2020 ല്‍, അലിസ്സ മെന്‍ഡോസയ്ക്ക് അര്‍ദ്ധരാത്രിയില്‍ പിതാവില്‍ നിന്ന് അതിശയകരമായ ഒരു ഇമെയില്‍ ലഭിച്ചു. മാതാപിതാക്കളുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികത്തില്‍ അമ്മയ്ക്ക് എന്തെല്ലാം ചെയ്യണമെന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സന്ദേശത്തിലുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇതവളെ ഞെട്ടിച്ചത്? അലിസ്സയുടെ പിതാവ് പത്തുമാസം മുമ്പു മരണമടഞ്ഞിരുന്നു. അദ്ദേഹം രോഗിയായിരിക്കുമ്പോള്‍, താന്‍ ജീവിച്ചിരിക്കയില്ലെന്നു മനസ്സിലായ അദ്ദേഹം ഇമെയില്‍ എഴുതി ഷെഡ്യൂള്‍ ചെയ്യുകയായിരുന്നുവെന്ന് അവള്‍ കണ്ടെത്തി. തന്റെ ഭാര്യയുടെ ഭാവിയില്‍ വരാനിരിക്കുന്ന ജന്മദിനം, വാര്‍ഷികങ്ങള്‍, വാലന്റൈന്‍സ് ദിനം എന്നിവയില്‍ പൂക്കള്‍ അയയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്ത് പണവും അദ്ദേഹം നല്‍കി.

ഉത്തമഗീതത്തില്‍ വിശദമായി വിവരിച്ചിരിക്കുന്ന തരത്തിലുള്ള സ്‌നേഹത്തിന്റെ ഉദാഹരണമായി ഈ കഥ നിലകൊള്ളുന്നു. ”പ്രേമം മരണംപോലെ ബലമുള്ളതും പത്‌നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു” (8:6). ശവക്കുഴികളെയും മരണത്തെയും പ്രണയവുമായി താരതമ്യം ചെയ്യുന്നത് വിചിത്രമായി തോന്നുന്നു. പക്ഷേ അവ ശക്തമാണ്, കാരണം അവ തങ്ങളുടെ ബന്ദികളെ വിട്ടുകൊടുക്കുകയില്ല. എന്നിരുന്നാലും, യഥാര്‍ത്ഥ സ്‌നേഹവും സ്‌നേഹഭാജനങ്ങളെ ഉപേക്ഷിക്കുകയില്ല. 6-7 വാക്യങ്ങളില്‍ പുസ്തകം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു; വൈവാഹിക പ്രണയത്തെ ”ഏറിയ വെള്ളങ്ങള്‍ക്കും കെടുത്തുവാന്‍ കഴികയില്ല” (വാ. 7).

ബൈബിളിലുടനീളം, ഭാര്യാഭര്‍ത്താക്കന്മാരുടെ സ്‌നേഹത്തെ ദൈവസ്‌നേഹവുമായി താരതമ്യപ്പെടുത്തുന്നു (യെശയ്യാവ് 54:5; എഫെസ്യര്‍ 5:25; വെളിപ്പാട് 21:2). യേശു മണവാളനും സഭ അവന്റെ മണവാട്ടിയും. നാം നമ്മുടെ പാപങ്ങളില്‍ മരിക്കാതിരിക്കേണ്ടതിന് നമുക്കു പകരം മരണത്തെ അഭിമുഖീകരിക്കുന്നതിനായി ക്രിസ്തുവിനെ അയച്ചതിലൂടെ ദൈവം നമ്മോടുള്ള സ്‌നേഹം കാണിച്ചു. (യോഹന്നാന്‍ 3:16). നമ്മള്‍ വിവാഹിതരോ അവിവാഹിതരോ ആകട്ടെ, ദൈവസ്‌നേഹം നമുക്കു സങ്കല്പിക്കാവുന്ന എന്തിനെക്കാളും ശക്തമാണെന്നു നമുക്കോര്‍മ്മിക്കാം.