സംതൃപ്തിയുടെ രഹസ്യം
നീന്തല്‍ അപകടത്തെ തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്ന ജോനി എറെക്‌സണ്‍ ടാഡ വീട്ടിലേക്കു മടങ്ങിയെത്തിയപ്പോള്‍, അവളുടെ ജീവിതം പാടേ വ്യത്യാസപ്പെട്ടിരുന്നു. ഇപ്പോള്‍ വീടിന്റെ വാതിലുകള്‍ അവളുടെ വീല്‍ചെയറിനു കടക്കാന്‍ കഴിയാത്തവിധം ഇടുങ്ങിയതും സിങ്കുകള്‍ വളരെ ഉയര്‍ന്നതുമായിരുന്നു. സ്വയം ഭക്ഷണം കഴിക്കാന്‍ അവള്‍ പഠിക്കുന്നതുവരെ ആരെങ്കിലും അവള്‍ക്കു ഭക്ഷണം നല്‍കേണ്ടിയിരുന്നു. കൈയുടെ സ്ഥാനത്തുള്ള സ്പ്ലിന്റില്‍ ഘടിപ്പിച്ച സ്പൂണ്‍ അവള്‍ ആദ്യമായി വായിലേക്ക് ഉയര്‍ത്തിയപ്പോള്‍, ആപ്പിള്‍ സോസ് വസ്ത്രങ്ങളിലെല്ലാം വീണത് അവള്‍ക്ക് അപമാനകരമായി തോന്നി. പക്ഷേ അവള്‍ തളര്‍ന്നില്ല. അവള്‍ പറയുന്നതുപോലെ, 'യേശുവിനെ ആശ്രയിക്കുന്നതും 'ഓ, ദൈവമേ, എന്നെ ഇതിനു സഹായിക്കൂ!' എന്നു പറയുന്നതും ആയിരുന്നു എന്റെ രഹസ്യം.'' ഇന്ന് അവള്‍ ഒരു സ്പൂണ്‍ നന്നായി കൈകാര്യം ചെയ്യുന്നു.
തന്റെ തടവിലാക്കപ്പെട്ട അവസ്ഥ, മറ്റൊരു തടവുകാരനെയും - റോമന്‍ ജയിലില്‍ അടയ്ക്കപ്പെട്ട അപ്പൊസ്തലനായ പൗലൊസിനെ - ഫിലിപ്പിയര്‍ക്ക് അദ്ദേഹമയച്ച കത്തിനെയും നോക്കിക്കാണാന്‍ തന്നെ സഹായിച്ചതായി ജോനി പറയുന്നു. പൗലൊസ് നേടിയ നേട്ടങ്ങള്‍ക്കായി ജോനി പരിശ്രമിക്കുന്നു: ''ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്'' (ഫിലിപ്പിയര്‍ 4:11). സമാധാനമായിരിക്കാന്‍ പൗലൊസിന് പഠിക്കേണ്ടതുണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധിക്കുക. അവന്‍ സഹജമായി സമാധാനത്തിലായിരുന്നില്ല. എങ്ങനെയാണ് അവന്‍ സംതൃപ്തി കണ്ടെത്തിയത്? ക്രിസ്തുവില്‍ ആശ്രയിച്ചതിലൂടെ: ''എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു'' (വാ. 13).
നാമെല്ലാവരും വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്നു; ആ സമയങ്ങളിലെല്ലാം സഹായത്തിനും ശക്തിക്കും സമാധാനത്തിനുമായി നമുക്കെല്ലാവര്‍ക്കും യേശുവിനെ നോക്കാനാകും. നമ്മുടെ പ്രിയപ്പെട്ടവരെ പഴിചാരുന്നതില്‍ നിന്നു പിന്തിരിയാന്‍ അവിടുന്നു നമ്മെ സഹായിക്കും; കഠിനമായ അടുത്ത കാര്യം ചെയ്യാന്‍ അവിടുന്നു നമുക്കു ധൈര്യം നല്‍കും. അവങ്കലേക്കു നോക്കുക, സംതൃപ്തി കണ്ടെത്തുക.
നിങ്ങളുടെ ജീവിതത്തിന്റെ അഭിനിവേശം
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സായാഹ്നത്തില്‍, ഞാനും ഭാര്യയും രണ്ടു സുഹൃത്തുക്കളോടൊപ്പം ഒരു മലയോര പാതയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പാത ഇടുങ്ങിയതും ഒരു വശം കിഴുക്കാംതൂക്കായുള്ളതും മറുവശം ചെങ്കുത്തായ മലയുമായിരുന്നു.
ഞങ്ങള്‍ ഒരു വളവു തിരിഞ്ഞുവരുമ്പോള്‍, ഒരു വലിയ കരടി റോഡിനു നടുവില്‍ തല ഇരുവശത്തേക്കും ആട്ടിക്കൊണ്ടും പതുക്കെ മുരണ്ടുകൊണ്ടും നില്‍ക്കുന്നതു കണ്ടു. ഞങ്ങള്‍ ഇറക്കം ഇറങ്ങുകയായിരുന്നു. അവന്‍ ഞങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയില്ല, പക്ഷേ അവന്‍ ഉടന്‍ ഞങ്ങളെ കാണുമെന്നുറപ്പായിരുന്നു.
ഞങ്ങളുടെ സുഹൃത്ത് ക്യാമറയ്ക്കായി അവളുടെ ജാക്കറ്റില്‍ പരതാന്‍ തുടങ്ങി. ''ഓ, ഒരു ചിത്രം എടുക്കണം!'' അവള്‍ പറഞ്ഞു. ഞങ്ങള്‍ അകപ്പെട്ടിരിക്കുന്ന അപകടത്തില്‍ അസ്വസ്ഥയായി ഞാന്‍ പറഞ്ഞു, ''വേണ്ട, നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടണം.'' അങ്ങനെ ഞങ്ങള്‍ കരടിയുടെ കാഴ്ചയ്ക്കപ്പുറത്തേക്കു പതുക്കെ പുറകോട്ടു നടന്നു - അഥവാ ഓടി രക്ഷപ്പെട്ടു.
സമ്പന്നരാകാനുള്ള അപകടകരമായ അഭിനിവേശത്തെക്കുറിച്ച് അങ്ങനെയാണു നമുക്കു തോന്നേണ്ടത്. പണത്തില്‍ തെറ്റൊന്നുമില്ല; ഇത് ഒരു കൈമാറ്റ മാധ്യമം മാത്രമാണ്. എന്നാല്‍ സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നവര്‍ ''പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു'' എന്ന് പൗലൊസ് എഴുതി (1 തിമൊഥെയൊസ് 6:9). സമ്പത്ത് എന്നത് കൂടുതല്‍ നേടാനുള്ള ഒരു പ്രേരണ മാത്രമാണ്.
പകരം, നാം നീതി, ഭക്തി, വിശ്വാസം, സ്‌നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരണം'' (വാ. 11). നാം അവയെ പിന്തുടരുകയും അവ നമ്മുടെ ഉള്ളില്‍ രൂപപ്പെടാന്‍ ദൈവത്തോട്് അപേക്ഷിക്കുകയും ചെയ്യുമ്പോള്‍ ഈ സ്വഭാവവിശേഷങ്ങള്‍ നമ്മില്‍ വളരുന്നു. ഇങ്ങനെയാണ് ദൈവത്തില്‍ നാം അന്വേഷിക്കുന്ന അഗാധമായ സംതൃപ്തി നമുക്കു ലഭിക്കുന്നത്.
ദൈവിക സംരക്ഷണം
സൂചികള്‍, പാല്‍, കൂണ്‍, എലിവേറ്ററുകള്‍, ജനനങ്ങള്‍, തേനീച്ചകള്‍, ബ്ലെന്‍ഡറുകളിലെ ഈച്ചകള്‍ - മങ്ക് എന്ന റ്റിവി ഷോയിലെ കുറ്റാന്വേഷകനും പ്രധാന കഥാപാത്രവുമായ മിസ്റ്റര്‍ അഡ്രിയാന്‍ മങ്കിനെ ഭയപ്പെടുത്തുന്ന കാര്യങ്ങളില്‍ ചിലതു മാത്രമാണിവ. അയാളും ദീര്‍ഘകാല എതിരാളിയായ ഹാരോള്‍ഡ് ക്രെന്‍ഷോയും ഒരുമിച്ച് ഒരു കാറിന്റെ ഡിക്കിയില്‍ പൂട്ടപ്പെട്ടപ്പോള്‍, തന്റെ ഭയത്തിന്റെ പട്ടികയില്‍ നിന്ന് ഒന്നിനെയെങ്കിലും - ക്ലോസ്‌ട്രോഫോബിയ - മറികടക്കാന്‍ മങ്കിന് അവസരം ലഭിച്ചു.
മങ്കും ഹാരോള്‍ഡും ഒരുപോലെ പരിഭ്രാന്തരായിക്കൊണ്ടിരിക്കുമ്പോഴാണ് മങ്കിന് വെളിപ്പാടുണ്ടായത്. 'ഒരുപക്ഷേ നാമിതിനെ തെറ്റായ രീതിയിലാണു നോക്കുന്നതെന്നു ഞാന്‍ കരുതുന്നു,' അയാള്‍ ഹരോള്‍ഡിനോടു പറഞ്ഞു. 'ഈ ഡിക്കി, ഈ ഭിത്തികള്‍. . . അവ നമ്മെ അടച്ചുവയ്ക്കുകയല്ല. . . അവ നമ്മെ സംരക്ഷിക്കുകയാണ്, ശരിക്കും. അണുക്കള്‍, പാമ്പുകള്‍, ഹാര്‍മോണിയങ്ങള്‍ എന്നിവയില്‍നിന്നു അവ നമ്മെ സംരക്ഷിക്കുകയാണ്.' വിടര്‍ന്ന കണ്ണുകളോടെ, അയാള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു മനസ്സിലാക്കി ഹാരോള്‍ഡ് അത്ഭുതത്തോടെ മന്ത്രിച്ചു, 'ഈ ഡിക്കി നമ്മുടെ സുഹൃത്താണ്.'
63-ാം സങ്കീര്‍ത്തനത്തില്‍, ദാവീദിന് സമാനമായ വെളിപ്പാട് ഉണ്ടായതുപോലെ തോന്നുന്നു. ''ഉണങ്ങിവരണ്ട ഒരു ദേശത്ത്'' ആയിരുന്നിട്ടും, ദൈവത്തിന്റെ ശക്തി, മഹത്വം, ദയ എന്നിവ ദാവീദ് ഓര്‍മ്മിക്കുമ്പോള്‍ (വാ. 1-3), മരുഭൂമി ദൈവത്തിന്റെ സംരക്ഷണത്തിന്റെയും കരുതലിന്റെയും ഒരിടമായി മാറുന്നതുപോലെ തോന്നി. ഒരു പക്ഷിക്കുഞ്ഞ് അമ്മയുടെ ചിറകിന്റെ സംരക്ഷണത്തില്‍ ഒളിച്ചിരിക്കുന്നതുപോലെ, ദാവീദ് ദൈവത്തോടു പറ്റിനില്‍ക്കുമ്പോള്‍, ആ ശൂന്യമായ സ്ഥലത്തുപോലും, ''ഏറ്റവും സമ്പന്നമായ ഭക്ഷണംകൊണ്ടെന്നപോലെ'' വിരുന്നു കഴിക്കാന്‍ കഴിയുമെന്ന് ദാവീദു കണ്ടെത്തുന്നു (വാ. 5), അതില്‍ ''ജീവനെക്കാള്‍ നല്ലതായ'' (വാ. 3) പോഷണവും ശക്തിയും അവന്‍ കണ്ടെത്തുന്നു.
ദയയുടെ പൈതൃകം
മുപ്പതു വര്‍ഷത്തിലേറെക്കാലം മാര്‍ത്ത ഒരു പ്രാഥമിക വിദ്യാലയത്തില്‍ അസിസ്റ്റന്റ് ടീച്ചറായി സേവനമനുഷ്ഠിച്ചു. എല്ലാ വര്‍ഷവും, ഞെരുക്കമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ അവള്‍ പണം ലാഭിച്ചു. രക്താര്‍ബുദം ബാധിച്ച് അവള്‍ മരിച്ചതിനുശേഷം, ഞങ്ങള്‍ അവളുടെ ആജീവനാന്ത സേവനത്തിന്റെ സ്മരണയ്ക്കായി ഒരു ആഘോഷം നടത്തി. പൂക്കള്‍ക്കു പകരമായി, പതിറ്റാണ്ടുകളായി അവള്‍ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നൂറുകണക്കിനു പുതിയ വസ്ത്രങ്ങള്‍ ആളുകള്‍ സംഭാവന ചെയ്തു. ദയാപൂര്‍വ്വമായ വാക്കുകളും ചിന്തനീയമായ പ്രവൃത്തികളും ഉപയോഗിച്ച് മാര്‍ത്ത മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച എണ്ണമറ്റ വഴികളെക്കുറിച്ചുള്ള കഥകള്‍ പലരും പങ്കിട്ടു. നിത്യതയുടെ ഈ വശത്ത് അവളുടെ ജീവിതം അവസാനിച്ചതിനുശേഷം മൂന്നു വര്‍ഷത്തേക്ക് അവളുടെ സഹഅധ്യാപകര്‍ ആവശ്യമുള്ള കുട്ടികള്‍ക്കു വസ്ത്രങ്ങള്‍ നല്‍കി അവളുടെ ഓര്‍മ്മയെ ആദരിച്ചു. അവളുടെ ദയയുടെ പൈതൃകം, ആവശ്യമുള്ളവരെ ഉദാരമായി സേവിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു.
അപ്പൊസ്തല പ്രവൃത്തികള്‍ 9 ല്‍, 'വളരെ സല്‍പ്രവൃത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്ന' ഡോര്‍ക്കസ് എന്ന സ്ത്രീയെക്കുറിച്ചുള്ള ഒരു കഥ അപ്പൊസ്തലനായ ലൂക്കൊസ് പങ്കുവെക്കുന്നു (വാ. 36). അവള്‍ രോഗബാധിതയായി മരിച്ചതിനുശേഷം, ദുഃഖിതരായ സമൂഹം തങ്ങളെ സന്ദര്‍ശിക്കാന്‍ പത്രൊസിനെ നിര്‍ബന്ധിച്ചു. ഡോര്‍ക്കസ് മറ്റുള്ളവരെ സേവിച്ചുകൊണ്ടു ജീവിച്ചതിന്റെ തെളിവുകള്‍ എല്ലാ വിധവമാരും പത്രൊസിനു കാണിച്ചുകൊടുത്തു (വാ. 39). മനസ്സലിവിന്റെ അത്ഭുതകരമായ ഒരു പ്രവൃത്തിയിലൂടെ പത്രൊസ് ഡോര്‍ക്കസിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു. ഡോര്‍ക്കാസിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നു, 'പലരും കര്‍ത്താവില്‍ വിശ്വസിച്ചു' (വാ. 42). എന്നാല്‍ പ്രായോഗിക മാര്‍ഗ്ഗങ്ങളിലൂടെ മറ്റുള്ളവരെ സേവിക്കാനുള്ള ഡോര്‍ക്കസിന്റെ പ്രതിബദ്ധതയാണ് അവളുടെ സമൂഹത്തിലെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും സ്‌നേഹപൂര്‍വമായ ഔദാര്യത്തിന്റെ ശക്തി വെളിപ്പെടുത്തുകയും ചെയ്തത്.
അവന്‍ നമ്മെ കേള്‍ക്കുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്കഌന്‍ ഡി. റൂസ്‌വെല്‍റ്റ് പലപ്പോഴും വൈറ്റ്ഹൗസില്‍ തന്നെ സ്വീകരിക്കാന്‍ നില്‍ക്കുന്നവരുടെ നീണ്ട നിരയെ സഹിച്ചിരുന്നു. കഥയില്‍ വിവരിക്കുന്നതനുസരിച്ച്, താന്‍ പറയുന്ന കാര്യങ്ങള്‍ ആരും ശ്രദ്ധിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. അതിനാല്‍, ഒരു സ്വീകരണവേളയില്‍ ഒരു പരീക്ഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. നിരനിരയായി മുമ്പോട്ടു വന്നു തന്റെ കൈ പിടിച്ചു കുലുക്കിയ എല്ലാവരോടും അദ്ദേഹം പറഞ്ഞു, 'ഇന്നു രാവിലെ ഞാന്‍ എന്റെ മുത്തശ്ശിയെ കൊന്നു.' അതിഥികള്‍ പറഞ്ഞ മറുപടി ഏതാണ്ടിങ്ങനെയായിരുന്നു, 'അത്ഭുതം! ഈ നല്ല പ്രവര്‍ത്തനം തുടരുക. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, സര്‍.' വരിയുടെ അവസാനം എത്തിയ ബൊളീവിയയില്‍ നിന്നുള്ള അംബാസഡര്‍ മാത്രമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ കേട്ടത്. ഭാവഭേദം കൂടാതെ അംബാസഡര്‍ മന്ത്രിച്ചു, 'അവള്‍ അതിനര്‍ഹയായിരുന്നു എന്നെനിക്കുറപ്പുണ്ട്.'
ആളുകള്‍ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? അല്ലെങ്കില്‍ അതിലും മോശമായി, ദൈവം ശ്രദ്ധിക്കുന്നില്ലെന്നു നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ? ആളുകളുടെ പ്രതികരണത്തിന്റെയോ നോട്ടത്തിന്റെയോ അടിസ്ഥാനത്തില്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നു നമുക്കു പറയാന്‍ കഴിയും. എന്നാല്‍, ദൈവം ശ്രദ്ധിക്കുന്നുണ്ടോ എന്നു നമുക്ക് എങ്ങനെ അറിയാം? നാം തോന്നലുകളെ ആശ്രയിക്കണോ? അതോ ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നുണ്ടോ എന്നു നോക്കണമോ?
എഴുപതുവര്‍ഷത്തെ ബാബിലോന്യ പ്രവാസത്തിനുശേഷം, തന്റെ ജനത്തെ യെരൂശലേമിലേക്കു തിരികെ കൊണ്ടുവന്ന് അവരുടെ ഭാവി സുരക്ഷിതമാക്കുമെന്നു ദൈവം വാഗ്ദത്തം ചെയ്തു (യിരെമ്യാവ് 29:10-11). അവര്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവരെ കേട്ടു (വാ. 12). ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടുവെന്ന് അവര്‍ക്കറിയാമായിരുന്നു, കാരണം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് ദൈവം അവരോടു വാഗ്ദത്തം ചെയ്തിരുന്നു. ഇതു നമുക്കും ഇത് ബാധകമാണ് (1 യോഹന്നാന്‍ 5:14). ദൈവം നമ്മെ കേള്‍ക്കുന്നുവെന്ന് അറിയാന്‍ നാം തോന്നലുകളെ ആശ്രയിക്കേണ്ടതില്ല അല്ലെങ്കില്‍ ഒരു അടയാളത്തിനായി കാത്തിരിക്കേണ്ടതില്ല. അവിടുന്നു കേള്‍ക്കുമെന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്, അവിടുന്ന് എപ്പോഴും തന്റെ വാഗ്ദത്തങ്ങള്‍ പാലിക്കുന്നു (2 കൊരിന്ത്യര്‍ 1:20).