യേശുവിനെ പങ്കിടുക
ഡൈ്വറ്റ് മൂഡി (1837-99) ക്രിസ്തുവിൽ വിശ്വസിച്ച് അധികം കഴിയുന്നതിനുമുമ്പ്, ഒരു വ്യക്തിയോടെങ്കിലും ദൈവത്തിന്റെ സുവിശേഷം പങ്കുവെക്കാതെ ഒരു ദിവസം കടന്നുപോകരുതെന്ന് അദ്ദേഹം തീരുമാനിച്ചു. തിരക്കുള്ള ദിവസങ്ങളിൽ, ചിലപ്പോൾ വൈകിയായിരിക്കും അദ്ദേഹം തന്റെ തീരുമാനം ഓർക്കുന്നത്. ഒരു രാത്രി, കട്ടിലിൽ കിടന്നുകഴിഞ്ഞാണ് അദ്ദേഹം തന്റെ തീരുമാനം ഓർത്തത്. പുറത്തേക്കിറങ്ങുമ്പോൾ, ഈ കനത്ത മഴയിൽ ഇനിയാരും വെളിയിൽ കാണുകയില്ല എന്നദ്ദേഹം ചിന്തിച്ചു. അപ്പോഴാണ് ഒരാൾ തെരുവിലൂടെ നടന്നുവരുന്നത് അദ്ദേഹം കണ്ടത്. മൂഡി ഓടിയെത്തി, മഴ നനയാതെ അയാളുടെ കുടക്കീഴിൽ നിൽക്കാൻ അയാളോട് അനുവാദം ചോദിച്ചു. അനുമതി ലഭിച്ചപ്പോൾ അദ്ദേഹം ചോദിച്ചു, ''കൊടുങ്കാറ്റിന്റെ സമയത്ത് നിങ്ങൾക്ക് ഒരു അഭയസ്ഥാനം ഉണ്ടോ? യേശുവിനെക്കുറിച്ച് എനിക്ക് നിങ്ങളോടു പറയാമോ?''
നമ്മുടെ പാപങ്ങളുടെ ഭവിഷ്യത്തുകളിൽ നിന്ന് ദൈവം നമ്മെ എങ്ങനെ രക്ഷിക്കുന്നുവെന്ന് പങ്കുവെക്കാനുള്ള സന്നദ്ധത മൂഡിക്കുണ്ടായിരുന്നു. തന്റെ നാമം പ്രഖ്യാപിക്കാനും ''ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിക്കുവാനും'' യിസ്രായേല്യർക്കു ദൈവം നൽകിയ നിർദ്ദേശങ്ങൾ അദ്ദേഹം അനുസരിച്ചു (യെശയ്യാവ് 12:4). ''അവന്റെ നാമം ഉന്നതമായിരിക്കുന്നു'' എന്നു പ്രഖ്യാപിക്കാൻ അവിടുന്നു ദൈവജനത്തെ വിളിക്കുന്നതുകൊണ്ടു മാത്രമല്ല (വാ. 4), അവിടുന്ന്''[അവരുടെ] രക്ഷയായിത്തീർന്നിരിക്കകൊണ്ടും'' (വാ. 2) അവർ അതു പങ്കുവെക്കണമായിരുന്നു. നൂറ്റാണ്ടുകൾക്കുശേഷം, യേശു ഒരു മനുഷ്യനായിത്തീരുകയും ക്രൂശിൽ മരിക്കുകയും വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത അത്ഭുതങ്ങൾ പ്രസ്താവിക്കാനുള്ള നമ്മുടെ വിളി ഇപ്പോഴും നിലനിൽക്കുന്നു.
മൂഡിയെപ്പോലെ, യേശുവിനെക്കുറിച്ച് നമ്മോട് സംസാരിക്കാൻ ആരെങ്കിലും അവരുടെ സുഖമേഖല വിട്ടു പുറത്തുവന്നതുകൊണ്ടാണ് ഒരുപക്ഷേ ദൈവസ്‌നേഹത്തെക്കുറിച്ച് നാം കേട്ടത്. നമുക്കോരോരുത്തർക്കും നമ്മുടെതായ രീതിയിൽ, രക്ഷകനെക്കുറിച്ച് ആരെയെങ്കിലും അറിയിക്കാൻ കഴിയും.
കരുണയും കൃപയും
ദേശീയപാതയുടെ മധ്യത്തിലെ ഏകാന്ത മീഡിയനിൽ റോഡിൽ നിന്ന് ഏതാനും അടി മാത്രം അകലെ ഒരു സൂര്യകാന്തിച്ചെടി തനിയെ നിൽക്കുന്നു. മുമ്പോട്ട് പോയപ്പോൾ, മൈലുകൾക്കുള്ളിലെങ്ങും മറ്റ് സൂര്യകാന്തിച്ചെടികൾ ഇല്ലാതെ അത് എങ്ങനെ വളർന്നുവെന്ന് ഞാൻ ചിന്തിച്ചു. മധ്യഭാഗത്ത് ചാരനിറത്തിലുള്ള ചരലിൽ റോഡിന് സമീപം വളരാൻ കഴിയുന്നത്ര കഠിനമായ ഒരു ചെടി സൃഷ്ടിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. അവിടെ, അതു തഴച്ചുവളർന്ന് മന്ദമാരുതനിൽ തലയാട്ടി, പാഞ്ഞുപോകുന്ന യാത്രക്കാരെ സന്തോഷപൂർവ്വം അഭിവാദ്യം ചെയ്യുന്നു.
പഴയനിയമത്തിൽ, യെഹൂദ്യയിൽ അപ്രതീക്ഷിതമായി രംഗപ്രവേശം ചെയ്ത വിശ്വസ്തനായ ഒരു രാജാവിന്റെ കഥ പറയുന്നു. അവന്റെ പിതാവും മുത്തച്ഛനും തീക്ഷ്ണതയോടെ മറ്റ് ദേവന്മാരെ സേവിച്ചിരുന്നു; എന്നാൽ യോശീയാവ് അധികാരത്തിലെത്തി എട്ടുവർഷം കഴിഞ്ഞപ്പോൾ, ''അവന്റെ യൗവനത്തിൽ തന്നേ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി'' (2 ദിനവൃത്താന്തം 34:3). അവൻ ''യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കുവാൻ'' ജോലിക്കാരെ അയച്ചു (വാ. 8). അവർ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തി (പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ; വാ. 14).യെഹൂദ ജനതയെ മുഴുവൻ തങ്ങളുടെ പൂർവ്വികരുടെ വിശ്വാസത്തിലേക്ക് മടക്കുക്കൊണ്ടുവരുവാൻ ദൈവം യോശീയാവിനെ പ്രേരിപ്പിച്ചു, അവർ ''[യോശീയാവിന്റെ] കാലത്തൊക്കെയും'' യഹോവയെ സേവിച്ചു (വാ. 33).
നമ്മുടെ ദൈവം അപ്രതീക്ഷിത കാരുണ്യത്തിന്റെ യജമാനനാണ്. ജീവിതത്തിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളുടെ കഠിനമായ ചരലിൽ നിന്ന് അപ്രതീക്ഷിതമായി ഉയർന്നുവരുന്നതിനാവശ്യമായ നന്മ നൽകാൻ അവിടുത്തേക്കു കഴിയും. അവനെ സൂക്ഷ്മമായി നിരീക്ഷിക്കുക. അവൻ ഇന്ന് അതു വീണ്ടും ചെയ്‌തേക്കാം.
സുവിശേഷത്തിന്റെ ശക്തി
പുരാതന റോമിന് ''സുവിശേഷത്തിന്റെ'' - സുവാർത്ത - സ്വന്തമായ ഒരു പതിപ്പ് ഉണ്ടായിരുന്ന. കവി വിർജിൽ പറയുന്നതനുസരിച്ച്, ദേവന്മാരുടെ രാജാവായ സ്യൂസ് റോമാക്കാർക്കായി അവസാനമോ അതിരുകളോ ഇല്ലാത്ത ഒരു രാജ്യം കല്പിച്ചുകൊടുത്തിരുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും സുവർണ്ണ കാലഘട്ടം ആരംഭിച്ചുകൊണ്ട് ദേവന്മാർ അഗസ്റ്റസിനെ ദിവ്യപുത്രനും ലോക രക്ഷകനുമായി തിരഞ്ഞെടുത്തു.
എന്നിരുന്നാലും, ഇത് എല്ലാവരെ സംബന്ധിച്ചും നല്ല വാർത്തയായിരുന്നില്ല. പലർക്കും ഇത് ചക്രവർത്തിയുടെ സൈന്യത്തിന്റെയും ഘാതകരുടെയും ഉരുക്കുമുഷ്ടികൊണ്ടു നടപ്പിലാക്കിയ ഒരു അനിഷ്ടകരമായ യാഥാർത്ഥ്യമായിരുന്നു. അവരെ ഭരിച്ച യജമാനന്മാരുടെ ഇഷ്ടപ്രകാരം, നിയമപരമായ വ്യക്തിത്വമോ സ്വത്തോ ഇല്ലാതെ സേവനമനുഷ്ഠിച്ച അടിമകളായ ആളുകളുടെ അധ്വാനത്തിന്മേൽ കെട്ടിയുർത്തിയതായിരുന്നു സാമ്രാജ്യത്തിന്റെ മഹത്വം.
ഇത്തരമൊരു ലോകത്താണ് താൻ ക്രിസ്തുവിന്റെ ദാസനാണെന്നു പൗലൊസ് സ്വയം പരിചയപ്പെടുത്തിയത് (റോമർ 1:1). യേശു എന്ന പേരിനെ ഒരിക്കൽ പൗലൊസ് എത്രമാത്രം വെറുത്തിരുന്നു. താൻ യെഹൂദന്മാരുടെ രാജാവും ലോകത്തിന്റെ രക്ഷകനുമാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരിൽ യേശു തന്നെ കഷ്ടമനുഭവിച്ചിരുന്നു.
റോമാക്കാർക്ക് എഴുതിയ കത്തിന്റെ ബാക്കി ഭാഗങ്ങളിൽ പൗലൊസ് വിശദീകരിക്കുന്ന സുവാർത്ത ഇതാണ്. ഈ സുവിശേഷം ''വിശ്വസിക്കുന്ന ഏവനും ... രക്ഷയ്ക്കായി ദൈവശക്തിയാകുന്നു'' (വാ. 16). കൈസറിനു കീഴിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇത് എത്രമാത്രം ആവശ്യമായിരുന്നു! ക്രൂശിക്കപ്പെട്ടവനും ഉയിർത്തെഴുന്നേറ്റവനുമായ ഒരു രക്ഷകനെക്കുറിച്ചുള്ള സുവാർത്ത ഇതാ - തന്റെ ശത്രുക്കളെ അവൻ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് കാണിച്ച് അവരെ കീഴടക്കിയ വിമോചകനാണവൻ.
ഒരു മഹത്തായ അന്ത്യം
എന്റെ ഭർത്താവും മകനും ഒരു സിനിമ കാണുന്നതിനായി ടെലിവിഷൻ ചാനലുകളിൽ തിരഞ്ഞുകൊണ്ടിരുന്നു; ഒടുവിൽ അവരുടെ പ്രിയപ്പെട്ട സിനിമകൾ ഇതിനകം തന്നെ ഓടിക്കൊണ്ടിരിക്കുകയാണെന്നവർ കണ്ടെത്തി. അവസാന രംഗങ്ങൾ അവർ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ, തിരയൽ ഒരു കളിയായി മാറി. അവർക്ക് പ്രിയപ്പെട്ട എട്ട് സിനിമകൾ കണ്ടെത്താൻ അവർക്കു കഴിഞ്ഞു. എന്തുകൊണ്ടാണ് അവർ തുടക്കം മുതൽ കാണുന്നതിന് ഒരു സിനിമ തിരഞ്ഞെടുക്കാത്തത് എന്നു ഞാൻ നിരാശയോടെ ചോദിച്ചു. എന്റെ ഭർത്താവ് ചിരിച്ചു: ''ആരാണ് ഒരു മഹത്തായ അന്ത്യത്തെ ഇഷ്ടപ്പെടാത്തത്?''
എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെയോ സിനിമകളുടെയോ അവസാനത്തിനായി ഞാനും കാത്തിരിക്കാറുണ്ടെന്ന് എനിക്കു സമ്മതിക്കേണ്ടി വന്നു. ഞാൻ എന്റെ ബൈബിൾ മറിച്ചു മറിച്ച് എനിക്കു പ്രിയപ്പെട്ട ഭാഗങ്ങളിലേക്കോ, കൂടുതൽ രസകരവും മനസ്സിലാക്കാൻ എളുപ്പമുള്ളതുമായ കഥകളിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നിരുന്നാലും നമ്മെ രൂപാന്തരപ്പെടുത്തുന്നതിനും യേശുവിലുള്ള വിശ്വാസികളെ സംബന്ധിച്ച് അവനെഴുതുന്ന കഥ നന്നായി അവസാനിക്കുമെന്ന് സ്ഥിരീകരിക്കുന്നതിനുമായി പരിശുദ്ധാത്മാവ് ദൈവത്തിന്റെ വിശ്വസനീയവും ജീവിത-സംബന്ധിയുമായ എല്ലാ വാക്കുകളും ഉപയോഗിക്കുന്നു.
ക്രിസ്തു തന്നെത്തന്നെ ''അല്ഫയും ഓമേഗയും, ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും'' ആയി പ്രഖ്യാപിക്കുന്നു (വെളിപ്പാട് 22:13). തന്റെ ജനം നിത്യജീവൻ അവകാശമാക്കുമെന്ന് അവൻ പ്രഖ്യാപിക്കുകയും (വാ. 14). ''ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്ന്'' കുറയ്ക്കുകയോ അതിനോടു കൂട്ടുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു (വാ. 18-19).
ബൈബിളിലെ എല്ലാം നമുക്കറിയുകയോ മനസ്സിലാകുകയോ ഇല്ലായിരിക്കാം, പക്ഷേ യേശു വീണ്ടും വരുന്നുവെന്ന് നമുക്കറിയാം. അവൻ തന്റെ വചനം പാലിക്കും. അവൻ പാപത്തെ ഇല്ലാതാക്കുകയും എല്ലാ തെറ്റുകളെയും ശരിയാക്കുകയും, എല്ലാറ്റിനെയും പുതിയതാക്കുകയും, നമ്മുടെ സ്‌നേഹസമ്പന്ന രാജാവായി എന്നേക്കും വാഴുകയും ചെയ്യും. ഇപ്പോൾ, അതു നമ്മുടെ പുതിയ തുടക്കത്തിലേക്കു നയിക്കുന്ന ഒരുമഹത്തായ അന്ത്യമാണ്!
ആത്യന്തിക സൗഖ്യദായകൻ
ഒരു കുടുംബാംഗത്തിന്റെ കടുത്ത ഭക്ഷണ അലർജിക്കു ആശ്വാസം നൽകാൻ ചികിത്സ തുടങ്ങിയപ്പോൾ, ഞാൻ വളരെ ആവേശഭരിതയാകുകയും അതിനെക്കുറിച്ച് സദാസമയവും സംസാരിക്കുകയും ചെയ്തു. തീവ്രമായ പ്രക്രിയയെക്കുറിച്ച് ഞാൻ വിവരിക്കുകയും പ്രോഗ്രാം സൃഷ്ടിച്ച ഡോക്ടറെ പ്രശംസിക്കുകയും ചെയ്തു. അവസാനം, ചില സുഹൃത്തുക്കൾ പറഞ്ഞു, ''എല്ലായ്‌പ്പോഴും രോഗസൗഖ്യത്തിനുള്ള ബഹുമതി ദൈവത്തിന് ലഭിക്കണമെന്നാണ് ഞങ്ങൾ കരുതുന്നത്.'' അവരുടെ പ്രസ്താവന എന്നെ ഒരു നിമിഷം നിശ്ചലയാക്കി. ആത്യന്തിക സൗഖ്യദായകനിൽ നിന്ന് ഞാൻ കണ്ണുകൾ മാറ്റി രോഗസൗഖ്യത്തെ ഒരു വിഗ്രഹമാക്കി മാറ്റിയോ?
ദൈവം അവരെ സുഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന താമ്രസർപ്പത്തിനു ധൂപം കാട്ടാൻ തുടങ്ങിയപ്പോൾ, യിസ്രായേൽ ജനം സമാനമായ ഒരു കെണിയിൽ വീണു. ഹിസ്‌ക്കീയാവ് അതു വിഗ്രഹാരാധനയാണെന്നു തിരിച്ചറിഞ്ഞ് ''മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെ ഉടച്ചുകളഞ്ഞതുവരെ'' (2 രാജാക്കന്മാർ 18:4) ഈ ആരാധന അവർ നടത്തിവന്നു.
അനവധി നൂറ്റാണ്ടുകൾക്ക് മുമ്പ്, ഒരു കൂട്ടം വിഷസർപ്പങ്ങൾ യിസ്രായേൽ പാളയത്തെ ആക്രമിച്ചു. സർപ്പങ്ങൾ ആളുകളെ കടിച്ചു, പലരും മരിച്ചു (സംഖ്യാപുസ്തകം 21:6). ആത്മീയ കലാപമാണ് പ്രശ്‌നത്തിനു കാരണമായതെങ്കിലും ആളുകൾ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു. ദൈവം കരുണ കാണിക്കുകയും, ഒരു പിച്ചള സർപ്പത്തെ നിർമ്മിച്ച് ഒരു കൊടിമരത്തിൽ ഉറപ്പിക്കാനും എല്ലാവർക്കും കാണത്തക്കവിധം ഉയർത്തി നാട്ടാനും ദൈവം മോശെയോട് നിർദ്ദേശിച്ചു. കടിയേറ്റ ആളുകൾ അതിനെ നോക്കിയപ്പോൾ അവർ സൗഖ്യം പ്രാപിച്ചു (വാ. 4-9).
നിങ്ങൾക്ക് ദൈവം നൽകിയ ദാനങ്ങളെക്കുറിച്ച് ചിന്തിക്കുക. അവയിൽ ഏതെങ്കിലും, അവന്റെ കാരുണ്യത്തിന്റെയും കൃപയുടെയും തെളിവുകൾ ആകുന്നതിനുപകരം ആരാധനാ വസ്തുക്കളായിത്തീർന്നിട്ടുണ്ടോ? എല്ലാ നല്ല ദാനങ്ങളുടെയും ഉറവിടമായ (യാക്കോബ് 1:17) നമ്മുടെ പരിശുദ്ധനായ ദൈവം മാത്രമാണ് ആരാധനയ്ക്കു യോഗ്യൻ.