ദൈവികമായി വിന്യസിക്കപ്പെട്ടത്
ഞാന്‍ വല്ലാതെ അസ്വസ്ഥനായിരുന്നതിനാല്‍ രാത്രി ഉറക്കമുണര്‍ന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു. സത്യം പറഞ്ഞാല്‍, എന്റെ മനോഭാവം ദൈവത്തിനു പ്രാര്‍ഥനാപൂര്‍വ്വം സമര്‍പ്പിച്ച ഒന്നായിരുന്നില്ല, മറിച്ച് ചോദ്യം ചെയ്യലും കോപവുമായിരുന്നു. ഒരു വിടുതലും കണ്ടെത്താതെ ഞാന്‍ ഇരുന്ന് ഒരു വലിയ ജാലകത്തിലൂടെ ആകാശത്തേക്കു നോക്കി. നക്ഷത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ അപ്രതീക്ഷിതമായി ആകര്‍ഷിക്കപ്പെട്ടു- കൃത്യമായി ക്രമീകരിക്കപ്പെട്ട ഈ മൂന്ന് നക്ഷത്രങ്ങള്‍ പലപ്പോഴും വ്യക്തമായ രാത്രികളില്‍ ദൃശ്യമാകും. ഈ മൂന്ന് നക്ഷത്രങ്ങളും നൂറുകണക്കിന് പ്രകാശവര്‍ഷം അകലെയാണെന്ന് മനസ്സിലാക്കാന്‍ തക്ക ജ്യോതിശാസ്ത്രത്ത ജ്ഞാനം എനിക്കുണ്ടായിരുന്നു.
ആ നക്ഷത്രങ്ങളോട് ഞാന്‍ എത്ര കൂടുതല്‍ അടുക്കുമോ അത്രത്തോളം അവയുടെ ക്രമപ്രകാരമല്ലാത്ത വിന്യാസം ഞാന്‍ കാണും എന്നു ഞാന്‍ മനസ്സിലാക്കി. എന്നിട്ടും എന്റെ വിദൂര വീക്ഷണകോണില്‍ നിന്ന്, അവ ശ്രദ്ധാപൂര്‍വ്വം ആകാശത്ത് ക്രമീകരിക്കപ്പെട്ടിരിക്കുന്നതായി കാണപ്പെട്ടു. ആ നിമിഷം, ദൈവം എന്നെ കാണുന്നതുപോലെ കാണാന്‍ തക്കവണ്ണം ഞാന്‍ എന്റെ ജീവിതത്തോട് വളരെ അടുപ്പത്താണെന്ന് ഞാന്‍ മനസ്സിലാക്കി. അവന്റെ വലിയ ചിത്രത്തില്‍, എല്ലാം തികഞ്ഞ നിലയില്‍ വിന്യാസിക്കപ്പെട്ടിരിക്കുന്നു.
അപ്പൊസ്തലനായ പൗലൊസ്, ദൈവത്തിന്റെ ആത്യന്തിക ഉദ്ദേശ്യങ്ങളുടെ ഒരു സംഗ്രഹം പൂര്‍ത്തിയാക്കുമ്പോള്‍, ഒരു സ്തുതിഗീതത്തിലേക്കു മാറുന്നു (റോമര്‍ 11:33-36). അവന്റെ വാക്കുകള്‍ നമ്മുടെ പരമാധികാരിയായ ദൈവത്തിലേക്ക് നമ്മുടെ നോട്ടം ഉയര്‍ത്തുന്നു, അവന്റെ വഴികള്‍ നമുക്കു മനസ്സിലാക്കാനോ കണ്ടെത്താനോ ഉള്ള നമ്മുടെ പരിമിതമായ കഴിവിനപ്പുറത്താണ് (വാ. 33). എന്നിട്ടും ആകാശത്തിലും ഭൂമിയിലും എല്ലാം ഒരുമിച്ചുനിര്‍ത്തുന്നവന്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളുമായും അടുപ്പത്തോടെയും സ്നേഹത്തോടെയും ഇടപെടുന്നു (മത്തായി 6:25-34; കൊലൊസ്യര്‍ 1:16).
കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെന്ന് തോന്നുമ്പോഴും, ദൈവത്തിന്റെ ദിവ്യ പദ്ധതികള്‍ നമ്മുടെ നന്മയ്ക്കും ദൈവത്തിന്റെ ബഹുമാനത്തിനും മഹത്വത്തിനും വേണ്ടി പ്രവര്‍ത്തനക്ഷമമായിക്കൊണ്ടിരിക്കുന്നു.
നിങ്ങളുടെ ശബ്ദം ഉപയോഗിക്കുക
ലോകപ്രശസ്തനായ ഒരു പിയാനിസ്റ്റിനെ കാണാന്‍ എനിക്കു ക്ഷണം ലഭിച്ചു. സംഗീതത്തില്‍ മുഴുകി ഞാന്‍ വളര്‍ന്നു വന്നതിനാല്‍ - വയലിനും പിയോനോയും വായിച്ചും പള്ളിയിലും മറ്റു പ്രോഗ്രാമുകളിലും ഗാനം ആലപിച്ചും - ആ അവസരം എന്നെ ആവേശം കൊള്ളിച്ചു.
പിയാനിസ്റ്റിനെ കാണാന്‍ ഞാന്‍ എത്തിയപ്പോള്‍, അദ്ദേഹത്തിനു ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയില്ലെന്നു മനസ്സിലായി. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം എനിക്കൊരു ചെലോ വായിക്കാന്‍ തന്നു.-ഞാന്‍ ഒരിക്കലും തൊട്ടിട്ടില്ലാത്ത വാദ്യോപകരണമായിരുന്നു അത്. ഞാന്‍ അതു വായിക്കണമെന്നദ്ദേഹം നിര്‍ബന്ധിച്ചു, അദ്ദേഹവും എന്നോടൊപ്പം വായിക്കുമത്രേ. എന്റെ വയലിന് പരിശീലനം അനുകരിച്ചുകൊണ്ട് ഞാന്‍ ചില നോട്ടുകള്‍ നോക്കി. ഒടുവില്‍ പരാജയം സമ്മതിച്ച് ഞാന്‍ പിന്‍വാങ്ങി.
ഞാന്‍ ഉണര്‍ന്നു, ആ രംഗം ഒരു സ്വപ്നമാണെന്നു മനസ്സിലായി. എങ്കിലും എന്റെ സ്വപ്നത്തില്‍ അവതരിപ്പിക്കപ്പെട്ട സംഗീത പശ്ചാത്തലം സത്യമായിരുന്നതിനാല്‍, നിനക്കു പാടാന്‍ കഴിയില്ല എന്ന് എന്തുകൊണ്ട് അദ്ദേഹത്തോടു പറഞ്ഞില്ല? എന്ന ചോദ്യം എന്റെ മനസ്സില്‍ ഉയര്‍ന്നു.
മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ സ്വാഭാവിക കഴിവുകളും ആത്മിക വരങ്ങളും നാം വികസിപ്പിച്ചെടുക്കുന്നതിനായി ദൈവം നമ്മെ പ്രാപ്തരാക്കിയിരിക്കുന്നു (1 കൊരി. 12:7). ബൈബിളിന്റെ പ്രാര്‍ത്ഥനാപൂര്‍വ്വമായ വായനയിലൂടെയും മറ്റുള്ളവരുടെ വിവേകപൂര്‍വ്വമായ ഉപദേശങ്ങളിലൂടെയും നമ്മുടെ മാത്രമുള്ള ആത്മിക വരത്തെ (വരങ്ങളെ) നന്നായി മനസ്സിലാക്കുവാന്‍ നമുക്കു കഴിയും. നമുക്കു ലഭിച്ച ആത്മിക വരം എന്തായിരുന്നാലും, ്പരിശുദ്ധാത്മാവാണ് 'താന്‍ ഇച്ഛിക്കുംപോലെ'' വരങ്ഹള്‍ വിഭജിച്ചു നല്‍കുന്നത് എന്നറിഞ്ഞ് അതു മനസ്സിലാക്കുവാനും ഉപയോഗിക്കുവാനും നാം സമയമെടുക്കണമെന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു (വാ. 11).
പരിശുദ്ധാത്മാവു നമുക്കു നല്കിയ 'ശബ്ദങ്ങളെ' ദൈവത്തെ മഹത്വപ്പെടുത്തുവാനും യേശുവിലുള്ള മറ്റു വിശ്വാസികളെ ശുശ്രൂഷിക്കുവാനും നമുക്കുപയോഗിക്കാം.
രാത്രി കാവലുകള്‍
എന്റെ കോളേജ് പഠനകാലത്ത്, വേനലവധിക്കാലങ്ങളില്‍ മനോഹരമായ കൊളറാഡോ പര്‍വ്വതത്തിലുള്ള ഒരു അതിഥി കൃഷിയിടത്തില്‍ ജോലി ചെയ്യുമായിരുന്നു. ജോലിക്കാര്‍ മാറിമാറി 'രാത്രി കാവല്‍' ജോലിക്ക് നിയമിക്കപ്പെടുമായിരുന്നു - അതിഥികള്‍ ഉറങ്ങുമ്പോള്‍ അവരുടെ സംരക്ഷണത്തിനായി, കാട്ടുതീ പടരുന്നുണ്ടോ എന്നു നോക്കുകയായിരുന്നു ആ ജോലി. ആദ്യമൊക്കെ തളര്‍ത്തുന്നതും മുഷിപ്പനുമായി തോന്നിയ ജോലി, ക്രമേണ ശാന്തമായിരിക്കാനും ചിന്തിക്കാനും ദൈവസാന്നിദ്ധ്യത്തിന്റെ മഹത്വത്തില്‍ ആശ്വാസം പ്രാപിക്കാനുമുള്ള അതുല്യ അവസരമായി മാറി.
ദാവീദ് രാജാവ്, തന്റെ കിടക്കയിലും 'രാത്രിയാമങ്ങളിലും' ദൈവസാന്നിദ്ധ്യത്തിനായി തീവ്രമായി അന്വേഷിക്കുകയും (വാ. 6) അഭിലഷിക്കുകയും ചെയ്തു (സങ്കീര്‍ത്തനം 63:1). ദാവീദ് അസ്വസ്ഥനായിരുന്നുവെന്ന് സങ്കീര്‍ത്തനത്തില്‍ നിന്നു വ്യക്തമാണ്. തന്റെ മകനായ അബ്ശാലോമിന്റെ മത്സരം നിമിത്തം തന്നെ അലട്ടിയിരുന്ന കഠിനമായ വ്യഥ സങ്കീര്‍ത്തനത്തിലെ വാക്കുകളില്‍ നിഴലിച്ചു കാണാം. എങ്കിലും രാത്രി യാമം, '[ദൈവത്തിന്റെ] ചിറകിന് നിഴലില്‍' (വാ.7) - അവന്റെ ശക്തിയിലും സാന്നിധ്യത്തിലും - സഹായവും യഥാസ്ഥാപനവും കണ്ടെത്താനുള്ള അവസരമായിരുന്നു ദാവീദിന്.
ഒരുപക്ഷേ നിങ്ങള്‍ ജീവിതത്തിലെ ചില പ്രതിസന്ധികളെയോ പ്രയാസങ്ങളെയോ നേരിടുകയോ ആയിരിക്കാം; രാത്രിയാമം ഒരിക്കലും ആശ്വാസദായകമല്ലായിരിക്കാം. ഒരുപക്ഷെ നിങ്ങളുടെ സ്വന്തം 'അബ് ശാലോം' നിങ്ങളുടെ ഹൃദയത്തിനും ആത്മാവിനും ഭാരമായി തീര്‍ന്നിട്ടുണ്ടാകാം. അല്ലെങ്കില്‍ കുടുംബത്തിലെയും ജോലിയിലെയും സാമ്പത്തിക വിഷയങ്ങളിലെയും ഭാരങ്ങള്‍ നിങ്ങളെ ബാധിച്ചിരിക്കാം. അങ്ങനെയാണെങ്കില്‍, ഈ നിദ്രാവിഹീന നിമിഷങ്ങള്‍ ദൈവത്തെ വിളിച്ചപേക്ഷിക്കാനും അവനെ മുറുകെപ്പിടിക്കാനുമുള്ള അവസരങ്ങളായി കരുതുക - അവന്റെ സ്നേഹമസൃണ കരം നിങ്ങളെ താങ്ങുവാന്‍ അനുവദിക്കുക (വാ. 8).