മുപ്പതു വര്‍ഷത്തിലേറെക്കാലം മാര്‍ത്ത ഒരു പ്രാഥമിക വിദ്യാലയത്തില്‍ അസിസ്റ്റന്റ് ടീച്ചറായി സേവനമനുഷ്ഠിച്ചു. എല്ലാ വര്‍ഷവും, ഞെരുക്കമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ അവള്‍ പണം ലാഭിച്ചു. രക്താര്‍ബുദം ബാധിച്ച് അവള്‍ മരിച്ചതിനുശേഷം, ഞങ്ങള്‍ അവളുടെ ആജീവനാന്ത സേവനത്തിന്റെ സ്മരണയ്ക്കായി ഒരു ആഘോഷം നടത്തി. പൂക്കള്‍ക്കു പകരമായി, പതിറ്റാണ്ടുകളായി അവള്‍ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നൂറുകണക്കിനു പുതിയ വസ്ത്രങ്ങള്‍ ആളുകള്‍ സംഭാവന ചെയ്തു. ദയാപൂര്‍വ്വമായ വാക്കുകളും ചിന്തനീയമായ പ്രവൃത്തികളും ഉപയോഗിച്ച് മാര്‍ത്ത മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച എണ്ണമറ്റ വഴികളെക്കുറിച്ചുള്ള കഥകള്‍ പലരും പങ്കിട്ടു. നിത്യതയുടെ ഈ വശത്ത് അവളുടെ ജീവിതം അവസാനിച്ചതിനുശേഷം മൂന്നു വര്‍ഷത്തേക്ക് അവളുടെ സഹഅധ്യാപകര്‍ ആവശ്യമുള്ള കുട്ടികള്‍ക്കു വസ്ത്രങ്ങള്‍ നല്‍കി അവളുടെ ഓര്‍മ്മയെ ആദരിച്ചു. അവളുടെ ദയയുടെ പൈതൃകം, ആവശ്യമുള്ളവരെ ഉദാരമായി സേവിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു.

അപ്പൊസ്തല പ്രവൃത്തികള്‍ 9 ല്‍, ‘വളരെ സല്‍പ്രവൃത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്ന’ ഡോര്‍ക്കസ് എന്ന സ്ത്രീയെക്കുറിച്ചുള്ള ഒരു കഥ അപ്പൊസ്തലനായ ലൂക്കൊസ് പങ്കുവെക്കുന്നു (വാ. 36). അവള്‍ രോഗബാധിതയായി മരിച്ചതിനുശേഷം, ദുഃഖിതരായ സമൂഹം തങ്ങളെ സന്ദര്‍ശിക്കാന്‍ പത്രൊസിനെ നിര്‍ബന്ധിച്ചു. ഡോര്‍ക്കസ് മറ്റുള്ളവരെ സേവിച്ചുകൊണ്ടു ജീവിച്ചതിന്റെ തെളിവുകള്‍ എല്ലാ വിധവമാരും പത്രൊസിനു കാണിച്ചുകൊടുത്തു (വാ. 39). മനസ്സലിവിന്റെ അത്ഭുതകരമായ ഒരു പ്രവൃത്തിയിലൂടെ പത്രൊസ് ഡോര്‍ക്കസിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു. ഡോര്‍ക്കാസിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നു, ‘പലരും കര്‍ത്താവില്‍ വിശ്വസിച്ചു’ (വാ. 42). എന്നാല്‍ പ്രായോഗിക മാര്‍ഗ്ഗങ്ങളിലൂടെ മറ്റുള്ളവരെ സേവിക്കാനുള്ള ഡോര്‍ക്കസിന്റെ പ്രതിബദ്ധതയാണ് അവളുടെ സമൂഹത്തിലെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും സ്‌നേഹപൂര്‍വമായ ഔദാര്യത്തിന്റെ ശക്തി വെളിപ്പെടുത്തുകയും ചെയ്തത്.