ഞങ്ങള്‍ ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ഡ്രൈവിംഗ് പരിശീലകന്‍, നാം റോഡ് സൂക്ഷ്മമായി നിരീക്ഷിക്കുകയും, അപകടങ്ങള്‍ തിരിച്ചറിയുകയും അതെന്തു തരം അപകടമായിരിക്കുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കുകയും നാം എങ്ങനെ പ്രതികരിക്കുമെന്നു നിശ്ചയിക്കുകയും വേണ്ടിവന്നാല്‍ ആ പദ്ധതി നടപ്പാക്കുകയും വേണം എന്ന് എപ്പോഴും പറയുമായിരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ മനഃപൂര്‍വ്വം പ്രവര്‍ത്തിക്കാനുള്ള തന്ത്രമായിരുന്നു അത്.

ആ ആശയം നമ്മുടെ ആത്മീയ ജീവിതത്തിലേക്ക് എങ്ങനെ പരിവര്‍ത്തനം ചെയ്യാമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. എഫെസ്യര്‍ 5-ല്‍ പൗലൊസ് എഫെസ്യന്‍ വിശ്വാസികളോട് പറഞ്ഞു, ”ആകയാല്‍ സൂക്ഷ്മതയോടെ, അജ്ഞാനികളായല്ല ജ്ഞാനികളായത്രേ നടക്കുവാന്‍ നോക്കുവിന്‍” (വാ. 15). ചില അപകടങ്ങള്‍ എഫെസ്യരെ – യേശുവിന്റെ പുതിയ ജീവിതവുമായി വൈരുദ്ധ്യമുള്ള പഴയ ജീവിതരീതികളിലേക്കു (വാ. 8, 10-11) – വഴിതെറ്റിക്കുമെന്ന് പൗലൊസിന് അറിയാമായിരുന്നു. അതുകൊണ്ട് വളര്‍ന്നുവരുന്ന സഭയോട് സൂക്ഷ്മത പുലര്‍ത്താന്‍ അവന്‍ നിര്‍ദ്ദേശിച്ചു.

”സൂക്ഷ്മതയോടെ നടക്കുക” എന്ന് വിവര്‍ത്തനം ചെയ്ത വാക്കുകളുടെ അര്‍ത്ഥം, ചുറ്റും നോക്കുക. അപകടങ്ങള്‍ ശ്രദ്ധിക്കുക, മദ്യപാനം, അശ്രദ്ധമായ ജീവിതം പോലെയുള്ള വ്യക്തിപരമായ അപകടങ്ങള്‍ ഒഴിവാക്കുക (വാ. 18). പകരം, അപ്പൊസ്തലന്‍ പറഞ്ഞു, ‘ബുദ്ധിഹീനരാകാതെ കര്‍ത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്‍വിന്‍’ (വാ. 17), അതേസമയം, സഹവിശ്വാസികളോടൊപ്പം നാം പാടുകയും അവനു നന്ദി പറയുകയും ചെയ്യുന്നു (വാ. 19-20).

നാം എന്ത് അപകടങ്ങളെ അഭിമുഖീകരിച്ചാലും – നാം ഇടറിവീണാലും – ക്രിസ്തുവിന്റെ അതിരുകളില്ലാത്ത ശക്തിയെ ആശ്രയിച്ച് വളരുന്നതിനനുസരിച്ച് നമ്മുടെ പുതിയ ജീവിതം നമുക്ക് അനുഭവിക്കാന്‍ കഴിയും .