”ഞാന്‍ ഒരു ബൈബിള്‍ തൊട്ടാല്‍ എന്റെ കയ്യില്‍ തീ പിടിക്കും,” എന്റെ കോളേജ് ഇംഗ്ലീഷ് പ്രൊഫസര്‍ പറഞ്ഞു. എന്റെ ഹൃദയത്തില്‍ നിരാശ നിറഞ്ഞു. അന്ന് രാവിലെ ഞങ്ങള്‍ വായിക്കേണ്ടിയിരുന്ന നോവലില്‍ ഒരു ബൈബിള്‍ വാക്യത്തെ പരാമര്‍ശിച്ചിരുന്നു. അത് നോക്കാന്‍ ഞാന്‍ എന്റെ ബൈബിള്‍ പുറത്തെടുത്തപ്പോഴാണ് അവള്‍ ശ്രദ്ധിക്കുകയും ഈ അഭിപ്രായം പറയുകയും ചെയ്തത്. ക്ഷമിക്കാനാവാത്തവിധം താന്‍ പാപിയാണെന്ന് എന്റെ പ്രൊഫസര്‍ കരുതിയിരുന്നു. എന്നിട്ടും ദൈവസ്‌നേഹത്തെക്കുറിച്ച് – മാത്രമല്ല, നമുക്ക് എപ്പോഴും ദൈവത്തിന്റെ പാപമോചനം തേടാമെന്ന് ബൈബിള്‍ പറയുന്നു എന്നും – അവളോട് പറയാന്‍ എനിക്ക് ധൈര്യമുണ്ടായില്ല.

നെഹെമ്യാവിന്റെ പുസ്തകത്തില്‍ മാനസാന്തരത്തിന്റെയും ക്ഷമയുടെയും ഉദാഹരണങ്ങളുണ്ട്. പാപം നിമിത്തം യിസ്രായേല്യര്‍ പ്രവാസത്തിലേക്കു പോകേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ അവരെ യെരൂശലേമിലേക്കു മടങ്ങാന്‍ അനുവദിച്ചു. അവര്‍ ”സ്ഥിരതാമസമാക്കിയപ്പോള്‍” എഴുത്തുകാരന്‍ എസ്രാ അവരെ ന്യാപ്രമാണം വായിച്ചു കേള്‍പ്പിച്ചു (നെഹെമ്യാവ് 7:73-8:3). അവര്‍ പാപം ചെയ്തിട്ടും ദൈവം ”അവരെ ഉപേക്ഷിക്കുകയോ,” ”തള്ളിക്കളയുകയോ” (9:17, 19) ചെയ്തില്ല എന്ന് അനുസ്മരിച്ചുകൊണ്ട് അവര്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞു. അവര്‍ നിലവിളിച്ചപ്പോള്‍ അവന്‍ ”കേട്ടു,” അനുകമ്പയോടും കരുണയോടുംകൂടെ അവന്‍ അവരോട് ക്ഷമ കാണിച്ചു (വാ. 27-31).

സമാനമായ രീതിയില്‍, ദൈവം നമ്മോട് ക്ഷമ കാണിക്കുന്നു. നമ്മുടെ പാപം ഏറ്റുപറയുകയും അവങ്കലേക്ക് തിരിയുകയും ചെയ്താല്‍ അവന്‍ നമ്മെ കൈവിടുകയില്ല. യേശു അവളെ സ്‌നേഹിക്കുന്നുവെന്നും അവള്‍ അവന്റെ കുടുംബത്തിന്റെ ഭാഗമാകാന്‍ അവന്‍ ആഗ്രഹിക്കുന്നുവെന്നും തിരിച്ചുപോയി എന്റെ പ്രോഫസറോടു പറയാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങളെയും എന്നെയും കുറിച്ച് അവനും അങ്ങനെ തന്നെ തോന്നുന്നു. പാപമോചനം തേടി നമുക്ക് അവനെ സമീപിക്കാം – അവന്‍ അതു നല്‍കും!