ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് – സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു അവധിക്കാലം അല്ലെങ്കില്‍ പ്രേഗിലെ കുട്ടികളെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുക? നിക്കോളാസ് വിന്റണ്‍ എന്ന സാധാരണക്കാരന്‍ രണ്ടാമത്തേതു തിരഞ്ഞെടുത്തു. 1938-ല്‍ ചെക്കോസ്ലോവാക്യയും ജര്‍മ്മനിയും തമ്മിലുള്ള യുദ്ധം ചക്രവാളത്തില്‍ ഉരുണ്ടുകൂടിത്തുടങ്ങി. നിരവധി യെഹൂദന്മാര്‍ താമസിക്കുന്ന പ്രേഗിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ നിക്കോളാസ് സന്ദര്‍ശിച്ച ശേഷം, അവരെ സഹായിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതിനുമുമ്പ് നൂറുകണക്കിന് കുട്ടികളെ സുരക്ഷിതമായി പ്രേഗില്‍ നിന്ന് ഗ്രേറ്റ് ബ്രിട്ടനിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം പണം സ്വരൂപിച്ചു, അവരെ ബ്രിട്ടനിലെ കുടുംബങ്ങളില്‍ പാര്‍പ്പിച്ചു.

82-ാം സങ്കീര്‍ത്തനത്തിലെ ആഹ്വാനത്തിന്റെ ഉത്തമ മാതൃകയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍: ”എളിയവനും അനാഥനും ന്യായം പാലിച്ചു കൊടുക്കുവിന്‍” (വാ. 3). ഈ സങ്കീര്‍ത്തനത്തിന്റെ രചയിതാവായ ആസാഫ്, ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാന്‍ തന്റെ ജനത്തെ പ്രേരിപ്പിച്ചു: ”എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍; ദുഷ്ടന്മാരുടെ കൈയില്‍നിന്ന് അവരെ വിടുവിപ്പിന്‍’ (വാ. 4). ആ കുട്ടികളെ രക്ഷപ്പെടുത്താന്‍ നിക്കോളാസ് അശ്രാന്തമായി പ്രവര്‍ത്തിച്ചതു പോലെ, സങ്കീര്‍ത്തനക്കാരന്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി – നീതിയും സംരക്ഷണവും ആവശ്യമുള്ള ദരിദ്രര്‍ക്കും വിധവകള്‍ക്കും വേണ്ടി – സംസാരിച്ചു.

ഇന്ന് നാം നോക്കുന്ന എല്ലായിടത്തും യുദ്ധം, കൊടുങ്കാറ്റ്, മറ്റ് ദുരന്തങ്ങള്‍ എന്നിവ കാരണം ആവശ്യത്തിലിരിക്കുന്ന ആളുകളെ കാണുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും, ദൈവം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സാഹചര്യങ്ങളില്‍ സഹായിക്കാന്‍ നമുക്ക് എന്തുചെയ്യാനാകുമെന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ചിന്തിക്കാം.