നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എമി പീറ്റേഴ്സണ്‍

നിങ്ങളുടെ കണ്ണുനീര്‍ ദൈവസന്നിധിയിലേക്കു കൊണ്ടുവരിക

കഴിഞ്ഞ വേനല്‍ക്കാലത്ത്, തലേക്വ എന്ന തിമിംഗലം പ്രസവിച്ചു. തലേക്വ ഉള്‍പ്പെട്ട കൊലയാളി തിമിംഗലങ്ങള്‍ വംശനാശഭീഷണിയിലായിരുന്നു. അതിനാല്‍ അവളുടെ നവജാതശിശുവായിരുന്നു ഭാവിയിലേക്കുള്ള അവരുടെ പ്രതീക്ഷ. എന്നാല്‍ ആ കുഞ്ഞ് ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമേ ജീവിച്ചിരുന്നുള്ളൂ. അതീവ ദുഃഖത്തിലായ തലേക്വ തന്റെ ചത്ത കിടാവിനെ പസഫിക് സമുദ്രത്തിലെ തണുത്ത വെള്ളത്തിലൂടെ പതിനേഴു ദിവസം തള്ളിക്കൊണ്ടു നടന്നത് ലോകമെമ്പാടുമുള്ള ആളുകള്‍ വീക്ഷിച്ചു.

ചിലപ്പോള്‍ യേശുവിലുള്ള വിശ്വാസികള്‍ക്ക് ദുഃഖത്തില്‍ എന്തുചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത സമയങ്ങളുണ്ടാകാം. ഒരുപക്ഷേ നമ്മുടെ സങ്കടം പ്രതീക്ഷയുടെ അഭാവം പോലെ മറ്റുള്ളവര്‍ക്കു തോന്നുമെന്ന് നാം ഭയപ്പെടും. എന്നാല്‍ മനുഷ്യര്‍ ദുഃഖത്തോടെ ദൈവത്തോട് നിലവിളിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ബൈബിള്‍ നല്‍കുന്നു. വിലാപവും പ്രത്യാശയും സത്യസന്ധമായ പ്രതികരണത്തിന്റെ ഭാഗമാകാം.

തങ്ങളുടെ ഭവനം നഷ്ടപ്പെട്ടവരുടെ ദുഃഖം പ്രകടിപ്പിക്കുന്ന അഞ്ച് കവിതകളുടെ സമാഹാരഗ്രന്ഥമാണ് വിലാപങ്ങള്‍. അവരെ ശത്രുക്കള്‍ വേട്ടയാടുകയും അവര്‍ മരണത്തോട് അടുക്കുകയും ചെയ്തു (3: 52-54). അവര്‍ കരയുകയും നീതി ലഭിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു (വാ. 64). അവര്‍ ദൈവത്തോട് നിലവിളിക്കുന്നത് പ്രതീക്ഷ നഷ്ടപ്പെട്ടതിനാലല്ല, മറിച്ച് ദൈവം ശ്രദ്ധിക്കുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നതിനാലാണ്. അവര്‍ വിളിക്കുമ്പോള്‍ ദൈവം അടുത്തുവരുന്നു (വാ. 57).

നമ്മുടെ ലോകത്തിലോ നിങ്ങളുടെ ജീവിതത്തിലോ തകര്‍ന്ന കാര്യങ്ങളെക്കുറിച്ച് വിലപിക്കുന്നത് തെറ്റല്ല. ദൈവം എപ്പോഴും ശ്രദ്ധിക്കുന്നു, ദൈവം സ്വര്‍ഗത്തില്‍ നിന്ന് താഴേക്ക് നോക്കുകയും നിങ്ങളെ കാണുകയും ചെയ്യുമെന്ന് ഉറപ്പുള്ളവരായിരിക്കാന്‍ നിങ്ങള്‍ക്കു കഴിയും.

നിങ്ങള്‍ ചോദിക്കുന്നതിനും മുമ്പ്

എന്റെ സുഹൃത്തുക്കളായ റോബര്‍ട്ടും കൊളീനും പതിറ്റാണ്ടുകളായി ആരോഗ്യകരമായ ദാമ്പത്യം അനുഭവിക്കുന്നു, അവര്‍ ഇടപഴകുന്നത് ശ്രദ്ധിക്കുന്നത് എനിക്കിഷ്ടമാണ്. അത്താഴ സമയത്ത് ഒരാള്‍ ആവശ്യപ്പെടാതെതന്നെ മറ്റെയാള്‍ വെണ്ണ കൈമാറും. മറ്റെയാള്‍ കൃത്യസമയത്ത് ഗ്ലാസ് വീണ്ടും നിറയ്ക്കും. അവര്‍ കഥകള്‍ പറയുമ്പോള്‍, അവര്‍ പരസ്പരം വാക്യങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ചിലപ്പോള്‍ അവര്‍ക്ക് പരസ്പരം മനസ്സ് വായിക്കാന്‍ കഴിയുമെന്ന് തോന്നും.

നമുക്കറിയാവുന്ന, സ്‌നേഹിക്കുന്ന ഏതൊരു വ്യക്തിയെക്കാളും ദൈവം നമ്മെ അറിയുകയും പരിപാലിക്കുകയും ചെയ്യുന്നത് ആശ്വാസകരമാണ്. വരാനിരിക്കുന്ന രാജ്യത്തില്‍ ദൈവവും അവിടുത്തെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യെശയ്യാ പ്രവാചകന്‍ വിവരിക്കുമ്പോള്‍, ആര്‍ദ്രവും അടുപ്പമുള്ളതുമായ ഒരു ബന്ധത്തെക്കുറിച്ച് പറയുന്നു. ദൈവം തന്റെ ജനത്തെക്കുറിച്ച് പറയുന്നു, ''അവര്‍ വിളിക്കുന്നതിനുമുമ്പേ ഞാന്‍ ഉത്തരം അരുളും; അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ ഞാന്‍ കേള്‍ക്കും'' (യെശയ്യാവ് 65:24).

എന്നാല്‍ ഇത് എങ്ങനെ ശരിയാകും? പ്രതികരണം ലഭിക്കാതെ ഞാന്‍ വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ച കാര്യങ്ങളുണ്ട്. ദൈവവുമായുള്ള അടുപ്പം വളരുകയും നമ്മുടെ ഹൃദയങ്ങളെ അവിടുത്തോട് സമന്വയിപ്പിക്കുകയും ചെയ്യുമ്പോള്‍, അവന്റെ സമയത്തിലും കരുതലിലും ആശ്രയിക്കാന്‍ നമുക്ക് പഠിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം ആഗ്രഹിക്കുന്നത് നമുക്ക് ആഗ്രഹിക്കാന്‍ തുടങ്ങാം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍, യെശയ്യാവ് 65 ല്‍ വിവരിക്കുന്ന തരത്തില്‍ ദൈവരാജ്യത്തിന്റെ ഭാഗമായ കാര്യങ്ങള്‍ - ദുഃഖങ്ങള്‍ക്ക്് അവസാനം (വാ. 19) സകല മനുഷ്യര്‍ക്കും സുരക്ഷിതമായ വീടുകളും മുഴുവന്‍ വയറുകള്‍ക്കുംഭക്ഷണവും എല്ലാ ആളുകള്‍ക്കും അര്‍ത്ഥവത്തായ ജോലിയും (വാ. 21-23), ലോകത്ത് സമാധാനം (വാ. 25) - പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താന്‍ നമുക്കു കഴിയും. ദൈവരാജ്യം അതിന്റെ പൂര്‍ണ്ണതയില്‍ വരുമ്പോള്‍, ദൈവം ഈ പ്രാര്‍ത്ഥനകള്‍ക്ക് പൂര്‍ണ്ണമായും ഉത്തരം നല്‍കും.

ആമയോടൊപ്പം കാത്തിരിക്കുക

എല്ലാ, ശൈത്യകാലത്തും ശൈത്യകാലം ആഗതമാകുന്നു എന്നു ചിത്ര ആമ മനസ്സിലാക്കുമ്പോള്‍, അത് കുളത്തിന്റെ അടിയിലേക്ക് ഊളിയിട്ട് ചെളിയില്‍ പൂണ്ടു കിടക്കുന്നു. തോടിനടിയിലേക്ക് കൈകാലുകള്‍ വലിച്ചുവെച്ച് അനങ്ങാതെ കിടക്കുന്നു. അതിന്റെ ഹൃദയമിടിപ്പ് കുറഞ്ഞ് നിന്നതുപോലെയാകുന്നു. അതിന്റെ ശരീരോഷ്മാവ് കുറഞ്ഞ് മരവിക്കുന്നതിനു തൊട്ടു മുകളില്‍ നില്‍ക്കുന്നു. അത് ശ്വാസോച്ഛ്വാസം നിര്‍ത്തുന്നു, അത് കാത്തിരിക്കുന്നു. ആറു മാസം അതു ചെളിയില്‍ അടക്കം ചെയ്യപ്പെട്ട്, ശരീരം അസ്ഥിയില്‍ നിന്നുള്ള കാത്സ്യം രക്തത്തിലേക്ക് കടത്തിവിടുകയും ക്രമേണ അതിന്റെ ആകൃതിതന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു.

എന്നാല്‍ കുളം ഉരുകുമ്പോള്‍ അതു മുകളിലേക്ക് ഉയരുകയും വീണ്ടും ശ്വസിക്കുകയും ചെയ്യും. അതിന്റെ അസ്ഥികള്‍ വീണ്ടും രൂപപ്പെടുകയും തന്റെ തോടില്‍ സൂര്യപ്രകാശത്തിന്റെ ചൂട് ആസ്വദിക്കുകയും ചെയ്യും.

ദൈവത്തെ കാത്തിരിക്കുന്നതിനെക്കുറിച്ചുള്ള സങ്കീര്‍ത്തനക്കാരന്റെ വിവരണം വായിച്ചപ്പോള്‍ ചിത്ര ആമയെക്കുറിച്ചു ഞാന്‍ ചിന്തിച്ചു. സങ്കീര്‍ത്തനക്കാരന്‍ 'നാശകരമായ കുഴിയിലും'' 'കുഴഞ്ഞ ചേറ്റിലും'' ആയിരുന്നു എങ്കിലും ദൈവം അവന്റെ നിലവിളി കേട്ടും (സങ്കീര്‍ത്തനം 40:2). ദൈവം അവനെ ഉയര്‍ത്തി പുറത്തുകൊണ്ടുവന്നു അവന് ഉറച്ചു നില്‍ക്കാന്‍ ഒരിടം നല്‍കി. ദൈവം 'എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു'' അവന്‍ പാടി (വാ. 17).

ഒരുപക്ഷേ ചിലതിനു മാറ്റം വരുവാന്‍ നിങ്ങള്‍ നാളുകളായി കാത്തിരിക്കുകയായിരിക്കാം-തൊഴിലില്‍ ഒരു പുതിയ കാല്‍വെയ്പിനായി, ഒരു ബന്ധം പുനഃസ്ഥാപിക്കപ്പെടാനായി, ഒരു ദുശ്ശീലത്തെ തകര്‍ക്കുന്നതിനുള്ള ഇച്ഛാശക്തിക്കായി, ഒരു പ്രയാസകരമായ സാഹചര്യത്തില്‍ നിന്നുള്ള വിടുതലിനായി. ചിത്ര ആമയും സങ്കീര്‍ത്തനക്കാരനും ദൈവത്തില്‍ ആശ്രയിക്കാനായി ഇവിടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: അവന്‍ കേള്‍ക്കുന്നു, അവന്‍ വിടുവിക്കും.

ഹൃദയത്തില്‍ എഴുതപ്പെട്ടത്

ഒരു പ്രൊഫസര്‍ എന്ന നിലയില്‍, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ശുപാര്‍ശക്കത്തുകള്‍ എഴുതുവാന്‍ അവര്‍ കൂടെക്കൂടെ ആവശ്യപ്പെടാറുണ്ട്-നേതൃസ്ഥാനങ്ങള്‍ക്കുവേണ്ടി, വിദേശ പഠന പദ്ധതികള്‍ക്കുവേണ്ടി, ഗ്രാഡ്വേറ്റ് സ്‌കൂളുകള്‍ക്ക്, ചിലപ്പോള്‍ ജോലിക്കുപോലും. ഓരോ കത്തിലും വിദ്യാര്‍ത്ഥിയുടെ സ്വാഭവത്തെയും യോഗ്യതകളെയും കുറിച്ചു പുകഴ്ത്തിപ്പറയുവാന്‍ എനിക്കവസരം ലഭിക്കാറുണ്ട്.

ക്രിസ്ത്യാനികള്‍ പുരാതന ലോകത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍, അവര്‍ പലപ്പോഴും സഭകളില്‍നിന്നുള്ള ഇത്തരത്തിലുള്ള 'ശുപാര്‍ശക്കത്തുകള്‍'' കൊണ്ടുനടന്നിരുന്നു. സഞ്ചാരിയായ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി അതിഥിയായി സ്വീകരിക്കപ്പെടും എന്ന് ആ കത്തുകള്‍ ഉറപ്പാക്കിയിരുന്നു.

കൊരിന്തിലെ സഭയോടു സംസാരിക്കുമ്പോള്‍ അപ്പൊസ്തലനായ പൗലൊസിന് ഒരു ശുപാര്‍ശക്കത്തിന്റെ ആവശ്യമില്ലായിരുന്നു - അവര്‍ക്കവനെ അറിയാമായിരുന്നു. ആ സഭയ്ക്കുള്ള അവന്റെ രണ്ടാമത്തെ കത്തില്‍, താന്‍ സുവിശേഷം പ്രസംഗിച്ചത് വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയല്ല ആത്മാര്‍ത്ഥയോടെയാണെന്ന് അവന്‍ എഴുതി (2 കൊരിന്ത്യര്‍ 2:17). എന്നിട്ടവന്‍ അത്ഭുതപ്പെടുന്നത്, പ്രസംഗത്തിലെ തന്റെ ഉദ്ദേശ്യത്തെ താന്‍ സാധൂകരിക്കുമ്പോള്‍, താന്‍ തനിക്കുവേണ്ടിത്തന്നെ ഒരു ശുപാര്‍ശക്കത്ത് എഴുതുകയാണോ എന്ന് തന്റെ വായനക്കാര്‍ തെറ്റിദ്ധരിക്കുമോ എന്നാണ്.

തനിക്ക് അങ്ങനെയൊരു കത്തിന്റെ ആവശ്യമില്ല കാരണം കൊരിന്തിലെ സഭയിലെ ആളുകള്‍ തന്നെ അവനുള്ള ശുപാര്‍ശക്കത്താണ് എന്നവന്‍ പറഞ്ഞു. അവരുടെ ജീവിതത്തിലെ ക്രിസ്തുവിന്റെ ദൃശ്യമായ പ്രവൃത്തികള്‍ 'മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാല്‍'' (3:3) എഴുതപ്പെട്ട ഒരു കത്തിനു തുല്യമാണ്. പൗലൊസ് അവരോടു പ്രസംഗിച്ച സത്യസുവിശേഷത്തെ അവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു- അവരുടെ ജീവിതം 'സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ'' ശുപാര്‍ശക്കത്ത് ആകുന്നു (3:2). നാം യേശുവിനെ അനുഗമിക്കുമ്പോള്‍, ഇതു നമ്മെ സംബന്ധിച്ചും സത്യമായിത്തീരുന്നു-നമ്മുടെ ജീവിതങ്ങള്‍ സുവിശേഷത്തിന്റെ കഥ പറയുന്നതായി മാറുന്നു.

ദൈവ സംസാരം

2018 ല്‍ ബാര്‍ണാ ഗ്രൂപ്പ് നടത്തിയ ഒരു പഠനത്തില്‍ മിക്ക അമേരിക്കക്കാരും ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നു കണ്ടെത്തി. കേവലം ഏഴു ശതമാനം അമേരിക്കക്കാരാണ് അവര്‍ നിരന്തരമായി ആത്മിക കാര്യങ്ങള്‍ സംസാരിക്കുന്നതായി പറഞ്ഞത്. അമേരിക്കയില്‍ യേശുവിലുള്ള വിശ്വാസം അനുവര്‍ത്തിക്കുന്നവര്‍ പോലും അതില്‍നിന്നു വ്യത്യസ്തരല്ല. സ്ഥിരമായി പള്ളിയില്‍ പോകുന്നവരില്‍ പതിമൂന്നു ശതമാനം മാത്രമാണ് ആഴ്ചയിലൊരിക്കല്‍ തങ്ങള്‍ ആത്മിക കാര്യം സംസാരിക്കുന്നതായി പറഞ്ഞത്.

ആത്മിക സംഭാഷണങ്ങള്‍ക്ക് ഇടിവു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതില്‍ ഒരുപക്ഷേ അത്ഭുതമില്ല. ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് അപകടമാണ്. ധ്രുവീകൃതമായ രാഷ്ട്രീയ അന്തരീക്ഷം കാരണമോ, ആത്മീയകാര്യങ്ങളിലെ വിയോജിപ്പ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്നതോ, ആത്മീയ സംസാരം നിങ്ങളുടെ തന്നെ ജീവിതത്തില്‍ വരുത്തേണ്ട ഒരു മാറ്റത്തെക്കുറിച്ചു ബോധ്യപ്പെടാന്‍ കാരണമാകുന്നു എന്നു ഭയന്നോ - അത്യധികം അപകടകരമായ സംഭാഷണങ്ങളായി ഇതു മാറിയേക്കാം.

എങ്കിലും ആവര്‍ത്തന പുസ്തകത്തില്‍, ദൈവജനമായ യിസ്രായേലിനു നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് സാധാരണവും ദൈനംദിന ജീവിതത്തിലെ ഒരു സ്വാഭാവിക ഭാഗവുമായിരിക്കണം എന്നു പറയുന്നു. ദൈവത്തിന്റെ ജനം അവന്റെ വചനങ്ങള്‍ മനഃപാഠമാക്കുകയും എപ്പോഴും കാണത്തക്കവിധം അവയെ പ്രദര്‍ശപ്പിക്കുകയും വേണമായിരുന്നു. ജീവിതത്തിനുവേണ്ടിയുള്ള ദൈവിക പ്രമാണങ്ങളെക്കുറിച്ചു 'വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും'' നിങ്ങളുടെ മക്കളോടു സംസാരിക്കണമെന്ന് ന്യായപ്രമാണം നിഷ്‌കര്‍ഷിക്കുന്നു (11:19).

സംഭാഷണത്തിനായി ദൈവം നമ്മെ വിളിക്കുന്നു. ഒരു അവസരം കണ്ടെത്തുക, ആത്മാവില്‍ ആശ്രയിക്കുക, നിങ്ങളുടെ ചെറിയ സംസാരങ്ങള്‍ ആഴമായ ഒന്നിലേക്കു നയിക്കുക. നാം അവന്റെ വചനങ്ങളെക്കുറിച്ചു സംസാരിക്കുകയും അവയെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോള്‍ ദൈവം നമ്മുടെ സമൂഹങ്ങളെ അനുഗ്രഹിക്കും.

സ്‌നേഹത്തിന്റെ വിരുന്ന്

ബാബെറ്റിന്റെ വിരുന്ന് എന്ന ഡാനിഷ് സിനിമയില്‍, ഒരു ഫ്രെഞ്ച് അഭയാര്‍ത്ഥി ഒരു തീരദേശ ഗ്രാമത്തിലെത്തുന്നു. ഗ്രാമത്തിലെ ആത്മിക ജീവിതത്തിന്റെ നേതൃത്വം വഹിക്കുന്ന പ്രായമുള്ള രണ്ടു സഹോദരിമാര്‍ അവളെ വീട്ടിലേക്കു കൊണ്ടുപോകയും അടുത്ത പതിന്നാലു വര്‍ഷങ്ങള്‍ ബാബെറ്റ് അവരുടെ വീട്ടുജോലിക്കാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. അവള്‍ ധാരാളം പണം സ്വരുക്കൂട്ടിക്കഴിഞ്ഞപ്പോള്‍ ആ സഭയിലെ 12 അംഗങ്ങളെ ഒരു വിരുന്നിനായി ക്ഷണിച്ചു. മത്സ്യമുട്ടകള്‍ കൊണ്ടുണ്ടാക്കിയ 'കാവിയാറും' കാടയിറച്ചി വറുത്തതും ഉള്‍പ്പെടെ വിഭവസമൃദ്ധമായ ഫ്രഞ്ച് വിരുന്ന് അവള്‍ ഒരുക്കി.

ഒരു വിഭവത്തില്‍ നിന്ന് അടുത്തതിലേക്ക് അവര്‍ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ അതിഥികളുടെ മനസ്സ് ശാന്തമായി; ചിലര്‍ ക്ഷമ കണ്ടെത്തി, ചിലരുടെ സ്‌നേഹം വീണ്ടും ജ്വലിക്കാനാരംഭിച്ചു, ചിലര്‍ തങ്ങള്‍ കുട്ടിക്കാലത്തു സാക്ഷ്യം വഹിച്ച അത്ഭുതങ്ങള്‍ ഓര്‍ക്കുകയും പഠിച്ച സത്യങ്ങള്‍ അയവിറക്കുകയും ചെയ്തു. 'കൊച്ചുകുട്ടികളേ. തമ്മില്‍ തമ്മില്‍ സ്‌നേഹിപ്പിന്‍ എന്നു നമ്മെ പഠിപ്പിച്ച കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?' അവര്‍ പറഞ്ഞു. ഭക്ഷണം അവസാനിച്ചപ്പോള്‍, താന്‍ തന്റെ സമ്പാദ്യം മുഴുവനും ആ ഭക്ഷണത്തിനായി ചിലവഴിച്ചു എന്ന് ബാബെറ്റ് സഹോദരിമാരോടു വെളിപ്പെടുത്തി. അവള്‍ മുഴുവനും നല്‍കി-പാരീസിലെ പ്രശസ്തയായ ഷെഫ് എന്ന നിലയില്‍ അവിടേക്കു മടങ്ങിപ്പോകാനുള്ള അവസരം ഉള്‍പ്പെടെ. അവളുടെ സ്‌നേഹിതര്‍ ഭക്ഷിക്കുന്ന വേളയില്‍ തങ്ങളുടെ മനസ്സു തുറന്നതായി അവര്‍ക്കനുഭവപ്പെടുന്നതിനായിട്ടാണ് അവള്‍ അങ്ങനെ ചെയ്തത്.

യേശു ഭൂമിയില്‍ വന്നത് ഒരു അപരിചിതനും ദാസനുമായിട്ടാണ്, എങ്കിലും നമ്മുടെ ആത്മീയ വിശപ്പ് ശമിപ്പിക്കുന്നതിനുവേണ്ടി അവന്‍ സകലവും നല്‍കി. യോഹന്നാന്റെ സുവിശേഷത്തില്‍, അവന്റെ തന്റെ ശ്രോതാക്കളെ ഓര്‍മ്മിപ്പിക്കുന്നത് അവരുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ വിശന്ന് അലഞ്ഞപ്പോള്‍, ദൈവം അവര്‍ക്ക് കാടപ്പക്ഷിയെയും അപ്പവും നല്‍കി (പുറപ്പാട് 16). ആ ആഹാരം കുറെക്കാലത്തേക്ക് അവരെ തൃപ്തിപ്പെടുത്തി, എന്നാല്‍ തന്നെ 'ജീവന്റെ അപ്പം' ആയി സ്വീകരിക്കുന്നവര്‍ 'എന്നേക്കും ജീവിക്കും' (യോഹന്നാന്‍ 6:48, 51) എന്ന് യേശു വാഗ്ദത്തം ചെയ്യുന്നു. അവന്റെ യാഗം നമ്മുടെ ആത്മീയ വിശപ്പിനെ തൃപ്തിപ്പെടുത്തുന്നു.

ഉടനടി പരിഹാരം

പാര്‍ക്ക് ഗൈഡിന്റെ പിന്നാലെ നടന്ന്, ബഹാമിയന്‍ പൗരാണിക വനത്തിലെ സസ്യങ്ങളെക്കുറിച്ചുള്ള അയാളുടെ വിവരണങ്ങള്‍ ഞാന്‍ കുറിച്ചുകൊണ്ടിരുന്നു. ഏതു വൃക്ഷങ്ങളെ ഒഴിവാക്കണം എന്നയാള്‍ പറഞ്ഞു. വിഷത്തടി വൃക്ഷത്തില്‍ നിന്നു പുറപ്പെടുന്ന കറുത്ത കറ ചൊറിച്ചിലും വേദനയും ഉള്ള വ്രണത്തിനു കാരണമാകും. എന്നാല്‍ ഭയപ്പെടേണ്ട. അതിന്റെ തൊട്ടടുത്തു തന്നെ അതിനുള്ള മറുമരുന്നും കാണും. 'എലമി പശ മരത്തിന്റെ ചുവന്ന തൊലി വെട്ടിയിട്ട് അതിന്റെ കറ പുരട്ടിയാല്‍ ഉടനെ സൗഖ്യമാകാന്‍ തുടങ്ങും' അയാള്‍ പറഞ്ഞു.

അത്ഭുതം കൊണ്ട് എന്റെ പെന്‍സില്‍ കൈയില്‍നിന്നു താഴെവീണു. വനത്തില്‍ രക്ഷയുടെ ഒരു ചിത്രം കാണുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. എന്നാല്‍ എലമി പശ മരത്തില്‍, ഞാന്‍ യേശുവിനെ കണ്ടു. എപ്പോള്‍ പാപത്തിന്റെ വിഷം കണ്ടാലും അതിനുള്ള ഉടനടി പരിഹാരം ഇതാ ഇവിടെ. ആ മരത്തിന്റെ ചുവന്ന തൊലിപോലെ യേശുവിന്റെ രക്തം സൗഖ്യം നല്‍കുന്നു.

മനുഷ്യന് സൗഖ്യം ആവശ്യമാണെന്ന് പ്രവാചകനായ യെശയ്യാവ് മനസ്സിലാക്കി. പാപത്തിന്റെ വ്രണം നമ്മെ ബാധിച്ചു. തന്റെമേല്‍ നമ്മുടെ രോഗത്തെ വഹിക്കുന്ന 'കഷ്ടപ്പെടുന്ന ഒരു മനുഷ്യനിലൂടെ' നമുക്കു സൗഖ്യം ലഭിക്കുമെന്ന് യെശയ്യാവു വാഗ്ദാനം ചെയ്തു (യെശയ്യാവ് 53:3). ആ മനുഷ്യന്‍ യേശു ആയിരുന്നു. നാം രോഗികളായിരുന്നു, എന്നാല്‍ നമ്മുടെ സ്ഥാനത്തു മുറിവേല്‍ക്കുവാന്‍ യേശു തയ്യാറായി. നാം അവനില്‍ വിശ്വസിക്കുമ്പോള്‍, പാപത്തിന്റെ രോഗത്തില്‍നിന്നു നമുക്കു സൗഖ്യം ലഭിക്കും (വാ. 5).
സൗഖ്യമായവരെപ്പോലെ ജീവിക്കുവാന്‍ പഠിക്കുവാന്‍ ഒരു ജീവിതകാലം മുഴുവനും വേണ്ടിവന്നേക്കാം-നമ്മുടെ പാപങ്ങളെ തിരിച്ചറിയുവാനും ഒരു പുതിയ സ്വത്വത്തിനുവേണ്ടി അവയെ ഉപേക്ഷിക്കുവാനും-എങ്കിലും യേശു നിമിത്തം നമുക്കതിനു കഴിയും.

ബന്ധത്തിനായി സൃഷ്ടിക്കപ്പെട്ടത്

അനേക രാജ്യങ്ങളില്‍ ഇന്ന് ഏകാന്തരായ ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായുള്ള 'ഒരു കുടുംബം വാടകയ്ക്ക്' എന്ന പദ്ധതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ്. ചിലര്‍ ഈ സേവനം മറ്റുള്ളവരുടെ മുമ്പില്‍ കാണിക്കാനുപയോഗിക്കുന്നു, ഉദാഹരണത്തിന് തനിക്കൊരു കുടുംബമുണ്ടെന്ന് ഒരു പൊതു പരിപാടിയില്‍ പ്രദര്‍ശിപ്പിക്കാന്‍. ചിലര്‍ കുറെ സമയത്തേക്കെങ്കിലും തങ്ങളാഗ്രഹിക്കുന്ന കുടുംബബന്ധങ്ങള്‍ അനുഭവിക്കാന്‍ അഭിനേതാക്കളെയും അപരിചിതരെയും അകന്ന ബന്ധുക്കളെയും വാടകയ്‌ക്കെടുക്കുന്നു.

ഈ പ്രവണത ഒരു അടിസ്ഥാന സത്യത്തെ പ്രതിഫലിപ്പിക്കുന്നു: മനുഷ്യര്‍ ബന്ധങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. ഉല്പത്തിയില്‍ കാണുന്ന സൃഷ്ടിപ്പിന്‍ വിവരണത്തില്‍, ദൈവം താന്‍ സൃഷ്ടിച്ച എല്ലാറ്റെയും നോക്കിയിട്ട് അത് 'എത്രയും നല്ലത്' (1:31) എന്നു കണ്ടു. എങ്കിലും ആദാമിനെ കണ്ടിട്ട് അവന്‍ പറഞ്ഞു, 'മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല' (2:18). മനുഷ്യന് മറ്റൊരു മനുഷ്യനെ ആവശ്യമുണ്ട്.

ബന്ധത്തിനായുള്ള നമ്മുടെ ആവശ്യത്തെക്കുറിച്ച് ബൈബിള്‍ കേവലം പറയുക മാത്രമല്ല ചെയ്യുന്നത്. എവിടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നു കൂടി അതു പറയുന്നു - യേശുവിന്റെ ശിഷ്യന്മാര്‍ക്കിടയില്‍. യേശു, തന്റെ മരണസമയത്ത് തന്റെ മാതാവിനെ സ്വന്ത മാതാവിനെപ്പോലെ കരുതണമെന്ന് തന്റെ സ്‌നേഹിതനായ യോഹന്നാനോടു പറഞ്ഞു. യേശു പോയിക്കഴിഞ്ഞും അവര്‍ അന്യോന്യം കുടുംബമായി തുടരണമായിരുന്നു (യോഹന്നാന്‍ 19:26-27). കൂട്ടുവിശ്വാസികളെ മാതാപിതാക്കളെപ്പോലെയും സഹോദരങ്ങളെപ്പോലെയും കരുതണമെന്ന് പൗലൊസും പ്രബോധിപ്പിക്കുന്നു (1 തിമൊഥെയൊസ് 5:1-2). ദൈവത്തിന്റെ വീണ്ടെടുപ്പിന്‍ പ്രവൃത്തിയുടെ ഒരു ഭാഗം 'ഏകാകികളെ കുടുംബത്തില്‍ വസിക്കുമാറാക്കുന്ന' താണെന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു (സങ്കീര്‍ത്തനം 68:6). ഇതു ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച സ്ഥലമായിട്ടാണ് ദൈവം സഭയെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
നമ്മെ ബന്ധത്തിനായി സൃഷ്ടിക്കുകയും നമ്മുടെ കുടുംബമായി തന്റെ ജനത്തെ നല്‍കുകയും ചെയ്ത ദൈവത്തിനു സ്‌തോത്രം.

കൈ പിടിച്ചു പഠിപ്പിക്കുക

എന്റെ ആറു വയസ്സുള്ള മകന്‍ ഓവന് പുതിയ ബോര്‍ഡ് ഗെയിം കിട്ടിയപ്പോള്‍ ബഹുസന്തോഷമായി. എങ്കിലും അരമണിക്കൂര്‍ കളിനിയമങ്ങള്‍ വായിച്ചപ്പോഴേക്കും അവന്‍ നിരാശനായി. അതെങ്ങനെയാണ് കളിക്കുന്നതെന്ന് അവന് ഒരു പിടിയും കിട്ടിയില്ല. കുറേക്കഴിഞ്ഞ്, കളി അറിയാവുന്ന ഒരു കൂട്ടുകാരന്‍ വന്ന് അവനെ പഠിപ്പിച്ചതോടെയാണ് തനിക്ക് ലഭിച്ച സമ്മാനം ശരിക്കും ആസ്വദിക്കാന്‍ ഓവന് കഴിഞ്ഞത്.

അവര്‍ കളിക്കുന്നത് നോക്കി നിന്നപ്പോള്‍, അനുഭവസമ്പന്നനായ ഒരു അദ്ധ്യാപകന്‍ ഉണ്ടെങ്കില്‍ പുതിയ ഒരു കാര്യം പഠിക്കുന്നത് എത്ര എളുപ്പമാണെന്ന് ഞാന്‍ ചിന്തിച്ചു. നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നതു സഹായകമാണെങ്കിലും, ചെയ്തു കാണിക്കാന്‍ കഴിയുന്ന ഒരു…

കര്‍ത്താവ് സന്തോഷിക്കുന്നു

എന്റെ മുത്തശ്ശി അടുത്തയിടെ എനിക്ക് പഴയ ഫോട്ടോകള്‍ നിറഞ്ഞ ഒരു കവര്‍ അയച്ചുതന്നു. അവയിലൂടെ വിരലോടിച്ചപ്പോള്‍ ഒരെണ്ണം എന്റെ കണ്ണിലുടക്കി. അതില്‍ രണ്ടു വയസ്സുള്ള ഞാന്‍ അടുപ്പിനു മുമ്പില്‍ പാതകത്തിന്റെ ഒരറ്റത്ത് ഇരിക്കുന്നു. മറ്റേയറ്റത്ത് എന്റെ ഡാഡി മമ്മിയുടെ തോളില്‍ കൈയിട്ട് ഇരിക്കുന്നു. രണ്ടുപേരും സ്‌നേഹത്തോടും ആഹ്ലാദത്തോടും കൂടെ എന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

എല്ലാ പ്രഭാതത്തിലും എനിക്ക് കാണത്തക്കവണ്ണം ഈ ഫോട്ടോ, ഞാന്‍ എന്റെ ഡ്രസിങ് ടേബിളില്‍ കുത്തിവെച്ചു. എന്നോടുള്ള അവരുടെ സ്‌നേഹത്തിന്റെ അതിശയകരമായ ഓര്‍മ്മപ്പെടുത്തലാണത്. എങ്കിലും നല്ല മാതാപിതാക്കളുടെ സ്‌നേഹം പോലും അപൂര്‍ണ്ണമാണെന്നതാണ് സത്യം. ഈ ഫോട്ടോ ഞാന്‍ സൂക്ഷിച്ചതിന്റെ കാരണം, മാനുഷിക സ്‌നേഹം ചിലപ്പോള്‍ മാറിപ്പോയാലും, ദൈവസ്‌നേഹം ഒരിക്കലും മാറിപ്പോകയില്ല എന്ന് അതെന്നെ ഓര്‍മ്മിപ്പിക്കുന്നു എന്നതിനാലാണ് - ഈ ചിത്രത്തില്‍ എന്റെ മാതാപിതാക്കള്‍ എന്നെ നോക്കുന്നതുപോലെയാണ് തിരുവചന പ്രകാരം ദൈവം എന്നെ നോക്കുന്നത്.

എന്നെ അതിശയിപ്പിക്കുന്ന വിധത്തിലാണ് സെഫന്യാ പ്രവാചകന്‍ ഈ സ്‌നേഹത്തെ വിവരിച്ചിരിക്കുന്നത്. ദൈവം ഘോഷത്തോടെ (പാട്ടോടെ) തന്റെ ജനത്തിന്മേല്‍ സന്തോഷിക്കുന്നു എന്നവന്‍ വിവരിക്കുന്നു. ദൈവത്തിന്റെ ജനം ഈ സ്‌നേഹം സമ്പാദിച്ചതല്ല. അവനെ അനുസരിക്കുന്നതിലും പരസ്പരം മനസ്സലിവ് കാണിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. എങ്കിലും ഒടുവില്‍ ദൈവത്തിന്റെ സ്‌നേഹം അവരുടെ പരാജയങ്ങളെ മറന്ന് വിജയിക്കുമെന്ന് സെഫന്യാവ് വാഗ്ദത്തം ചെയ്യുന്നു. ദൈവം അവരുടെ ശിക്ഷകളെ മാറ്റിക്കളയും (സെഫന്യാവ് 3:15), അവന്‍ അവരില്‍ സന്തോഷിക്കും (വാ. 17). അവന്‍ തന്റെ ജനത്തെ തന്റെ കൈകളില്‍ അണച്ച് അവരെ സ്വദേശത്തേക്കു കൊണ്ടുവന്ന് യഥാസ്ഥാനപ്പെടുത്തും (വാ. 20).

എല്ലാ പ്രഭാതത്തിലും ധ്യാനിക്കാവുന്ന സ്‌നേഹമാണത്.