കുകയും "അനേകം ആളുകൾ കർത്താവിൽ വിശ്വസിക്കുകയും ചെയ്തു" (വാക്യം 42).

അവളുടെ ജീവിതത്തിന്റെ അടുത്ത ദിവസം ഡോർക്കസ് എങ്ങനെ ചെലവഴിച്ചിരിക്കാം? ഒരുപക്ഷേ അവൾ മുമ്പത്തെപ്പോലെ തന്നെ - ആളുകളുടെ ആവശ്യങ്ങൾ കാണുകയും അവയെ നിറവേറ്റുകയും ചെയ്യതു.

വളരെ മനോഹരം

മിഷിഗണിലെ ഹൈലാൻഡ് പാർക്കിലെ തെരുവുവിളക്കുകൾ അണഞ്ഞപ്പോൾ, മറ്റൊരു പ്രകാശ സ്രോതസ്സായ സൂര്യനോടുള്ള അഭിനിവേശം അവിടെ ഉയർന്നുവന്നു. സാമ്പത്തിക ഭാരത്താൽ ബുദ്ധിമുട്ടുന്ന നഗരത്തിന് അതിന്റെ അവശ്യ സേവനങ്ങൾ നിർവഹിക്കുന്ന കമ്പനിക്കു പണം നൽകാൻ ധനമില്ലാതെയായി തീർന്നു. തെരുവുവിളക്കുകൾ അണച്ചുകൊണ്ടു വൈദ്യുതി കമ്പനി 1400 വിളക്കുകാലുകളിലെ ബൾബുകൾ നീക്കം ചെയ്തു. ഇതോടെ പ്രദേശവാസികൾ സുരക്ഷിത്വമില്ലാതെ ഇരുട്ടിൽ തങ്ങേണ്ടിവന്നു. “അതാ കുറച്ചു കുട്ടികൾ സ്കൂളിലേക്കു പോകുന്നു,” ഒരു പ്രദേശവാസി വാർത്താ സംഘത്തോടു പറഞ്ഞു. “വെളിച്ചമില്ല. വഴി കാണാൻ കഴിയാതെ ഒരു ഊഹം വച്ചാണ് അവർ നടക്കുന്നത്.”

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന തെരുവ് വിളക്കുകൾ നഗരത്തിൽ സ്ഥാപിക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘം രൂപീകരിച്ചപ്പോൾ അവസ്ഥയ്ക്കു മാറ്റം സംഭവിച്ചു. ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട്, പ്രദേശവാസികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു പ്രകാശ സ്രോതസ്സ് സുസജ്ജമാക്കുകയും അതിലൂടെ ആ മാനവിക സംഘടന നഗരത്തിന്റെ ഊർജ്ജ ചിലവുകളിൽ പണം ലാഭിക്കുകയും ചെയ്തു.

ക്രിസ്തുവിലുള്ള നമ്മുടെ ജീവിതത്തിൽ, വിശ്വസിച്ച് ആശ്രയിക്കാവുന്ന നമ്മുടെ പ്രകാശ സ്രോതസ്സ് ദൈവപുത്രനായ യേശു തന്നെയാണ്. അപ്പൊസ്തലനായ യോഹന്നാൻ എഴുതിയതുപോലെ, “ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല…” (1 യോഹന്നാൻ 1:5). “അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (വാ. 7) എന്നു യോഹന്നാൻ കുറിക്കുന്നു.

“യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും…” (യോഹന്നാൻ 8:12) എന്നു യേശു തന്നെ പ്രഖ്യാപിച്ചു. ദൈവത്തിന്റെ പരിശുദ്ധാത്മാവു നമ്മുടെ ഓരോ ചുവടും നയിക്കുന്നതിനാൽ നാം ഒരിക്കലും ഇരുട്ടിൽ നടക്കുകയില്ല. അവന്റെ വെളിച്ചം എപ്പോഴും തേജസാർന്നു പ്രകാശിക്കുന്നു.

അനുസരണം ഒരു തിരഞ്ഞെടുപ്പാണ്

നെതർലൻഡ്സിലെ ശൈത്യകാലത്ത് വളരെ അപൂർവമായേ മഞ്ഞുവീഴ്ച സംഭവിക്കാറുള്ളൂ. പക്ഷേ കനാലുകൾ തണുത്തുറഞ്ഞുപോകും വിധം ശൈത്യം കഠിനപ്പെടാറുണ്ട്. എന്റെ ഭർത്താവ് ടോം അവിടെ വളർന്നുവന്ന കാലത്ത്, അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരു നിയമം വച്ചിരുന്നു: “കുതിരയുടെ ഭാരം താങ്ങാൻ തക്ക കട്ടിയാകുന്നതുവരെ മഞ്ഞുപാളിയിൽ നിന്ന് അകന്നു നിൽക്കുക.” കുതിരകൾ തങ്ങളുടെ സാന്നിധ്യത്തിന്റെ തെളിവുകൾ അവശേഷിപ്പിക്കുമെന്നതിനാൽ, ടോമും സുഹൃത്തുക്കളും റോഡിൽ നിന്ന് കുറച്ച് കുതിരചാണകം നീക്കം ചെയ്യാൻ  തീരുമാനിച്ചു. അവർ അത് നേർത്ത മഞ്ഞുപാളിയിൽ എറിഞ്ഞുകൊണ്ടു പാളിയുടെ ഉപരിതലത്തിലേക്ക് നീങ്ങി. അവർക്ക് ഒരു ദോഷവും സംഭവിച്ചില്ല. അവർ അങ്ങനെ ചെയ്യുന്നത് ആരും കണ്ടുപിടിച്ചുമില്ല. എന്നാൽ തങ്ങൾ അനുസരണക്കേടു കാണിക്കുകയാണെന്നു ഹൃദയത്തിൽ അവർക്ക് അറിയാമായിരുന്നു.

എല്ലായ്പ്പോഴും സ്വാഭാവികമായി വരുന്ന ഒന്നല്ല അനുസരണം. കടമ ബോധത്തിൽ നിന്നോ ശിക്ഷയെക്കുറിച്ചുള്ള ഭയത്തിൽ നിന്നോ ഉണ്ടാകാന്നതാണ്  അനുസരിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പ്. എന്നാൽ നമ്മുടെമേൽ അധികാരമുള്ളവരോടുള്ള സ്നേഹവും ആദരവും നിമിത്തം നമുക്കു അനുസരിക്കാനായി തീരുമാനിക്കാവുന്നതാണ്.

“എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും… എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല” (വാ. 23-24) എന്നു യോഹന്നാൻ 14-ൽ പറഞ്ഞുകൊണ്ടു യേശു തന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്തു. അനുസരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള ഒരു തിരഞ്ഞെടുപ്പല്ല. എന്നാൽ, നമ്മുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിന്റെ ശക്തി അവനെ അനുസരിക്കാനുള്ള ആഗ്രഹവും കഴിവും നൽകുന്നു (വാ. 15-17). അവൻ പ്രാപ്തനാക്കുന്നതു മുഖാന്തരം, നമ്മെ ഏറ്റവും സ്നേഹിക്കുന്നവന്റെ കൽപ്പനകൾ തുടർന്നും പിന്തുടരാൻ നമുക്ക് കഴിയും-ശിക്ഷയെ ഭയന്നല്ല, മറിച്ച് സ്നേഹത്താൽ.

ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുക

മേശയ്ക്കു അരികിലുണ്ടായിരുന്ന രണ്ടു മുഖങ്ങൾ വേറിട്ടു നിന്നു—ഒന്നു കയ്പേറിയ കോപത്താൽ വക്രമായതും മറ്റൊന്നു വൈകാരിക വേദനയിൽ ചുളിവ് വീണതും. ഒരു സ്ത്രീ തന്റെ വിശ്വാസങ്ങളുടെ പേരിൽ മറ്റൊരാളെ അധിക്ഷേപിച്ചപ്പോൾ, പഴയ സുഹൃത്തുക്കളുടെ ആ കൂടിച്ചേരലിൽ ആക്രോശങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മറ്റേ വ്യക്തിയെ അപമാനിച്ചുകൊണ്ടു ആദ്യത്തെ സ്ത്രീ ഭക്ഷണശാലയിൽ നിന്നു ഇറങ്ങിപ്പോകുന്നതു വരെ തർക്കം തുടർന്നുകൊണ്ടിരുന്നു.

അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടം കൊടുക്കാൻ കഴിയാനാവാത്ത ഒരു കാലഘട്ടത്തിലാണോ നാം ജീവിക്കുന്നത്? രണ്ടുപേർക്കു യോജിക്കാൻ കഴിയാത്തതുകൊണ്ട് അതിലൊന്നു തിന്മയാണെന്ന് അർത്ഥമില്ല. പരുഷമായതോ വഴങ്ങാത്തതോ ആയ സംസാരം ഒരിക്കലും അനുനയിപ്പിക്കാൻ ഉതകുന്നതല്ല. ശക്തമായ വീക്ഷണങ്ങൾ മാന്യതയെയോ അനുകമ്പയെയോ മറികടക്കാനും പാടില്ല.

“അന്യോന്യം ബഹുമാനിക്കുക”, മറ്റുള്ളവരോട് “ഐകമത്യമുള്ളവരായി ജീവിക്കുക” (വാ. 10, 16) എന്നിവയുടെ മഹത്തായ മാർഗ്ഗദർശിയാണ് റോമർ 12. പരസ്പരം നമുക്കുള്ള സ്നേഹമാണ് തന്നിൽ വിശ്വസിക്കുന്നവരെ തിരിച്ചറിയുന്ന സഹായിക്കുന്ന ഒരു സ്വഭാവം എന്നു യേശു സൂചിപ്പിച്ചു (യോഹന്നാൻ 13:35). അഹങ്കാരവും കോപവും നമ്മെ അനായാസം വഴിതെറ്റിക്കാൻ ഇടവരുത്തുന്നു എന്നു മാത്രമല്ല, നാം മറ്റുള്ളവരോടു കാണിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന സ്നേഹത്തിനു അവ നേർ വിപരീതവുമാണ്.

നമ്മുടെ വികാരങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ, “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” (റോമർ 12:18) എന്ന വചനം, ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം മറ്റൊരാളിൽ ആരോപിക്കാൻ സാധിക്കുന്ന ഒന്നല്ല എന്നു കാട്ടിതരുന്നു. അവന്റെ നാമം വഹിക്കുന്ന നമ്മിൽ ഓരോരുത്തരിലും ആ ഉത്തരവാദിത്തം നിഷിപ്തമാണ്.

യേശുവിനെ പ്രതീക്ഷിച്ചുകൊണ്ട്

എന്റെ സുഹൃത്ത് പോൾ തന്റെ റഫ്രിജറേറ്റർ നന്നാക്കാൻ ഒരു ടെക്നീഷ്യന്റെ വരവും കാത്തുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഗൃഹോപകരണ കമ്പനിയുടെ ഒരു സന്ദേശം വന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “യേശു യാത്രയിലാണ്, ഏകദേശം 11:35 ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.” ടെക്നീഷ്യന്റെ പേര് യഥാർത്ഥത്തിൽ യേശു (സ്പാനിഷ് ഭാഷയിൽ, hay-SOOS) ആണെന്ന് പോളിന് ഉടനെ മനസ്സിലായി.

എന്നാൽ ദൈവപുത്രനായ യേശു എപ്പോൾ വരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്? രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അവൻ ഒരു മനുഷ്യനായി വന്ന് നമ്മുടെ പാപത്തിന്റെ ശിക്ഷ അനുഭവിച്ചപ്പോൾ, താൻ മടങ്ങിവരുമെന്ന് അവൻ പറഞ്ഞു—എന്നാൽ അവന്റെ മടങ്ങിവരവിന്റെ കൃത്യമായ "നാളും നാഴികയും" പിതാവിന് മാത്രമേ അറിയൂ (മത്തായി 24:36). നമ്മുടെ രക്ഷകൻ ഭൂമിയിലേക്ക് മടങ്ങിവരുന്ന നിമിഷം അറിയുകയാണെങ്കിൽ അത് നമ്മുടെ ദൈനംദിന മുൻഗണനകളിൽ എന്ത് വ്യത്യാസം വരുത്തും? (യോഹന്നാൻ 14:1-3).

യേശുവിന്റെ മടങ്ങിവരവിനായി ഒരുങ്ങിയിരിക്കാൻ യേശു നിർദ്ദേശം നൽകി: "നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരും" (മത്തായി 24:44). അവൻ നമ്മെ ഓർമ്മിപ്പിച്ചു, "നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ"  (വാക്യം 42).

ക്രിസ്തുവിന്റെ മടങ്ങിവരവിന്റെ ദിവസം, നമുക്ക് ഒരു മുന്നറിയിപ്പ് നൽകാൻ നമ്മുടെ ഫോണിൽ ഒരു അലർട്ട് ലഭിക്കില്ല. അതിനാൽ, നമ്മിലൂടെ പ്രവർത്തിക്കുന്ന ആത്മാവിന്റെ ശക്തിയിലൂടെ, നമുക്ക് നിത്യതയുടെ വീക്ഷണത്തോടെ ഓരോ ദിവസവും ജീവിക്കാം. ദൈവത്തെ സേവിക്കുകയും അവന്റെ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം മറ്റുള്ളവരുമായി പങ്കിടാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യാം.