വിശാലമായ കടലില്‍, ഒരു ട്രയാത്ത്ലോണില്‍ മത്സരിക്കുന്നവരില്‍ പരിഭ്രാന്തരായ നീന്തല്‍ക്കാരെ സഹായിക്കാന്‍ ഒരു രക്ഷാപ്രവര്‍ത്തക അവളുടെ ബോട്ട് തയ്യാറാക്കി നിലയുറപ്പിച്ചു. ”ബോട്ടിന്റെ നടുവില്‍ പിടിക്കരുത്!” അവള്‍ നീന്തല്‍ക്കാരോടു വിളിച്ചു പറഞ്ഞു; അത്തരമൊരു നീക്കം തന്റെ വാഹനത്തെ തകിടംമറിക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു. പകരം, തളര്‍ന്ന നീന്തല്‍ക്കാരെ അവള്‍ ബോട്ടിന്റെ അമരത്തേക്കോ അണിയത്തേക്കോ നയിച്ചു. അവിടെ അവര്‍ക്ക് ഒരു വളയത്തില്‍ പിടിച്ചു കിടക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് അവരെ എളുപ്പത്തില്‍ രക്ഷപ്പെടുത്താനും കഴിയും.

യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ ജീവിതമോ ആളുകളോ നമ്മെ ആഴത്തിലേക്കു വലിച്ചുതാഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തുമ്പോഴെല്ലാം, നമുക്ക് ഒരു രക്ഷകനുണ്ടെന്ന് നമുക്കറിയാം. പരമാധികാരിയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാന്‍ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും. . . ചിതറിപ്പോയ സകല സ്ഥലങ്ങളിലും നിന്ന് അവയെ വിടുവിക്കും’ (യെഹെസ്‌കേല്‍ 34:11-12).

ദൈവജനം പ്രവാസികളായിരിക്കുമ്പോള്‍ യെഹെസ്‌കേല്‍ പ്രവാചകന്‍ അവര്‍ക്കു നല്‍കിയ ഉറപ്പാണിത്. അവരുടെ നേതാക്കള്‍ അവരെ അവഗണിക്കുകയും ചൂഷണം ചെയ്യുകയും അവരുടെ ജീവന്‍ കൊള്ളയടിക്കുകയും ദൈവത്തിന്റെ ‘ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയ്ക്കുകയും’ ചെയ്തു (വാ. 8). തല്‍ഫലമായി, ”ഭൂതലത്തില്‍ ഒക്കെയും എന്റെ ആടുകള്‍ ചിതറിപ്പോയി; ആരും അവയെ തിരയുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല” (വാ. 6).

എന്നാല്‍ ”ഞാന്‍ എന്റെ ആട്ടിന്‍കൂട്ടത്തെ രക്ഷിക്കും’ എന്ന് കര്‍ത്താവ് പ്രഖ്യാപിച്ചു (വാ. 10), അവന്റെ വാഗ്ദത്തം ഇപ്പോഴും നിലനില്‍ക്കുന്നു.

നമ്മള്‍ എന്താണ് ചെയ്യേണ്ടത്? സര്‍വശക്തനായ ദൈവത്തെയും അവന്റെ വാഗ്ദാനങ്ങളെയും മുറുകെ പിടിക്കുക. ”ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ച് അവയെ പരിപാലിക്കും” (വാ. 11) ദൈവം പറയുന്നു. അത് മുറുകെ പിടിക്കേണ്ട ഒരു രക്ഷാവാഗ്ദാനമാണ്.