നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജൂലി ഷ്വാബ്

ജോലി സ്ഥലത്തെ സാക്ഷ്യം

“ഞാൻ നിന്റെ ഇഷ്ടപ്പെട്ട വകുപ്പിന്റെ വലിപ്പം കുറക്കാൻ പോകുന്നത് നിന്നെ പ്രയാസപ്പെടുത്തുന്നുണ്ടോ?”ഈവ്‌ലിന്റെ മാനേജർ ചോദിച്ചു. “ഇല്ല,” അവൾ കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. മനേജർ അവളെ കളിയാക്കി പറഞ്ഞതാണെന്നത് അവളെ നിരാശപ്പെടുത്തി. താല്പര്യമുള്ള പുതിയ ആളുകളെ ആകർഷിച്ച് കമ്പനിയെ സഹായിക്കാനായി അവൾ പരമാവധി അധ്വാനിച്ചു എങ്കിലും അതൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഈവ് ലിന് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല; എങ്കിലും മാനേജർ ആവശ്യപ്പെടുന്ന ജോലിയെന്തും ചെയ്യാൻ അവൾ തീരുമാനിച്ചു. ഉദ്ദേശിച്ച മാറ്റം വരുത്താൻ കഴിഞ്ഞില്ല എന്നുവരികിലും അവളുടെ കഴിവിന്റെ പരമാവധി ചെയ്യാൻ അവൾക്ക് കഴിഞ്ഞു.

പത്രോസ് തന്റെ ഒന്നാം ലേഖനത്തിൽ, ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികളോട് സകല മാനുഷിക അധികാരത്തിനും ക്രിസ്തു നിമിത്തം കീഴടങ്ങാൻ (1 പത്രൊസ് 2:13) ആഹ്വാനം ചെയ്തു. ഒരു കഠിനമായ സാഹചര്യത്തിൽ സ്വഭാവ ശ്രേഷ്ഠത കാത്തുസൂക്ഷിക്കുന്നത് ശ്രമകരമാണ്? എന്നാൽ നാം എന്തുകൊണ്ട് നന്മ ചെയ്യുന്നതിൽ തളരരുതെന്ന് പത്രൊസ് പറയുന്നു: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കണം” (വാ. 12). കൂടാതെ, നമ്മളെ ശ്രദ്ധിക്കുന്ന മറ്റു വിശ്വാസികൾക്ക് ഇതൊരു ദിവ്യമായ മാതൃകയുമാകും.

തികച്ചും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ജോലിയിൽ എങ്കിൽ, പറ്റുമെങ്കിൽ അത് ഒഴിവാക്കുന്നതാകും നല്ലത് (1 കൊരിന്ത്യർ 7:21). എന്നാൽ സുരക്ഷിതമായ ജോലി സാഹചര്യമാണെങ്കിൽ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നന്നായി പ്രവർത്തിക്കാനായാൽ “അത് ദൈവത്തിനു പ്രസാദം” (1 പത്രൊസ് 2:20) ആയിരിക്കും. നാം അധികാരത്തിന് കീഴടങ്ങി ജോലി ചെയ്യുന്നെങ്കിൽ മറ്റുള്ളവർ അത് അനുകരിക്കാനും ദൈവത്തെ മഹത്വപ്പെടുത്താനും ഇടയാകും.

അവൻ നമ്മെ കാണുന്നു

മാർഗദർശനംനല്കുന്നതിനെക്കുറിച്ചുള്ള (Mentoring)  ഒരു ലേഖനത്തിൽ ഹന്ന ഷെൽ വിശദീകരിക്കുന്നു, മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കൂടെനിൽക്കുന്നവരുടെ ജോലി.  “എന്നാൽ, ഒരു നല്ല മാർഗ്ഗദർശകനു്, ഒന്നാമതായി നിങ്ങളെ കാണുവാൻ’ സാധിക്കും...മറ്റുള്ളവരുടെ അംഗീകാരങ്ങൾ നമ്മൾക്കു സന്തോഷം തരുന്നത്, ലഭിക്കുന്ന പബ്ലിസിറ്റിയോ അവാർഡോ നിമിത്തമല്ല, മറിച്ച് ‘അവർ നമ്മെ കണ്ടു’ എന്നതു കൊണ്ടാണ്.” ആളുകൾ നമ്മെ അറിയുകയും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നത്, ഒരർത്ഥത്തിൽ, ഒരു അടിസ്ഥാന മാനുഷിക ആവശ്യമാണ്.

പുതിയ നിയമത്തിൽ, "പ്രബോധനപുത്രൻ" എന്നർത്ഥമുള്ള ബർണബാസിന്, ചുറ്റുമുള്ള ആളുകളെ "കാണുവാനുള്ള” കഴിവുണ്ടായിരുന്നു. ശൗൽ എന്നു പേരുള്ള പൌലൊസിനു യേശുവിൽ വിശ്വസിച്ചവരെ പീഡിപ്പിച്ച ചരിത്രമുണ്ടായിരുന്നു (8: 3).  അതിനാൽ "അവൻ ശരിക്കും ഒരു ശിഷ്യനാണെന്ന്" അവർ കരുതിയില്ല (9:26). എന്നാൽ, മറ്റ് ശിഷ്യന്മാർ "എല്ലാവരും അവനെ ഭയപ്പെടുമ്പോൾ," അവനൊരു അവസരം നൽകുവാൻ ബർണബാസ് തയ്യാറായി (9:27).

പിന്നീട് പൗലോസും ബർണബാസും,  "അവർ പ്രസംഗിച്ച എല്ലാ പട്ടണങ്ങളിലുമുള്ള വിശ്വാസികളെ സന്ദർശിക്കുവാൻ പോയപ്പോൾ" മർക്കൊസിനെയും കൂടെ കൊണ്ടുപോകണമോ എന്ന കാര്യത്തിൽ അവക്കു തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി (15:36-38). മുൻപ് അവരെ വിട്ടു, പ്രവൃത്തിക്കു വരാതെ പോയ മർക്കൊസിനെകൂടെ കൊണ്ടുപോകുന്നത് യോഗ്യമാണെന്ന് പൗലോസ്  കരുതിയില്ല. എന്നാൽ ബർണബാസ്  മർക്കൊസിനെ ഉപേക്ഷിക്കുവാൻ തയ്യാറായില്ല.  രസകരമെന്നു പറയട്ടെ, പിന്നീട് പൗലോസ് മർക്കൊസിന്റെ സഹായം തേടുന്നതായി കാണാം: "മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക " (2 തിമോത്തി 4:11).

പൗലോസിനെയും മർക്കൊസിനെയും “കാണുവാൻ”ബർണബാസ് പ്രത്യേകം സമയമെടുത്തു. മറ്റൊരു വ്യക്തിയിലെ സാദ്ധ്യതകൾ തിരിച്ചറിയാൻ നിങ്ങൾ ഒരുപക്ഷേ,ബർണബാസിന്റെ സ്ഥാനത്തായിരിക്കാം;അല്ലെങ്കിൽ നിങ്ങൾതന്നെഅങ്ങനെയൊരു ആത്മീയ ഉപദേഷ്ടാവിന്റെ ആവശ്യമുള്ള വ്യക്തിയായിരിക്കാം. നമ്മെ പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്നവരിലേക്കും, നമുക്ക് പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്നവരിലേക്കും നമ്മെനയിക്കുവാൻ ദൈവത്തോട് അപേക്ഷിക്കാം.

ആവശ്യക്കാരോടുള്ള കരുതൽ

വാതിൽക്കൽ വിളിക്കുന്നത് കേട്ട് നോക്കിയപ്പോൾ എന്റെ കൂട്ടുകാരൻ കണ്ടത് സ്ഥിരമായി പ്ലാസ്റ്റിക് കുപ്പികൾ വാങ്ങുവാൻ വരുന്ന ക്ഷീണിതയായ സ്ത്രീയെയാണ്.കുപ്പികൾ കൊടുത്തു കിട്ടുന്ന പൈസയായിരുന്നു അവളുടെ പ്രധാന വരുമാനം.എന്റെ കൂട്ടുകാരന് ഒരു ആശയം രൂപപ്പെട്ടു. അവർ എവിടെയാണ് ഉറങ്ങുന്നതെന്ന് കാണിച്ചു തരാമോ എന്ന് കൂട്ടുകാരൻ ചോദിച്ചു. ഒരു വീടിന്റെ  അടുത്തുള്ള രണ്ടടി വീതിയും, ഇടുങ്ങിയതും, അഴുക്ക് നിറഞ്ഞതുമായ ഒരു കൊച്ചു സ്ഥലത്തേക്ക്  അവർ അവനെ കൂട്ടികൊണ്ടു പോയി.അതു കണ്ട്  വിഷമം തോന്നിയ കൂട്ടുകാരൻ, അവർക്ക് ഒരു “ കൊച്ചു വീട് “ ഉണ്ടാക്കി കൊടുത്തു  - അവർക്ക് സുരക്ഷിതമായി ഉറങ്ങുവാനുള്ള  രക്ഷാ കേന്ദ്രം. കൂട്ടുകാരന് മറ്റൊരു ആശയം ഉടലെടുത്തു . അവൻ ഒരു ഓൺലൈൻ പ്രചരണം തുടങ്ങി, അടുത്തുള്ള സഭകളുമായി സഹകരിച്ച് വീടില്ലാത്തവർക്കായി സ്ഥലം കണ്ടെത്തി കൂടുതൽ വീടുകൾ പണിതു നൽകി.

ബൈബിളിൽ മുഴുവനായും, ആവശ്യങ്ങളിൽ ഇരിക്കുന്നവരെ കരുതുവാൻ ദൈവജനത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. ദൈവം ഇസ്രായേൽ മക്കളോട് വാഗ്ദത്ത നാട്ടിലേക്ക് കടക്കുവാനായി ഒരുങ്ങുവാൻ മോശയിലൂടെ സംസാരിക്കുമ്പോൾ, അവൻ അവരെ പ്രേരിപ്പിക്കുന്നത് തുറന്ന ഹൃദയത്തോടെ “ നിന്റെ കൈ (ദരിദ്രനുവേണ്ടി) വേണ്ടി തുറന്നു അവനു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായ്പ കൊടുക്കേണം” (ആവർത്തനം 15: 8). ഈ ഖണ്ഡികയിൽ ഇതുകൂടെ രേഖപ്പെടുത്തിയിരിക്കുന്നു “ ദരിദ്രൻ നിന്റെ ദേശത്തു അറ്റു പോകയില്ല”(വാ. 11). ഈ സത്യം കാണാൻ കൂടുതൽ ദൂരത്തൊന്നും പോകേണ്ട കാര്യമില്ല. ദൈവം ഇസ്രായേൽ മക്കളോട് “ നിന്റെ സഹോദരനും നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ആജ്ഞാപിക്കുന്നു” (വാ. 11), നമുക്കും ആവശ്യങ്ങളിൽ ഇരിക്കുന്നവരെ സഹായിക്കാനുള്ള വഴി കണ്ടെത്താം.

എല്ലാവർക്കും ഭക്ഷണവും, വീടും, വെള്ളവും ആവശ്യമുണ്ട്. നമുക്ക് കൂടുതൽ ഒന്നും  ഇല്ലെങ്കിലും, നമുക്കുള്ളത് ഉപയോഗിച്ച്  മറ്റുള്ളവരെ  സഹായിക്കാൻ വഴികാണിച്ച്, ദൈവം നമ്മെ നയിക്കട്ടെ. അത് ഒരു സാൻവിച്ച് കൊടുക്കുന്നതോ, തണുപ്പിനുള്ള ഒരു കോട്ട് നൽകുന്നതോ, എന്താണെങ്കിലും, ചെറിയ കാര്യങ്ങൾക്കു വലിയ വ്യത്യാസം ഉണ്ടാക്കുവാൻ കഴിയും.

തകർച്ചയിൽ സമാധാനം

പടക്കംപൊട്ടുന്നതു പോലെ തോന്നിക്കുന്ന എന്തോ ഒന്ന് ജോവാനെ ഉറക്കത്തിൽ നിന്ന് ഉണർത്തി. ഗ്ലാസ് തകർന്നിരിക്കുന്നു. താൻ തനിച്ചല്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുകൊണ്ട്, എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ അവൾ എഴുന്നേറ്റു. ഇരുണ്ട തെരുവുകൾ ശൂന്യമായിരുന്നു, വീട്ടിൽ കുഴപ്പങ്ങളൊന്നും ഇല്ലെന്നു തോന്നി - അപ്പോഴാണ് അവൾ തകർന്ന കണ്ണാടി കണ്ടത്.

ഗ്യാസ് ലൈനിൽ നിന്ന് അര ഇഞ്ച് മാത്രം മാറി വെടിയുണ്ട തറച്ചിരിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അത് ലൈനിൽ കൊണ്ടിരുന്നെങ്കിൽ, ഒരുപക്ഷേ അവൾ ജീവനോടെ പുറത്തുവരുമായിരുന്നില്ല. അടുത്തുള്ള അപ്പാർട്ടുമെന്റുകളിൽ നിന്ന് അബദ്ധത്തിൽ വന്ന ബുള്ളറ്റാണതെന്ന് പിന്നീട് അവർ കണ്ടെത്തി, പക്ഷേ ഇപ്പോൾ ജോവാൻ വീട്ടിലിരിക്കാൻ ഭയപ്പെട്ടു. അവൾ സമാധാനത്തിനായി പ്രാർത്ഥിച്ചു, ഗ്ലാസ് വൃത്തിയാക്കിയ ശേഷം അവളുടെ ഹൃദയം ശാന്തമായി.

121-ാം സങ്കീർത്തനം, കഷ്ടകാലങ്ങളിൽ ദൈവത്തെ നോക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മുടെ ''സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു'' എന്നതിനാൽ നമുക്ക് സമാധാനവും ശാന്തതയും കൈവരിക്കാൻ കഴിയുമെന്ന് ഇവിടെ നാം കാണുന്നു (വാ. 2). പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം നമ്മെ സഹായിക്കുകയും - നാം ഉറങ്ങുമ്പോൾ പോലും - നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു (വാ. 3), മാത്രമല്ല അവൻ ഒരിക്കലും ഉറങ്ങുന്നില്ല (വാ. 4). അവൻ രാവും പകലും (വാ. 6), ''ഇന്നും എന്നെന്നേക്കും'' (വാ. 8) നമ്മെ പരിപാലിക്കുന്നു.

ഏതുതരം സാഹചര്യങ്ങളിൽ നാം അകപ്പെട്ടാലും ദൈവം നമ്മെ കാണുന്നു. നാം അവങ്കലേക്കു തിരിയുന്നതിനായി അവിടുന്നു കാത്തിരിക്കുന്നു. നാം അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ സാഹചര്യങ്ങൾ എല്ലായ്‌പ്പോഴും മാറില്ലായിരിക്കാം, എന്നാൽ അതിനിടയിലും അവിടുന്ന് തന്റെ സമാധാനം വാഗ്ദാനം ചെയ്യുന്നു.

ദൈവസ്‌നേഹമാണ് കൂടുതല്‍ ശക്തം

2020 ല്‍, അലിസ്സ മെന്‍ഡോസയ്ക്ക് അര്‍ദ്ധരാത്രിയില്‍ പിതാവില്‍ നിന്ന് അതിശയകരമായ ഒരു ഇമെയില്‍ ലഭിച്ചു. മാതാപിതാക്കളുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികത്തില്‍ അമ്മയ്ക്ക് എന്തെല്ലാം ചെയ്യണമെന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സന്ദേശത്തിലുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇതവളെ ഞെട്ടിച്ചത്? അലിസ്സയുടെ പിതാവ് പത്തുമാസം മുമ്പു മരണമടഞ്ഞിരുന്നു. അദ്ദേഹം രോഗിയായിരിക്കുമ്പോള്‍, താന്‍ ജീവിച്ചിരിക്കയില്ലെന്നു മനസ്സിലായ അദ്ദേഹം ഇമെയില്‍ എഴുതി ഷെഡ്യൂള്‍ ചെയ്യുകയായിരുന്നുവെന്ന് അവള്‍ കണ്ടെത്തി. തന്റെ ഭാര്യയുടെ ഭാവിയില്‍ വരാനിരിക്കുന്ന ജന്മദിനം, വാര്‍ഷികങ്ങള്‍, വാലന്റൈന്‍സ് ദിനം എന്നിവയില്‍ പൂക്കള്‍ അയയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്ത് പണവും അദ്ദേഹം നല്‍കി.

ഉത്തമഗീതത്തില്‍ വിശദമായി വിവരിച്ചിരിക്കുന്ന തരത്തിലുള്ള സ്‌നേഹത്തിന്റെ ഉദാഹരണമായി ഈ കഥ നിലകൊള്ളുന്നു. ''പ്രേമം മരണംപോലെ ബലമുള്ളതും പത്‌നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു'' (8:6). ശവക്കുഴികളെയും മരണത്തെയും പ്രണയവുമായി താരതമ്യം ചെയ്യുന്നത് വിചിത്രമായി തോന്നുന്നു. പക്ഷേ അവ ശക്തമാണ്, കാരണം അവ തങ്ങളുടെ ബന്ദികളെ വിട്ടുകൊടുക്കുകയില്ല. എന്നിരുന്നാലും, യഥാര്‍ത്ഥ സ്‌നേഹവും സ്‌നേഹഭാജനങ്ങളെ ഉപേക്ഷിക്കുകയില്ല. 6-7 വാക്യങ്ങളില്‍ പുസ്തകം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു; വൈവാഹിക പ്രണയത്തെ ''ഏറിയ വെള്ളങ്ങള്‍ക്കും കെടുത്തുവാന്‍ കഴികയില്ല'' (വാ. 7).

ബൈബിളിലുടനീളം, ഭാര്യാഭര്‍ത്താക്കന്മാരുടെ സ്‌നേഹത്തെ ദൈവസ്‌നേഹവുമായി താരതമ്യപ്പെടുത്തുന്നു (യെശയ്യാവ് 54:5; എഫെസ്യര്‍ 5:25; വെളിപ്പാട് 21:2). യേശു മണവാളനും സഭ അവന്റെ മണവാട്ടിയും. നാം നമ്മുടെ പാപങ്ങളില്‍ മരിക്കാതിരിക്കേണ്ടതിന് നമുക്കു പകരം മരണത്തെ അഭിമുഖീകരിക്കുന്നതിനായി ക്രിസ്തുവിനെ അയച്ചതിലൂടെ ദൈവം നമ്മോടുള്ള സ്‌നേഹം കാണിച്ചു. (യോഹന്നാന്‍ 3:16). നമ്മള്‍ വിവാഹിതരോ അവിവാഹിതരോ ആകട്ടെ, ദൈവസ്‌നേഹം നമുക്കു സങ്കല്പിക്കാവുന്ന എന്തിനെക്കാളും ശക്തമാണെന്നു നമുക്കോര്‍മ്മിക്കാം.

നിലവിളിക്കുന്നതില്‍ തെറ്റില്ല

ഞാന്‍ മുട്ടിന്മേല്‍ വീണു, എന്റെ കണ്ണുനീര്‍ നിലത്തു വീണു. 'ദൈവമേ, എന്തുകൊണ്ടാണ് അങ്ങെന്നെ പരിപാലിക്കാത്തത്?' ഞാന്‍ കരഞ്ഞു. 2020 ലെ കോവിഡ്-19 മഹാമാരിയുടെ സമയമായിരുന്നു അത്. എന്നെ ഒരു മാസത്തോളം ജോലിയില്‍ നിന്നു പിരിച്ചുവിട്ടു, എന്റെ തൊഴിലില്ലായ്മ വേതന അപേക്ഷയില്‍ എന്തോ കുഴപ്പം സംഭവിച്ചു. എനിക്കിതുവരെ പണമൊന്നും ലഭിച്ചില്ല. അമേരിക്കന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായത്തിനുള്ള ചെക്ക് ഇതുവരെ വന്നിട്ടില്ല. ദൈവം എല്ലാം ശരിയാക്കുമെന്നു ഞാന്‍ ഉള്ളില്‍ വിശ്വസിച്ചു. ദൈവം എന്നെ ശരിക്കും സ്‌നേഹിക്കുന്നുവെന്നും എന്നെ പരിപാലിക്കുമെന്നും ഞാന്‍ വിശ്വസിച്ചു. എന്നാല്‍ ആ നിമിഷത്തില്‍, ഞാന്‍ ഉപേക്ഷിക്കപ്പെട്ടുവെന്നെനിക്കു തോന്നി.

വിലപിക്കുന്നതില്‍ തെറ്റില്ലെന്നു വിലാപങ്ങളുടെ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ബി.സി. 587 ല്‍ ബാബിലോന്യര്‍ യെരുശലേം നശിപ്പിച്ച സമയത്തോ, അതിനുശേഷമോ ആയിരിക്കാം ഈ പുസ്തകം എഴുതിയത്. ആളുകള്‍ അനുഭവിച്ച കഷ്ടത (3:1, 19), അടിച്ചമര്‍ത്തല്‍ (1:18), പട്ടിണി (2:20; 4:10) എന്നിവ ഇതു വിവരിക്കുന്നു. എന്നിരുന്നാലും, പുസ്തകത്തിന്റെ നടുവില്‍, തനിക്കു പ്രത്യാശിക്കാന്‍ കഴിയുന്നത് എന്താണെന്ന് എഴുത്തുകാരന്‍ ഓര്‍മ്മിക്കുന്നു: 'നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീര്‍ന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു'' (3:22-23). സകലവും നശിച്ചിട്ടും, ദൈവം വിശ്വസ്തനായി തുടരുന്നുവെന്ന് എഴുത്തുകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. 

'തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവന്‍'' (വാ. 25) എന്നു വിശ്വസിക്കുക ചിലപ്പോഴൊക്കെ പ്രയാസകരമായി തോന്നാറുണ്ട്. പ്രത്യേകിച്ച്, നമ്മുടെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയും കാണാതെവരുമ്പോള്‍. എന്നാല്‍, ദൈവം നമ്മെ കേള്‍ക്കുന്നുവെന്നും നമ്മെ അപ്പുറത്തെത്തിക്കുവാന്‍ തക്കവണ്ണം അവിടുന്നു വിശ്വസ്തനാണെന്നും വിശ്വസിച്ചുകൊണ്ട് ദൈവത്തോടു നിലവിളിക്കുവാന്‍ നമുക്കു കഴിയും.

തിളങ്ങുന്ന നക്ഷത്രങ്ങള്‍

എനിക്കു കണ്ണുകള്‍ അടച്ചുകൊണ്ട് ഞാന്‍ വളര്‍ന്ന വീട്ടിലേക്കു തിരികെ പോകാന്‍ കഴിയും. ഞാന്‍ എന്റെ പിതാവിനോടൊപ്പം നക്ഷത്രനിരീക്ഷണം നടത്തിയത് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ബൈനോക്കുലര്‍ ഞങ്ങള്‍ മാറിമാറി ഉപയോഗിച്ചുകൊണ്ട് മിന്നിത്തിളങ്ങുന്ന കൊച്ചുകൊച്ചു പൊട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ചൂടും തീയും ആയി ജനിച്ച ഈ പ്രകാശത്തിന്റെ പൊട്ടുകള്‍ മിനുസമാര്‍ന്ന, മഷിക്കറുപ്പുള്ള ആകാശത്തിന്റെ പശ്ചാത്തലത്തില്‍ വേറിട്ടു നിന്നു.

നിങ്ങളെത്തന്നെ ഒരു തിളങ്ങുന്ന നക്ഷത്രമായി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ സംസാരിക്കുന്നത് മനുഷ്യനേട്ടത്തിന്റെ ഉയരങ്ങളിലെത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് തകര്‍ച്ചയുടെയും തിന്മയുടെയും ഇരുണ്ട പശ്ചാത്തലത്തിനെതിരെ നില്‍ക്കുന്നതിനെക്കുറിച്ചാണ്. “അവര്‍ ജീവന്റെ വചനം പ്രമാണിക്കുകയും'' പിറുപിറുപ്പും തര്‍ക്കവും ഒഴിവാക്കുകയും ചെയ്താല്‍ ദൈവം അവരിലും അവരിലൂടെയും പ്രകാശിക്കുമെന്ന് അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയിലെ വിശ്വാസികളോടു പറഞ്ഞു (ഫിലിപ്പിയര്‍ 2:14-16).

മറ്റ് വിശ്വാസികളുമായുള്ള നമ്മുടെ ഐക്യവും ദൈവത്തോടുള്ള വിശ്വസ്തതയും നമ്മെ ലോകത്തില്‍നിന്ന് അകറ്റുന്നു. ഇവ സ്വാഭാവികമായി വരുന്നില്ല എന്നതാണ് പ്രശ്‌നം. പ്രലോഭനങ്ങളെ മറികടക്കാന്‍ നാം നിരന്തരം പരിശ്രമിക്കുന്നതിനാല്‍, ദൈവവുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ കഴിയും. നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരുമായി ഐക്യപ്പെടാന്‍ നാം സ്വാര്‍ത്ഥതയ്‌ക്കെതിരെ പോരാടുന്നു.

എന്നിട്ടും പ്രത്യാശയ്ക്കു വകയുണ്ട്. ഓരോ വിശ്വാസിയിലും ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവ് സ്വയനിയന്ത്രണമുള്ളവരും ദയയുള്ളവരും വിശ്വസ്തരുമായിരിക്കാന്‍ നമ്മെ ശക്തിപ്പെടുത്തുന്നു (ഗലാത്യര്‍ 5:22-23). നമ്മുടെ സ്വാഭാവിക ശേഷിക്ക് അപ്പുറത്തേക്കു ജീവിക്കാന്‍ നമ്മെ വിളിച്ചിരിക്കുന്നതിനാല്‍ ദൈവത്തിന്റെ അമാനുഷിക സഹായം ഇതു സാധ്യമാക്കുന്നു (ഫിലിപ്പിയര്‍ 2:13). ഓരോ വിശ്വാസിയും ആത്മാവിന്റെ ശക്തിയാല്‍ ഒരു 'തിളങ്ങുന്ന നക്ഷത്രം' ആയിത്തീര്‍ന്നാല്‍, ദൈവത്തിന്റെ വെളിച്ചം നമുക്കു ചുറ്റുമുള്ള അന്ധകാരത്തെ എങ്ങനെ അകറ്റുമെന്നു ചിന്തിക്കുക!

ഭയത്തിന്റെ ക്വാറന്റൈനില്‍

2020-ല്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ ഭയപ്പെടുത്തി. ആളുകളെ ക്വാറന്റൈനില്‍ ആക്കേണ്ടിവന്നു, രാജ്യങ്ങള്‍ ലോക്ക്ഡൗണിലായി, വിമാനങ്ങളും വലിയ പരിപാടികളും റദ്ദാക്കി. രോഗം റിപ്പോര്‍ട്ടു ചെയ്യാത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കും വൈറസ് ബാധിക്കുമെന്ന് ഇപ്പോഴും ഭയപ്പെടുന്നു. ഉത്കണ്ഠയെ സംബന്ധിച്ചു വിദഗ്ദ്ധനായ എബ്രഹാം ഡേവി വിശ്വസിക്കുന്നത്, നെഗറ്റീവ് വാര്‍ത്താ പ്രക്ഷേപണം 'നിങ്ങളെ ദുഃഖിതരാക്കുകയും കൂടുതല്‍ ഉത്കണ്ഠാകുലരാക്കുകയും ചെയ്യും' എന്നാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു തമാശ ഇപ്രകാരമാണ്: റ്റിവിയില്‍ വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍, അയാളുടെ ഉത്ക്കണ്ഠ എങ്ങനെ നിര്‍ത്താമെന്നു ചോദിക്കുന്നു. മറുപടിയായി, മുറിയിലെ മറ്റൊരാള്‍ എത്തി റ്റിവി ഓഫ് ചെയ്തിട്ട് അതിനുള്ള ഉത്തരം ശ്രദ്ധാകേന്ദ്രം മാറ്റുക എന്നതാണെന്നു നിര്‍ദ്ദേശിക്കുന്നു!

'അവന്റെ രാജ്യം അന്വേഷിക്കുക' (വാ. 31). ഉത്ക്കണ്ഠപ്പെടുന്നത്് അവസാനിപ്പിക്കാന്‍ ലൂക്കൊസ് 12 നല്‍കുന്ന ഉപദേശമാണിത്. അവിടുത്തെ അനുയായികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു അവകാശം ഉണ്ടെന്ന വാഗ്ദത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നാം ദൈവരാജ്യം തേടുകയാണ്. നാം ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍, നമ്മുടെ ശ്രദ്ധ തിരിക്കാനും ദൈവം നമ്മെ കാണുന്നുവെന്നും നമ്മുടെ ആവശ്യങ്ങള്‍ അറിയുന്നുവെന്നും ഓര്‍ക്കാനും നമുക്കു കഴിയും (വാ. 24-30).

യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു: 'ചെറിയ ആട്ടിന്‍കൂട്ടമേ, ഭയപ്പെടരുത്; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്കു നല്കുവാന്‍ പ്രസാദിച്ചിരിക്കുന്നു'' (വാ. 32). നമ്മെ അനുഗ്രഹിക്കുന്നതില്‍ ദൈവം സന്തോഷിക്കുന്നു! ആകാശത്തിലെ പക്ഷികള്‍, വയലിലെ പുഷ്പങ്ങള്‍, എന്നിവകളെക്കാളേറെ അവിടുന്നു നമ്മെ പരിപാലിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ടു നമുക്ക് അവിടുത്തെ ആരാധിക്കാം (വാ. 22-29). ദുഷ്‌കരമായ സമയങ്ങളില്‍പ്പോലും നമുക്ക് തിരുവെഴുത്തുകള്‍ വായിക്കാനും ദൈവത്തിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനും നമ്മുടെ നല്ലവനും വിശ്വസ്തനുമായ ദൈവത്തില്‍ ആശ്രയിക്കാനും കഴിയും.

അവിടുത്തെ ശബ്ദം അറിയുക

ആ വര്‍ഷത്തെ അവധിക്കാല ബൈബിള്‍ സ്‌കൂളില്‍, ബൈബിള്‍ കഥകള്‍ വ്യക്തമായി ചിത്രീകരിക്കുന്നതിനായിജീവനുള്ള മൃഗങ്ങളെ കൊണ്ടുവരാന്‍ അതിഥിന്റെ സഭ തീരുമാനിച്ചു. അതിഥ് സഹായിക്കാന്‍ തയ്യാറായപ്പോള്‍ ഒരു ആടിനെ അകത്തേക്കു കൊണ്ടുവരാന്‍ അവനോട് ആവശ്യപ്പെട്ടു. കമ്പിളിരോമമുള്ള മൃഗത്തെ ഒരു കയര്‍ കഴുത്തില്‍ കെട്ടി സഭാ ഹാളിലേക്ക് അവനു വലിച്ചുകൊണ്ടു വരേണ്ടിവന്നു. എന്നാല്‍ ആഴ്ചയുടെ അവസാനമായപ്പോഴേക്കും ആടിന് അവനെ അനുഗമിക്കാനുള്ള വിമുഖത കുറഞ്ഞു. ആഴ്ചാവസാനത്തോടെ, അതിഥിന് കയര്‍ പിടിക്കേണ്ടിവന്നില്ല; അവന്‍ ആടിനെ വിളിച്ചയുടനെ, തനിക്ക് അവനെ വിശ്വസിക്കാമെന്ന ബോധ്യത്തോടെ അത് അവന്റെ പിന്നാലെ ചെന്നു.

പുതിയനിയമത്തില്‍, യേശു തന്നെ ഒരു ഇടയനുമായി താരതമ്യപ്പെടുത്തിക്കൊണ്ട് തന്റെ ജനമായ ആടുകള്‍ അവന്റെ ശബ്ദം അറിയുന്നതിനാല്‍ അവനെ അനുഗമിക്കുമെന്ന് പ്രസ്താവിക്കുന്നു (യോഹന്നാന്‍ 10:4). എന്നാല്‍ അതേ ആടുകള്‍ അപരിചിതനില്‍ നിന്നോ കള്ളനില്‍നിന്നോ ഓടിപ്പോകും (വാ. 5). ആടുകളെപ്പോലെ, നാം (ദൈവമക്കള്‍) നമ്മുടെ ഇടയനുമായുള്ള നമ്മുടെ ബന്ധത്തിലൂടെ അവന്റെ ശബ്ദം അറിയുന്നു. നാം ചെയ്യുന്നതുപോലെ, നാം അവന്റെ സ്വഭാവം കാണുകയും അവനില്‍ ആശ്രയിക്കാന്‍ പഠിക്കുകയും ചെയ്യുന്നു.

ദൈവത്തെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നതില്‍ നാം വളരുമ്പോള്‍, നാം അവന്റെ ശബ്ദം തിരിച്ചറിയുകയും 'മോഷ്ടിക്കുവാനും അറുക്കുവാനും മുടിക്കുവാനും'' വരുന്ന കള്ളനില്‍ നിന്ന് (വാ. 10) - വഞ്ചനയിലൂടെ നമ്മെ അവനില്‍നിന്ന് അകറ്റുവാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് - ഓടിപ്പോകാന്‍ കൂടുതല്‍ പ്രാപ്തരാകയും ചെയ്യുന്നു. ആ കളള ഉപദേഷ്ടാക്കളില്‍നിന്ന് വ്യത്യസ്തമായി, നമ്മെ സുരക്ഷിതത്വത്തിലേക്കു നയിക്കാനുള്ള ഇടയന്റെ ശബ്ദത്തെ വിശ്വസിക്കാന്‍ നമുക്കു കഴിയും.

ഒരിക്കലും ക്ഷമിക്കാനാവാത്തത്ര പാപിയല്ല

''ഞാന്‍ ഒരു ബൈബിള്‍ തൊട്ടാല്‍ എന്റെ കയ്യില്‍ തീ പിടിക്കും,'' എന്റെ കോളേജ് ഇംഗ്ലീഷ് പ്രൊഫസര്‍ പറഞ്ഞു. എന്റെ ഹൃദയത്തില്‍ നിരാശ നിറഞ്ഞു. അന്ന് രാവിലെ ഞങ്ങള്‍ വായിക്കേണ്ടിയിരുന്ന നോവലില്‍ ഒരു ബൈബിള്‍ വാക്യത്തെ പരാമര്‍ശിച്ചിരുന്നു. അത് നോക്കാന്‍ ഞാന്‍ എന്റെ ബൈബിള്‍ പുറത്തെടുത്തപ്പോഴാണ് അവള്‍ ശ്രദ്ധിക്കുകയും ഈ അഭിപ്രായം പറയുകയും ചെയ്തത്. ക്ഷമിക്കാനാവാത്തവിധം താന്‍ പാപിയാണെന്ന് എന്റെ പ്രൊഫസര്‍ കരുതിയിരുന്നു. എന്നിട്ടും ദൈവസ്‌നേഹത്തെക്കുറിച്ച് - മാത്രമല്ല, നമുക്ക് എപ്പോഴും ദൈവത്തിന്റെ പാപമോചനം തേടാമെന്ന് ബൈബിള്‍ പറയുന്നു എന്നും - അവളോട് പറയാന്‍ എനിക്ക് ധൈര്യമുണ്ടായില്ല.

നെഹെമ്യാവിന്റെ പുസ്തകത്തില്‍ മാനസാന്തരത്തിന്റെയും ക്ഷമയുടെയും ഉദാഹരണങ്ങളുണ്ട്. പാപം നിമിത്തം യിസ്രായേല്യര്‍ പ്രവാസത്തിലേക്കു പോകേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ അവരെ യെരൂശലേമിലേക്കു മടങ്ങാന്‍ അനുവദിച്ചു. അവര്‍ ''സ്ഥിരതാമസമാക്കിയപ്പോള്‍'' എഴുത്തുകാരന്‍ എസ്രാ അവരെ ന്യാപ്രമാണം വായിച്ചു കേള്‍പ്പിച്ചു (നെഹെമ്യാവ് 7:73-8:3). അവര്‍ പാപം ചെയ്തിട്ടും ദൈവം ''അവരെ ഉപേക്ഷിക്കുകയോ,'' ''തള്ളിക്കളയുകയോ'' (9:17, 19) ചെയ്തില്ല എന്ന് അനുസ്മരിച്ചുകൊണ്ട് അവര്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞു. അവര്‍ നിലവിളിച്ചപ്പോള്‍ അവന്‍ ''കേട്ടു,'' അനുകമ്പയോടും കരുണയോടുംകൂടെ അവന്‍ അവരോട് ക്ഷമ കാണിച്ചു (വാ. 27-31).

സമാനമായ രീതിയില്‍, ദൈവം നമ്മോട് ക്ഷമ കാണിക്കുന്നു. നമ്മുടെ പാപം ഏറ്റുപറയുകയും അവങ്കലേക്ക് തിരിയുകയും ചെയ്താല്‍ അവന്‍ നമ്മെ കൈവിടുകയില്ല. യേശു അവളെ സ്‌നേഹിക്കുന്നുവെന്നും അവള്‍ അവന്റെ കുടുംബത്തിന്റെ ഭാഗമാകാന്‍ അവന്‍ ആഗ്രഹിക്കുന്നുവെന്നും തിരിച്ചുപോയി എന്റെ പ്രോഫസറോടു പറയാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങളെയും എന്നെയും കുറിച്ച് അവനും അങ്ങനെ തന്നെ തോന്നുന്നു. പാപമോചനം തേടി നമുക്ക് അവനെ സമീപിക്കാം - അവന്‍ അതു നല്‍കും!