Month: മാർച്ച് 2020

പാരമ്പര്യാവകാശം സമ്പാദിച്ചതല്ല

'അത്താഴത്തിന് നന്ദി, ഡാഡി,'' ഞാന്‍ ഗ്ലാസ് റെസ്റ്റോറന്റ് മേശപ്പുറത്ത് വെച്ചിട്ടു പറഞ്ഞു. കോളേജില്‍ നിന്ന് ഒരു ഇടവേളയില്‍ ഞാന്‍ വീട്ടില്‍ വന്നതായിരുന്നു. വീട്ടില്‍ നിന്നും പോയി കുറച്ചുനാള്‍ കഴിഞ്ഞതിനാല്‍ എന്റെ മാതാപിതാക്കള്‍ ഇപ്പോഴും എനിക്ക്ുവേണ്ടി പണം മുടക്കുന്നത് വിചിത്രമായി തോന്നി. ''യു ആര്‍ വെല്‍ക്കം, ജൂലി,'' ഡാഡി മറുപടി പറഞ്ഞു, ''എങ്കിലും നീ എല്ലായ്‌പ്പോഴും എല്ലാത്തിനും നന്ദി പറയേണ്ടതില്ല. നീ സ്വന്തം കാലില്‍ നില്‍ക്കാന്‍ പോയതാണെന്ന് എനിക്കറിയാം, പക്ഷേ നീ ഇപ്പോഴും എന്റെ മകളും കുടുംബത്തിന്റെ ഭാഗവുമാണ്.'' ഞാന്‍ പുഞ്ചിരിച്ചു, ''നന്ദി, ഡാഡി.''

എന്റെ കുടുംബത്തില്‍, എന്റെ മാതാപിതാക്കളുടെ സ്‌നേഹം നേടുന്നതിനോ അവര്‍ എനിക്കുവേണ്ടി ചെയ്യുന്നതിന് അര്‍ഹത നേടുന്നതിനോ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, ദൈവിക കുടുംബത്തിന്റെ ഭാഗമാകാനും ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് എന്റെ ഡാഡിയുടെ അഭിപ്രായം എന്നെ ഓര്‍മ്മിപ്പിക്കുന്നു.

എഫെസ്യലേഖനത്തില്‍, പൗലൊസ് തന്റെ വായനക്കാരോട് 'നാം തന്റെ സന്നിധിയില്‍ വിശുദ്ധരും നിഷ്‌കളങ്കരും ആകേണ്ടതിന്' (1: 4). അല്ലെങ്കില്‍ ശുദ്ധയും നിഷ്‌കളങ്കയുമായി തനിക്കു തന്നേ
തേജസ്സോടെ മുന്‍നിറുത്തേണ്ടതിന് (5: 25-27) ദൈവം അവരെ തിരഞ്ഞെടുത്തു എന്നു പറയുന്നു. എന്നാല്‍ ഇത് സാധ്യമാകുന്നത് യേശുവിലൂടെയാണ്, ''അവനില്‍ നമുക്ക് അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീെണ്ടടുപ്പ് ഉണ്ട്'' (1: 7). നമുക്ക് ദൈവത്തിന്റെ കൃപയോ ക്ഷമയോ അവന്റെ കുടുംബത്തിലേക്കുള്ള പ്രവേശനമോ അധ്വാനിച്ചു നേടേണ്ടതില്ല. അവന്റെ സൗജന്യ ദാനം നാം സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്.

നാം നമ്മുടെ ജീവിതം യേശുവിലേക്ക് തിരിക്കുമ്പോള്‍, നാം ദൈവമക്കളായിത്തീരുന്നു, അതിനര്‍ത്ഥം നമുക്ക് നിത്യജീവന്‍ ലഭിക്കുന്നു, സ്വര്‍ഗത്തില്‍ നമ്മെ കാത്തിരിക്കുന്ന ഒരു അവകാശമുണ്ട്. അത്തരമൊരു അത്ഭുതകരമായ സമ്മാനം നല്‍കിയതിന് ദൈവത്തെ സ്തുതിക്കുക!

വാഴ്ത്തപ്പെട്ട അപ്പം

ഞങ്ങളുടെ മൂത്ത കുട്ടി കൗമാരത്തിലെത്തിയപ്പോള്‍, ഞാനും ഭാര്യയും അവളുടെ ജനനം മുതല്‍ ഞങ്ങള്‍ എഴുതുന്ന ഒരു ജേണല്‍ അവള്‍ക്ക് നല്‍കി. അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും, തമാശകളും, അവിസ്മരണീയമായ ഒറ്റ വാചകങ്ങളും ഞങ്ങള്‍ രേഖപ്പെടുത്തി. ചില ഘട്ടങ്ങളില്‍ രേഖപ്പെടുത്തലുകള്‍ കത്തുകള്‍ പോലെയായിരുന്നു, അവളില്‍ ഞങ്ങള്‍ കാണുന്നതും അവളില്‍ ദൈവത്തിന്റെ പ്രവൃത്തി കാണുന്നതുമാണ് അവയില്‍ വിവരിച്ചത്. അവളുടെ പതിമൂന്നാം ജന്മദിനത്തില്‍ ഞങ്ങള്‍ അത് അവള്‍ക്ക് നല്‍കിയപ്പോള്‍, അവള്‍ അമ്പരന്നു. അവളുടെ സ്വത്വത്തിന്റെ ഉത്ഭവത്തിന്റെ നിര്‍ണായക ഭാഗം അറിയാനുള്ള സമ്മാനം ഞങ്ങള്‍ അവള്‍ക്ക് നല്‍കി.

അപ്പം പോലെ സാധാരണമായ എന്തിനെയെങ്കിലും അനുഗ്രഹിക്കുന്നതിലൂടെ, യേശു അതിന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയായിരുന്നു. അത് എന്തിനാല്‍ നിര്‍മ്മിക്കപ്പെട്ടോ അത് -മറ്റെല്ലാ സൃഷ്ടികളും - ദൈവത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. ഭൗതിക ലോകത്തിന്റെ ഭാവിയിലേക്കാണ് യേശു വിരല്‍ ചൂണ്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ സൃഷ്ടികളും ഒരു ദിവസം ദൈവത്തിന്റെ മഹത്വത്താല്‍ നിറയും. അതിനാല്‍, അപ്പം അനുഗ്രഹിക്കുന്നതില്‍ (മത്തായി 26:26), സൃഷ്ടിയുടെ ഉത്ഭവത്തെയും അന്ത്യത്തെയും യേശു ചൂണ്ടിക്കാണിക്കുന്നു (റോമര്‍ 8:21-22).

നിങ്ങളുടെ കഥയുടെ ''തുടക്കം'' ഒരുപക്ഷേ താറുമാറായിരിക്കാം. ഒരുപക്ഷേ ഭാവിയുണ്ടെന്ന് നിങ്ങള്‍ കരുതുന്നില്ലായിരിക്കാം. എന്നാല്‍ ഒരു വലിയ കഥയുണ്ട്. നിങ്ങളെ ഉദ്ദേശ്യത്തോടെയും ഉദ്ദേശ്യത്തിനുവേണ്ടിയും സൃഷ്ടിച്ച നിങ്ങളില്‍ സന്തോഷിക്കുന്ന ഒരു ദൈവത്തിന്റെ കഥയാണത്. നിങ്ങളെ രക്ഷിക്കാന്‍ വന്ന ദൈവത്തിന്റെ കഥയാണത് (മത്തായി 26:28); നിങ്ങളെ പുതുക്കാനും നിങ്ങളുടെ വ്യക്തിത്വം വീണ്ടെടുക്കാനും തന്റെ ആത്മാവിനെ നിങ്ങളില്‍ ഉള്‍പ്പെടുത്തിയ ഒരു ദൈവം. നിങ്ങളെ അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവത്തിന്റെ കഥയാണത്.

പഴച്ചാറ്

വിളക്ക് നന്നായി വിലപേശി വാങ്ങിയതായിരുന്നു, അത് എന്റെ വീട്ടിലെ ഓഫീസിന് അനുയോജ്യമാണെന്ന് തോന്നി - ശരിയായ നിറം, വലുപ്പം, വില. എന്നിരുന്നാലും, വീട്ടില്‍ മടങ്ങിച്ചെന്നു കഴിഞ്ഞ്, ഞാന്‍ കോര്‍ഡ് കുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. വെളിച്ചമില്ല. വൈദ്യുതിയില്ല. ഒന്നുമില്ല!

സാരമില്ല, എന്റെ ഭര്‍ത്താവ് എനിക്ക് ഉറപ്പ് നല്‍കി. ''എനിക്ക് അത് പരിഹരിക്കാന്‍ കഴിയും. വളരെയെളുപ്പം.'' അദ്ദേഹം വിളക്ക് അഴിച്ച ഉടനെ കുഴപ്പം കണ്ടു. പ്ലഗ് ഒന്നുമായി ബന്ധിപ്പിച്ചിട്ടില്ല. ഊര്‍ജ്ജ സ്രോതസ്സിലേക്ക് വയറിംഗ് നടത്താതെ, ''എല്ലാം തികഞ്ഞ'' സുന്ദരമായ വിളക്ക് ഉപയോഗശൂന്യമായിരുന്നു.

നമുക്കും ഇത് ബാധകമാണ്. യേശു ശിഷ്യന്മാരോടു പറഞ്ഞു: ''ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും.''എന്നിട്ട് അവന്‍ ഓര്‍മ്മപ്പെടുത്തല്‍ കൂട്ടിച്ചേര്‍ത്തു, ''എന്നെപ്പിരിഞ്ഞ് നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല'' (യോഹന്നാന്‍ 15:5).

മുന്തിരി വളരുന്ന പ്രദേശത്താണ് ഈ പഠിപ്പിക്കല്‍ നല്‍കിയത്, അതിനാല്‍ അവന്റെ ശിഷ്യന്മാര്‍ക്ക് അത് മനസ്സിലായി. മുന്തിരി കാഠിന്യമുള്ള സസ്യമാണ്, അവയുടെ ശാഖകള്‍ കഠിനമായ മുറിച്ചുമാറ്റല്‍ സഹിക്കുന്നു. എന്നിരുന്നാലും, അവയുടെ ജീവിത സ്രോതസ്സില്‍ നിന്ന് മുറിച്ചുമാറ്റുന്ന ശാഖകള്‍ ഉപയോഗശൂന്യമായി ഉണങ്ങിപ്പോകും. നാമും അതുപോലെയാണ്.

നാം യേശുവില്‍ വസിക്കുകയും അവന്റെ വചനങ്ങള്‍ നമ്മില്‍ വസിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ ജീവിത സ്രോതസ്സായ ക്രിസ്തുവിനോടു നാം ബന്ധപ്പെട്ടിരിക്കുന്നു. യേശു പറഞ്ഞു, ''നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല്‍ എന്റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ ന്റെ ശിഷ്യന്മാര്‍ ആകും'' (വാ. 8). എന്നിരുന്നാലും, അത്തരം ഫലപ്രദമായ ഫലത്തിന് ദൈനംദിന പോഷണം ആവശ്യമാണ്. ദൈവം അത് തിരുവെഴുത്തുകളിലൂടെയും അവന്റെ സ്‌നേഹത്തിലൂടെയും നല്‍കുന്നു. അതിനാല്‍ അവനോട് ബന്ധപ്പെട്ട് പഴച്ചാറ് ഒഴുകാന്‍ അനുവദിക്കുക!

ഭാവി മരംവെട്ടുകാരന്‍

ഞാന്‍ കോളേജില്‍ പഠിക്കുന്ന ഒരു വര്‍ഷം, ഞാന്‍ വിറക് വെട്ടുകയും അടുക്കിവയ്ക്കുകയും വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഇത് ഒരു കഠിനമായ ജോലിയായിരുന്നു, അതിനാല്‍ 2 രാജാക്കന്മാര്‍ 6-ാം അധ്യായത്തിലെ മരംവെട്ടുകാരനോട് എനിക്കു സഹാനുഭൂതിയുണ്ട്.

എലീശയുടെ പ്രവാചകന്മാര്‍ക്കുള്ള വിദ്യാലയം അഭിവൃദ്ധി പ്രാപിച്ചു, അവരുടെ ക്ലാസ് മുറി വളരെ ചെറുതായിത്തീര്‍ന്നു. കാട്ടിലേക്ക് പോയി മരങ്ങള്‍ വെട്ടിക്കൊണ്ടുവന്ന് അവരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാമെന്ന് ആരോ നിര്‍ദ്ദേശിച്ചു. എലീശ സമ്മതിച്ച് ജോലിക്കാരോടൊപ്പം പോയി. കാര്യങ്ങള്‍ വളരെ നന്നായി നടക്കുന്നതിനിടയിലാണ് ആരുടെയോ കോടാലി വെള്ളത്തില്‍ വീണത് (വാ. 5).

ചിലര്‍ അഭിപ്രായപ്പെടുന്നത് എലീശ ഒരു വടികൊണ്ട് വെള്ളത്തില്‍ പരതി നോക്കി കോടാലി കണ്ടെത്തിയശേഷം കമ്പുകൊണ്ട് പതുക്കെ പൊക്കിയെടുത്തു എന്നാണ്. അങ്ങനെയായിരുന്നുവെങ്കില്‍ അത് എടുത്തുപറയേണ്ട കാര്യമില്ല. ഇല്ല, അതൊരു അത്ഭുതമായിരുന്നു: ദൈവത്തിന്റെ കരത്താല്‍ കോടാലി ചലിച്ച് പൊങ്ങിക്കിടക്കാന്‍ തുടങ്ങി, അങ്ങനെ ആ മനുഷ്യന് അത് വീണ്ടെടുക്കാന്‍ കഴിഞ്ഞു (വാ. 6-7).

ലളിതമായ അത്ഭുതം അഗാധമായ ഒരു സത്യം ഉള്‍ക്കൊള്ളുന്നു: നഷ്ടപ്പെട്ട കോടാലി, നഷ്ടപ്പെട്ട താക്കോലുകള്‍, നഷ്ടപ്പെട്ട ഗ്ലാസുകള്‍, നഷ്ടപ്പെട്ട ഫോണുകള്‍ എന്നിങ്ങനെ നമ്മെ വിഷമിപ്പിക്കുന്ന ചെറിയ കാര്യങ്ങളെക്കുറിച്ച് ദൈവം ശ്രദ്ധാലുവാണ്. നഷ്ടപ്പെട്ടവയെ അവന്‍ എല്ലായ്പ്പോഴും പുനഃസ്ഥാപിക്കുകയില്ല, പക്ഷേ നമ്മുടെ ദുരിതത്തില്‍ അവന്‍ നമ്മെ മനസ്സിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ രക്ഷയുടെ ഉറപ്പിന് അടുത്തായി, ദൈവത്തിന്റെ കരുതലിന്റെ ഉറപ്പ് അത്യാവശ്യമാണ്. അതില്ലാതെ നമുക്ക് ലോകത്ത് ഒറ്റപ്പെടല്‍ അനുഭവപ്പെടും, അസംഖ്യം ആശങ്കകള്‍ക്ക് നാം വിധേയരാകും. അവന്‍ കരുതുന്നുവെന്നും നമ്മുടെ നഷ്ടങ്ങള്‍ - അവ എത്ര ചെറുതായിരുന്നാലും - അവനെ ചലിപ്പിക്കുമെന്നും അറിയുന്നത് നല്ലതാണ്. നമ്മുടെ ആശങ്കകള്‍ അവന്റെ ആശങ്കകളാണ്.

വിലയേറിയ കടന്നുപോക്ക്

പ്രശസ്ത ശില്പിയായ ലിസ് ഷെപ്പേര്‍ഡ് ഒരിക്കല്‍ അവളുടെ ശില്പങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അവളുടെ ഡാഡിയുടെ മരണസമയത്ത് അദ്ദേഹത്തിന്റെ കട്ടിലില്‍ അവള്‍ ചെലവഴിച്ച വിലയേറിയ അന്ത്യ നിമിഷങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതായിരുന്നു അത്. ഇത് ശൂന്യതയും നഷ്ടവും, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങള്‍ക്ക് എത്തിച്ചേരാനാവാത്തയിടത്താണ് എന്ന തോന്നലും ഉളവാക്കുന്നതായിരുന്നു.

മരണം വിലപ്പെട്ടതാണെന്ന ആശയം സാധാരണ ധാരണകള്‍ക്ക് വിരുദ്ധമായതാണെന്നു തോന്നാം; എന്നിരുന്നാലും, 'തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു' എന്നു സങ്കീര്‍ത്തനക്കാരന്‍ പ്രഖ്യാപിക്കുന്നു (സങ്കീര്‍ത്തനം 116:15). ദൈവം തന്റെ ജനത്തിന്റെ മരണത്തെ അമൂല്യമായി കരുതുന്നു, കാരണം അവര്‍ കടന്നുപോകുമ്പോള്‍ അവരെ അവന്‍ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയാണ്.

ദൈവത്തിന്റെ വിശ്വസ്തരായ ഈ ദാസന്മാര്‍ (''വിശുദ്ധന്മാര്‍'') ആരാണ്? സങ്കീര്‍ത്തനക്കാരന്റെ അഭിപ്രായത്തില്‍, ദൈവത്തിന്റെ വിടുതലിനോടുള്ള നന്ദിയോടെ ദൈവത്തെ സേവിക്കുന്നവരും അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരും അവന്റെ മുമ്പില്‍ സംസാരിക്കുന്ന വാക്കുകളെ മാനിക്കുന്നവരുമാണ് (സങ്കീര്‍ത്തനം 116:16-18). അത്തരം പ്രവൃത്തികള്‍ ദൈവത്തോടൊപ്പം നടക്കാനും അവന്‍ നല്‍കുന്ന സ്വാതന്ത്ര്യം സ്വീകരിക്കാനും അവനുമായി ഒരു ബന്ധം വളര്‍ത്തിയെടുക്കാനുമുള്ള മനപ്പൂര്‍വമായ തിരഞ്ഞെടുപ്പുകളെ പ്രതിനിധീകരിക്കുന്നു.

അങ്ങനെ ചെയ്യുമ്പോള്‍, ''ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനും അവനു വിലപ്പെട്ടവനുമായ' യേശുവിന്റെ കൂട്ടായ്മയില്‍ നാം ഉള്‍പ്പെടുന്നു. തിരുവെഴുത്ത് ഇപ്രകാരം പറയുന്നു: 'ഞാന്‍ ശ്രേഷ്ഠവും മാന്യവുമായൊരു മൂലക്കല്ലു സീയോനില്‍ ഇടുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകുകയില്ല'' (1 പത്രൊസ് 2:4-6). നമ്മുടെ വിശ്വാസം ദൈവത്തില്‍ ആയിരിക്കുമ്പോള്‍, ഈ ജീവിതത്തില്‍ നിന്ന് നാം അകന്നുപോകുന്നത് അവിടുത്തെ ദൃഷ്ടിയില്‍ വിലപ്പെട്ടതാണ്.