Month: ആഗസ്റ്റ് 2020

അടിയന്‍ കേള്‍ക്കുന്നു

വയര്‍ലെസ് റേഡിയോ ഓണായിരുന്നെങ്കില്‍ ടൈറ്റാനിക് മുങ്ങുകയാണെന്ന് അവര്‍ അറിയുമായിരുന്നു. മറ്റൊരു കപ്പലിന്റെ റേഡിയോ ഓപ്പറേറ്ററായ സിറില്‍ ഇവാന്‍സ്, ടൈറ്റാനിക്കിലെ റേഡിയോ ഓപ്പറേറ്ററായ ജാക്ക് ഫിലിപ്‌സിന് അവര്‍ക്കു നേരെ ഒരു മഞ്ഞുമല ഒഴുകിവരുന്നതായുള്ള ഒരു സന്ദേശം കൈമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ടൈറ്റാനിക് റേഡിയോ ഓപ്പറേറ്റര്‍ യാത്രക്കാരുടെ സന്ദേശങ്ങള്‍ കൈമാറുന്ന തിരക്കില്‍ ആയിരുന്നു; അതിനാല്‍ മിണ്ടാതിരിക്കാന്‍ ഇവാന്‍സിനോട് ധിക്കാരപൂര്‍വ്വം പറയുകയും ചെയ്തു. അതിനാല്‍ അദ്ദേഹം മനസ്സില്ലാമനസ്സോടെ റേഡിയോ ഓഫ് ചെയ്ത് ഉറങ്ങാന്‍ കിടന്നു. പത്ത് മിനിറ്റിനുശേഷം ടൈറ്റാനിക് ഒരു മഞ്ഞുമലയില്‍ ഇടിച്ചു. ആരും ശ്രദ്ധിക്കാഞ്ഞതിനാല്‍ അവരുടെ ദുരിത സൂചനകള്‍ക്ക് ഉത്തരം കിട്ടാതെ പോയി.

1 ശമൂവേലില്‍, യിസ്രായേല്‍ പുരോഹിതന്മാര്‍ അഴിമതിക്കാരാണെന്നും രാഷ്ട്രം അപകടത്തിലേക്ക് നീങ്ങുമ്പോള്‍ അവരുടെ ആത്മീയ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടുവെന്നും നാം വായിക്കുന്നു. 'ആ കാലത്ത് യഹോവയുടെ വചനം ദുര്‍ല്ലഭമായിരുന്നു; ദര്‍ശനം ഏറെ ഇല്ലായിരുന്നു' (1 ശമൂവേല്‍ 3:1). എന്നിട്ടും തന്റെ ജനത്തെ ഉപേക്ഷിക്കാന്‍ ദൈവത്തിനു മനസ്സില്ലായിരുന്നു. പുരോഹിതന്റെ വീട്ടില്‍ വളര്‍ത്തപ്പെട്ട ശമൂവേല്‍ എന്ന ബാലനോട് അവന്‍ സംസാരിച്ചുതുടങ്ങി. ശമൂവേല്‍ എന്ന പേരിന്റെ അര്‍ത്ഥം ''യഹോവ കേള്‍ക്കുന്നു'' - അവന്റെ അമ്മയുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉത്തരം നല്‍കിയതിന്റെ സ്മരണാര്‍ത്ഥമായിരുന്നു ആ പേര്. എന്നാല്‍ ദൈവത്തെ എങ്ങനെ കേള്‍ക്കണമെന്ന് ശമൂവേല്‍ പഠിക്കേണ്ടതുണ്ടായിരുന്നു.

''അരുളിച്ചെയ്യണമേ; അടിയന്‍ കേള്‍ക്കുന്നു'' (വാ. 10). ദാസനാണ് ഇതു കേള്‍ക്കുന്നത്. ദൈവം തിരുവെഴുത്തുകളില്‍ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും അനുസരിക്കുന്നതും നമുക്ക് തിരഞ്ഞെടുക്കാം. നമുക്ക് നമ്മുടെ ജീവിതം അവനു സമര്‍പ്പിക്കുകയും - തങ്ങളുടെ ''റേഡിയോകള്‍'' ഓണാക്കിയവരായ - എളിയ ദാസന്മാരുടെ നിലപാട് സ്വീകരിക്കുകയും ചെയ്യാം.

സ്വയ-ഗുണദോഷ വിവേചനം

രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ എന്റെ അച്ഛന്‍ എന്റെ അമ്മയ്ക്ക് അയച്ച ഒരു കൂട്ടം കത്തുകള്‍ ഞാന്‍ അടുത്തയിടെ വായിച്ചു. അദ്ദേഹം വടക്കേ ആഫ്രിക്കയിലും അമ്മ അമേരിക്കയിലുമായിരുന്നു. യുഎസ് സൈന്യത്തിലെ സെക്കന്‍ഡ് ലെഫ്‌റ്റെനന്റായ ഡാഡിക്ക് സൈനികരുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യാനുള്ള - നിര്‍ണ്ണായകമായ വിവരങ്ങള്‍ ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ സൂക്ഷിക്കുന്ന - ചുമതലയായിരുന്നു. അതിനാല്‍, ഭാര്യയ്ക്ക് അയച്ച കത്തുകളുടെ പുറത്ത്, ''സെക്കന്‍ഡ് ലെഫ്‌റ്റെനന്റ് ജോണ്‍ ബ്രാനോണ്‍ (എന്റെ പിതാവിന്റെ പേര്) സെന്‍സര്‍ ചെയ്തത്'' എന്ന് സ്റ്റാമ്പ് ചെയ്തിരുന്നത് വളരെ തമാശയായി തോന്നി. തീര്‍ച്ചയായും, അദ്ദേഹം സ്വന്തം കത്തുകളില്‍ നിന്ന് ചില വരികള്‍ മായിച്ചിരിക്കുന്നു!

സ്വയം സെന്‍സര്‍ ചെയ്യുന്നത് (ഗുണദോഷ വിവേചനം നടത്തുന്നത്) നമുക്കെല്ലാവര്‍ക്കും നല്ലതാണ്. ശരിയല്ലാത്തവ - ദൈവത്തെ ബഹുമാനിക്കാത്തവയും - കണ്ടെത്തുന്നതിന് നമ്മളെത്തന്നെ നന്നായി നോക്കേണ്ടതിന്റെ പ്രാധാന്യം തിരുവെഴുത്തില്‍ നിരവധി തവണ എഴുത്തുകാര്‍ പരാമര്‍ശിക്കുന്നു. ഉദാഹരണത്തിന്, സങ്കീര്‍ത്തനക്കാരന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു, ''ദൈവമേ, എന്നെ ശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ. . . വ്യസനത്തിനുള്ള മാര്‍ഗ്ഗം എന്നില്‍ ഉേണ്ടാ എന്നു നോക്കണമേ' (സങ്കീര്‍ത്തനം 139:23-24). യിരെമ്യാവ് ഇപ്രകാരം പറയുന്നു: ''നാം നമ്മുടെ നടപ്പ് ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക' (വിലാപങ്ങള്‍ 3:40). കര്‍ത്തൃമേശയുടെ സമയത്ത് നമ്മുടെ ഹൃദയസ്ഥിതിയെക്കുറിച്ച് പരിശോധിക്കുന്നതിനെക്കുറിച്ച് പൗലൊസ് പറഞ്ഞു, ''തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം'' (1 കൊരിന്ത്യര്‍ 11:28) അതില്‍ പങ്കാളിയാകാന്‍.

ദൈവത്തെ പ്രസാദിപ്പിക്കാത്ത ഏതെങ്കിലും മനോഭാവങ്ങളില്‍ നിന്നോ പ്രവൃത്തികളില്‍ നിന്നോ തിരിയാന്‍ പരിശുദ്ധാത്മാവിനു നമ്മെ സഹായിക്കാനാകും. അതിനാല്‍ ഇന്ന് ലോകത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ്, നമുക്ക് സ്വയം പരിശോധിച്ച് ആത്മാവിന്റെ സഹായം തേടാം, അങ്ങനെ നമുക്ക് 'യഹോവയുടെ അടുക്കലേക്കു തിരിയുകയും' അവനുമായി കൂട്ടായ്മ ആചരിക്കുകയും ചെയ്യാം.

ആത്യന്തിക തരംഗം

ആളുകള്‍ ''തരംഗം'' ഇഷ്ടപ്പെടുന്നു. ലോകമെമ്പാടുമുള്ള കായിക മത്സരങ്ങളിലും സംഗീത കച്ചേരികളിലും, കുറച്ച് ആളുകള്‍ എഴുന്നേറ്റുനിന്ന് കൈകള്‍ ഉയര്‍ത്തി വീശുമ്പോള്‍ ഇതാരംഭിക്കുന്നു. നിമിഷം കഴിഞ്ഞ് അവരുടെ സമീപേ ഇരിക്കുന്നവരും അതുതന്നെ ചെയ്യുന്നു. ഒരു സ്റ്റേഡിയം മുഴുവന്‍ തുടര്‍ച്ചയായി അലയടിക്കുന്ന തരംഗം പോലെ പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അത് അവസാനിച്ചുകഴിഞ്ഞാല്‍, അത് ആരംഭിച്ചവര്‍ പുഞ്ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു - ഒപ്പം ചലനം തുടരുകയും ചെയ്യുന്നു.

1981-ല്‍ അമേരിക്കയില്‍ നടന്ന ഒരു പ്രൊഫഷണല്‍ കായിക മത്സരത്തിലാണ് തരംഗത്തിന്റെ ആദ്യ സംഭവം രേഖപ്പെടുത്തിയത്. അതു രസകരമായതിനാല്‍ തരംഗത്തില്‍ ചേരുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, അത് ചെയ്യുമ്പോള്‍ നാം അനുഭവിക്കുന്ന സന്തോഷവും ഒരുമയും സുവിശേഷത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും എനിക്ക് തോന്നി - യേശുവിലുള്ള രക്ഷയുടെ സുവിശേഷം എല്ലായിടത്തും വിശ്വാസികളെ സ്തുതിയിലും പ്രത്യാശയിലും ഒന്നിപ്പിക്കുന്നു. ഈ ''ആത്യന്തിക തരംഗം'' നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യെരൂശലേമില്‍ ആരംഭിച്ചു. കൊലൊസ്യയിലെ സഭയിലെ അംഗങ്ങള്‍ക്ക് എഴുതിയ പൗലൊസ് ഈ വിധത്തില്‍ അതിനെ വിശദീകരിച്ചു: ''ആ സുവിശേഷം സര്‍വ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങള്‍ ദൈവകൃപയെ യഥാര്‍ത്ഥമായി കേട്ടറിഞ്ഞ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എന്നപോലെ സര്‍വ്വലോകത്തിലും ഫലം കായിച്ചും വര്‍ദ്ധിച്ചും വരുന്നു'' (കൊലൊസ്യര്‍ 1:6). ഈ സുവാര്‍ത്തയുടെ സ്വാഭാവിക ഫലം ''സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശയും' 'സകല വിശുദ്ധന്മാരോടും നിങ്ങള്‍ക്കുള്ള സ്‌നേഹവും'' ആണ് (വാ. 5).

യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, ചരിത്രത്തിലെ ഏറ്റവും വലിയ തരംഗത്തിന്റെ ഭാഗമാണ് നാം. ഇത് തുടരുക! അത് ചെയ്തുകഴിഞ്ഞാല്‍, അത് ആരംഭിച്ചവന്റെ പുഞ്ചിരി നാം കാണും.

ദൈവം നമ്മുടെ രക്ഷകന്‍

വിശാലമായ കടലില്‍, ഒരു ട്രയാത്ത്ലോണില്‍ മത്സരിക്കുന്നവരില്‍ പരിഭ്രാന്തരായ നീന്തല്‍ക്കാരെ സഹായിക്കാന്‍ ഒരു രക്ഷാപ്രവര്‍ത്തക അവളുടെ ബോട്ട് തയ്യാറാക്കി നിലയുറപ്പിച്ചു. ''ബോട്ടിന്റെ നടുവില്‍ പിടിക്കരുത്!'' അവള്‍ നീന്തല്‍ക്കാരോടു വിളിച്ചു പറഞ്ഞു; അത്തരമൊരു നീക്കം തന്റെ വാഹനത്തെ തകിടംമറിക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു. പകരം, തളര്‍ന്ന നീന്തല്‍ക്കാരെ അവള്‍ ബോട്ടിന്റെ അമരത്തേക്കോ അണിയത്തേക്കോ നയിച്ചു. അവിടെ അവര്‍ക്ക് ഒരു വളയത്തില്‍ പിടിച്ചു കിടക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് അവരെ എളുപ്പത്തില്‍ രക്ഷപ്പെടുത്താനും കഴിയും.

യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ ജീവിതമോ ആളുകളോ നമ്മെ ആഴത്തിലേക്കു വലിച്ചുതാഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തുമ്പോഴെല്ലാം, നമുക്ക് ഒരു രക്ഷകനുണ്ടെന്ന് നമുക്കറിയാം. പരമാധികാരിയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 'ഞാന്‍ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും. . . ചിതറിപ്പോയ സകല സ്ഥലങ്ങളിലും നിന്ന് അവയെ വിടുവിക്കും' (യെഹെസ്‌കേല്‍ 34:11-12).

ദൈവജനം പ്രവാസികളായിരിക്കുമ്പോള്‍ യെഹെസ്‌കേല്‍ പ്രവാചകന്‍ അവര്‍ക്കു നല്‍കിയ ഉറപ്പാണിത്. അവരുടെ നേതാക്കള്‍ അവരെ അവഗണിക്കുകയും ചൂഷണം ചെയ്യുകയും അവരുടെ ജീവന്‍ കൊള്ളയടിക്കുകയും ദൈവത്തിന്റെ 'ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയ്ക്കുകയും' ചെയ്തു (വാ. 8). തല്‍ഫലമായി, ''ഭൂതലത്തില്‍ ഒക്കെയും എന്റെ ആടുകള്‍ ചിതറിപ്പോയി; ആരും അവയെ തിരയുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല'' (വാ. 6).

എന്നാല്‍ ''ഞാന്‍ എന്റെ ആട്ടിന്‍കൂട്ടത്തെ രക്ഷിക്കും' എന്ന് കര്‍ത്താവ് പ്രഖ്യാപിച്ചു (വാ. 10), അവന്റെ വാഗ്ദത്തം ഇപ്പോഴും നിലനില്‍ക്കുന്നു.

നമ്മള്‍ എന്താണ് ചെയ്യേണ്ടത്? സര്‍വശക്തനായ ദൈവത്തെയും അവന്റെ വാഗ്ദാനങ്ങളെയും മുറുകെ പിടിക്കുക. ''ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ച് അവയെ പരിപാലിക്കും'' (വാ. 11) ദൈവം പറയുന്നു. അത് മുറുകെ പിടിക്കേണ്ട ഒരു രക്ഷാവാഗ്ദാനമാണ്.

ദുര്‍ബലരെ രക്ഷിക്കുക

ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് - സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു അവധിക്കാലം അല്ലെങ്കില്‍ പ്രേഗിലെ കുട്ടികളെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുക? നിക്കോളാസ് വിന്റണ്‍ എന്ന സാധാരണക്കാരന്‍ രണ്ടാമത്തേതു തിരഞ്ഞെടുത്തു. 1938-ല്‍ ചെക്കോസ്ലോവാക്യയും ജര്‍മ്മനിയും തമ്മിലുള്ള യുദ്ധം ചക്രവാളത്തില്‍ ഉരുണ്ടുകൂടിത്തുടങ്ങി. നിരവധി യെഹൂദന്മാര്‍ താമസിക്കുന്ന പ്രേഗിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ നിക്കോളാസ് സന്ദര്‍ശിച്ച ശേഷം, അവരെ സഹായിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതിനുമുമ്പ് നൂറുകണക്കിന് കുട്ടികളെ സുരക്ഷിതമായി പ്രേഗില്‍ നിന്ന് ഗ്രേറ്റ് ബ്രിട്ടനിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം പണം സ്വരൂപിച്ചു, അവരെ ബ്രിട്ടനിലെ കുടുംബങ്ങളില്‍ പാര്‍പ്പിച്ചു.

82-ാം സങ്കീര്‍ത്തനത്തിലെ ആഹ്വാനത്തിന്റെ ഉത്തമ മാതൃകയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍: ''എളിയവനും അനാഥനും ന്യായം പാലിച്ചു കൊടുക്കുവിന്‍'' (വാ. 3). ഈ സങ്കീര്‍ത്തനത്തിന്റെ രചയിതാവായ ആസാഫ്, ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാന്‍ തന്റെ ജനത്തെ പ്രേരിപ്പിച്ചു: ''എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍; ദുഷ്ടന്മാരുടെ കൈയില്‍നിന്ന് അവരെ വിടുവിപ്പിന്‍' (വാ. 4). ആ കുട്ടികളെ രക്ഷപ്പെടുത്താന്‍ നിക്കോളാസ് അശ്രാന്തമായി പ്രവര്‍ത്തിച്ചതു പോലെ, സങ്കീര്‍ത്തനക്കാരന്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി - നീതിയും സംരക്ഷണവും ആവശ്യമുള്ള ദരിദ്രര്‍ക്കും വിധവകള്‍ക്കും വേണ്ടി - സംസാരിച്ചു.

ഇന്ന് നാം നോക്കുന്ന എല്ലായിടത്തും യുദ്ധം, കൊടുങ്കാറ്റ്, മറ്റ് ദുരന്തങ്ങള്‍ എന്നിവ കാരണം ആവശ്യത്തിലിരിക്കുന്ന ആളുകളെ കാണുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും, ദൈവം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സാഹചര്യങ്ങളില്‍ സഹായിക്കാന്‍ നമുക്ക് എന്തുചെയ്യാനാകുമെന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ചിന്തിക്കാം.