ആളുകള്‍ ”തരംഗം” ഇഷ്ടപ്പെടുന്നു. ലോകമെമ്പാടുമുള്ള കായിക മത്സരങ്ങളിലും സംഗീത കച്ചേരികളിലും, കുറച്ച് ആളുകള്‍ എഴുന്നേറ്റുനിന്ന് കൈകള്‍ ഉയര്‍ത്തി വീശുമ്പോള്‍ ഇതാരംഭിക്കുന്നു. നിമിഷം കഴിഞ്ഞ് അവരുടെ സമീപേ ഇരിക്കുന്നവരും അതുതന്നെ ചെയ്യുന്നു. ഒരു സ്റ്റേഡിയം മുഴുവന്‍ തുടര്‍ച്ചയായി അലയടിക്കുന്ന തരംഗം പോലെ പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അത് അവസാനിച്ചുകഴിഞ്ഞാല്‍, അത് ആരംഭിച്ചവര്‍ പുഞ്ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു – ഒപ്പം ചലനം തുടരുകയും ചെയ്യുന്നു.

1981-ല്‍ അമേരിക്കയില്‍ നടന്ന ഒരു പ്രൊഫഷണല്‍ കായിക മത്സരത്തിലാണ് തരംഗത്തിന്റെ ആദ്യ സംഭവം രേഖപ്പെടുത്തിയത്. അതു രസകരമായതിനാല്‍ തരംഗത്തില്‍ ചേരുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, അത് ചെയ്യുമ്പോള്‍ നാം അനുഭവിക്കുന്ന സന്തോഷവും ഒരുമയും സുവിശേഷത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും എനിക്ക് തോന്നി – യേശുവിലുള്ള രക്ഷയുടെ സുവിശേഷം എല്ലായിടത്തും വിശ്വാസികളെ സ്തുതിയിലും പ്രത്യാശയിലും ഒന്നിപ്പിക്കുന്നു. ഈ ”ആത്യന്തിക തരംഗം” നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യെരൂശലേമില്‍ ആരംഭിച്ചു. കൊലൊസ്യയിലെ സഭയിലെ അംഗങ്ങള്‍ക്ക് എഴുതിയ പൗലൊസ് ഈ വിധത്തില്‍ അതിനെ വിശദീകരിച്ചു: ”ആ സുവിശേഷം സര്‍വ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങള്‍ ദൈവകൃപയെ യഥാര്‍ത്ഥമായി കേട്ടറിഞ്ഞ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എന്നപോലെ സര്‍വ്വലോകത്തിലും ഫലം കായിച്ചും വര്‍ദ്ധിച്ചും വരുന്നു” (കൊലൊസ്യര്‍ 1:6). ഈ സുവാര്‍ത്തയുടെ സ്വാഭാവിക ഫലം ”സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശയും’ ‘സകല വിശുദ്ധന്മാരോടും നിങ്ങള്‍ക്കുള്ള സ്‌നേഹവും” ആണ് (വാ. 5).

യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, ചരിത്രത്തിലെ ഏറ്റവും വലിയ തരംഗത്തിന്റെ ഭാഗമാണ് നാം. ഇത് തുടരുക! അത് ചെയ്തുകഴിഞ്ഞാല്‍, അത് ആരംഭിച്ചവന്റെ പുഞ്ചിരി നാം കാണും.