അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത്, പ്രസിഡന്റ് എബ്രഹാം ലിങ്കന്‍ ഒരിക്കല്‍, ഒരു രാഷ്ട്രീയക്കാരനെ പ്രീതിപ്പെടുത്താന്‍ ആഗ്രഹിച്ചുകൊണ്ട് ചില യൂണിയന്‍ ആര്‍മി റെജിമെന്റുകളെ സ്ഥലം മാറ്റാന്‍ കല്പന കൊടുത്തു. യുദ്ധ സെക്രട്ടറി എഡ്വിന്‍ സ്റ്റാന്റന്‍, ഉത്തരവ് കൈപ്പറ്റിയെങ്കിലും, അതു നടപ്പാക്കാന്‍ വിസമ്മതിച്ചു. പ്രസിഡന്റ് ഒരു വിഡ്ഢിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാന്റന്‍ പറഞ്ഞ കാര്യങ്ങള്‍ ലിങ്കനോടു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞാന്‍ ഒരു വിഡ്ഢിയാണെന്നു സ്റ്റാന്റ്റണ്‍ പറഞ്ഞാല്‍, ഞാന്‍ ആയിരിക്കണം. കാരണം, അദ്ദേഹം പറയുന്നത് എപ്പോഴും ശരിയാണ്. ഞാന്‍ തന്നെ അതു പരിശോധിച്ചു നോക്കും.’’ രണ്ടുപേരും സംസാരിക്കുന്നതിനിടയില്‍, തന്റെ തീരുമാനം ഗുരുതരമായ തെറ്റാണെന്നു പ്രസിഡന്റ് പെട്ടെന്നു മനസ്സിലാക്കി, ഒരു മടിയും കൂടാതെ അദ്ദേഹം അതു പിന്‍വലിച്ചു. സ്റ്റാന്റന്‍ ലിങ്കനെ ഒരു വിഡ്ഢിയെന്നു വിളിച്ചപ്പോള്‍, പ്രസിഡന്റ് അദ്ദേഹത്തോടു കലഹിക്കാതെ, ബുദ്ധിമാനാണെന്നു തെളിയിച്ചു. ലിങ്കന്‍ ഉപദേശം ശ്രദ്ധിക്കുകയും അതു പരിഗണിക്കുകയും തന്റെ തീരുമാനം മാറ്റുകയും ചെയ്തു.

ബുദ്ധിപരമായ ഉപദേശം കേള്‍ക്കാത്ത ഒരാളെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? (1 രാജാക്കന്മാര്‍ 12:1-11 കാണുക). അതു കോപം ജ്വലിപ്പിച്ചേക്കാം, അല്ലേ? അല്ലെങ്കില്‍, കൂടുതല്‍ വ്യക്തിപരമായി ചോദിച്ചാല്‍, നിങ്ങള്‍ എപ്പോഴെങ്കിലും ഉപദേശം കേള്‍ക്കാന്‍ വിസമ്മതിച്ചിട്ടുണ്ടോ? സദൃശവാക്യങ്ങള്‍ 12:15 പറയുന്നതുപോലെ, “ഭോഷനു തന്റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു’’ ആളുകള്‍ പറയുന്നത് എപ്പോഴും ശരിയാകണമെന്നില്ല, പക്ഷേ ഇതു നമ്മെ സംബന്ധിച്ചും ബാധകമാണ്! എല്ലാവരും തെറ്റുകള്‍ വരുത്തുന്നുവെന്ന് അറിയുന്നതു ജ്ഞാനമാണ്. എന്നാല്‍ വിഡ്ഢികള്‍ മാത്രം തങ്ങള്‍ അതിനപവാദമാണെന്നു അനുമാനിക്കുന്നു. പകരം, നമുക്കു ദൈവികജ്ഞാനം പ്രയോഗിക്കുകയും മറ്റുള്ളവരുടെ ബുദ്ധിപരമായ ഉപദേശം ശ്രദ്ധിക്കുകയും ചെയ്യാം – തുടക്കത്തില്‍ നാം അതിനോടു വിയോജിച്ചാല്‍പ്പോലും. ചിലപ്പോള്‍ നമ്മുടെ നന്മയ്ക്കായി ദൈവം പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ് (വാ. 2).