Month: ജൂലൈ 2021

ക്രിസ്തുവിലുള്ള അമൂല്യ ജീവിതങ്ങള്‍

നഷ്ടപ്പെട്ട എന്റെ വിവാഹ മോതിരത്തിനായുള്ള തിരച്ചിലിനിടയില്‍ എന്റെ കവിളുകളില്‍ നിന്നു കണ്ണുനീര്‍ ഒഴുകി. ഒരു മണിക്കൂറോളം സോഫയിലെ കുഷനുകള്‍ മാറ്റിയും ഞങ്ങളുടെ വീടിന്റെ ഓരോ മുക്കിലും മൂലയിലും അരിച്ചുപെറുക്കിയതിനും ശേഷം അലന്‍ പറഞ്ഞു, ''എനിക്കു വിഷമമുണ്ട്. നമുക്കു മറ്റൊന്നു വാങ്ങാം.''

''നന്ദി,'' ഞാന്‍ പ്രതികരിച്ചു. ''എന്നാല്‍ അതിന്റെ വൈകാരികമായ മൂല്യം അതിന്റെ വിലയെക്കാള്‍ കൂടുതലാണ്. അതു മാറ്റാനാകില്ല.'' പ്രാര്‍ത്ഥനയോടെ, ഞാന്‍ ആഭരണത്തിനായി തിരച്ചില്‍ തുടര്‍ന്നു. ''ദൈവമേ, ദയവായി അതു കണ്ടെത്താന്‍ എന്നെ സഹായിക്കണമേ.''

പിന്നീട്, ആഴ്ചയുടെ ആരംഭത്തില്‍ ധരിച്ച ഒരു സ്വെറ്ററിന്റെ പോക്കറ്റിലേക്ക് കൈയിട്ടപ്പോള്‍, അമൂല്യമായ ആഭരണം ഞാന്‍ കണ്ടെത്തി. ''യേശുവേ, നന്ദി!'' ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. ഞാനും ഭര്‍ത്താവും സന്തോഷിക്കുമ്പോള്‍, ഞാന്‍ മോതിരം വിരലിലണിഞ്ഞുകൊണ്ട്, ഒരു ദ്രഹ്മ നഷ്ടപ്പെട്ട സ്ത്രീയുടെ ഉപമ ഓര്‍മ്മിച്ചു (ലൂക്കൊസ് 15:8-10). നഷ്ടപ്പെട്ട വെള്ളി നാണയം തിരഞ്ഞ സ്ത്രീയെപ്പോലെ, നഷ്ടപ്പെട്ടവയുടെ മൂല്യം ഞാനറിഞ്ഞു. ഞങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ ആഗ്രഹിച്ചതില്‍ ഞങ്ങളെ രണ്ടുപേരെയും തെറ്റുപറയാന്‍ കഴിയുമായിരുന്നില്ല. താന്‍ സൃഷ്ടിച്ച ഓരോ വ്യക്തിയെയും രക്ഷിക്കാനുള്ള തന്റെ ആഗ്രഹം ഊന്നിപ്പറയാന്‍ യേശു ആ കഥ ഉപയോഗിച്ചു. അനുതപിക്കുന്ന ഒരു പാപി സ്വര്‍ഗ്ഗത്തില്‍ വലിയ ആഘോഷത്തിനു കാരണമാകുന്നു. 

നഷ്ടപ്പെട്ട നിധികള്‍ കണ്ടെത്താനായി നാം പ്രാര്‍ത്ഥിക്കുന്നതുപോലെ, മറ്റുള്ളവര്‍ക്കുവേണ്ടി ആവേശത്തോടെ പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയായിത്തീരുന്നത് എത്ര വലിയ ദാനമായിരിക്കും. ആരെങ്കിലും അനുതപിക്കുകയും തങ്ങളുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ആഘോഷിക്കാന്‍ കഴിയുന്നത് എത്ര വലിയ പദവിയാണ്. നാം നമ്മുടെ ആശ്രയം യേശുവില്‍ വെച്ചിട്ടുണ്ടെങ്കില്‍, നാം കണ്ടെത്തപ്പെടേണ്ടവരാണ് എന്നു ചിന്തിച്ചു നമുക്കുവേണ്ടിയുള്ള അന്വേഷണം ഒരിക്കലും അവസാനിപ്പിക്കാതിരുന്ന ഒരുവനാല്‍ സ്‌നേഹിക്കപ്പെട്ടതിന്റെ സന്തോഷം അനുഭവിക്കാനിടയായതില്‍ നമുക്കു നന്ദിയുള്ളവരാകാം.

അസൂയയെ അതിജീവിക്കുക

ഒരു പ്രശസ്ത ഇംഗ്ലീഷ് സിനിമയില്‍, ഒരു പ്രായമായ സംഗീതജ്ഞന്‍ ഒരു സന്ദര്‍ശക പുരോഹിതനുവേണ്ടി പിയാനോയില്‍ തന്റെ ചില ഗാനങ്ങള്‍ വായിച്ചു. ലജ്ജിതനായ പുരോഹിതന്‍ താന്‍ രാഗങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്ന് സമ്മതിച്ചു. ''ഇതിനെക്കുറിച്ച് എന്തുപറയുന്നു?'' പരിചിതമായ ഒരു മെലഡി വായിച്ചുകൊണ്ട് സംഗീതജ്ഞന്‍ ചോദിച്ചു. ''താങ്കളാണ് അതെഴുതിയത് എന്നു ഞാനറിഞ്ഞില്ല'' പുരോഹിതന്‍ പറഞ്ഞു. ''ഞാനും അറിഞ്ഞിരുന്നില്ല,'' അദ്ദേഹം മറുപടി നല്‍കി, ''അതു മൊസാര്‍ട്ട് ആണ്!'' പ്രേക്ഷകര്‍ പിന്നീട് കണ്ടെത്തുന്നതുപോലെ, മൊസാര്‍ട്ടിന്റെ വിജയം ഈ സംഗീതജ്ഞനില്‍ കടുത്ത അസൂയ ഉളവാക്കിയിരുന്നു - മൊസാര്‍ട്ടിന്റെ മരണത്തില്‍ ഒരു പങ്കുവഹിക്കാന്‍പോലും അതയാളെ പ്രേരിപ്പിച്ചു.

മറ്റൊരു അസൂയക്കഥയുടെ പിന്നിലും ഒരു ഗാനമുണ്ട്. ഗൊല്യാത്തിന്റെമേല്‍ ദാവീദ് വിജയം നേടിയശേഷം യിസ്രായേല്യര്‍ ഹൃദയം തുറന്നു പാടി, ''ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ'' (1 ശമൂവേല്‍ 18:7). താരതമ്യം ശൗലിനു സന്തോഷകരമായിരുന്നില്ല. ദാവീദിന്റെ വിജയത്തില്‍ അസൂയയും സിംഹാസനം നഷ്ടപ്പെടുമോ എന്ന ഭയവും (വാ. 8-9) നിമിത്തം ദാവീദിന്റെ ജീവനെടുക്കാനായി ശൗല്‍ അവനെ ദീര്‍ഘകാലം പിന്തുടര്‍ന്നു. 

സംഗീതത്തെച്ചൊല്ലി ഈ സംഗീതജ്ഞനോ, അധികാരത്തെച്ചൊല്ലി ശൗലോ ചെയ്തതുപോലെ, നാമും സാധാരണയായി നമുക്കു സമാനമായതും എന്നാല്‍ ഉയര്‍ന്ന നിലയിലും കഴിവുകളുള്ളവരോട് അസൂയപ്പെടാന്‍ പരീക്ഷിക്കപ്പെടാറുണ്ട്. അത് അവരുടെ ജോലിയുടെ തെറ്റ് കണ്ടുപിടിക്കുന്നതിലൂടെ ആയാലും അല്ലെങ്കില്‍ അവരുടെ വിജയത്തെ ചെറുതായിക്കാണിക്കുന്നതിലൂടെ ആയാലും, നമ്മുടെ ''എതിരാളികളെ'' തകര്‍ക്കാന്‍ നാം ശ്രമിക്കും.

ശൗലിനെ ദൗത്യനിര്‍വഹണത്തിനായി ദൈവം തിരഞ്ഞെടുത്തതാണ് (10:6-7, 24), അതവനില്‍ അസൂയയേക്കാള്‍ സുരക്ഷിതത്വം ഉറപ്പിക്കേണ്ടതായിരുന്നു. നമുക്കെല്ലാവര്‍ക്കും അതുല്യമായ വിളികളുണ്ട് (എഫെസ്യര്‍ 2:10), അതിനാല്‍ അസൂയയെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് ഉപേക്ഷിക്കുക എന്നതാണ്. പകരം പരസ്പരം മറ്റുള്ളവരുടെ വിജയങ്ങള്‍ ആഘോഷിക്കാം.

യേശു നമ്മുടെ സമാധാനം

ടെലിമാക്കസ് എന്ന സന്യാസി ശാന്തമായ ജീവിതമാണു നയിച്ചിരുന്നതെങ്കിലും, നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അദ്ദേഹത്തിന്റെ മരണം ലോകത്തെ മാറ്റിമറിച്ചു. കിഴക്കു നിന്നു റോം സന്ദര്‍ശിച്ച ടെലിമാക്കസ് രക്തരൂക്ഷിതമായ മല്ലയുദ്ധത്തിനെതിരെ ഇടപെട്ടു. സ്റ്റേഡിയത്തിന്റെ മതിലിനു മുകളില്‍ കയറിനിന്ന് ഗ്ലാഡിയേറ്റര്‍മാര്‍ പരസ്പരം കൊല്ലുന്നതില്‍ നിന്ന് അവരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രകോപിതരായ ജനക്കൂട്ടം സന്യാസിയെ കല്ലെറിഞ്ഞു കൊന്നു. എന്നിരുന്നാലും ടെലിക്കാസിന്റെ പ്രവൃത്തിയില്‍ ആകൃഷ്ടനായ ഹൊണോറിയസ് ചക്രവര്‍ത്തി, 500 വര്‍ഷത്തെ ചരിത്രമുള്ള മല്ലയുദ്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

പൗലൊസ് യേശുവിനെ ''നമ്മുടെ സമാധാനം'' എന്നു വിളിക്കുമ്പോള്‍, യെഹൂദന്മാരും വിജാതീയരും തമ്മിലുള്ള ശത്രുത അവസാനിക്കുന്നതിനെയാണ് അവന്‍ പരാമര്‍ശിക്കുന്നത് (എഫെസ്യര്‍ 2:14). ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായ യിസ്രായേല്‍ വിജാതീയരില്‍ നിന്നകന്ന് ചില പ്രത്യേക പദവികള്‍ അനുഭവിച്ചിരുന്നു. ഉദാഹരണത്തിന്, യെരുശലേം ദൈവാലയത്തില്‍ വിജാതീയരെ ആരാധിക്കാന്‍ അനുവദിച്ചിരുന്നെങ്കിലും, ഒരു മതില്‍ അവരെ പുറത്തെ പ്രാകാരത്തില്‍ തന്നെ ഒതുക്കിനിര്‍ത്തി - ഉള്ളില്‍ കടന്നാല്‍ വധശിക്ഷയായിരുന്നു ഫലം. യെഹൂദന്മാര്‍ വിജാതീയരെ അശുദ്ധരായി കരുതി, വിജാതീയര്‍ തിരിച്ചും. എന്നാല്‍ ഇപ്പോള്‍, യേശു എല്ലാവര്‍ക്കുംവേണ്ടി മരിച്ച് ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍, യേശുവിലുള്ള വിശ്വാസത്താല്‍ യെഹൂദനും ജാതിക്കും ഒരുപോലെ ദൈവത്തെ സ്വാതന്ത്ര്യത്തോടെ ആരാധിക്കാന്‍ കഴിയും (വാ. 18-22). വിഭജിക്കുന്ന മതില്‍ ഇനിയില്ല. ഒരു സമൂഹത്തിനു മറ്റൊന്നിനേക്കാള്‍ പ്രത്യേകാവകാശമില്ല. ദൈവമുമ്പാകെ ഇരുവരും തുല്യരാണ്.

ടെലിമാക്കസ് തന്റെ മരണത്തിലൂടെ യോദ്ധാക്കള്‍ക്കു സമാധാനം നല്‍കിയതുപോലെ, യേശുവും തന്റെ മരണ, പുനരുത്ഥാനങ്ങളിലൂടെ തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സമാധാനവും നിരപ്പും സാധ്യമാക്കുന്നു. അതിനാല്‍, യേശു നമ്മുടെ സമാധാനമാണെങ്കില്‍, നമ്മുടെ വ്യത്യാസങ്ങള്‍ നമ്മെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്. അവിടുത്തെ രക്തത്താല്‍ അവിടുന്നു നമ്മെ ഒന്നാക്കി.

ദൈവസ്‌നേഹമാണ് കൂടുതല്‍ ശക്തം

2020 ല്‍, അലിസ്സ മെന്‍ഡോസയ്ക്ക് അര്‍ദ്ധരാത്രിയില്‍ പിതാവില്‍ നിന്ന് അതിശയകരമായ ഒരു ഇമെയില്‍ ലഭിച്ചു. മാതാപിതാക്കളുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികത്തില്‍ അമ്മയ്ക്ക് എന്തെല്ലാം ചെയ്യണമെന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സന്ദേശത്തിലുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇതവളെ ഞെട്ടിച്ചത്? അലിസ്സയുടെ പിതാവ് പത്തുമാസം മുമ്പു മരണമടഞ്ഞിരുന്നു. അദ്ദേഹം രോഗിയായിരിക്കുമ്പോള്‍, താന്‍ ജീവിച്ചിരിക്കയില്ലെന്നു മനസ്സിലായ അദ്ദേഹം ഇമെയില്‍ എഴുതി ഷെഡ്യൂള്‍ ചെയ്യുകയായിരുന്നുവെന്ന് അവള്‍ കണ്ടെത്തി. തന്റെ ഭാര്യയുടെ ഭാവിയില്‍ വരാനിരിക്കുന്ന ജന്മദിനം, വാര്‍ഷികങ്ങള്‍, വാലന്റൈന്‍സ് ദിനം എന്നിവയില്‍ പൂക്കള്‍ അയയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്ത് പണവും അദ്ദേഹം നല്‍കി.

ഉത്തമഗീതത്തില്‍ വിശദമായി വിവരിച്ചിരിക്കുന്ന തരത്തിലുള്ള സ്‌നേഹത്തിന്റെ ഉദാഹരണമായി ഈ കഥ നിലകൊള്ളുന്നു. ''പ്രേമം മരണംപോലെ ബലമുള്ളതും പത്‌നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു'' (8:6). ശവക്കുഴികളെയും മരണത്തെയും പ്രണയവുമായി താരതമ്യം ചെയ്യുന്നത് വിചിത്രമായി തോന്നുന്നു. പക്ഷേ അവ ശക്തമാണ്, കാരണം അവ തങ്ങളുടെ ബന്ദികളെ വിട്ടുകൊടുക്കുകയില്ല. എന്നിരുന്നാലും, യഥാര്‍ത്ഥ സ്‌നേഹവും സ്‌നേഹഭാജനങ്ങളെ ഉപേക്ഷിക്കുകയില്ല. 6-7 വാക്യങ്ങളില്‍ പുസ്തകം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു; വൈവാഹിക പ്രണയത്തെ ''ഏറിയ വെള്ളങ്ങള്‍ക്കും കെടുത്തുവാന്‍ കഴികയില്ല'' (വാ. 7).

ബൈബിളിലുടനീളം, ഭാര്യാഭര്‍ത്താക്കന്മാരുടെ സ്‌നേഹത്തെ ദൈവസ്‌നേഹവുമായി താരതമ്യപ്പെടുത്തുന്നു (യെശയ്യാവ് 54:5; എഫെസ്യര്‍ 5:25; വെളിപ്പാട് 21:2). യേശു മണവാളനും സഭ അവന്റെ മണവാട്ടിയും. നാം നമ്മുടെ പാപങ്ങളില്‍ മരിക്കാതിരിക്കേണ്ടതിന് നമുക്കു പകരം മരണത്തെ അഭിമുഖീകരിക്കുന്നതിനായി ക്രിസ്തുവിനെ അയച്ചതിലൂടെ ദൈവം നമ്മോടുള്ള സ്‌നേഹം കാണിച്ചു. (യോഹന്നാന്‍ 3:16). നമ്മള്‍ വിവാഹിതരോ അവിവാഹിതരോ ആകട്ടെ, ദൈവസ്‌നേഹം നമുക്കു സങ്കല്പിക്കാവുന്ന എന്തിനെക്കാളും ശക്തമാണെന്നു നമുക്കോര്‍മ്മിക്കാം.

ദൈവം നല്‍കുന്ന സന്തോഷം

ദിവ്യ വെളിയില്‍ പോകുമ്പോഴൊക്കെ മറ്റുള്ളവരുടെ നേരെ ചിരിക്കാന്‍ അവള്‍ എപ്പോഴും ശ്രമിക്കുന്നു. സൗഹൃദപരമായ ഒരു മുഖം കാണേണ്ട ആവശ്യമുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള അവളുടെ വഴിയാണിത്. മിക്കപ്പോഴും, അവള്‍ക്ക് ഒരു യഥാര്‍ത്ഥ പുഞ്ചിരി പ്രതിഫലമായി ലഭിക്കുന്നു. എന്നാല്‍ ഫെയ്സ്മാസ്‌ക് ധരിക്കാന്‍ ദിവ്യ നിര്‍ബന്ധിതയായിരുന്ന ഒരു സമയത്ത് ആളുകള്‍ക്ക് അവളുടെ അധരം കാണാന്‍ കഴിയില്ലെന്നും അതിനാല്‍ ആര്‍ക്കും അവളുടെ പുഞ്ചിരി കാണാന്‍ കഴിയില്ലെന്നും അവള്‍ മനസ്സിലാക്കി. ഇതു സങ്കടകരമാണ്, അവള്‍ ചിന്തിച്ചു, പക്ഷേ ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ല. ഞാന്‍ പുഞ്ചിരിക്കുന്നതായി അവര്‍ക്ക് എന്റെ കണ്ണുകളില്‍ കാണാമല്ലോ.

ആ ആശയത്തിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ കുറച്ചു ശാസ്ത്രമുണ്ട്. വായയുടെ കോണുകളിലെ പേശികളും കണ്ണുകള്‍ ചിമ്മുവാന്‍ സഹായിക്കുന്നവയും ഒരുമിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഇതിനെ ഡുഷെന്‍ പുഞ്ചിരി എന്നു വിളിക്കുന്നു, അതിനെ ''കണ്ണുകള്‍കൊണ്ടു പുഞ്ചിരിക്കുക'' എന്നു പറയുന്നു.

''കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു'' എന്നും ''സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു'' എന്നും സദൃശവാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (15:30; 17:22). പലപ്പോഴും, ദൈവമക്കളുടെ പുഞ്ചിരി ഉണ്ടാകുന്നത് നമുക്കുള്ള അമാനുഷിക സന്തോഷത്തില്‍ നിന്നാണ്. ഇത് ദൈവത്തില്‍ നിന്നുള്ള ഒരു ദാനവും, ഭാരം ചുമക്കുന്ന ആളുകളെ നാം ധൈര്യപ്പെടുത്തുകയോ അല്ലെങ്കില്‍ ജീവിത ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നവരുമായി അവ പങ്കിടുകയോ ചെയ്യുമ്പോള്‍ പതിവായി നമ്മുടെ ജീവിതത്തിലേക്കു വ്യാപിക്കുന്നതുമാകുന്നു. നാം തന്നെ കഷ്ടതകള്‍ അനുഭവിക്കുമ്പോഴും നമ്മുടെ സന്തോഷം തിളങ്ങിക്കൊണ്ടിരിക്കും.

ജീവിതം അന്ധകാരപൂര്‍ണ്ണമായി തോന്നുമ്പോള്‍, സന്തോഷം തിരഞ്ഞെടുക്കുക. നിങ്ങളുടെ പുഞ്ചിരി, നിങ്ങളുടെ ജീവിതത്തിലെ ദൈവസ്‌നേഹത്തെയും ദൈവിക സാന്നിധ്യത്തിന്റെ പ്രകാശത്തെയും പ്രതിഫലിപ്പിക്കുന്ന പ്രത്യാശയുടെ ഒരു ജാലകമായിരിക്കട്ടെ.