ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം ചെറുപ്പക്കാര്‍ അന്താരാഷ്ട്ര കത്തെഴുത്തു മത്സരത്തില്‍ പങ്കെടുക്കുന്നു. 2018-ല്‍, മത്സരത്തിന്റെ തീം ഇതായിരുന്നു: ‘സമയത്തിലൂടെ സഞ്ചരിക്കുന്ന ഒരു കത്താണ് നിങ്ങള്‍ എന്നു സങ്കല്‍പ്പിക്കുക. എന്തു സന്ദേശമാണ് നിങ്ങളുടെ വായനക്കാരെ അറിയിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്?’

ബൈബിളില്‍ നമുക്ക് കത്തുകളുടെ ഒരു ശേഖരം തന്നെയുണ്ട് – പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും നന്ദി. അവ സമയത്തിന്റെ അതിരുകള്‍ പിന്നിട്ട് നമുക്കു ലഭിച്ചിരിക്കുന്നു. ക്രിസ്തീയ സഭ വളരുന്നതിനനുസരിച്ച്, യേശുവിന്റെ ശിഷ്യന്മാര്‍, ക്രിസ്തുവിലുള്ള പുതിയ ജീവിതത്തെക്കുറിച്ചു മനസ്സിലാക്കുന്നതിന് വിശ്വാസികളെ സഹായിക്കുന്നതിനായി യൂറോപ്പിലെയും ഏഷ്യാമൈനറിലെയും പ്രാദേശിക സഭകള്‍ക്ക് കത്തെഴുതി. ആ കത്തുകളില്‍ പലതും ഇന്ന് നാം വായിക്കുന്ന ബൈബിളില്‍ ശേഖരിച്ചിരിക്കുന്നു.

ഈ കത്തെഴുത്തുകാര്‍ വായനക്കാരെ അറിയിക്കാന്‍ ആഗ്രഹിച്ചത് എന്താണ്? യോഹന്നാന്‍ തന്റെ ആദ്യ കത്തില്‍, ”ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം” സംബന്ധിച്ചാണ് താന്‍ എഴുതുന്നത് എന്ന് വിശദീകരിക്കുന്നു. ജീവനുള്ള ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ചാണ് അവന്‍ എഴുതുന്നത് (1 യോഹന്നാന്‍ 1:1). തന്റെ വായനക്കാര്‍ക്ക് പരസ്പരവും ”പിതാവിനോടും പുത്രനായ യേശുക്രിസ്തുവിനോടും” കൂട്ടായ്മ ഉണ്ടാകുന്നതിനായി അവന്‍ എഴുതുന്നു (വാ. 3). നമുക്ക് ഒരുമിച്ച് കൂട്ടായ്മ ഉണ്ടാകുമ്പോള്‍, അവന്‍ എഴുതുന്നു, നമ്മുടെ സന്തോഷം പൂര്‍ണ്ണമാകും (വാ. 4). ബൈബിളിലെ അക്ഷരങ്ങള്‍ കാലത്തിനപ്പുറമുള്ള, നിത്യ ദൈവവുമായുള്ള ഒരു കൂട്ടായ്മയിലേക്ക് നമ്മെ ആകര്‍ഷിക്കുന്നു.