സ്‌നേഹത്തില്‍ വേരൂന്നിയത്
''അത്രയേ വേണ്ടൂ!'' മാഗി പറഞ്ഞു. അവള്‍ പൂച്ചെടിയില്‍നിന്ന് ഒരു തണ്ടു മുറിച്ചെടുത്തു, മുറിച്ച കഷണം അവള്‍ തേനില്‍ മുക്കി കമ്പോസ്റ്റു നിറച്ച് ഒരു ചട്ടിയില്‍ നട്ടു. ഈ പുഷ്പങ്ങള്‍ എങ്ങനെ പ്രചരിപ്പിക്കാമെന്ന് - ആരോഗ്യകരമായ ഒരു ചെടിയെ പല സസ്യങ്ങളാക്കി മാറ്റുന്നതെങ്ങനെ എന്ന് - മാഗി എന്നെ പഠിപ്പിക്കുകയായിരുന്നു. അങ്ങനെയായാല്‍ മറ്റുള്ളവരുമായി പങ്കിടാന്‍ എനിക്ക് ധാരാളം പൂക്കള്‍ ലഭിക്കും. ചെടിക്കു പെട്ടെന്നു വേരുപിടിക്കാന്‍ തേന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.
അവള്‍ ജോലി ചെയ്യുന്നതു കണ്ടപ്പോള്‍, ആത്മീയ വേരുകള്‍ പിടിക്കാന്‍ നമ്മെ സഹായിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ചിന്തിച്ചു. വിശ്വാസത്തില്‍ ശക്തരും വികസിക്കുന്നവരുമായി പക്വത പ്രാപിക്കാന്‍ നമ്മെ സഹായിക്കുന്നതെന്താണ്? വാടിപ്പോകുന്നതില്‍ നിന്നും വളര്‍ച്ച മുരടിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നതെന്താണ്? നാം ''സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി'' ഇരിക്കുന്നുവെന്ന് എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലൊസ് പറയുന്നു (എഫെസ്യര്‍ 3:17). പരിശുദ്ധാത്മാവിനെ നല്‍കി നമ്മെ ശക്തിപ്പെടുത്തുന്ന ദൈവത്തില്‍ നിന്നാണ് ഈ സ്‌നേഹം വരുന്നത്. ക്രിസ്തു നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നു. ''ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും'' എന്തെന്നു ഗ്രഹിക്കാന്‍ നാം ആരംഭിക്കുമ്പോള്‍ (വാ. 18), നാം ''ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും'' (വാ. 19) ദൈവ സാന്നിധ്യത്തിന്റെ സമൃദ്ധമായ അനുഭവം നമുക്കു ലഭിക്കുകയും ചെയ്യും.
ആത്മീയമായി വളരുന്നതിന് ദൈവസ്‌നേഹത്തിലേക്ക് വേരൂന്നേണ്ടത് ആവശ്യമാണ്. അതായത് 'നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍'' (വാ. 20) കഴിവുള്ള ദൈവത്തിനു നാം പ്രിയപ്പെട്ടവരാണെന്ന സത്യത്തെക്കുറിച്ച് ധ്യാനിക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ വിശ്വാസത്തിന്റെ എത്ര അതിശയകരമായ അടിസ്ഥാനമാണത്!
കാണാനുള്ള കണ്ണുകള്‍
അനാമോര്‍ഫിക്ക് കലയുടെ അത്ഭുതം ഞാന്‍ അടുത്തിടെ കണ്ടെത്തി. ക്രമരഹിതമായ ഭാഗങ്ങളുടെ ഒരു ശേഖരമായി ആദ്യം പ്രത്യക്ഷപ്പെടുന്ന ഒരു അനാമോര്‍ഫിക്ക് ശില്പം ശരിയായ കോണില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമേ അര്‍ത്ഥവത്തായി കാണപ്പെടുകയുള്ളു. ഒന്നില്‍, ലംബമായി നിര്‍ത്തുന്ന തൂണുകളുടെ ഒരു ശ്രേണി ഒന്നായി വിന്യസിക്കുമ്പോള്‍ ഒരു പ്രശസ്ത നേതാവിന്റെ മുഖം വെളിപ്പെടുത്തുന്നു. മറ്റൊന്നില്‍, ഒരു കൂട്ടം കേബിളുകള്‍ ഒരു ആനയുടെ രൂപരേഖയായി മാറുന്നു. മറ്റൊരു കലാസൃഷ്ടിയില്‍, വയര്‍ ഉപയോഗിച്ച് തൂക്കിയിട്ട നൂറുകണക്കിന് കറുത്ത പൊട്ടുകള്‍ ശരിയായി കോണില്‍ നോക്കുമ്പോള്‍ സ്ത്രീയുടെ കണ്ണായി മാറുന്നു. അനാമോര്‍ഫിക്ക് കലയുടെ താക്കോല്‍ അതിന്റെ അര്‍ത്ഥം വെളിപ്പെടുന്നതുവരെ വ്യത്യസ്ത കോണുകളില്‍ നിന്ന് കാണുക എന്നതാണ്.
ചരിത്രം, കവിത, അതിലേറെയും ഉള്‍പ്പെടുന്ന ആയിരക്കണക്കിന് വാക്യങ്ങള്‍ ഉള്ള ബൈബിള്‍ ചിലപ്പോള്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍ അതിന്റെ അര്‍ത്ഥം എങ്ങനെ ഗ്രഹിക്കാമെന്ന് തിരുവെഴുത്ത് തന്നെ പറയുന്നു. അതിനെ ഒരു അനാമോര്‍ഫിക്ക് ശില്പം പോലെ പരിഗണിക്കുക: വ്യത്യസ്ത കോണുകളില്‍ നിന്ന് അതിനെ കാണുകയും ആഴത്തില്‍ ധ്യാനിക്കുകയും ചെയ്യുക.
ക്രിസ്തുവിന്റെ ഉപമകള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അവയെക്കുറിച്ച് ചിന്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവയുടെ അര്‍ത്ഥം ''കാണാനുള്ള കണ്ണുകള്‍'' നേടുന്നു (മത്തായി 13:10-16). ദൈവം അവന് ഉള്‍ക്കാഴ്ച നല്‍കുന്നതിനായി തന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കാന്‍ പൗലൊസ് തിമൊഥെയൊസിനോട് പറഞ്ഞു (2 തിമൊഥെയൊസ് 2:7). തിരുവെഴുത്തുകളെ ധ്യാനിക്കുന്നത് എങ്ങനെ ജ്ഞാനവും ഉള്‍ക്കാഴ്ചയും നല്‍കുകയും അതിന്റെ അര്‍ത്ഥം കാണാന്‍ നമ്മുടെ കണ്ണുകള്‍ തുറക്കുകയും ചെയ്യുന്നു എന്ന് 119-ാം സങ്കീര്‍ത്തനത്തിന്റെ ആവര്‍ത്തിച്ചു വരുന്ന പല്ലവികള്‍ പറയുന്നു (119:18, 97-99).
ഒരാഴ്ച ഒരൊറ്റ ഉപമയെക്കുറിച്ച് ധ്യാനിക്കുന്നതിനെ അല്ലെങ്കില്‍ ഒറ്റ ഇരുപ്പില്‍ ഒരു സുവിശേഷം വായിക്കുന്നതിനെ കുറിച്ച് എന്തു പറയുന്നു? ഒരു വാക്യത്തെ എല്ലാ കോണുകളില്‍ നിന്നും കാണാന്‍ കുറച്ച് സമയം ചെലവഴിക്കുക. ആഴത്തിലേക്ക് പോകുക. വേദപുസ്തകം വായിക്കുന്നതിലൂടെ മാത്രമല്ല, ധ്യാനിക്കുന്നതിലൂടെയാണ് ബൈബിള്‍ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുന്നത്.
ഒരിക്കലും മതിയാകാത്തത്
ചന്ദ്രനെ ചുറ്റുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യത്തിന് ഫ്രാങ്ക് ബോര്‍മാന്‍ ചുമതല വഹിച്ചു. അദ്ദേഹത്തിന് അതില്‍ മതിപ്പുണ്ടായില്ല. യാത്രയ്ക്ക് അങ്ങോട്ടുമിങ്ങോട്ടുമായി രണ്ട് ദിവസമെടുത്തു. ഫ്രാങ്കിന് ചലന രോഗം പിടിപെടുകയും എടുത്തെറിയപ്പെടുകയും ചെയ്തു. തനിക്ക് ഭാരമില്ലായ്മയും തണുപ്പും അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു — മുപ്പത് സെക്കന്‍ഡ് നേരത്തേക്ക്. തുടര്‍ന്നു അദ്ദേഹം അതുമായി പൊരുത്തപ്പെട്ടു. അടുത്തുചെന്നപ്പോള്‍ ഗര്‍ത്തങ്ങള്‍ നിറഞ്ഞ ചന്ദ്രന്റെ ഉപരിതലം കണ്ടെത്തി. ചാരനിറത്തിലുള്ള തരിശുഭൂമിയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ എടുത്തു, പിന്നീട് അവര്‍ക്കതു വിരസമായി തീര്‍ന്നു.
മുമ്പ് ആരും പോയിട്ടില്ലാത്ത സ്ഥലത്തേക്കാണ് ഫ്രാങ്ക് പോയത്. അത് പര്യാപ്തമായിരുന്നില്ല. ഈ ലോകത്തിന് പുറത്തുള്ള ഒരു അനുഭവത്തെക്കുറിച്ച് അദ്ദേഹം പെട്ടെന്ന് മടുത്തുവെങ്കില്‍, ഒരുപക്ഷേ, ഇതിലെന്താണുള്ളതെന്നതിനെക്കുറിച്ച് നമ്മുടെ പ്രതീക്ഷകള്‍ നമ്മള്‍ കുറയ്‌ക്കേണ്ടിവരും. ഭൗമികമായ ഒരു അനുഭവവും ആത്യന്തിക സന്തോഷം നല്‍കുന്നില്ലെന്ന് സഭാപ്രസംഗി നിരീക്ഷിച്ചു. ''കണ്ടിട്ട് കണ്ണിനു തൃപ്തി വരുന്നില്ല. കേട്ടിട്ട് ചെവി നിറയുന്നതുമില്ല'' (1:8). നമുക്ക് അമിതാഹ്ലാദത്തിന്റെ നിമിഷങ്ങള്‍ അനുഭവപ്പെടാം, പക്ഷേ നമ്മുടെ ആഹ്ലാദം ഉടന്‍ തന്നെ മങ്ങുകയും അടുത്ത സന്തോഷം തേടുകയും ചെയ്യുന്നു.
ചന്ദ്രന്റെ പുറകിലുള്ള ഇരുട്ടില്‍ നിന്ന് ഭൂമി ഉയരുന്നത് കണ്ട ഫ്രാങ്കിന് സന്തോഷകരമായ ഒരു നിമിഷം ഉണ്ടായിരുന്നു. നീലയും വെള്ളയും നിറമുള്ള മാര്‍ബിള്‍ പോലെ, നമ്മുടെ ലോകം സൂര്യപ്രകാശത്തില്‍ തിളങ്ങി. അതുപോലെ, നമ്മുടെ യഥാര്‍ത്ഥ സന്തോഷം നമ്മുടെമേല്‍ പ്രകാശിക്കുന്ന പുത്രനില്‍ നിന്നാണ് വരുന്നത്. യേശു നമ്മുടെ ജീവനും അര്‍ത്ഥത്തിന്റെയും സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഏക ഉറവിടവുമാണ്. നമ്മുടെ ആഴത്തിലുള്ള സംതൃപ്തി ഈ ലോകത്തിന് അപ്പുറത്തു നിന്ന് വരുന്നു. നമ്മുടെ പ്രശ്‌നം? നമുക്ക് ചന്ദ്രനിലേക്ക് പോകാന്‍ കഴിയും, എന്നിട്ടും വേണ്ടത്ര ദൂരത്തേക്കു പോകാനാകുന്നില്ല എന്നതാണ്.
ദൂരേക്ക് അലഞ്ഞുപോകുക
ഒരു കന്നുകാലി ഫാമിന്റെ അടുത്തു പാര്‍ത്തിരുന്ന ഹാസ്യനടനായ മൈക്കിള്‍, മേച്ചലിനിടയില്‍ കൂട്ടംതെറ്റി അലഞ്ഞുതിരിയാനുള്ള പശുക്കളുടെ പ്രവണത ശ്രദ്ധിച്ചിരുന്നു. ഒരു പശു എല്ലായ്‌പ്പോഴും കൂടുതല്‍ ''പച്ചയായ മേച്ചില്‍പ്പുറങ്ങള്‍'' തേടി നീങ്ങിക്കൊണ്ടിരിക്കും. പറമ്പിന്റെ അരികിലെത്തിയ പശു ഒരു മരത്തിന്റെ കീഴെ തഴച്ചുവളരുന്ന കുറെ പുല്ല് കണ്ടെത്തിയേക്കാം. ആ വേലിയുടെ തകര്‍ന്ന ഭാഗത്തിനപ്പുറത്ത് ഒരു കൂട്ടം രുചികരമായ സസ്യജാലം കാണും. അപ്പോള്‍ പശു വേലിക്ക് അപ്പുറത്തേക്ക് ചാടിയിറങ്ങി റോഡിലെത്തും. അത് പതുക്കെപ്പതുക്കെ നടന്ന് കാണാതെപോകുന്ന അവസ്ഥയിലെത്തും.
അലഞ്ഞുതിരിയല്‍ പ്രശ്നത്തില്‍ പശുക്കള്‍ തനിച്ചല്ല. ആടുകളും അലഞ്ഞുനടക്കുന്നു, വഴിതെറ്റുന്ന കാര്യത്തില്‍ ഏറ്റവും വലിയ പ്രവണത മനുഷ്യര്‍ക്കാണ്.
ഒരുപക്ഷേ അതായിരിക്കാം ബൈബിളില്‍ ദൈവം നമ്മെ ആടുകളുമായി താരതമ്യപ്പെടുത്തുന്നതിന്റെ ഒരു കാരണം. അശ്രദ്ധമായ വിട്ടുവീഴ്ചകളിലൂടെയും മണ്ടന്‍ തീരുമാനങ്ങളിലൂടെയും സത്യത്തില്‍ നിന്ന് എത്ര ദൂരേക്കാണ് നാം വഴിതെറ്റിപ്പോയിരിക്കുന്നത് എന്നു മനസ്സിലാക്കാതെ നാം ഇഞ്ചിഞ്ചായി ദൈവത്തില്‍നിന്ന് അകന്നകന്നു പോകുന്നു.
നഷ്ടപ്പെട്ട ഒരു ആടിന്റെ കഥ യേശു പരീശന്മാരോടു പറഞ്ഞു. ഇടയനെ സംബന്ധിച്ചിടത്തോളം ആടിന് അത്രയേറെ മൂല്യമുണ്ടായിരുന്നതിനാല്‍ മറ്റ് ആടുകളെ ഉപേക്ഷിച്ചിട്ട് അലഞ്ഞുതിരിഞ്ഞ ഒന്നിനെ തിരഞ്ഞുപോയി. വഴിതെറ്റിപ്പോയതിനെ കണ്ടെത്തിയപ്പോള്‍ അവന്‍ ആഘോഷിച്ചു! (ലൂക്കൊസ് 15:1-7).
തന്നിലേക്ക് മടങ്ങിവരുന്നവരെ സംബന്ധിച്ച് ദൈവത്തിന്റെ സന്തോഷം ഇതാണ്. യേശു പറഞ്ഞു, ''കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിക്കുവിന്‍'' (വാ. 6). നമ്മെ രക്ഷിച്ച് വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ദൈവം ഒരു രക്ഷകനെ അയച്ചിട്ടുണ്ട്.
വാഗ്ദത്തം നിറവേറ്റുന്നവന്‍
വിവാഹപ്രതിജ്ഞ എടുക്കുന്ന സമയത്ത് താന്‍ ലെനയ്ക്കു നല്‍കിയ വാഗ്ദാനങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ജോണിന് ഇടര്‍ച്ച അനുഭവപ്പെട്ടു. എനിക്കു നടപ്പാക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കാത്ത ഇത്രയേറെ വാഗ്ദാനങ്ങള്‍ എനിക്കെങ്ങനെ നല്‍കാനാവും? അവന്‍ ചിന്തിച്ചു. എങ്ങനെയൊക്കെയോ ചടങ്ങു പൂര്‍ത്തിയാക്കിയെങ്കിലും അവന്റെ പ്രതിബദ്ധതയുടെ ഭാരം മാറാതെ നിന്നു. വിരുന്നുസല്‍ക്കാരത്തിനുശേഷം, ജോണ്‍ തന്റെ ഭാര്യയെ ചാപ്പലിലേക്ക് നയിച്ചു. അവിടെ ലെനയെ സ്‌നേഹിക്കാനും പരിപാലിക്കാനുമുള്ള വാഗ്ദാനം പാലിക്കാന്‍ ദൈവം സഹായിക്കുന്നതിനുവേണ്ടി രണ്ടു മണിക്കൂറിലധികം സമയം അവര്‍ പ്രാര്‍ത്ഥിച്ചു.
ജോണിന്റെ വിവാഹദിന ആശങ്കകള്‍ അദ്ദേഹത്തിന്റെ മാനുഷിക ബലഹീനതകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാല്‍, അബ്രഹാമിന്റെ സന്തതികളിലൂടെ ലോകജാതികളെ അനുഗ്രഹിക്കുമെന്ന് വാഗ്ദത്തം ചെയ്ത ദൈവത്തിന് (ഗലാത്യര്‍ 3:16) അത്തരം പരിമിതികളൊന്നുമില്ല.
യേശുവിലുള്ള വിശ്വാസത്തില്‍ ക്ഷമയോടും സ്ഥിരോത്സാഹത്തോടുംകൂടെ തുടരുന്നതിനു തന്റെ യെഹൂദ ക്രിസ്തീയ പ്രേക്ഷകരെ ആഹ്വാനം ചെയ്യാന്‍ എബ്രായലേഖന എഴുത്തുകാരന്‍ അബ്രഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങള്‍, ഗോത്രപിതാവിന്റെ ക്ഷമയോടെയുള്ള കാത്തിരിപ്പ്, വാഗ്ദാനം ചെയ്യപ്പെട്ടവയുടെ പൂര്‍ത്തീകരണം എന്നിവ അനുസ്മരിച്ചു (എബ്രായര്‍ 6:13-15). മുതിര്‍ന്ന പൗരന്മാരെന്ന നിലയിലുള്ള അബ്രഹാമിന്റെയും സാറയുടെയും അവസ്ഥ അബ്രഹാമിന് ''അനേകം സന്തതികളെ'' നല്‍കാമെന്ന ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റുന്നതിന് തടസ്സമായിരുന്നില്ല (വാ. 14).
ബലഹീനനും ദുര്‍ബലനുമായ മനുഷ്യന്‍ എന്ന നിലയില്‍ ദൈവത്തെ വിശ്വസിക്കാന്‍ ഉള്ള വെല്ലുവിളി നിങ്ങള്‍ നേരിടുന്നുണ്ടോ? നിങ്ങളുടെ പ്രതിജ്ഞകള്‍ പാലിക്കാനും നിങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റാനും നിങ്ങള്‍ കഷ്ടപ്പെടുകയാണോ? 2 കൊരിന്ത്യര്‍ 12:9-ല്‍ ദൈവം നമ്മെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു: ''എന്റെ കൃപ നിങ്ങള്‍ക്ക് മതി, എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു.'' മുപ്പത്തിയാറില്‍പ്പരം വര്‍ഷങ്ങള്‍ തങ്ങളുടെ ഉടമ്പ
ടി പാലിച്ചു ജീവിക്കുവാന്‍ ദൈവം ജോണിനെയും ലീനയെയും സഹായിച്ചു. നിങ്ങളെ സഹായിക്കാന്‍ അവനില്‍ എന്തുകൊണ്ട് വിശ്വസിച്ചുകൂടാ?