ഞാന്‍ വല്ലാതെ അസ്വസ്ഥനായിരുന്നതിനാല്‍ രാത്രി ഉറക്കമുണര്‍ന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു. സത്യം പറഞ്ഞാല്‍, എന്റെ മനോഭാവം ദൈവത്തിനു പ്രാര്‍ഥനാപൂര്‍വ്വം സമര്‍പ്പിച്ച ഒന്നായിരുന്നില്ല, മറിച്ച് ചോദ്യം ചെയ്യലും കോപവുമായിരുന്നു. ഒരു വിടുതലും കണ്ടെത്താതെ ഞാന്‍ ഇരുന്ന് ഒരു വലിയ ജാലകത്തിലൂടെ ആകാശത്തേക്കു നോക്കി. നക്ഷത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ അപ്രതീക്ഷിതമായി ആകര്‍ഷിക്കപ്പെട്ടു- കൃത്യമായി ക്രമീകരിക്കപ്പെട്ട ഈ മൂന്ന് നക്ഷത്രങ്ങള്‍ പലപ്പോഴും വ്യക്തമായ രാത്രികളില്‍ ദൃശ്യമാകും. ഈ മൂന്ന് നക്ഷത്രങ്ങളും നൂറുകണക്കിന് പ്രകാശവര്‍ഷം അകലെയാണെന്ന് മനസ്സിലാക്കാന്‍ തക്ക ജ്യോതിശാസ്ത്രത്ത ജ്ഞാനം എനിക്കുണ്ടായിരുന്നു.
ആ നക്ഷത്രങ്ങളോട് ഞാന്‍ എത്ര കൂടുതല്‍ അടുക്കുമോ അത്രത്തോളം അവയുടെ ക്രമപ്രകാരമല്ലാത്ത വിന്യാസം ഞാന്‍ കാണും എന്നു ഞാന്‍ മനസ്സിലാക്കി. എന്നിട്ടും എന്റെ വിദൂര വീക്ഷണകോണില്‍ നിന്ന്, അവ ശ്രദ്ധാപൂര്‍വ്വം ആകാശത്ത് ക്രമീകരിക്കപ്പെട്ടിരിക്കുന്നതായി കാണപ്പെട്ടു. ആ നിമിഷം, ദൈവം എന്നെ കാണുന്നതുപോലെ കാണാന്‍ തക്കവണ്ണം ഞാന്‍ എന്റെ ജീവിതത്തോട് വളരെ അടുപ്പത്താണെന്ന് ഞാന്‍ മനസ്സിലാക്കി. അവന്റെ വലിയ ചിത്രത്തില്‍, എല്ലാം തികഞ്ഞ നിലയില്‍ വിന്യാസിക്കപ്പെട്ടിരിക്കുന്നു.
അപ്പൊസ്തലനായ പൗലൊസ്, ദൈവത്തിന്റെ ആത്യന്തിക ഉദ്ദേശ്യങ്ങളുടെ ഒരു സംഗ്രഹം പൂര്‍ത്തിയാക്കുമ്പോള്‍, ഒരു സ്തുതിഗീതത്തിലേക്കു മാറുന്നു (റോമര്‍ 11:33-36). അവന്റെ വാക്കുകള്‍ നമ്മുടെ പരമാധികാരിയായ ദൈവത്തിലേക്ക് നമ്മുടെ നോട്ടം ഉയര്‍ത്തുന്നു, അവന്റെ വഴികള്‍ നമുക്കു മനസ്സിലാക്കാനോ കണ്ടെത്താനോ ഉള്ള നമ്മുടെ പരിമിതമായ കഴിവിനപ്പുറത്താണ് (വാ. 33). എന്നിട്ടും ആകാശത്തിലും ഭൂമിയിലും എല്ലാം ഒരുമിച്ചുനിര്‍ത്തുന്നവന്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളുമായും അടുപ്പത്തോടെയും സ്‌നേഹത്തോടെയും ഇടപെടുന്നു (മത്തായി 6:25-34; കൊലൊസ്യര്‍ 1:16).
കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെന്ന് തോന്നുമ്പോഴും, ദൈവത്തിന്റെ ദിവ്യ പദ്ധതികള്‍ നമ്മുടെ നന്മയ്ക്കും ദൈവത്തിന്റെ ബഹുമാനത്തിനും മഹത്വത്തിനും വേണ്ടി പ്രവര്‍ത്തനക്ഷമമായിക്കൊണ്ടിരിക്കുന്നു.