ദേശീയപാതയുടെ മധ്യത്തിലെ ഏകാന്ത മീഡിയനിൽ റോഡിൽ നിന്ന് ഏതാനും അടി മാത്രം അകലെ ഒരു സൂര്യകാന്തിച്ചെടി തനിയെ നിൽക്കുന്നു. മുമ്പോട്ട് പോയപ്പോൾ, മൈലുകൾക്കുള്ളിലെങ്ങും മറ്റ് സൂര്യകാന്തിച്ചെടികൾ ഇല്ലാതെ അത് എങ്ങനെ വളർന്നുവെന്ന് ഞാൻ ചിന്തിച്ചു. മധ്യഭാഗത്ത് ചാരനിറത്തിലുള്ള ചരലിൽ റോഡിന് സമീപം വളരാൻ കഴിയുന്നത്ര കഠിനമായ ഒരു ചെടി സൃഷ്ടിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. അവിടെ, അതു തഴച്ചുവളർന്ന് മന്ദമാരുതനിൽ തലയാട്ടി, പാഞ്ഞുപോകുന്ന യാത്രക്കാരെ സന്തോഷപൂർവ്വം അഭിവാദ്യം ചെയ്യുന്നു.

പഴയനിയമത്തിൽ, യെഹൂദ്യയിൽ അപ്രതീക്ഷിതമായി രംഗപ്രവേശം ചെയ്ത വിശ്വസ്തനായ ഒരു രാജാവിന്റെ കഥ പറയുന്നു. അവന്റെ പിതാവും മുത്തച്ഛനും തീക്ഷ്ണതയോടെ മറ്റ് ദേവന്മാരെ സേവിച്ചിരുന്നു; എന്നാൽ യോശീയാവ് അധികാരത്തിലെത്തി എട്ടുവർഷം കഴിഞ്ഞപ്പോൾ, ”അവന്റെ യൗവനത്തിൽ തന്നേ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി” (2 ദിനവൃത്താന്തം 34:3). അവൻ ”യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കുവാൻ” ജോലിക്കാരെ അയച്ചു (വാ. 8). അവർ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തി (പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ; വാ. 14).യെഹൂദ ജനതയെ മുഴുവൻ തങ്ങളുടെ പൂർവ്വികരുടെ വിശ്വാസത്തിലേക്ക് മടക്കുക്കൊണ്ടുവരുവാൻ ദൈവം യോശീയാവിനെ പ്രേരിപ്പിച്ചു, അവർ ”[യോശീയാവിന്റെ] കാലത്തൊക്കെയും”  യഹോവയെ സേവിച്ചു (വാ. 33).

നമ്മുടെ ദൈവം അപ്രതീക്ഷിത കാരുണ്യത്തിന്റെ യജമാനനാണ്. ജീവിതത്തിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളുടെ കഠിനമായ ചരലിൽ നിന്ന് അപ്രതീക്ഷിതമായി ഉയർന്നുവരുന്നതിനാവശ്യമായ നന്മ നൽകാൻ അവിടുത്തേക്കു കഴിയും. അവനെ സൂക്ഷ്മമായി നിരീക്ഷിക്കുക. അവൻ ഇന്ന് അതു വീണ്ടും ചെയ്‌തേക്കാം.