ഒരു കന്നുകാലി ഫാമിന്റെ അടുത്തു പാര്‍ത്തിരുന്ന ഹാസ്യനടനായ മൈക്കിള്‍, മേച്ചലിനിടയില്‍ കൂട്ടംതെറ്റി അലഞ്ഞുതിരിയാനുള്ള പശുക്കളുടെ പ്രവണത ശ്രദ്ധിച്ചിരുന്നു. ഒരു പശു എല്ലായ്‌പ്പോഴും കൂടുതല്‍ ”പച്ചയായ മേച്ചില്‍പ്പുറങ്ങള്‍” തേടി നീങ്ങിക്കൊണ്ടിരിക്കും. പറമ്പിന്റെ അരികിലെത്തിയ പശു ഒരു മരത്തിന്റെ കീഴെ തഴച്ചുവളരുന്ന കുറെ പുല്ല് കണ്ടെത്തിയേക്കാം. ആ വേലിയുടെ തകര്‍ന്ന ഭാഗത്തിനപ്പുറത്ത് ഒരു കൂട്ടം രുചികരമായ സസ്യജാലം കാണും. അപ്പോള്‍ പശു വേലിക്ക് അപ്പുറത്തേക്ക് ചാടിയിറങ്ങി റോഡിലെത്തും. അത് പതുക്കെപ്പതുക്കെ നടന്ന് കാണാതെപോകുന്ന അവസ്ഥയിലെത്തും.

അലഞ്ഞുതിരിയല്‍ പ്രശ്നത്തില്‍ പശുക്കള്‍ തനിച്ചല്ല. ആടുകളും അലഞ്ഞുനടക്കുന്നു, വഴിതെറ്റുന്ന കാര്യത്തില്‍ ഏറ്റവും വലിയ പ്രവണത മനുഷ്യര്‍ക്കാണ്.

ഒരുപക്ഷേ അതായിരിക്കാം ബൈബിളില്‍ ദൈവം നമ്മെ ആടുകളുമായി താരതമ്യപ്പെടുത്തുന്നതിന്റെ ഒരു കാരണം. അശ്രദ്ധമായ വിട്ടുവീഴ്ചകളിലൂടെയും മണ്ടന്‍ തീരുമാനങ്ങളിലൂടെയും സത്യത്തില്‍ നിന്ന് എത്ര ദൂരേക്കാണ് നാം വഴിതെറ്റിപ്പോയിരിക്കുന്നത് എന്നു മനസ്സിലാക്കാതെ നാം ഇഞ്ചിഞ്ചായി ദൈവത്തില്‍നിന്ന് അകന്നകന്നു പോകുന്നു.

നഷ്ടപ്പെട്ട ഒരു ആടിന്റെ കഥ യേശു പരീശന്മാരോടു പറഞ്ഞു. ഇടയനെ സംബന്ധിച്ചിടത്തോളം ആടിന് അത്രയേറെ മൂല്യമുണ്ടായിരുന്നതിനാല്‍ മറ്റ് ആടുകളെ ഉപേക്ഷിച്ചിട്ട് അലഞ്ഞുതിരിഞ്ഞ ഒന്നിനെ തിരഞ്ഞുപോയി. വഴിതെറ്റിപ്പോയതിനെ കണ്ടെത്തിയപ്പോള്‍ അവന്‍ ആഘോഷിച്ചു! (ലൂക്കൊസ് 15:1-7).

തന്നിലേക്ക് മടങ്ങിവരുന്നവരെ സംബന്ധിച്ച് ദൈവത്തിന്റെ സന്തോഷം ഇതാണ്. യേശു പറഞ്ഞു, ”കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിക്കുവിന്‍” (വാ. 6). നമ്മെ രക്ഷിച്ച് വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ദൈവം ഒരു രക്ഷകനെ അയച്ചിട്ടുണ്ട്.