എന്റെ ഇടതു കണ്ണിന്റെ വേദനാജനകമായ ഒരു ശസ്ത്രക്രിയയ്ക്കു ശേഷം, ഡോക്ടര്‍ ഒരു കാഴ്ച പരിശോധന ശുപാര്‍ശ ചെയ്തു. ആത്മവിശ്വാസത്തോടെ, ഞാന്‍ എന്റെ വലതു കണ്ണു മൂടി ചാര്‍ട്ടിലെ ഓരോ വരിയും എളുപ്പത്തില്‍ വായിച്ചു. എന്റെ ഇടതു കണ്ണു മൂടിയപ്പോള്‍ ഞാന്‍ കിതച്ചു. ഞാന്‍ ഇത്ര അന്ധയാണെന്നു ഞാന്‍ എന്തുകൊണ്ടു മനസ്സിലാക്കിയില്ല?

പുതിയ കണ്ണട വെച്ച് കാഴ്ചശക്തി വര്‍ദ്ധിപ്പിച്ചപ്പോഴാണ് എന്റെ ആത്മീയ അന്ധതയെക്കുറിച്ചു ഞാന്‍ ബോധവതിയായത്. എന്റെ വേദനയിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലും, എനിക്കു കാണാന്‍ കഴിയുന്ന കാര്യങ്ങളില്‍ മാത്രം ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, നിത്യനും മാറ്റമില്ലാത്തവനുമായ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചു ഞാന്‍ അന്ധയാകുകയായിരുന്നു. അത്തരമൊരു പരിമിതമായ കാഴ്ചപ്പാടില്‍, പ്രത്യാശ എന്നത് കൈവരിക്കാനാവാത്ത ഒരു വിദൂര ലക്ഷ്യമായി മാറി.

തന്റെ ഇപ്പോഴത്തെ വേദന, അനിശ്ചിതത്വം, നഷ്ടം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍, ദൈവത്തിന്റെ വിശ്വാസ്യത തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട മറ്റൊരു സ്ത്രീയുടെ കഥ 1 ശമൂവേല്‍ 1-ാം അധ്യായം പറയുന്നു. വര്‍ഷങ്ങളോളം മക്കളില്ലാത്തതിന്റെ വേദനയും തന്റെ ഭര്‍ത്താവായ എല്ക്കാനയുടെ മറ്റൊരു ഭാര്യയായ പെനിന്നായില്‍നിന്നുള്ള അന്തമില്ലാത്ത നിന്ദയും ഹന്നാ അനുഭവിച്ചു. ഹന്നായുടെ ഭര്‍ത്താവ് അവളെ സ്‌നേഹിച്ചിരുന്നു എങ്കിലും അതവള്‍ക്കു സംതൃപ്തി നല്‍കിയില്ല. ഒരു ദിവസം അവള്‍ ഉള്ളു തുറന്നു പ്രാര്‍ത്ഥിച്ചു. പുരോഹിതനായ ഏലി അവളെ ചോദ്യം ചെയ്തപ്പോള്‍ അവള്‍ അവളുടെ അവസ്ഥ വിശദീകരിച്ചു. അവള്‍ പോകുമ്പോള്‍ ദൈവം അവളുടെ അപേക്ഷ നല്‍കണമേയെന്ന് ഏലി പ്രാര്‍ത്ഥിച്ചു (1 ശമൂവേല്‍ 1:17). ഹന്നയുടെ അവസ്ഥ ഉടനടി മാറിയില്ലെങ്കിലും, ആത്മവിശ്വാസത്തോടെ അവള്‍ മടങ്ങിപ്പോയി (വാ. 18).   

1 ശമൂവേല്‍ 2:1-2 ലെ അവളുടെ പ്രാര്‍ത്ഥന ഹന്നയുടെ ശ്രദ്ധാകേന്ദ്രത്തിലുണ്ടായ മാറ്റം വെളിപ്പെടുത്തുന്നു. അവളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുമ്പുതന്നെ, ഹന്നയുടെ പുതുക്കിയ ദര്‍ശനം അവളുടെ കാഴ്ചപ്പാടിനെയും മനോഭാവത്തെയും മാറ്റി. അവളുടെ പാറയും നിത്യ പ്രത്യാശയുമായ ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തില്‍ അവള്‍ സന്തോഷിച്ചു.