നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Con Campbell

ദത്തെടുക്കലിന്റെ സൗന്ദര്യം

2009 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് സിനിമയായ ദി ബ്ലൈൻഡ് സൈഡ്, ഭവനരഹിതനായ ഒരു കൗമാരക്കാരനായ മൈക്കിൾ ഓഹറിന്റെ യഥാർത്ഥ കഥ വിവരിക്കുന്നു. ഒരു കുടുംബം അവനെ സ്വീകരിക്കുകയും പഠന ബുദ്ധിമുട്ടുകൾ മറികടന്ന് അമേരിക്കൻ ഫുട്‌ബോളിൽ മികവ് നേടാൻ അവനെ സഹായിക്കുകയും ചെയ്യുന്നു. ഒരു രംഗത്തിൽ, മാസങ്ങളോളം മൈക്കിൾ അവരോടൊപ്പം താമസിച്ചതിനു ശേഷം അവനെ ദത്തെടുക്കാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ച് കുടുംബം അവനോടു സംസാരിക്കുന്നു. മധുരവും ആർദ്രവുമായ മറുപടിയിൽ, താൻ ഇതിനകം തന്നെ കുടുംബത്തിന്റെ ഭാഗമാണെന്നാണു താൻ കരുതിയതെന്ന് മൈക്കിൾ വിളിച്ചുപറയുന്നു!  

ദത്തെടുക്കൽ ഒരു മനോഹരമായ കാര്യമായിരിക്കുന്നതുപോലെ, ഇതും മനോഹരമായ ഒരു നിമിഷമാണ്. ഒരു കുടുംബം ഒരു പുതിയ അംഗത്തിനായി കരങ്ങൾ തുറക്കുമ്പോൾ, സ്‌നേഹം വിശാലമാകുകയും പൂർണ്ണമായ അംഗീകരണം വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്യുന്നു. മൈക്കിളിന്റെ ജീവിതത്തെ ആഴത്തിൽ മാറ്റിമറിച്ചതുപോലെ, ദത്തെടുക്കൽ ജീവിതങ്ങളെ മാറ്റിമറിക്കുന്നു.

യേശുവിൽ വിശ്വസിക്കുന്നതിലൂടെ, വിശ്വാസികൾ ''ദൈവമക്കളായി'' തീരുന്നു (ഗലാത്യർ 3:26). ദൈവം നമ്മെ ദത്തെടുക്കുകയും നാം അവന്റെ പുത്രന്മാരും പുത്രിമാരും ആകുകയും ചെയ്യുന്നു (4:5). ദൈവത്തിന്റെ ദത്തുപുത്രന്മാരെന്ന നിലയിൽ, നാം അവിടുത്തെ പുത്രന്റെ ആത്മാവിനെ സ്വീകരിക്കുകയും, ദൈവത്തെ നാം ''പിതാവ്'' (വാ. 6) എന്നു വിളിക്കുകയും, നാം അവിടുത്തെ അവകാശികളും (വാ. 7) ക്രിസ്തുവിനു കൂട്ടവകാശികളും (റോമർ 8:17) ആയിത്തീരുകയും ചെയ്യുന്നു. നാം അവന്റെ കുടുംബത്തിലെ പൂർണ്ണ അംഗങ്ങളായിത്തീരുന്നു.

മൈക്കിൾ ഓഹർ ദത്തെടുക്കപ്പെട്ടപ്പോൾ, അത് അവന്റെ ജീവിതത്തെയും സ്വത്വത്തെയും ഭാവിയെയും മാറ്റിമറിച്ചു. നാം ദൈവത്താൽ ദത്തെടുക്കപ്പെടുമ്പോൾ ഇതിലും എത്രയോ അധികമാണു സംഭവിക്കുക! അവിടുത്തെ നാം പിതാവായി അറിയുന്നതിനനുസരിച്ച് നമ്മുടെ ജീവിതം മാറുന്നു. നാം അവിടുത്തെ വകയായതിനാൽ നമ്മുടെ സ്വത്വം മാറുന്നു. നമുക്കു മഹത്തായതും ശാശ്വതവുമായ ഒരു അവകാശം വാഗ്ദാനം ചെയ്യപ്പെടുന്നതിനാൽ നമ്മുടെ ഭാവി മാറുന്നു.

യേശു നമ്മുടെ സമാധാനം

ടെലിമാക്കസ് എന്ന സന്യാസി ശാന്തമായ ജീവിതമാണു നയിച്ചിരുന്നതെങ്കിലും, നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അദ്ദേഹത്തിന്റെ മരണം ലോകത്തെ മാറ്റിമറിച്ചു. കിഴക്കു നിന്നു റോം സന്ദര്‍ശിച്ച ടെലിമാക്കസ് രക്തരൂക്ഷിതമായ മല്ലയുദ്ധത്തിനെതിരെ ഇടപെട്ടു. സ്റ്റേഡിയത്തിന്റെ മതിലിനു മുകളില്‍ കയറിനിന്ന് ഗ്ലാഡിയേറ്റര്‍മാര്‍ പരസ്പരം കൊല്ലുന്നതില്‍ നിന്ന് അവരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രകോപിതരായ ജനക്കൂട്ടം സന്യാസിയെ കല്ലെറിഞ്ഞു കൊന്നു. എന്നിരുന്നാലും ടെലിക്കാസിന്റെ പ്രവൃത്തിയില്‍ ആകൃഷ്ടനായ ഹൊണോറിയസ് ചക്രവര്‍ത്തി, 500 വര്‍ഷത്തെ ചരിത്രമുള്ള മല്ലയുദ്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

പൗലൊസ് യേശുവിനെ ''നമ്മുടെ സമാധാനം'' എന്നു വിളിക്കുമ്പോള്‍, യെഹൂദന്മാരും വിജാതീയരും തമ്മിലുള്ള ശത്രുത അവസാനിക്കുന്നതിനെയാണ് അവന്‍ പരാമര്‍ശിക്കുന്നത് (എഫെസ്യര്‍ 2:14). ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായ യിസ്രായേല്‍ വിജാതീയരില്‍ നിന്നകന്ന് ചില പ്രത്യേക പദവികള്‍ അനുഭവിച്ചിരുന്നു. ഉദാഹരണത്തിന്, യെരുശലേം ദൈവാലയത്തില്‍ വിജാതീയരെ ആരാധിക്കാന്‍ അനുവദിച്ചിരുന്നെങ്കിലും, ഒരു മതില്‍ അവരെ പുറത്തെ പ്രാകാരത്തില്‍ തന്നെ ഒതുക്കിനിര്‍ത്തി - ഉള്ളില്‍ കടന്നാല്‍ വധശിക്ഷയായിരുന്നു ഫലം. യെഹൂദന്മാര്‍ വിജാതീയരെ അശുദ്ധരായി കരുതി, വിജാതീയര്‍ തിരിച്ചും. എന്നാല്‍ ഇപ്പോള്‍, യേശു എല്ലാവര്‍ക്കുംവേണ്ടി മരിച്ച് ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍, യേശുവിലുള്ള വിശ്വാസത്താല്‍ യെഹൂദനും ജാതിക്കും ഒരുപോലെ ദൈവത്തെ സ്വാതന്ത്ര്യത്തോടെ ആരാധിക്കാന്‍ കഴിയും (വാ. 18-22). വിഭജിക്കുന്ന മതില്‍ ഇനിയില്ല. ഒരു സമൂഹത്തിനു മറ്റൊന്നിനേക്കാള്‍ പ്രത്യേകാവകാശമില്ല. ദൈവമുമ്പാകെ ഇരുവരും തുല്യരാണ്.

ടെലിമാക്കസ് തന്റെ മരണത്തിലൂടെ യോദ്ധാക്കള്‍ക്കു സമാധാനം നല്‍കിയതുപോലെ, യേശുവും തന്റെ മരണ, പുനരുത്ഥാനങ്ങളിലൂടെ തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സമാധാനവും നിരപ്പും സാധ്യമാക്കുന്നു. അതിനാല്‍, യേശു നമ്മുടെ സമാധാനമാണെങ്കില്‍, നമ്മുടെ വ്യത്യാസങ്ങള്‍ നമ്മെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്. അവിടുത്തെ രക്തത്താല്‍ അവിടുന്നു നമ്മെ ഒന്നാക്കി.

അവന്‍ നമ്മെ കേള്‍ക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്കഌന്‍ ഡി. റൂസ്‌വെല്‍റ്റ് പലപ്പോഴും വൈറ്റ്ഹൗസില്‍ തന്നെ സ്വീകരിക്കാന്‍ നില്‍ക്കുന്നവരുടെ നീണ്ട നിരയെ സഹിച്ചിരുന്നു. കഥയില്‍ വിവരിക്കുന്നതനുസരിച്ച്, താന്‍ പറയുന്ന കാര്യങ്ങള്‍ ആരും ശ്രദ്ധിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. അതിനാല്‍, ഒരു സ്വീകരണവേളയില്‍ ഒരു പരീക്ഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. നിരനിരയായി മുമ്പോട്ടു വന്നു തന്റെ കൈ പിടിച്ചു കുലുക്കിയ എല്ലാവരോടും അദ്ദേഹം പറഞ്ഞു, 'ഇന്നു രാവിലെ ഞാന്‍ എന്റെ മുത്തശ്ശിയെ കൊന്നു.' അതിഥികള്‍ പറഞ്ഞ മറുപടി ഏതാണ്ടിങ്ങനെയായിരുന്നു, 'അത്ഭുതം! ഈ നല്ല പ്രവര്‍ത്തനം തുടരുക. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, സര്‍.' വരിയുടെ അവസാനം എത്തിയ ബൊളീവിയയില്‍ നിന്നുള്ള അംബാസഡര്‍ മാത്രമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ കേട്ടത്. ഭാവഭേദം കൂടാതെ അംബാസഡര്‍ മന്ത്രിച്ചു, 'അവള്‍ അതിനര്‍ഹയായിരുന്നു എന്നെനിക്കുറപ്പുണ്ട്.'

ആളുകള്‍ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? അല്ലെങ്കില്‍ അതിലും മോശമായി, ദൈവം ശ്രദ്ധിക്കുന്നില്ലെന്നു നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ? ആളുകളുടെ പ്രതികരണത്തിന്റെയോ നോട്ടത്തിന്റെയോ അടിസ്ഥാനത്തില്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നു നമുക്കു പറയാന്‍ കഴിയും. എന്നാല്‍, ദൈവം ശ്രദ്ധിക്കുന്നുണ്ടോ എന്നു നമുക്ക് എങ്ങനെ അറിയാം? നാം തോന്നലുകളെ ആശ്രയിക്കണോ? അതോ ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നുണ്ടോ എന്നു നോക്കണമോ?

എഴുപതുവര്‍ഷത്തെ ബാബിലോന്യ പ്രവാസത്തിനുശേഷം, തന്റെ ജനത്തെ യെരൂശലേമിലേക്കു തിരികെ കൊണ്ടുവന്ന് അവരുടെ ഭാവി സുരക്ഷിതമാക്കുമെന്നു ദൈവം വാഗ്ദത്തം ചെയ്തു (യിരെമ്യാവ് 29:10-11). അവര്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവരെ കേട്ടു (വാ. 12). ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടുവെന്ന് അവര്‍ക്കറിയാമായിരുന്നു, കാരണം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് ദൈവം അവരോടു വാഗ്ദത്തം ചെയ്തിരുന്നു. ഇതു നമുക്കും ഇത് ബാധകമാണ് (1 യോഹന്നാന്‍ 5:14). ദൈവം നമ്മെ കേള്‍ക്കുന്നുവെന്ന് അറിയാന്‍ നാം തോന്നലുകളെ ആശ്രയിക്കേണ്ടതില്ല അല്ലെങ്കില്‍ ഒരു അടയാളത്തിനായി കാത്തിരിക്കേണ്ടതില്ല. അവിടുന്നു കേള്‍ക്കുമെന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്, അവിടുന്ന് എപ്പോഴും തന്റെ വാഗ്ദത്തങ്ങള്‍ പാലിക്കുന്നു (2 കൊരിന്ത്യര്‍ 1:20).

ജ്ഞാനോപദേശം കേള്‍ക്കുക

അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത്, പ്രസിഡന്റ് എബ്രഹാം ലിങ്കന്‍ ഒരിക്കല്‍, ഒരു രാഷ്ട്രീയക്കാരനെ പ്രീതിപ്പെടുത്താന്‍ ആഗ്രഹിച്ചുകൊണ്ട് ചില യൂണിയന്‍ ആര്‍മി റെജിമെന്റുകളെ സ്ഥലം മാറ്റാന്‍ കല്പന കൊടുത്തു. യുദ്ധ സെക്രട്ടറി എഡ്വിന്‍ സ്റ്റാന്റന്‍, ഉത്തരവ് കൈപ്പറ്റിയെങ്കിലും, അതു നടപ്പാക്കാന്‍ വിസമ്മതിച്ചു. പ്രസിഡന്റ് ഒരു വിഡ്ഢിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാന്റന്‍ പറഞ്ഞ കാര്യങ്ങള്‍ ലിങ്കനോടു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞാന്‍ ഒരു വിഡ്ഢിയാണെന്നു സ്റ്റാന്റ്റണ്‍ പറഞ്ഞാല്‍, ഞാന്‍ ആയിരിക്കണം. കാരണം, അദ്ദേഹം പറയുന്നത് എപ്പോഴും ശരിയാണ്. ഞാന്‍ തന്നെ അതു പരിശോധിച്ചു നോക്കും.’’ രണ്ടുപേരും സംസാരിക്കുന്നതിനിടയില്‍, തന്റെ തീരുമാനം ഗുരുതരമായ തെറ്റാണെന്നു പ്രസിഡന്റ് പെട്ടെന്നു മനസ്സിലാക്കി, ഒരു മടിയും കൂടാതെ അദ്ദേഹം അതു പിന്‍വലിച്ചു. സ്റ്റാന്റന്‍ ലിങ്കനെ ഒരു വിഡ്ഢിയെന്നു വിളിച്ചപ്പോള്‍, പ്രസിഡന്റ് അദ്ദേഹത്തോടു കലഹിക്കാതെ, ബുദ്ധിമാനാണെന്നു തെളിയിച്ചു. ലിങ്കന്‍ ഉപദേശം ശ്രദ്ധിക്കുകയും അതു പരിഗണിക്കുകയും തന്റെ തീരുമാനം മാറ്റുകയും ചെയ്തു.

ബുദ്ധിപരമായ ഉപദേശം കേള്‍ക്കാത്ത ഒരാളെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? (1 രാജാക്കന്മാര്‍ 12:1-11 കാണുക). അതു കോപം ജ്വലിപ്പിച്ചേക്കാം, അല്ലേ? അല്ലെങ്കില്‍, കൂടുതല്‍ വ്യക്തിപരമായി ചോദിച്ചാല്‍, നിങ്ങള്‍ എപ്പോഴെങ്കിലും ഉപദേശം കേള്‍ക്കാന്‍ വിസമ്മതിച്ചിട്ടുണ്ടോ? സദൃശവാക്യങ്ങള്‍ 12:15 പറയുന്നതുപോലെ, “ഭോഷനു തന്റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു’’ ആളുകള്‍ പറയുന്നത് എപ്പോഴും ശരിയാകണമെന്നില്ല, പക്ഷേ ഇതു നമ്മെ സംബന്ധിച്ചും ബാധകമാണ്! എല്ലാവരും തെറ്റുകള്‍ വരുത്തുന്നുവെന്ന് അറിയുന്നതു ജ്ഞാനമാണ്. എന്നാല്‍ വിഡ്ഢികള്‍ മാത്രം തങ്ങള്‍ അതിനപവാദമാണെന്നു അനുമാനിക്കുന്നു. പകരം, നമുക്കു ദൈവികജ്ഞാനം പ്രയോഗിക്കുകയും മറ്റുള്ളവരുടെ ബുദ്ധിപരമായ ഉപദേശം ശ്രദ്ധിക്കുകയും ചെയ്യാം - തുടക്കത്തില്‍ നാം അതിനോടു വിയോജിച്ചാല്‍പ്പോലും. ചിലപ്പോള്‍ നമ്മുടെ നന്മയ്ക്കായി ദൈവം പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ് (വാ. 2).

ഭോഷത്തത്തില്‍നിന്നു പഠിക്കുക

ഒരാള്‍ ഒരു പലചരക്കുകടയിലേക്കു ചെന്ന്, 500 രൂപ കൗണ്ടറിലേക്കിട്ടിട്ട് ചില്ലറ ആവശ്യപ്പെട്ടു. കടയുടമ ചില്ലറയെടുക്കാന്‍ മേശ തുറന്നയുടനെ, ആ മനുഷ്യന്‍ ഒരു തോക്കു പുറത്തെടുത്തു ചൂണ്ടിക്കൊണ്ട് പണം മുഴുവനും നല്‍കാനാവശ്യപ്പെട്ടു. കടയുടമ പണം നല്‍കി. അയാള്‍ പണം എടുത്തു പുറത്തേക്കോടി രക്ഷപ്പെട്ടു, അഞ്ഞൂറു രൂപ നോട്ട് കൗണ്ടറില്‍ ഉപേക്ഷിച്ചാണയാള്‍ പോയത്. മേശയില്‍നിന്ന് അയാള്‍ക്കു ലഭിച്ച ആകെത്തുക? മുന്നൂറു രൂപ.

നാമെല്ലാവരും ചില സമയങ്ങളില്‍ ഭോഷത്വമായി പ്രവര്‍ത്തിക്കുന്നു-ഈ മോഷ്ടാവില്‍നിന്നു വ്യത്യസ്തമായി ശരിയായ കാര്യം ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍പ്പോലും. നമ്മുടെ ബുദ്ധിശൂന്യമായ പെരുമാറ്റത്തില്‍നിന്നു നാം എങ്ങനെ പഠിക്കുന്നു എന്നതാണു പ്രധാനം. തിരുത്തല്‍ ഇല്ലെങ്കില്‍, ഞങ്ങളുടെ മോശമായ തിരഞ്ഞെടുപ്പുകള്‍ ശീലങ്ങളായി മാറുകയും അതു നമ്മുടെ സ്വഭാവത്തെ നിഷേധാത്മകമായി രൂപപ്പെടുത്തുകയും ചെയ്യും. നാം ഭോഷന്മാരായിത്തീരും (സഭാപ്രസംഗി 10:3). 

ചിലപ്പോഴൊക്കെ നമ്മുടെ ഭോഷത്തം അംഗീകരിക്കാന്‍ പ്രയാസമാണ്, കാരണം അതിന് അധിക ജോലി ആവശ്യമാണ്. ഒരുപക്ഷേ നമ്മുടെ ഒരു പ്രത്യേക സ്വഭാവ വൈകല്യത്തെക്കുറിച്ച് നാം വിലയിരുത്തേണ്ടിവരും, അതു വേദനാജനകമാണ്. അല്ലെങ്കില്‍ ഒരു തീരുമാനം തിടുക്കത്തില്‍ എടുത്തതാണെന്നും അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാമെന്നും ഞങ്ങള്‍ സമ്മതിക്കേണ്ടിവരും. കാരണം എന്തുതന്നെയായാലും, നമ്മുടെ ഭോഷത്വവഴികളെ അവഗണിക്കുന്നതിനു നാം വിലകൊടുക്കേണ്ടിവരും.

ശിക്ഷണത്തിനും രൂപീകരണത്തിനും നമ്മുടെ ഭോഷത്വത്തെ ഉപയോഗിക്കാന്‍ ദൈവത്തിനു കഴിയും എന്നതിനു നന്ദി പറയാം. ശിക്ഷണം  ഒരുകാലത്തും 'സന്തോഷകരമല്ല.'' എന്നാല്‍ അതിന്റെ പരിശീലനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല ഫലം നല്‍കുന്നു (എബ്രായര്‍ 12:11). നമ്മുടെ ഭോഷത്വമായ സ്വഭാവം മാറ്റുന്നതിനു പിതാവിന്റെ ശിക്ഷണം സ്വീകരിക്കുകയും നമ്മളാകാന്‍ അവിടുന്ന് ആഗ്രഹിക്കുന്ന പുത്രന്മാരെയും പുത്രിമാരെയുംപോലെ നമ്മെ കൂടുതല്‍ ആക്കിത്തീര്‍ക്കാന്‍ അവിടുത്തോട് അപേക്ഷിക്കുകയും ചെയ്യാം.

പിതാവിനെ അറിയുക

ബ്രിട്ടീഷ് സംഗീത സംവിധായകന്‍ സര്‍ തോമസ് ബീച്ചാം ഒരിക്കല്‍ ഒരു ഹോട്ടല്‍ ലോബിയില്‍ വെച്ച് ഒരു സുന്ദരിയായ സ്ത്രീയെ കണ്ട ഒരു കഥയുണ്ട്. തനിക്ക് അവളെ അറിയാമെന്ന് അദ്ദേഹത്തിനു തോന്നിയെങ്കിലും, അവളുടെ പേര് ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അല്പസമയം നിന്ന് അവളുമായി സംസാരിച്ചു. ഇരുവരും സംസാരിക്കുമ്പോള്‍ അവള്‍ക്ക് ഒരു സഹോദരനുണ്ടെന്ന് അവ്യക്തമായി ഓര്‍മ്മ വന്നു. ഒരു സൂചന ലഭിക്കുമെന്ന പ്രതീക്ഷയില്‍, അവളുടെ സഹോദരന്‍ എങ്ങനെയിരിക്കുന്നുവെന്നും അതേ ജോലിയില്‍ തന്നെയാണോ ഇപ്പോഴും തുടരുന്നതെന്നും ചോദിച്ചു. 'ഓ, അദ്ദേഹം വളരെ നന്നായിരിക്കുന്നു' അവള്‍ പറഞ്ഞു, 'ഇപ്പോഴും രാജാവുതന്നെയാണ്.'

സര്‍ ബീച്ചാമിന്റെ കാര്യത്തിലെന്നപോലെ, ആളെ തെറ്റായി മനസ്സിലാക്കുന്നത് അസ്വസ്ഥതയുളവാക്കുന്ന കാര്യമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ, യേശുവിന്റെ ശിഷ്യനായ ഫിലിപ്പൊസിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഇതു കൂടുതല്‍ ഗുരുതരമായേക്കാം. ശിഷ്യനു തീര്‍ച്ചയായും യേശുവിനെ അറിയാമായിരുന്നു, പക്ഷേ യേശു യഥാര്‍ത്ഥത്തില്‍ ആരാണെന്ന കാര്യം ശിഷ്യന്‍ പൂര്‍ണ്ണമായി അംഗീകരിച്ചിരുന്നില്ല. യേശു, 'പിതാവിനെ കാണിച്ചുതരണമെന്ന്'' അവന്‍ ആഗ്രഹിച്ചു. യേശുവാകട്ടെ, 'എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു'' (യോഹന്നാന്‍ 14: 8-9) എന്നു പ്രതികരിച്ചു. ദൈവത്തിന്റെ അതുല്യനായ പുത്രനെന്ന നിലയില്‍, യേശു പിതാവിനെ പൂര്‍ണ്ണമായ നിലയില്‍ വെളിപ്പെടുത്തുന്നു- അതായത് ഒരാളെ അറിയുകയെന്നത് മറ്റെയാളെ അറിയുന്നതിനു തുല്യമാണ് (വാ. 10-11).

ദൈവം തന്റെ സ്വഭാവത്തിലും വ്യക്തിത്വത്തിലും മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിലും എങ്ങനെയുള്ളവനാണെന്നു നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍, അതു കണ്ടെത്തുന്നതിനായി നാം യേശുവിനെ നോക്കിയാല്‍ മതി. യേശുവിന്റെ സ്വഭാവം, ദയ, സ്‌നേഹം, കരുണ എന്നിവ ദൈവത്തിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. നമ്മുടെ അതിശയവാനും മഹത്വപൂര്‍ണ്ണനുമായ ദൈവം നമ്മുടെ പൂര്‍ണ്ണമായ അറിവിനും ഗ്രാഹ്യത്തിനും അതീതനാണെങ്കിലും, യേശുവില്‍ തന്നെത്തന്നെ വെളിപ്പെടുത്തിയതിലൂടെ നമുക്ക് ഒരു മഹത്തായ ദാനം നല്‍കിയിരിക്കുന്നു.