യേശുവിലുള്ള കൂട്ടായ്മ
ഞായറാഴ്ച രാവിലത്തെ ഞങ്ങളുടെ ആരാധനയ്ക്കുശേഷം വിളക്കുകൾ അണയ്ക്കുന്നതിനും പള്ളി പൂട്ടുന്നതിനും ഉത്തരവാദിത്വപ്പെട്ടവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ ആ വ്യക്തിയെക്കുറിച്ച് എനിക്ക് ഒരു കാര്യം അറിയാം: അദ്ദേഹത്തിന്റെ ഞായറാഴ്ചത്തെ അത്താഴം വൈകും. കാരണം, നിരവധി ആളുകൾ ആരാധന കഴിഞ്ഞ് ചുറ്റിക്കറങ്ങാനും ജീവിത തീരുമാനങ്ങൾ, ഹൃദയപ്രശ്‌നങ്ങൾ, പോരാട്ടങ്ങൾ എന്നിവയെക്കുറിച്ചും മറ്റും പരസ്പരം സംസാരിക്കാനും ഇഷ്ടപ്പെടുന്നു. ആരാധന കഴിഞ്ഞ് ഇരുപത് മിനിറ്റിനുശേഷം ചുറ്റും നോക്കിയാൽ നിരവധി ആളുകൾ ഇപ്പോഴും പരസ്പരം സംസാരിച്ചിരിക്കുന്നത് കാണുന്നത് സന്തോഷകരമാണ്.
ക്രിസ്തുതുല്യമായ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമാണ് കൂട്ടായ്മ. സഹവിശ്വാസികളോടൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ ലഭിക്കുന്ന പരസ്പര ബന്ധം ഇല്ലെങ്കിൽ, ഒരു വിശ്വാസി എന്ന നിലയിലുള്ള നിരവധി നേട്ടങ്ങൾ നമുക്ക് നഷ്ടമാകും.
ഉദാഹരണത്തിന്, നമുക്ക് ''അന്യോന്യം പ്രബോധിപ്പിക്കാനും അന്യോന്യം ആത്മിക വർദ്ധനവരുത്താനും'' കഴിയുമെന്ന് പൗലൊസ് പറയുന്നു (1 തെസ്സലൊനീക്യർ 5:11). “തമ്മിൽ പ്രബോധിപ്പിക്കുവാൻ'' (10:25) ഒരുമിച്ചുകൂടുന്നത് അവഗണിക്കരുതെന്ന് പറഞ്ഞുകൊണ്ട് എബ്രായ ലേഖന കർത്താവ് അതിനോടു യോജിക്കുന്നു. നമ്മൾ ഒരുമിച്ചായിരിക്കുമ്പോൾ, “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പിൻ’ (വാ. 24) എന്ന് എഴുത്തുകാരൻ പറയുന്നു.
യേശുവിനു വേണ്ടി ജീവിക്കാൻ സമർപ്പിതരായ ആളുകൾ എന്ന നിലയിൽ, “ബലഹീനരെ താങ്ങുവാനും,'' “എല്ലാവരോടും ദീർഘക്ഷമ കാണിക്കാനും’’ (1 തെസ്സലൊനീക്യർ 5:14) വിശ്വസ്തതയ്ക്കും സേവനത്തിനും നാം സ്വയം തയ്യാറെടുക്കുന്നു. അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് ആ വിധത്തിൽ ജീവിക്കുന്നത്, യഥാർത്ഥ കൂട്ടായ്മ ആസ്വദിക്കാനും “തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്യാനും’’ (വാക്യം 15) അനുവദിക്കുന്നു.
ദൈവമുമ്പാകെ തുല്യൻ
അവധിക്കാലത്ത് ഞാനും ഭാര്യയും അതിരാവിലെയുള്ള ബൈക്ക് യാത്ര ആസ്വദിച്ചു. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വീടുകളുടെ അയൽപക്കത്തിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ചത്. പലതരം ആളുകളെ ഞങ്ങൾ കണ്ടു-താമസക്കാർ, അവരുടെ നായ്ക്കൾ, സഹ ബൈക്ക് യാത്രക്കാർ, പുതിയ വീടുകൾ പണിയുന്നവരോ നന്നാക്കുന്നവരോ ആയ നിരവധി തൊഴിലാളികൾ, പ്രകൃതിദൃശ്യങ്ങൾ. ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ മിശ്രിതമായിരുന്നു അത്. അതു കണ്ടപ്പോൾ വിലപ്പെട്ട ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് അതെന്നെ ഓർമ്മിപ്പിച്ചു. ഞങ്ങൾക്കിടയിൽ ധനികനോ ദരിദ്രനോ, സമ്പന്നനോ തൊഴിലാളിയോ. അറിയപ്പെടുന്നവരോ അറിയപ്പെടാത്തവരോ എന്ന യഥാർത്ഥ വേർതിരിവ് ഇല്ലായിരുന്നു. അന്ന് രാവിലെ ആ തെരുവിൽ ഞങ്ങളെല്ലാം ഒരുപോലെയായിരുന്നു. “ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ’’ (സദൃശവാക്യങ്ങൾ 22:2). വ്യത്യാസമില്ലാതെ, നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് (ഉല്പത്തി 1:27).
എന്നാൽ അതിലധികം ഉണ്ട്. ദൈവമുമ്പാകെ തുല്യരായിരിക്കുക എന്നതിനർത്ഥം നമ്മുടെ സാമ്പത്തികമോ സാമൂഹികമോ വംശീയമോ ആയ സാഹചര്യം എന്തുതന്നെയായാലും, നാമെല്ലാവരും ദൈവമുമ്പാകെ പാപികളാണ് എന്നതാണ്: “എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു’’ (റോമർ 3:23). നാമെല്ലാവരും അവന്റെ മുമ്പാകെ അനുസരണമില്ലാത്തവരും തുല്യ കുറ്റക്കാരുമാണ്, നമുക്ക് യേശുവിനെ ആവശ്യമാണ്.
പല കാരണങ്ങളാൽ നമ്മൾ പലപ്പോഴും ആളുകളെ ഗ്രൂപ്പുകളായി വിഭജിക്കുന്നു. പക്ഷേ, വാസ്തവത്തിൽ, നാമെല്ലാവരും മനുഷ്യരാശിയുടെ ഭാഗമാണ്. നാമെല്ലാവരും ഒരേ അവസ്ഥയിലാണെങ്കിലും-ഒരു രക്ഷകനെ ആവശ്യമുള്ള പാപികൾ-അവന്റെ കൃപയാൽ നമുക്ക് “സൗജന്യമായി നീതീകരിക്കപ്പെടാൻ’’ (ദൈവത്തോടു നിരപ്പാകാൻ) കഴിയും (വാ. 24).
എല്ലാവരും ആരാധിക്കുന്നു
ഞാൻ അടുത്തിടെ ഗ്രീസിലെ ഏഥൻസ് സന്ദർശിച്ചു. തത്ത്വചിന്തകർ പഠിപ്പിക്കുവാനും ഏഥൻസുകാർ ആരാധിക്കുവാനും ഒത്തുകൂടിയിരുന്ന അതിന്റെ പുരാതന അഗോറ (ചന്ത)യ്ക്കു ചുറ്റും നടക്കുമ്പോൾ, അപ്പോളോയ്ക്കും സ്യൂൂസിനും വേണ്ടിയുള്ള ബലിപീഠങ്ങൾ കണ്ടെത്തി. എല്ലാം അക്രോപോലീസിന്റെ നിഴലിലായിരുന്നു. അഥേന ദേവിയുടെ ഒരു പ്രതിമയും അവിടെ ഉണ്ടായിരുന്നു.
ഇന്ന് നമ്മൾ അപ്പോളോയെയോ സ്യൂസിനെയോ വണങ്ങുന്നിഅല്ലായിരിക്കാം, പക്ഷേ സമൂഹം മതപരമായ കാര്യത്തിൽ അതിലൊട്ടും പിന്നിലല്ല. “എല്ലാവരും ആരാധിക്കുന്നു,'' നോവലിസ്റ്റ് ഡേവിഡ് ഫോസ്റ്റർ വാലസ് പറഞ്ഞു എന്നിട്ട് ഈ മുന്നറിയിപ്പ് അദ്ദേഹം കൂട്ടിച്ചേർത്തു: ''നിങ്ങൾ പണത്തെയും വസ്തുക്കളെയും ആരാധിക്കുകയാണെങ്കിൽ . . . അപ്പോൾ നിങ്ങൾക്ക് ഒരിക്കലും മതിവരില്ല. . . . നിങ്ങളുടെ ശരീരത്തെയും സൗന്ദര്യത്തെയും ആരാധിക്കുക. . . നിങ്ങൾക്ക് എപ്പോഴും വൃത്തികെട്ടതായി തോന്നുും. . . . നിങ്ങളുടെ ബുദ്ധിയെ ആരാധിക്കുക. . . നിങ്ങൾ മണ്ടരാണെന്നു തോന്നും.'' നമ്മുടെ മതേതര ലോകത്തിന് അതിന്റേതായ ദൈവങ്ങളുണ്ട്, അവർ ദയയുള്ളവരല്ല.
അഗോറ സന്ദർശിച്ചപ്പോൾ പൗലോസ് പറഞ്ഞു, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു’’ (പ്രവൃത്തികൾ 17:22). എല്ലാവരുടെയും സ്രഷ്ടാവായ ഏക സത്യദൈവത്തെക്കുറിച്ച് അപ്പൊസ്തലൻ വിവരിച്ചു (വാ. 24-26), മനുഷ്യർ തന്നെ അറിയണമെന്ന് ആഗ്രഹിക്കുന്നവനും യേശുവിന്റെ പുനരുത്ഥാനത്തിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിയവനുമായ ദൈവമാണവൻ (വാക്യം 31). അപ്പോളോയെയും സ്യൂസിനെയും പോലെ, ഈ ദൈവം മാനുഷിക കൈകളാൽ നിർമ്മിക്കപ്പെട്ടവനല്ല. പണം, നേട്ടം, ബുദ്ധി എന്നിവയെ പോലെയല്ല, അവനെ ആരാധിക്കുന്നത് നമ്മെ നശിപ്പിക്കയില്ല.
നമുക്ക് ലക്ഷ്യവും സുരക്ഷിതത്വവും നൽകാൻ നാം ആശ്രയിക്കുന്നതെന്തും നമ്മുടെ 'ദൈവം' ആണ്. ഭാഗ്യവശാൽ, എല്ലാ ഭൗമിക ദൈവങ്ങളും നമ്മെ പരാജയപ്പെടുത്തുമ്പോൾ, ഏക സത്യദൈവം നമുക്കു കണ്ടെത്താൻ കഴിയുംവിധം അടുത്തിരിക്കുന്നവനാണ് (വാ. 27).
ഒരു അസാദ്ധ്യ സമ്മാനം
എന്റെ ഭർത്തൃ-മാതാവിന്റെ ജന്മദിനത്തിന് അനുയോജ്യമായ സമ്മാനം കണ്ടെത്തിയതിൽ ഞാൻ ആഹ്ലാദിച്ചു: ബ്രേസ് ലെറ്റിൽ അവളുടെ ജന്മദിനക്കല്ല് പോലും ഉണ്ടായിരുന്നു! മറ്റൊരാൾക്ക് അനുയോജ്യമായ ആ സമ്മാനം കണ്ടെത്തുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്. എന്നാൽ വ്യക്തിക്ക് ആവശ്യമുള്ള സമ്മാനം നൽകുന്നത് നമ്മുടെ കഴിവിന് അതീതമായാലോ? ഒരാൾക്ക് മനസ്സമാധാനം, വിശ്രമം, അല്ലെങ്കിൽ ക്ഷമ എന്നിവ നൽകണമെന്ന് നമ്മളിൽ പലരും ആഗ്രഹിക്കുന്നു. അവ വാങ്ങുവാനുംസമ്മാനമായി പൊതിയുവാനും കഴിഞ്ഞിരുന്നെങ്കിൽ!
ഇത്തരത്തിലുള്ള സമ്മാനങ്ങൾ ഒരാൾ മറ്റൊരാൾക്ക് നൽകുന്നത് അസാധ്യമാണ്. എന്നിട്ടും യേശു-മനുഷ്യശരീരത്തിലുള്ള ദൈവം- തന്നിൽ വിശ്വസിക്കുന്നവർക്ക് അത്തരമൊരു “അസാധ്യമായ” സമ്മാനം നൽകുന്നു: സമാധാനത്തിന്റെ സമ്മാനം. ശിഷ്യന്മാരെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, പരിശുദ്ധാത്മാവിന്റെ വാഗ്ദാനത്താൽ യേശു അവരെ ആശ്വസിപ്പിച്ചു: “അവൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും’’ (യോഹന്നാൻ 14:26). അവരുടെ ഹൃദയങ്ങൾ അസ്വസ്ഥമാകുമ്പോഴോ ഭയം അനുഭവിക്കുമ്പോഴോ ശാശ്വതവും അചഞ്ചലവുമായ ഒരു സമ്മാനമായി അവൻ അവർക്ക് സമാധാനം-തന്റെ സമാധാനം -വാഗ്ദാനം ചെയ്തു. അവൻ, അവൻ തന്നെ, ദൈവത്തോടും മറ്റുള്ളവരോടും നമ്മോടുതന്നേയും ഉള്ള നമ്മുടെ സമാധാനമാണ്.
നമ്മുടെ പ്രിയപ്പെട്ടവർക്ക് അധിക ക്ഷമയോ അവർ ആഗ്രഹിക്കുന്ന മെച്ചപ്പെട്ട ആരോഗ്യമോ നൽകാനുള്ള കഴിവ് നമുക്കുണ്ടായേക്കില്ല. ജീവിതസമരങ്ങൾക്കിടയിൽ നമുക്കെല്ലാവർക്കും സഹിച്ചുനില്ക്കാൻ ആവശ്യമായ സമാധാനം അവർക്ക് നൽകാനും നമ്മുടെ ശക്തിയാൽ കഴിയുന്നതല്ല. എന്നാൽ സത്യവും ശാശ്വതവുമായ സമാധാനത്തിന്റെ ദാതാവും മൂർത്തരൂപവുമായ യേശുവിനെക്കുറിച്ച് അവരോട് സംസാരിക്കാൻ ആത്മാവിനാൽ നയിക്കപ്പെടാൻ നമുക്കു കഴിയും.
എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?
ആൻ തന്റെ ഓറൽ സർജനുമായി -വർഷങ്ങളായി അവൾക്ക് പരിചയമുള്ള ഒരു ഫിസിഷ്യൻ - ഒരു പ്രാഥമിക പരിശോധനയ്ക്കായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അദ്ദേഹം അവളോട് ചോദിച്ചു, “നിനക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?” അവൾ പറഞ്ഞു, “ഉണ്ട്. കഴിഞ്ഞ ഞായറാഴ്ച താങ്കൾ പള്ളിയിൽ പോയിരുന്നോ?” അവളുടെ ചോദ്യം വിധിക്കാനുദ്ദേശിച്ചുള്ളതായിരുന്നില്ല, മറിച്ച് വിശ്വാസത്തെക്കുറിച്ചുള്ള ഒരു സംഭാഷണം ആരംഭിക്കാൻ വേണ്ടിയായിരുന്നു.
സർജൻ പോസിറ്റീവായ സഭാ അനുഭവം കുറവുള്ള ആളായിരുന്നു, അദ്ദേഹം പിന്നീട് സഭയിൽ പോയിട്ടില്ല. ആനിന്റെ ചോദ്യവും അവരുടെ സംഭാഷണവും കാരണം, തന്റെ ജീവിതത്തിൽ യേശുവിന്റെയും സഭയുടെയും പങ്കിനെക്കുറിച്ച് അദ്ദേഹം പുനർവിചിന്തനം ചെയ്തു. ആൻ പിന്നീട് അദ്ദേഹത്തിന്റെ പേര് എഴുതിയ ഒരു ബൈബിൾ കൊടുത്തപ്പോൾ കണ്ണീരോടെയാണ് ഡോക്ടർ അത് സ്വീകരിച്ചത്.
ചിലപ്പോൾ നാം ഏറ്റുമുട്ടലിനെ ഭയപ്പെടുന്നു അല്ലെങ്കിൽ നമ്മുടെ വിശ്വാസം പങ്കിടുന്നതിൽ വളരെ താവ്രതയുള്ളവരായി തോന്നാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ യേശുവിനെക്കുറിച്ച് സാക്ഷ്യം വഹിക്കാൻ വിജയകരമായ ഒരു മാർഗ്ഗമുണ്ട്-ചോദ്യങ്ങൾ ചോദിക്കുക.
ദൈവമായവനും എല്ലാം അറിയാവുന്നവനുമായ ഒരു മനുഷ്യൻ, യേശു, തീർച്ചയായും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. അവന്റെ ഉദ്ദേശ്യങ്ങൾ നമുക്കറിയില്ലെങ്കിലും, അവന്റെ ചോദ്യങ്ങൾ പ്രതികരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു എന്നത് വ്യക്തമാണ്. അവൻ തന്റെ ശിഷ്യനായ അന്ത്രെയൊസിനോട്, “നിങ്ങൾ എന്തു അന്വേഷിക്കുന്നു?” (യോഹന്നാൻ 1:38) എന്നു ചോദിച്ചു. അവൻ അന്ധനായ ബർത്തിമായിയോട്, “ഞാൻ നിനക്കു എന്തു ചെയ്യേണം?” എന്ന് ചോദിച്ചു (മർക്കൊസ് 10:51; ലൂക്കൊസ് 18:41). തളർവാതരോഗിയോട് അവൻ ചോദിച്ചു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ?” (യോഹന്നാൻ 5:6). യേശുവിന്റെ ആദ്യ ചോദ്യത്തിനു ശേഷം ഈ ഓരോ വ്യക്തിക്കും രൂപാന്തരം സംഭവിച്ചു.
വിശ്വാസപരമായ കാര്യങ്ങളിൽ നിങ്ങൾ സമീപിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ? നിങ്ങൾക്ക് ചോദിക്കാനുള്ള ശരിയായ ചോദ്യങ്ങൾ നൽകാൻ ദൈവത്തോട് ആവശ്യപ്പെടുക.
ഒരു വ്യത്യസ്ത സമീപനം
1800-കളുടെ അവസാനത്തിൽ ആഫ്രിക്കൻ രാജ്യമായ കലബാറിലേക്ക് (ഇപ്പോൾ നൈജീരിയ) മേരി സ്ലെസ്സർ കപ്പൽ കയറിയപ്പോൾ, അന്തരിച്ച ഡേവിഡ് ലിവിംഗ്സ്റ്റണിന്റെ മിഷനറി പ്രവർത്തനം തുടരാൻ അവൾ ഉത്സാഹഭരിതയായിരുന്നു. അവളുടെ ആദ്യ നിയമനം, സഹ മിഷനറിമാരുടെ ഇടയിൽ ജീവിച്ചുകൊണ്ട് സ്‌കൂളിൽ പഠിപ്പിക്കുകയായിരുന്നു. തദ്ദേശീയരെ സേവിക്കുന്നതിനുള്ള തന്റെ അവസരം ഇല്ലാതായത് അവളെ ഭാരപ്പെടുത്തി. അതുകൊണ്ട് അവൾ ആ പ്രദേശത്ത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ചെയ്തു - അവൾ സേവിക്കുന്ന ആളുകളുടെ ഒപ്പം താമസം ആരംഭിച്ചു. മേരി അവരുടെ ഭാഷ പഠിച്ചു, അവരുടെ രീതിയിൽ ജീവിച്ചു, അവരുടെ ഭക്ഷണം കഴിച്ചു. ഉപേക്ഷിക്കപ്പെട്ട ഡസൻ കണക്കിന് കുട്ടികളെ അവൾ ഏറ്റെടുത്തു. ഏകദേശം നാൽപ്പത് വർഷക്കാലം, പ്രത്യാശയും സുവിശേഷവുംആവശ്യമുള്ളവർക്ക് അവൾ അവ നൽകി.
നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ യഥാർഥത്തിൽ നിറവേറ്റേണ്ടതിന്റെ പ്രാധാന്യം അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. 1 കൊരിന്ത്യർ 12:4-5-ൽ “കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ'' എന്നും അവൻ പരാമർശിച്ചു. അതുകൊണ്ട് അവൻ ആളുകളുടെ ആവശ്യം മനസ്സിലാക്കി അവരെ സേവിച്ചു. ഉദാഹരണത്തിന്, “ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി” (9:22).
എനിക്ക് അറിയാവുന്ന ഒരു സഭ ഈയിടെ പ്രഖ്യാപിച്ചത്, അംഗപരിമിതർക്ക് ആരാധന ലഭ്യമാക്കുന്നതിനായി എല്ലാ കഴിവുകളും ശുശ്രൂഷാ സമീപനവും, തടസ്സങ്ങളില്ലാത്ത സൗകര്യവും ഒരുക്കുന്നു എന്നാണ്. ഹൃദയങ്ങളെ കീഴടക്കുകയും ഒരു സമൂഹത്തിൽ സുവിശേഷം തഴച്ചുവളരാൻ അനുവദിക്കുകയും ചെയ്യുന്ന പൗലൊസിനെപ്പോലെയുള്ള ചിന്തയാണിത്.
നമുക്ക് ചുറ്റുമുള്ളവരുടെ മുമ്പാകെ നമ്മുടെ വിശ്വാസം നിലനിറുത്തിക്കൊണ്ട് നവീനവും നവ്യവുമായ വഴികളിൽ യേശുവിന് അവർക്കു പരിചയപ്പെടുത്താൻ ദൈവം നമ്മെ നയിക്കട്ടെ.
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്
ഒന്നിനും ആകാശിനെ അവന്റെ കടുത്ത വിഷാദത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞില്ല. ഒരു ട്രക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അവനെ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മിഷനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് ഓപ്പറേഷനുകൾ കൊണ്ട് തകർന്ന എല്ലുകൾ നന്നാക്കിയെങ്കിലും അവനു ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. വിഷാദം ആരംഭിച്ചു. അവന്റെ കുടുംബത്തിന്റെ ഏക ആശ്രയം അവനായിരുന്നു. എന്നാൽ അവരെ പോറ്റാൻ അവനു കഴിയാതിരുന്നതിനാൽ അവന്റെ ലോകം കൂടുതൽ അന്ധകാരമയമായി.
ഒരു ദിവസം ഒരു സന്ദർശകൻ ആകാശിന് യോഹന്നാന്റെ സുവിശേഷത്തിൽനിന്ന് അവന്റെ ഭാഷയിൽ വായിച്ചു കേൾപ്പിക്കുകയും അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. യേശുവിലൂടെയുള്ള ദൈവത്തിന്റെ സൗജന്യ ദാനമായ ക്ഷമയുടെയും രക്ഷയുടെയും പ്രത്യാശയാൽ സ്പർശിക്കപ്പെട്ട ആകാശ് അവനിൽ വിശ്വാസം അർപ്പിച്ചു. അവന്റെ വിഷാദം പെട്ടെന്ന് വിട്ടുമാറി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, തന്റെ പുതിയ വിശ്വാസത്തെക്കുറിച്ചു പറയാൻ അവൻ ആദ്യം ഭയപ്പെട്ടു. ഒടുവിൽ, അവൻ തന്റെ കുടുംബത്തോട് യേശുവിനെക്കുറിച്ച് പറഞ്ഞു-അവരിൽ ആറുപേർ യേശുവിൽ വിശ്വസിച്ചു!
യോഹന്നാന്റെ സുവിശേഷം അന്ധകാര ലോകത്തിൽ പ്രകാശ നാളമാണ്. അതിൽ നാം വായിക്കുന്നത് '[യേശുവിൽ] വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നു' (3:16) എന്നാണ്. “[യേശുവിന്റെ] വചനം കേട്ട് അവനെ അയച്ചവനിൽ [ദൈവത്തിൽ] വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടെന്ന്” നാം കണ്ടെത്തുന്നു (5:24). യേശു പറയുന്നു, ''ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല'' (6:35). തീർച്ചയായും, “സത്യം പ്രവർത്തിക്കുന്നവനോ ... വെളിച്ചത്തിങ്കലേക്കു വരുന്നു” (3:21)
നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വലുതായിരിക്കാം, എന്നാൽ യേശു അതിലും വലിയവനാണ്. അവൻ വന്നത് നമുക്ക് ''ജീവൻ . . . സമൃദ്ധിയായി'' ഉണ്ടാകുവാൻ അത്രേ (10:10). ആകാശിനെപ്പോലെ, ലോകത്തിന്റെ പ്രത്യാശയും എല്ലാ മനുഷ്യരാശിയുടെയും വെളിച്ചവുമായ യേശുവിൽ നിങ്ങളുടെ വിശ്വാസം അർപ്പിക്കുക.
വേർപിരിയൽ വാക്കുകൾ
തന്റെ ജീവിതാവസാനത്തോട് അടുത്തപ്പോൾ, ജോൺ എം. പെർക്കിൻസിന് താൻ വിട്ടിട്ടു പോകുന്ന ആളുകൾക്ക് നൽകാൻ ഒരു സന്ദേശം ഉണ്ടായിരുന്നു. വംശീയ അനുരഞ്ജനത്തിനുവേണ്ടി വാദിക്കുന്നതിൽ പേരുകേട്ട പെർക്കിൻസ് പറഞ്ഞു, ''ദൈവത്തിലേക്കുള്ള ഏക വഴി മാനസാന്തരമാണ്. നിങ്ങൾ മാനസാന്തരപ്പെട്ടില്ലെങ്കിൽ നിങ്ങളെല്ലാവരും നശിച്ചുപോകും.''
ഈ വാക്കുകൾ യേശുവിന്റെയും ബൈബിളിലെ മറ്റു പലരുടെയും ഭാഷയെ പ്രതിഫലിപ്പിക്കുന്നു. ക്രിസ്തു പറഞ്ഞു, “അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” (ലൂക്കൊസ് 13:3). അപ്പൊസ്തലനായ പെത്രാസ് പറഞ്ഞു, “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ” (പ്രവൃത്തികൾ 3:19).
തന്റെ ജനം ദൈവത്തിങ്കലേക്കു തിരിയണമെന്ന് ആഗ്രഹിച്ച മറ്റൊരു വ്യക്തിയുടെ വാക്കുകൾ തിരുവെഴുത്തുകളിൽ വളരെ മുമ്പുതന്നെ നാം വായിക്കുന്നു. “എല്ലാ യിസ്രായേലിനോടും” ഉള്ള തന്റെ (1 ശമുവേൽ 12:1) വിടവാങ്ങൽ പ്രസംഗത്തിൽ, പ്രവാചകനും പുരോഹിതനും ന്യായാധിപനുമായിരുന്ന ശമൂവേൽ പറഞ്ഞു, “ഭയപ്പെടേണ്ട; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ” (വാ. 20). തിന്മയിൽ നിന്ന് തിരിഞ്ഞ് പൂർണ്ണഹൃദയത്തോടെ ദൈവത്തെ അനുഗമിക്കുക എന്നതായിരുന്നു അവന്റെ മാനസാന്തരത്തിന്റെ സന്ദേശം.
നാമെല്ലാവരും പാപം ചെയ്യുകയും അവന്റെ നിലവാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് നാം അനുതപിക്കേണ്ടതുണ്ട്, അതിനർത്ഥം പാപത്തിൽ നിന്ന് പിന്തിരിഞ്ഞ്, നമ്മോട് ക്ഷമിക്കുകയും അവനെ അനുഗമിക്കാൻ നമ്മെ ശക്തീകരിക്കുകയും ചെയ്യുന്ന യേശുവിലേക്ക് തിരിയുക എന്നാണ്. ദൈവത്തിന് മാനസാന്തരത്തിന്റെ ശക്തി ഉപയോഗിച്ച് നമ്മെ എങ്ങനെ തന്റെ ബഹുമാനത്തിനായി ഉപയോഗിക്കാനാകുന്ന ആളുകളാക്കി മാറ്റാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ ജോൺ പെർക്കിൻസ്, ശമൂവേൽ എന്നിവരുടെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം.
നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുക
2021-ൽ, ഒരു ബഹുരാഷ്ട്ര ശ്രമഫലമായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം ചെയ്തു. പ്രപഞ്ചത്തെ നന്നായി പര്യവേക്ഷണം ചെയ്യുന്നതിനായി ഭൂമിയിൽ നിന്ന് ഏകദേശം ഒരു ദശലക്ഷം മൈൽ അകലെ അതിനെ വിന്യസിച്ചു. ഈ അത്ഭുത ഉപകരണം ആഴത്തിലുള്ള ബഹിരാകാശത്തേക്ക് നോക്കുകയും നക്ഷത്രങ്ങളെയും മറ്റ് ആകാശ അത്ഭുതങ്ങളെയും പരിശോധിക്കുകയും ചെയ്യും.
ഇത് തീർച്ചയായും ഒരു കൗതുകകരമായ ജ്യോതിശാസ്ത്ര സാങ്കേതിക വിദ്യയാണ്. എല്ലാം ശരിയായി പ്രവർത്തിച്ചാൽ, അത് നമുക്ക് അതിശയകരമായ ഫോട്ടോകളും വിവരങ്ങളും നൽകും. എന്നാൽ അതിന്റെ ദൗത്യം പുതിയതല്ല. വാസ്തവത്തിൽ, യെശയ്യാ പ്രവാചകൻ നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിനെ കുറിച്ച് വിവരിച്ചു: ''നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു'' (യെശയ്യാവ് 40:26). ഈ അദൃശ്യമായ ബൃഹത്തായ പ്രപഞ്ചത്തെ അസ്തിത്വത്തിലേക്ക് കൊണ്ടുവന്നവനും, അതോടൊപ്പം നമ്മുടെ രാത്രി ആകാശത്തെ നിശബ്ദമായി അലങ്കരിക്കുന്ന എണ്ണമറ്റ പ്രകാശമുള്ള വസ്തുക്കളെയും സൃഷ്ടിച്ചവനുമായ നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച് 'രാത്രിതോറും'' അവ സംസാരിക്കുന്നു (സങ്കീർത്തനം 19:2, 3).
തിളക്കമാർന്ന വസ്തുക്കൾ എത്രയെണ്ണം വേണമെന്ന് തീരുമാനിച്ചത് ദൈവം തന്നെയാണ്: 'അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു' (സങ്കീർത്തനം 147:4). പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യാൻ മനുഷ്യവർഗം സങ്കീർണ്ണവും ആകർഷകവുമായ പേടകങ്ങൾ അയയ്ക്കുമ്പോൾ, അവർ കണ്ടെത്തുന്ന കണ്ടുപിടിത്തങ്ങൾ നമുക്ക് അതിശയത്തോടെ ആസ്വദിക്കാനാകും, കാരണം ഓരോ നിരീക്ഷണവും സൗരയൂഥത്തെയും അതിനപ്പുറമുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചവനിലേക്ക് വിരൽ ചൂണ്ടുന്നു. അതേ, ''ആകാശം - നക്ഷത്രങ്ങളും എല്ലാം - ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു'' (19:1).
ക്ഷമിക്കുന്നതിന്റെ ശക്തി
ഒരു സംഘം തട്ടിക്കൊണ്ടുപോയ പതിനേഴു മിഷനറിമാരെക്കുറിച്ച് 2021 ലെ വാർത്താ റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ മോചനദ്രവ്യ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംഘത്തെ (കുട്ടികൾ ഉൾപ്പെടെ) കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി. അവിശ്വസനീയമാംവിധം, എല്ലാ മിഷനറിമാരും ഒന്നുകിൽ മോചിപ്പിക്കപ്പെടുകയോ സ്വാതന്ത്ര്യത്തിലേക്ക് രക്ഷപ്പെടുകയോ ചെയ്തു. സുരക്ഷിതത്വത്തിൽ എത്തിയപ്പോൾ, അവർ തടവിലാക്കിയവർക്ക് ഒരു സന്ദേശം അയച്ചു: ''അക്രമാസക്തമായ ശക്തിയുടെ വിദ്വേഷത്തേക്കാൾ സ്നേഹത്തിന്റെ ക്ഷമിക്കാനുള്ള ശക്തി ശക്തമാണെന്ന് വാക്കിലൂടെയും സ്വന്തം മാതൃകയിലൂടെയും യേശു ഞങ്ങളെ പഠിപ്പിച്ചു. അതിനാൽ, ഞങ്ങൾ നിങ്ങളോട് ക്ഷമിക്കുന്നു.''
ക്ഷമ ശക്തമാണെന്ന് യേശു വ്യക്തമാക്കി. അവൻ പറഞ്ഞു, "നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും" (മത്തായി 6:14). പിന്നീട്, പത്രൊസിന് ഉത്തരം നൽകിക്കൊണ്ട്, നാം എത്ര പ്രാവശ്യം ക്ഷമിക്കണം എന്ന് ക്രിസ്തു പറഞ്ഞു: "ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു" (18:22; വാ. 21-35 കാണുക). ക്രൂശിൽ വെച്ച്, 'പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ' (ലൂക്കൊസ് 23:34) എന്ന് പ്രാർത്ഥിച്ചപ്പോൾ അവൻ ദൈവിക ക്ഷമ പ്രകടമാക്കി.
രണ്ട് കക്ഷികളും സൗഖ്യത്തിലേക്കും അനുരഞ്ജനത്തിലേക്കും നീങ്ങുമ്പോൾ ക്ഷമ അതിന്റെ പൂർണ്ണ സാക്ഷാത്കാരത്തിലെത്തുകയാണ്. കൂടാതെ, ചെയ്തിരിക്കുന്ന ദ്രോഹത്തിന്റെ ഭവിഷ്യത്തുകളെയോ, വേദനാജനകമോ അനാരോഗ്യകരമോ ആയ ബന്ധങ്ങളെ എങ്ങനെ പരിഹരിക്കണമെന്നു വിവേചിക്കേണ്ടതിന്റെ ആവശ്യകതയെയോ അത് ഇല്ലാതാക്കുന്നില്ലെങ്കിലും, അത് ദൈവത്തിന്റെ സ്നേഹത്തിനും ശക്തിക്കും സാക്ഷ്യം വഹിക്കുന്ന പുനഃസ്ഥാപനത്തിലേക്ക് നയിച്ചേക്കാം. അവന്റെ മഹത്വത്തിനായി 'ക്ഷമയുടെ കരം നീട്ടാനുള്ള' വഴികൾ നമുക്കു നോക്കാം.