ദിവ്യ വെളിയില്‍ പോകുമ്പോഴൊക്കെ മറ്റുള്ളവരുടെ നേരെ ചിരിക്കാന്‍ അവള്‍ എപ്പോഴും ശ്രമിക്കുന്നു. സൗഹൃദപരമായ ഒരു മുഖം കാണേണ്ട ആവശ്യമുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള അവളുടെ വഴിയാണിത്. മിക്കപ്പോഴും, അവള്‍ക്ക് ഒരു യഥാര്‍ത്ഥ പുഞ്ചിരി പ്രതിഫലമായി ലഭിക്കുന്നു. എന്നാല്‍ ഫെയ്സ്മാസ്‌ക് ധരിക്കാന്‍ ദിവ്യ നിര്‍ബന്ധിതയായിരുന്ന ഒരു സമയത്ത് ആളുകള്‍ക്ക് അവളുടെ അധരം കാണാന്‍ കഴിയില്ലെന്നും അതിനാല്‍ ആര്‍ക്കും അവളുടെ പുഞ്ചിരി കാണാന്‍ കഴിയില്ലെന്നും അവള്‍ മനസ്സിലാക്കി. ഇതു സങ്കടകരമാണ്, അവള്‍ ചിന്തിച്ചു, പക്ഷേ ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ല. ഞാന്‍ പുഞ്ചിരിക്കുന്നതായി അവര്‍ക്ക് എന്റെ കണ്ണുകളില്‍ കാണാമല്ലോ.

ആ ആശയത്തിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ കുറച്ചു ശാസ്ത്രമുണ്ട്. വായയുടെ കോണുകളിലെ പേശികളും കണ്ണുകള്‍ ചിമ്മുവാന്‍ സഹായിക്കുന്നവയും ഒരുമിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഇതിനെ ഡുഷെന്‍ പുഞ്ചിരി എന്നു വിളിക്കുന്നു, അതിനെ ”കണ്ണുകള്‍കൊണ്ടു പുഞ്ചിരിക്കുക” എന്നു പറയുന്നു.

”കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു” എന്നും ”സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു” എന്നും സദൃശവാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (15:30; 17:22). പലപ്പോഴും, ദൈവമക്കളുടെ പുഞ്ചിരി ഉണ്ടാകുന്നത് നമുക്കുള്ള അമാനുഷിക സന്തോഷത്തില്‍ നിന്നാണ്. ഇത് ദൈവത്തില്‍ നിന്നുള്ള ഒരു ദാനവും, ഭാരം ചുമക്കുന്ന ആളുകളെ നാം ധൈര്യപ്പെടുത്തുകയോ അല്ലെങ്കില്‍ ജീവിത ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നവരുമായി അവ പങ്കിടുകയോ ചെയ്യുമ്പോള്‍ പതിവായി നമ്മുടെ ജീവിതത്തിലേക്കു വ്യാപിക്കുന്നതുമാകുന്നു. നാം തന്നെ കഷ്ടതകള്‍ അനുഭവിക്കുമ്പോഴും നമ്മുടെ സന്തോഷം തിളങ്ങിക്കൊണ്ടിരിക്കും.

ജീവിതം അന്ധകാരപൂര്‍ണ്ണമായി തോന്നുമ്പോള്‍, സന്തോഷം തിരഞ്ഞെടുക്കുക. നിങ്ങളുടെ പുഞ്ചിരി, നിങ്ങളുടെ ജീവിതത്തിലെ ദൈവസ്‌നേഹത്തെയും ദൈവിക സാന്നിധ്യത്തിന്റെ പ്രകാശത്തെയും പ്രതിഫലിപ്പിക്കുന്ന പ്രത്യാശയുടെ ഒരു ജാലകമായിരിക്കട്ടെ.