ചന്ദ്രനെ ചുറ്റുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യത്തിന് ഫ്രാങ്ക് ബോര്‍മാന്‍ ചുമതല വഹിച്ചു. അദ്ദേഹത്തിന് അതില്‍ മതിപ്പുണ്ടായില്ല. യാത്രയ്ക്ക് അങ്ങോട്ടുമിങ്ങോട്ടുമായി രണ്ട് ദിവസമെടുത്തു. ഫ്രാങ്കിന് ചലന രോഗം പിടിപെടുകയും എടുത്തെറിയപ്പെടുകയും ചെയ്തു. തനിക്ക് ഭാരമില്ലായ്മയും തണുപ്പും അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു — മുപ്പത് സെക്കന്‍ഡ് നേരത്തേക്ക്. തുടര്‍ന്നു അദ്ദേഹം അതുമായി പൊരുത്തപ്പെട്ടു. അടുത്തുചെന്നപ്പോള്‍ ഗര്‍ത്തങ്ങള്‍ നിറഞ്ഞ ചന്ദ്രന്റെ ഉപരിതലം കണ്ടെത്തി. ചാരനിറത്തിലുള്ള തരിശുഭൂമിയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ എടുത്തു, പിന്നീട് അവര്‍ക്കതു വിരസമായി തീര്‍ന്നു.

മുമ്പ് ആരും പോയിട്ടില്ലാത്ത സ്ഥലത്തേക്കാണ് ഫ്രാങ്ക് പോയത്. അത് പര്യാപ്തമായിരുന്നില്ല. ഈ ലോകത്തിന് പുറത്തുള്ള ഒരു അനുഭവത്തെക്കുറിച്ച് അദ്ദേഹം പെട്ടെന്ന് മടുത്തുവെങ്കില്‍, ഒരുപക്ഷേ, ഇതിലെന്താണുള്ളതെന്നതിനെക്കുറിച്ച് നമ്മുടെ പ്രതീക്ഷകള്‍ നമ്മള്‍ കുറയ്‌ക്കേണ്ടിവരും. ഭൗമികമായ ഒരു അനുഭവവും ആത്യന്തിക സന്തോഷം നല്‍കുന്നില്ലെന്ന് സഭാപ്രസംഗി നിരീക്ഷിച്ചു. ”കണ്ടിട്ട് കണ്ണിനു തൃപ്തി വരുന്നില്ല. കേട്ടിട്ട് ചെവി നിറയുന്നതുമില്ല” (1:8). നമുക്ക് അമിതാഹ്ലാദത്തിന്റെ നിമിഷങ്ങള്‍ അനുഭവപ്പെടാം, പക്ഷേ നമ്മുടെ ആഹ്ലാദം ഉടന്‍ തന്നെ മങ്ങുകയും അടുത്ത സന്തോഷം തേടുകയും ചെയ്യുന്നു.

ചന്ദ്രന്റെ പുറകിലുള്ള ഇരുട്ടില്‍ നിന്ന് ഭൂമി ഉയരുന്നത് കണ്ട ഫ്രാങ്കിന് സന്തോഷകരമായ ഒരു നിമിഷം ഉണ്ടായിരുന്നു. നീലയും വെള്ളയും നിറമുള്ള മാര്‍ബിള്‍ പോലെ, നമ്മുടെ ലോകം സൂര്യപ്രകാശത്തില്‍ തിളങ്ങി. അതുപോലെ, നമ്മുടെ യഥാര്‍ത്ഥ സന്തോഷം നമ്മുടെമേല്‍ പ്രകാശിക്കുന്ന പുത്രനില്‍ നിന്നാണ് വരുന്നത്. യേശു നമ്മുടെ ജീവനും അര്‍ത്ഥത്തിന്റെയും സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഏക ഉറവിടവുമാണ്. നമ്മുടെ ആഴത്തിലുള്ള സംതൃപ്തി ഈ ലോകത്തിന് അപ്പുറത്തു നിന്ന് വരുന്നു. നമ്മുടെ പ്രശ്‌നം? നമുക്ക് ചന്ദ്രനിലേക്ക് പോകാന്‍ കഴിയും, എന്നിട്ടും വേണ്ടത്ര ദൂരത്തേക്കു പോകാനാകുന്നില്ല എന്നതാണ്.