അനാമോര്‍ഫിക്ക് കലയുടെ അത്ഭുതം ഞാന്‍ അടുത്തിടെ കണ്ടെത്തി. ക്രമരഹിതമായ ഭാഗങ്ങളുടെ ഒരു ശേഖരമായി ആദ്യം പ്രത്യക്ഷപ്പെടുന്ന ഒരു അനാമോര്‍ഫിക്ക് ശില്പം ശരിയായ കോണില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമേ അര്‍ത്ഥവത്തായി കാണപ്പെടുകയുള്ളു. ഒന്നില്‍, ലംബമായി നിര്‍ത്തുന്ന തൂണുകളുടെ ഒരു ശ്രേണി ഒന്നായി വിന്യസിക്കുമ്പോള്‍ ഒരു പ്രശസ്ത നേതാവിന്റെ മുഖം വെളിപ്പെടുത്തുന്നു. മറ്റൊന്നില്‍, ഒരു കൂട്ടം കേബിളുകള്‍ ഒരു ആനയുടെ രൂപരേഖയായി മാറുന്നു. മറ്റൊരു കലാസൃഷ്ടിയില്‍, വയര്‍ ഉപയോഗിച്ച് തൂക്കിയിട്ട നൂറുകണക്കിന് കറുത്ത പൊട്ടുകള്‍ ശരിയായി കോണില്‍ നോക്കുമ്പോള്‍ സ്ത്രീയുടെ കണ്ണായി മാറുന്നു. അനാമോര്‍ഫിക്ക് കലയുടെ താക്കോല്‍ അതിന്റെ അര്‍ത്ഥം വെളിപ്പെടുന്നതുവരെ വ്യത്യസ്ത കോണുകളില്‍ നിന്ന് കാണുക എന്നതാണ്.

ചരിത്രം, കവിത, അതിലേറെയും ഉള്‍പ്പെടുന്ന ആയിരക്കണക്കിന് വാക്യങ്ങള്‍ ഉള്ള ബൈബിള്‍ ചിലപ്പോള്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍ അതിന്റെ അര്‍ത്ഥം എങ്ങനെ ഗ്രഹിക്കാമെന്ന് തിരുവെഴുത്ത് തന്നെ പറയുന്നു. അതിനെ ഒരു അനാമോര്‍ഫിക്ക് ശില്പം പോലെ പരിഗണിക്കുക: വ്യത്യസ്ത കോണുകളില്‍ നിന്ന് അതിനെ കാണുകയും ആഴത്തില്‍ ധ്യാനിക്കുകയും ചെയ്യുക.

ക്രിസ്തുവിന്റെ ഉപമകള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അവയെക്കുറിച്ച് ചിന്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവയുടെ അര്‍ത്ഥം ”കാണാനുള്ള കണ്ണുകള്‍” നേടുന്നു (മത്തായി 13:10-16). ദൈവം അവന് ഉള്‍ക്കാഴ്ച നല്‍കുന്നതിനായി തന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കാന്‍ പൗലൊസ് തിമൊഥെയൊസിനോട് പറഞ്ഞു (2 തിമൊഥെയൊസ് 2:7). തിരുവെഴുത്തുകളെ ധ്യാനിക്കുന്നത് എങ്ങനെ ജ്ഞാനവും ഉള്‍ക്കാഴ്ചയും നല്‍കുകയും അതിന്റെ അര്‍ത്ഥം കാണാന്‍ നമ്മുടെ കണ്ണുകള്‍ തുറക്കുകയും ചെയ്യുന്നു എന്ന് 119-ാം സങ്കീര്‍ത്തനത്തിന്റെ ആവര്‍ത്തിച്ചു വരുന്ന പല്ലവികള്‍ പറയുന്നു (119:18, 97-99).

ഒരാഴ്ച ഒരൊറ്റ ഉപമയെക്കുറിച്ച് ധ്യാനിക്കുന്നതിനെ അല്ലെങ്കില്‍ ഒറ്റ ഇരുപ്പില്‍ ഒരു സുവിശേഷം വായിക്കുന്നതിനെ കുറിച്ച് എന്തു പറയുന്നു? ഒരു വാക്യത്തെ എല്ലാ കോണുകളില്‍ നിന്നും കാണാന്‍ കുറച്ച് സമയം ചെലവഴിക്കുക. ആഴത്തിലേക്ക് പോകുക. വേദപുസ്തകം വായിക്കുന്നതിലൂടെ മാത്രമല്ല, ധ്യാനിക്കുന്നതിലൂടെയാണ് ബൈബിള്‍ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുന്നത്.